അന്താരാഷ്ട്ര സ്വർണ വില കുതിക്കുന്നു: പ്ലാറ്റിനം നിരക്ക് ഉയരുന്നു; വിപണിയെ സംബന്ധിച്ച് പ്രതീക്ഷയോടെ വ്യാപാരികൾ

By Anoop Pillai  |  First Published Aug 18, 2020, 7:49 PM IST

70 ഡോളറിന്റെ വർദ്ധനവാണ് ആകെ ഉണ്ടായത്. 


ചിങ്ങം മാസം എത്തിയതോടെ വിപണിയെ സംബന്ധിച്ച് പ്രതീക്ഷ വർധിച്ചതായി കേരളത്തിലെ ജ്വല്ലറി ഉടമകൾ. കൊവിഡ് -19 മൂലം പ്രതിസന്ധിയിലായ ആഭരണ വിപണി ചിങ്ങത്തിൽ മികച്ചതാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കഴിഞ്ഞ 11 ദിവസമായി വില കുറയുന്നതിന്റെ ​ട്രെൻഡ് പ്രകടിപ്പിച്ച സ്വർണം, ഇന്ന് രണ്ട് തവണയായി നിരക്ക് വർദ്ധിച്ച് ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമായി ഉയർന്നു.

ഇന്ന് രാവിലെ ഗ്രാമിന് 100 രൂപ വർദ്ധിച്ച് 5000 രൂപയും പവന് 40000 രൂപയുമായി വ്യാപാരം പുരോഗമിച്ച് ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയർന്ന് ​ഗ്രാമിന് 5030 രൂപയും പവന് 40240 രൂപയുമായി. ഇന്ന് ഗ്രാമിന് 130 രൂപയുടെയും പവന് 1040 രൂപയുടെയും വർദ്ധനവാണുണ്ടായതെന്ന് ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

Latest Videos

undefined

അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1940 ഡോളറിൽ നിന്നും 1990 ഡോളറിലേക്കും പിന്നീട് 2010 ഡോളറിലേക്കും വിലക്കയറ്റമുണ്ടായി.
70 ഡോളറിന്റെ വർദ്ധനവാണ് ആകെ ഉണ്ടായത്. രൂപയുടെ വിനിമയ നിരക്ക് 74.81 ൽ തുടരുകയാണ്.

അന്താരാഷ്ട്ര സ്വർണ വിലയിലെ താഴ്ന്ന നിലവാരത്തിൽ നിന്നും സംഘടിതമേഖലേക്ക് വൻതോതിൽ നിക്ഷേപമിറക്കിയതും, കഴിഞ്ഞാഴ്ച്ച കരുത്ത് നേടിയ ഡോളർ 0.23% ഇടിഞ്ഞ് വീണ്ടും ദുർബലമായതുമാണ് സ്വർണ വില കുതിക്കാൻ കാരണം. നിലവിലുള്ള യുഎസ്-ചൈന സംഘർഷങ്ങളും ETF കളിലെ സ്വർണ നിക്ഷേപത്തിന്റെ ഉയർച്ചയും മറ്റൊരു കാരണമായി.

ഉയർന്ന വിലയിൽ നിന്നുള്ള തിരുത്തലിന് ശേഷം സ്വർണ വില 2,100 ഡോളർ കടന്ന് 2,250 ഡോളറിലേക്ക് എന്ന നിലയിലുള്ള പ്രവചനങ്ങളും സ്വർണത്തിലുള്ള നിക്ഷേപ താല്പര്യവും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വർണ വില കൂടുതൽ മുകളിലേക്കാണെന്നും അതല്ല ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നും വിപണി വിദഗ്ദർ പറയുന്നു. വെള്ളി വില 2.6% ഉയർന്ന് 27.69 ഡോളറായിട്ടുണ്ട്. പ്ലാറ്റിനം നിരക്ക് 0.9% ഉയർന്ന് 957.73 ഡോളറായി.
 

click me!