കിട്ടാക്കടങ്ങൾ കൂട്ടിയെടുത്ത് ഒരു സ്ഥാപനമാക്കിയാൽ പൂട്ടി പോകാൻ കൂടുതൽ സമയം വേണ്ടി വരില്ല എന്ന സംശയം പലർക്കും ഉണ്ടാകും.
ബാങ്കുകളിലെ കിട്ടാക്കടം മുൻപെങ്ങുമുണ്ടാകാത്ത രീതിയിൽ ഉയരുന്നു. ലോക്ക് ഡൗണും അതോടനുബന്ധിച്ച് ഉണ്ടായ സാമ്പത്തിക തളർച്ചയുമാണ് പ്രധാന കാരണം. സെപ്റ്റംബർ മാസം അവസാനത്തോടെ ബാങ്കുകളിലെ കിട്ടാക്കടം ആകെ വായ്പയുടെ 13.5 ശതമാനം വരെ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കിട്ടാക്കടങ്ങൾ കൂടുന്നതോടെ വായ്പകളിൽ നിന്ന് ലഭിക്കാതെ വരുന്ന പലിശ വരുമാനവും വീഴ്ച വരുന്ന മുതൽ തിരിച്ചടവും ബാങ്കുകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഇക്കാരണത്താൽ പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നതിന് 'ബാഡ് ബാങ്ക്' സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കിയിരിക്കുന്നു.
ബാഡ് ബാങ്ക് എന്നാൽ
പൊതുമേഖലാ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് ഗുണമില്ലാത്ത വായ്പകൾ അടർത്തി മാറ്റി വെടിപ്പാക്കുകയാണ് ഉദ്ദേശ്യം. പലിശ ചുരത്താനാകാത്ത, തിരിച്ചടവ് ഉറപ്പാക്കാൻ ആകാത്ത വായ്പാ ആസ്തികളെ ബാഡ് ബാങ്കിലേക്ക് മാറ്റി സ്ഥാപിക്കും. ജൂലൈ മാസത്തിൽ രജിസ്റ്റർ ചെയ്ത ദേശീയ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് ആണ് ‘ബാഡ് ബാങ്ക്’ എന്നറിയപ്പെടുന്നത്. 28 വായ്പാ അക്കൗണ്ടുകളിലായി 82,500 കോടിയുടെ കടബാദ്ധ്യതയാണ് വിവിധ പൊതുമേഖലകളിൽ നിന്ന് ബാഡ് ബാങ്കിന്റെ ബാലൻസ് ഷീറ്റിലേക്ക് കൂടുമാറ്റം നടത്തുക. ഏതാണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പകൾ ഇത്തരത്തിൽ ബാഡ് ബാങ്കിലേക്ക് നീക്കപ്പെടും. കിട്ടാക്കടങ്ങളുടെ പുറകേ പോയി സമയം കളയുന്നതിന് പകരം സംരംഭകരെ കണ്ടെത്തി പുതിയ വായ്പകൾ നൽകുന്നതിനും ആരോഗ്യമുള്ള നിലവിലുള്ള വായ്പകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നതിനും ബാങ്കുകൾക്ക് കൂടുതൽ ശ്രദ്ധിക്കാനുമാകും. കിട്ടാക്കടങ്ങളുടെ തുടർ നടത്തിപ്പ് ബാഡ് ബാങ്കിന്റെ ചുമതലയാകും.
ഒരേ തൂവൽ പക്ഷികൾ
undefined
പൊതുമേഖലാ ബാങ്കുകളിൽ പൊതുവേ നിഷ്ക്രിയ ആസ്തികൾ കൂടി വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 18,000 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 7,800 കോടി, പഞ്ചാബ് നാഷണൽ ബാങ്കിൽ 8,000 കോടി, ബാങ്ക് ഓഫ് ഇന്ത്യയിൽ 5,500 കോടി, ഇന്ത്യൻ ബാങ്കിൽ 1,900 കോടി എന്നിങ്ങനെ പോകുന്നു ബാഡ് ബാങ്കിലേക്ക് മാറ്റാനായി ഏകദേശം കണക്കാക്കിയിട്ടുള്ള വായ്പകളുടെ മൂല്യം.
ഉടമസ്ഥതയും നടത്തിപ്പും
ഏറ്റെടുക്കുന്ന വായ്പാ ആസ്തികളുടെ കൈകാര്യത്തിനായി ഒരു അസറ്റ് മാനേജ്‌മെൻറ് കമ്പനി കൂടി ഉൾപ്പെടുന്നതാണ് എആർസി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ മുന്നോട്ട് വെച്ച പ്രൊപോസൽ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്കിതര കമ്പനികളായ റൂറൽ ഇലെക്ട്രിഫിക്കേഷൻ കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ 10 ശതമാനം ഓഹരി വീതം എടുത്ത് എആർസി ഉടമകളാകും.
ബിസിനസ്സ് മോഡൽ
കിട്ടാക്കടങ്ങൾ കൂട്ടിയെടുത്ത് ഒരു സ്ഥാപനമാക്കിയാൽ പൂട്ടി പോകാൻ കൂടുതൽ സമയം വേണ്ടി വരില്ല എന്ന സംശയം പലർക്കും ഉണ്ടാകും. എ.ആർ.സി. പ്രതീക്ഷിക്കുന്ന മോഡൽ ഒരു ബാങ്ക് നൽകിയ 1000 രൂപയുടെ വായ്പയിലൂടെ മനസ്സിലാക്കാം. വായ്പ നിഷ്ക്രിയ ആസ്തിയാകുമ്പോൾ ബാങ്കുകളുടെ ലാഭത്തിൽ നിന്ന് മാറ്റി വെയ്ക്കപ്പെട്ട 70 മുതൽ 60 ശതമാനം വരെ പ്രൊവിഷനിംഗ് കഴിച്ച് 400 രൂപയുടെ വിലയായിട്ടായിരിക്കും ഈ ആസ്തി ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ഉണ്ടായിരിക്കുക. യഥാർത്ഥത്തിൽ ഈ 400 രൂപ നൽകിയാണ് എ.ആർ.സി. 1000 രൂപയുടെ വായ്പ ഏറ്റെടുക്കുക. ഇതിൽ 15 ശതമാനം പണമായും ബാക്കി സെക്യൂരിറ്റീസ് അഥവാ സാമ്പത്തിക പത്രങ്ങളായും നൽകും. വായ്പക്ക് നൽകിയിട്ടുള്ള ജാമ്യ വസ്തുക്കളുടെയും മറ്റും മൂല്യം അടിസ്ഥാനമാക്കിയായിരിക്കും ഈ സാമ്പത്തിക പത്രങ്ങൾ അഥവാ സെക്യൂരിറ്റീസ് പുറപ്പെടുവിച്ചു നൽകുക. ഇവയ്ക്ക് കേന്ദ്ര സർക്കാർ ഗ്യാരന്റിയും നൽകും. കിട്ടാക്കടം പിരിച്ചെടുക്കുന്നതിനും, കടത്തിലായ കമ്പനികൾ ഏറ്റെടുത്തും, കൂട്ടിലയിപ്പിച്ചും മറ്റും ലാഭകരമാക്കിയും പണം പിരിച്ചെടുക്കും.
മാറ്റി വയ്ക്കുന്ന പ്രശ്നം
കിട്ടാക്കടം മാറ്റി സ്ഥാപിച്ച് ബാങ്ക് മോടി കൂട്ടുമ്പോഴും പ്രശ്നം മറ്റൊരു സ്ഥലത്ത് കുന്നു കൂടുകയാണ്. കിട്ടാക്കട കൂനകൾ സൃഷ്ടിക്കുക വഴി പ്രശ്നങ്ങൾ ഒന്നിച്ചാക്കുക മൂലം പരിഹാരം കാണാനാകുമെന്ന് കരുതുക വയ്യ. നിലവിലുള്ള ഇൻസോൾവെൻസി നിയമത്തിന്റെ നടത്തിപ്പ് ക്ഷമത കുറയുന്ന അവസ്ഥയുമാണ്. പല രാജ്യങ്ങളിലും പരീക്ഷിച്ച തന്ത്രമാണ് എ.ആർ.സി. എട്ടോ പത്തോ വർഷങ്ങൾക്ക് ശേഷം അവയൊക്കെ പൂട്ടിപോകുകയോ നിലനിൽക്കാൻ പ്രയാസപ്പെടുന്നതോ ആയ കാഴ്ചയാണുള്ളത്. വൻകിട വായ്പകളായിരിക്കും പ്രധാന ഗുണഭോക്താക്കൾ എന്നിരിക്കെ ഈ സംവിധാനം സാധാരണ വായ്പകൾ എങ്ങനെ പരിഗണിക്കും എന്ന് കാത്തിരുന്നു കാണാം.
-സി എസ് രഞ്ജിത്, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ് ലേഖകൻ-
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona