സഹകരണ ബാങ്കുകളുടെ പേരുമാറ്റം: കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു

By Web Team  |  First Published Jun 29, 2020, 7:40 PM IST

ഇത്തരത്തില്‍ ബാങ്ക് എന്ന പേര് ഉപേക്ഷിക്കേണ്ടി വന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 


തിരുവനന്തപുരം: ബാങ്കിങ് ലൈസന്‍സ് ഇല്ലാത്ത രാജ്യത്തെ സര്‍വീസ് സഹകരണ ബാങ്കുകള്‍ ഇനി ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കരുതെന്ന കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയില്‍ സഹകരണ മേഖലയില്‍ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് (പാക്‌സ്) കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി അറിയപ്പെടുന്നത്. 

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുതെന്നാണ് കേന്ദ്ര നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ പറയുന്നത്. പുതിയ നിയമ പ്രകാരം ഈ സംഘങ്ങള്‍ക്ക് ചെക്ക് ഉപയോഗിച്ചുളള ഇടപാടുകള്‍ നടത്താനാകില്ല. ചെക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് ഇവരെ വിലക്കുന്നുണ്ടെങ്കിലും എന്നുമുതല്‍ ഈ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഇതിന് കൃത്യമായ വിശദീകരണം റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 

Latest Videos

undefined

കേന്ദ്ര നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നാളെ സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളുടെ പേര് മാറ്റം എളുപ്പത്തില്‍ സാധിക്കില്ലെന്നും നിയമ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സഹകാരികള്‍ അഭിപ്രായപ്പെടുന്നത്. പാക്‌സുകളുടെ പേര് മാറ്റാന്‍ പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്. 

ഇത്തരത്തില്‍ ബാങ്ക് എന്ന പേര് ഉപേക്ഷിക്കേണ്ടി വന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുതിയ നിയമ ദേദഗതി പ്രകാരം കേരള ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്‌ക്കൊഴികെ സംസ്ഥാനത്തെ മറ്റ് എല്ലാ സഹകരണ ബാങ്കുകള്‍ക്കും പേരില്‍ നിന്ന് 'ബാങ്ക്' എന്ന പദം ഒഴിവാക്കേണ്ടി വരും. 

കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി കേരളത്തിലെ 1,500 ഓളം പ്രാഥമിക കാര്‍ഷിക സഹകരണ / പ്രാഥമിക സഹകരണ സംഘങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കയും ആശയക്കുഴപ്പങ്ങളും അവ്യക്തതയും പരിഹരിക്കാൻ കോടതിയെ സമീപിക്കുന്ന കാര്യം സഹകാരികൾ പരി​ഗണിക്കുന്നതായാണ് വിവരം.  
 

click me!