പത്തിനോടടുത്താണ് റാങ്ക് എങ്കിൽ അവിടെ ഏറ്റവും ഉയർന്ന സ്വാതന്ത്ര്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
ദില്ലി: ലോകത്തെ 168 രാജ്യങ്ങളടങ്ങിയ ആഗോള സാമ്പത്തിക സ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യയുടെ റാങ്കിങ് ഇടിഞ്ഞു. 2018 ലെ കണക്കാണ് പുറത്ത് വന്നത്. 2017 ൽ 79ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ൽ 105 ലേക്ക് ഇടിഞ്ഞു. അന്താരാഷ്ട്ര വ്യാപാര ഭൂപടത്തിൽ ഇന്ത്യക്ക് വലിയ നിരാശയാണ് ഇത് സമ്മാനിച്ചിരിക്കുന്നത്.
സാമ്പത്തിക രംഗത്ത് സർക്കാരിന്റെ നയങ്ങൾ വ്യാപാരികകൾക്ക് എത്രത്തോളം സ്വാതന്ത്ര്യം നൽകുന്നതാണെന്നാണ് ഇത് അർത്ഥമാക്കുന്നത്. കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടും സെന്റർ ഫോർ സിവിൽ സൊസൈറ്റിയും ചേർന്നാണ് ഈ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യത്തിൽ 2017 ൽ ഇന്ത്യയുടെ റാങ്ക് 137 ആയിരുന്നു. 2018 ൽ ഇത് 139 ആയി. സാമ്പത്തിക നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യ 2017 ൽ 114 ാം സ്ഥാനത്തായിരുന്നു. 2018 ലിത് 122 ആയി.
പത്തിനോടടുത്താണ് റാങ്ക് എങ്കിൽ അവിടെ ഏറ്റവും ഉയർന്ന സ്വാതന്ത്ര്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം വിവിധ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും സ്വീകരിച്ച ഉദാരമായ വ്യാവസായിക നയങ്ങളുടെ പ്രതിഫലനം എന്താണെന്ന് വരും വർഷങ്ങളിലേ അറിയാനാവൂ. അതിനാൽ തന്നെ ഈ പട്ടികയെ അടിസ്ഥാനമാക്കി സർക്കാരുകളുടെ നിലവിലെ പ്രവർത്തനത്തെ വിലയിരുത്താനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.