വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് വ്യവസാ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ദില്ലി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വൻ തോതിൽ കുറഞ്ഞതായി കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലത്ത് മാത്രം 27.63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21.58 ബില്യൺ ഡോളർ ഇറക്കുമതിയാണ് ഈ കാലത്ത് നടന്നത്.
ആഗസ്റ്റിൽ 4.98 ബില്യൺ ഡോളറും ജൂലൈയിൽ 5.58 ബില്യൺ ഡോളറുമായിരുന്നു ഇറക്കുമതി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് വ്യവസാ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. അതേസമയം ചൈനയുടെ മോസ്റ്റ് ഫേവേർഡ് നേഷൻ പദവി എടുത്തുകളയാൻ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്ന സാഹചര്യത്തിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ് ഇന്ത്യയുടെ കയറ്റുമതി രംഗം. പാർലമെന്റ് പിരിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ഇന്ത്യയുടെ കയറ്റുമതി രംഗം മെച്ചപ്പെടുന്നതായി പറഞ്ഞു. സെപ്തംബർ മാസത്തിലെ ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ പത്ത് ശതമാനം വളർച്ച ഈ ദിവസങ്ങളിൽ നേടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.