വരും മാസങ്ങളിൽ വീണ്ടും മൊത്ത വ്യാപാരത്തിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ സിയാമിന്റെ ഭാഗത്ത് നിന്നും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ചിപ്പ് ക്ഷാമം വഷളാകുകയും ഉൽപ്പാദന ചെലവ് വർധിക്കുകയും ചെയ്യുന്നതിനാൽ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പനയിൽ കഴിഞ്ഞ മാസത്തിൽ ഇടിവ് രേഖപ്പെടുത്തി.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം, പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര മൊത്തവ്യാപാരം മുൻ മാസത്തെ അപേക്ഷിച്ച് 13.8 ശതമാനം ഇടിഞ്ഞ് ഓഗസ്റ്റിൽ 2.32 ലക്ഷം യൂണിറ്റായി.
undefined
2021 ഓഗസ്റ്റിലെ സിയാം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കാർ വിൽപ്പന 16.5 ശതമാനം ഇടിഞ്ഞ് 1.08 ലക്ഷം യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹനങ്ങളുടെ മൊത്ത വിൽപ്പന 9 ശതമാനം ഇടിഞ്ഞ് 1.12 ലക്ഷം യൂണിറ്റായി. സ്കൂട്ടർ വിൽപ്പന 23.4 ശതമാനം ഉയർന്ന് 4.51 ലക്ഷം യൂണിറ്റിലെത്തി.
മോട്ടോർസൈക്കിൾ വിൽപ്പന 1.34 ശതമാനം ഇടിഞ്ഞ് 8.25 ലക്ഷം യൂണിറ്റിലെത്തി. മൊത്തം ഇരുചക്ര വിൽപ്പന 6.18 ശതമാനം ഉയർന്ന് 13.31 ലക്ഷം യൂണിറ്റിലെത്തി. ത്രീ വീലർ വിൽപ്പന 29 ശതമാനം ഉയർന്ന് 23,210 യൂണിറ്റായി. ഈ കണക്കുകൾ വാഹന നിർമാണ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നതിന്റെ സൂചനയാണ് നൽകുന്നതാണ്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തം വാഹന വിൽപ്പന 3.29 ശതമാനം ഇടിഞ്ഞതായും വിപണി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചിപ്പുകളുടെ കടുത്ത ക്ഷാമം വ്യവസായം നേരിടുകയാണ്, ഇലക്ട്രോണിക് ഘടകങ്ങളുടെ നിരക്ക് വർധിക്കുന്നത് നിർമാണ ചെലവും വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, വില വർധിപ്പിച്ചാൽ വിൽപ്പന കുറയുമോ എന്ന ആശങ്കയും വിവിധ നിർമാതാക്കളെ അലട്ടുന്നുണ്ടെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് മലേഷ്യയിലെ പ്രധാന ഉൽപാദകരുടെ ഭാഗത്ത് നിന്നാണ് ക്ഷാമം തുടക്കത്തിൽ റിപ്പോർട്ട് ചെയ്തത്. പിന്നീട് ചിപ്പ് ക്ഷാമം രൂക്ഷമായി. ഉൽപ്പാദകർ പലരും ഫാക്ടറികൾ അടച്ചതോടെ പ്രതിസന്ധി വർധിച്ചു. വീണ്ടെടുക്കൽ പദ്ധതികളുമായി വാഹന നിർമാതാക്കൾ മുന്നോട്ട് പോയതോടെ വിപണിയിൽ ആവശ്യകതയും വർധിച്ചു. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച അർദ്ധചാലക പ്രതിസന്ധി രാജ്യത്തെ വാഹന നിർമാതാക്കളെ സാരമായി ബാധിക്കുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര പോലെയുളള വാഹന നിർമാണക്കമ്പനികൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണിപ്പോൾ.
പ്രതിസന്ധി പരിഹരിക്കാൻ വിവിധ ഉൽപ്പാദകരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുകയാണ്. മിക്ക വാഹന നിർമാതാക്കളും ചിപ്പ് ക്ഷാമത്തെ തുടർന്ന് ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ കൊവിഡ് ആഘാതത്തിൽ നിന്ന് പുറത്തുകടക്കാമെന്ന പ്രതീക്ഷയിലായിരുന്ന വ്യവസായം കടുത്ത സമ്മർദ്ദ സാഹചര്യത്തിലേത്ത് വീണു. വരും മാസങ്ങളിൽ വീണ്ടും മൊത്ത വ്യാപാരത്തിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ സിയാമിന്റെ ഭാഗത്ത് നിന്നും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉയർന്ന ചരക്ക് നിരക്ക് ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കുകയാണെന്ന് സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞതായി ബ്ലൂംബെർഗ് അടുക്കമുളള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona