ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി തുടരും.
കൊറോണ പകർച്ചവ്യാധി ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനായുളള പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാണ് 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് പാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമായും സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ മേഖലയ്ക്ക് (എംഎസ്എംഇ) ഊന്നൽ നൽകിയുളള പാക്കേജാണ് ധനമന്ത്രി അവതരിപ്പിച്ചത്.
സുഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനം ധനമന്ത്രാലയം പരിഷ്‌കരിച്ചു. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവും ഉളള സ്ഥാപനങ്ങള്‍ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും ഉള്‍പ്പെടും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തില്‍ പെടും. പ്രധാനമായും ഏഴ് മേഖലകളിലായി 15 സമഗ്ര നടപടികളാണ് സർക്കാർ ഇന്ന് പ്രഖ്യാപിച്ചത്. ഇപിഎഫ്, ചെറുകിട വ്യവസായ മേഖല, റിയൽ എസ്റ്റേറ്റ്, നികുതി പരിഷ്കാരങ്ങൾ, കരാറുകൾ എന്നിവയിൽ ഊന്നിയായിരുന്നു പ്രഖ്യാപനങ്ങൾ.
undefined
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പരിഷ്കാര പദ്ധതികൾ പാവങ്ങളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമായി. ഇതിനും വിപുലമായ പരിഷ്കാരങ്ങൾ എൻഡിഎ സർക്കാർ നടപ്പാക്കും. സമൂഹത്തിലെ എല്ലാ തലത്തിലുമുളള വ്യക്തികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് പാക്കേജ് തയ്യാറാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ എന്നതിന്റെ അർത്ഥമായി മലയാളത്തിൽ 'സ്വയം ആശ്രിതം' എന്ന് വാക്കാണ് ധനമന്ത്രി പ്രയോഗിച്ചത്. ഇന്ത്യ എന്നത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സമ്പദ്‍വ്യവസ്ഥയാകും എന്നതല്ല ഇതിന്റെ അർത്ഥമെന്നും നിർമല സീതാരാമൻ വിശദീകരിച്ചു. ആത്മനിര്‍ഭര്‍ മുൻനിർത്തിയുളള പ്രവർത്തനം മേക്ക് ഇൻ ഇന്ത്യയ്ക്ക് സഹായകകമാണെന്നും സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ളവയ്ക്ക് ആഗോള ടെൻഡറുകൾ അനുവദിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
നികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതി നീട്ടിയതും, ടിഡിഎസ്, ടിസിഎസ് നിരക്കുകൾ കുറച്ചതും നികുതിദായകർക്ക് നേട്ടമായി. ടിഡിഎസ് കുറയ്ക്കൽ 50,000 കോടി രൂപയുടെ പണലഭ്യത വർധിപ്പിക്കും. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി. ഡിഎസ്, ടിസിഎസ് നിരക്കുകൾ കുറച്ചത് 25 ശതമാനമാണ്. 2021 മാർച്ച് 31 വരെ ഈ വെട്ടിക്കുറയ്ക്കലിന് കാലവധി ഉണ്ടാകും.
ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി തുടരും. 72.22 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ് ലഭിക്കും.
ഗാർഹിക ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയിലൂടെ 45,000 കോടി രൂപയുടെ പണലഭ്യത എൻബിഎഫ്‌സികളിലേക്ക് നിക്ഷേപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. എൻബിഎഫ്‌സി, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, എംഎഫ്‌ഐകൾ എന്നിവയ്ക്കായി നിർമല സീതാരാമൻ 30,000 കോടി രൂപയുടെ ദ്രവ്യത സൗകര്യം പ്രഖ്യാപിച്ചു.