നിർണായക യോ​ഗം ദില്ലിയിൽ ആരംഭിച്ചു, രണ്ടാം സാമ്പത്തിക പാക്കേജ് നിർമല സീതാരാമൻ ഉടൻ പ്രഖ്യാപിച്ചേക്കും

By Web Team  |  First Published Apr 23, 2020, 4:02 PM IST

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 1.9 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ (അന്താരാഷ്ട്ര നാണയ നിധി) വിലയിരുത്തൽ.


രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാൻ രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ദില്ലിയിൽ തുടങ്ങി. 15 -ാം ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതി യോ​ഗം നാളെ അവസാനിക്കും. 

ധനമന്ത്രി നിർമല സീതാരാമൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച. രണ്ടാം സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ധനമന്ത്രി പ്രധാനമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുന്നത്. ഞായറാഴ്ചയോടെ രണ്ടാം സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. 

Latest Videos

undefined

ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും സാമ്പത്തിക രംഗത്തെ പൊതുസ്ഥിതി അവലോകനം ചെയ്യാനാണ് സാമ്പത്തിക ഉപദേശക സമിതി യോഗം ചേരുന്നത്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 1.9 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ (അന്താരാഷ്ട്ര നാണയ നിധി) വിലയിരുത്തൽ. വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്നതിനാൽ നികുതി വരുമാനത്തിലും വലിയ ഇടിവ് ഉണ്ടാകും. ഈ സാഹചര്യങ്ങൾ വിലയിരുത്തി നൽകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും രണ്ടാം സാമ്പത്തിക പാക്കേജ്. 

7,500 രൂപ അടിയന്തര സഹായം നൽകണം !

പ്രതിദിനം 40,000 കോടി രൂപയുടേയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ് വ്യവസായ സംഘടനകളുടെ കണക്കാക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായം, നികുതി ഇളവ്, ബാങ്കുകൾക്ക് കൂടുതൽ പണം ഇതൊക്കെയാണ് പരിഗണനയിൽ. അതിനിടെ കര്‍ഷകരുടെയും തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ നടപടിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. പരിശോധന കിറ്റുകൾ ലഭ്യമാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും സോണിയ പ്രവർത്തക സമിതി യോഗത്തിൽ ആരോപിച്ചു. 

മെയ് മൂന്നിന് ശേഷം എന്ത് എന്നതിൽ കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ല. മുഖ്യമന്ത്രിമാരുമായും വിദഗ്ധരുമായും നടത്തിയ ചര്‍ച്ചയിൽ ഉയർന്ന നിര്‍ദ്ദേശങ്ങൾ കേന്ദ്രം അവഗണിച്ചു. നിലവാരമുള്ള പരിശോധന കിറ്റുകൾ ഇതുവരെ ലഭ്യമാക്കാനായില്ല, ഇപ്പോഴും പരിശോധനകളുടെ എണ്ണം കൂട്ടാൻ കഴിയുന്നില്ല. കൊവിഡ് പ്രതിരോധത്തിൽ വലിയ ആശങ്കയാണ് ഇത് ഉണ്ടാക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. തൊഴിൽ നഷ്ടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ കുടുംബത്തിന് 7,500 രൂപ വീതം അടിയന്തര സഹായം നൽകണമെന്നും കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
 

click me!