ആഭരണ മേഖലയിൽ 98.74 ശതമാനവും ലെതർ മേഖലയിൽ 93.28 ശതമാനവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 66.22 ശതമാനവും എഞ്ചിനീയറിങ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 64.76 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.
മുംബൈ: ഇന്ത്യയുടെ കയറ്റുമതിയിൽ റെക്കോർഡ് ഇടിവ്. ഏപ്രിൽ മാസത്തിലെ കയറ്റുമതി 60.28 ശതമാനം ഇടിഞ്ഞ് 10.36 ബില്യണിലേക്കെത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്നാണ് ഇത്.
ഇറക്കുമതിയിലും ഇടിവുണ്ടായി. 58.65 ശതമാനം ഇടിഞ്ഞ് 17.12 ബില്യൺ ഡോളറിലേക്കെത്തി. ഏപ്രിൽ മാസത്തിൽ കഴിഞ്ഞ വർഷം 41.4 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ 15.33 ബില്യൺ ഡോളറിൽ നിന്ന് വ്യാപാര കമ്മി 6.76 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. മാർച്ച് മാസത്തിലെ രാജ്യത്ത് നിന്നുള്ള കയറ്റുമതി 34.57 ശതമാനം ഇടിഞ്ഞിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആഭരണ മേഖലയിൽ 98.74 ശതമാനവും ലെതർ മേഖലയിൽ 93.28 ശതമാനവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 66.22 ശതമാനവും എഞ്ചിനീയറിങ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 64.76 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. 4.66 ബില്യൺ ഡോളറിന്റെ ഇന്ധന ഇറക്കുമതിയാണ് ഏപ്രിലിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 59.03 ശതമാനമാണ് ഇന്ധന ഇറക്കുമതിയിൽ ഇടിവുണ്ടായത്.