ലോക്ക്ഡൗണിലെ ധനകാര്യ പ്രതിസന്ധികളും കൊവിഡിന് ശേഷമുളള വ്യവസായ രംഗത്തിന്റെ തിരിച്ചുവരവും യോഗത്തിൽ ചർച്ചയായേക്കും.
ജിഎസ്‌ടി കൗൺസിലിന്റെ സുപ്രധാന യോഗം ജൂൺ 12 ന് ചേരും. മൂന്ന് മാസത്തിലൊരിക്കൽ കൗൺസിൽ ചേരണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ജിഎസ്‌ടി കൗൺസിൽ യോഗം മാർച്ച് 14 നാണ് നടന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ശേഷമുളള ആദ്യ കൗൺസിൽ യോഗം എന്ന നിലയിൽ ഇത് ഏറെ നിർണായകമാണ്.
ലോക്ക്ഡൗണിലെ ധനകാര്യ പ്രതിസന്ധികളും കൊവിഡിന് ശേഷമുളള വ്യവസായ രംഗത്തിന്റെ തിരിച്ചുവരവും യോഗത്തിൽ ചർച്ചയായേക്കും. ജിഎസ്‌ടി നഷ്ടപരിഹാര വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുളള തർക്കങ്ങളും യോഗത്തിൽ ഉയരുമെന്നുറപ്പാണ്. വിപണിയിൽ നിന്ന് വായ്പയെടുത്ത് നഷ്ടപരിഹാര വിതരണം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ യോഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിൽ തുടർച്ച ചർച്ചകളുണ്ടായേക്കും.
undefined
ജിഎസ്‌ടി നികുതി ഘടന പരിഹരിക്കുന്നത് സംബന്ധിച്ച് വ്യവസായ ഫെഡറേഷനുകളും സംഘടനകളും ഉയർത്തുന്ന ആവശ്യം പരിഗണിക്കാൻ ഇടയില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് വലിയ തോതിൽ നികുതി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഒരു നികുതി പരിഷ്കരണം സർക്കാരിന്റെ പരിഗണനയിൽ ഇല്ല. കഴിഞ്ഞ വർഷത്തെ നഷ്‌ടപരിഹാരമായി ഇതുവരെ മൊത്തം 1,51,496 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത 36,400 കോടി ഉൾപ്പെടയുളള കണക്കാണിത്.
ജിഎസ്‌ടി വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തുല്യ ദു:ഖിതരാണ്. കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്‌ടി വരുമാന വരവിൽ വൻ ഇടിവാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഉണ്ടായിട്ടുളളത്. ജിഎസ്ടി സെസിലൂടെ ലഭിക്കുന്ന തുക മാത്രമേ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരമായി നൽകുകയൊള്ളു എന്ന ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല. കൊവിഡ് ധന -ആരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ തർക്കങ്ങളിലേക്ക് തൽക്കാലം നീങ്ങാൻ സാധ്യത കുറവാണ്.
ജിഎസ്‌ടി നഷ്ടപരിഹാര വിതരണ കാലവധി 2022 ഓടെ അവസാനിക്കും. ഈ കാലാവധി നീട്ടണമെന്നാണ് ഏറെ നാളായി സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഈ ആവശ്യം ധനകാര്യ കമ്മീഷൻ അംഗീകരിക്കാൻ തയ്യാറല്ല. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച മന്ത്രിമാരുടെ സമിതി നൽകുന്ന ശുപാർശ യോഗം ചർച്ച ചെയ്തേക്കും. 2017 ഓഗസ്റ്റ് മുതൽ 2019 ജനുവരി വരെയുളള നികുതി തിരിച്ചടവിൽ വിവിധ വിഭാഗങ്ങൾ വരുത്തിയ പിഴ തിരിച്ചു നൽകുന്നതിൽ കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.