ദൈവത്തിന്‍റെ പണി ഭൂമിയിലെടുക്കാൻ, പ്രപഞ്ചനാഥനോട് കരാർ ചെയ്ത മനുഷ്യര്‍!

By Hospital Days  |  First Published Mar 4, 2019, 3:46 PM IST

വല്ലാത്ത ഒരു ഒറ്റപ്പെടലായിരുന്നു അതിനുള്ളിൽ. മരുന്നും ഡെറ്റോളും ചേർന്ന  ഗന്ധം അവിടുണ്ട്. ചെറിയ മുരളലുകൾ അവിടെ കേൾക്കുന്നുണ്ട്. അടുത്ത് ബെഡ്ഡിൽ  ഒരു പ്രായമായ സ്ത്രീയാണ് കിടക്കുന്നത്. ഇടക്ക് അവർ ഞെരങ്ങുന്നത് കേൾക്കാം. ചിലപ്പോൾ വസ്ത്രങ്ങളെല്ലാം വലിച്ച്  ദൂരെയെറിഞ്ഞ് 'ഹാവൂ, അല്ലാഹ്  വേദനിക്കണോയ്' എന്ന് അട്ടഹസിക്കുന്നു.


ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ പതിവു പോലെ അന്നും മുഹമ്മദ് ഡോക്ടർ (മുഹമ്മദ് ബിൻ അഹമ്മദ് ) ചങ്ങരംകുളത്ത്  പോയി ചായ കുടിച്ച് വരാം എന്നും പറഞ്ഞു. തിരക്കും ഒഴിവ് കഴിവും പറഞ്ഞുനോക്കി. നേരം വൈകും എന്നും പറഞ്ഞു. പക്ഷെ, കക്ഷി സമ്മതിക്കുന്നില്ല. വീട്ടിൽ കൊണ്ടുവിടാം എന്ന് വരെ പറഞ്ഞപ്പോൾ പിതൃതുല്ല്യനായ ആ മനുഷ്യന്‍റെ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല.

Latest Videos

undefined

വണ്ടിയിൽ കയറി നേരെ ചങ്ങരംകുളത്തേക്കാണ് പോകുന്നത്. അവിടെ തട്ടുകടയിൽ നിന്ന് നല്ല മസാലദോശ കഴിക്കും. പണം അദ്ദേഹം തന്നെ കൊടുക്കും. നമ്മൾ കൊടുക്കാനൊരുങ്ങിയാൽ ദേഷ്യപ്പെടും. പിന്നെ കോക്കൂരുള്ള അദ്ദേഹത്തിൻ്റെ പറമ്പിൽ പോകും അവിടെ  നിന്ന് ചക്കയും മാങ്ങയും അടങ്ങുന്ന പലതും അടിച്ച് വയറ് നിറക്കും. അതിനിടയിൽ അനവധി വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. വാഗ്വാദങ്ങളും പൊട്ടിച്ചിരികളും അവിടെ പ്രത്യക്ഷപ്പെടും. രസകരമായ ഒരു സായാഹ്നം അവിടെ നിർമ്മിക്കപ്പെടും.

അന്നും ആ പതിവ് തെറ്റിക്കപ്പെടാതിരിക്കാനുള്ള യാത്രയാണ്. ചർച്ചകൾക്ക് ചൂട് പിടിച്ച് വരുന്നതേ ഉള്ളൂ. എരമംഗലത്ത് നിന്ന് ചങ്ങരംകുളത്തേക്കുള്ള റോഡിൽ ഞങ്ങളുടെ വാഹനം കയറി ചിയാനൂർ പാടശേഖരത്തിനടുതെത്തി.

ഡ്യൂട്ടിനേഴ്സ് ഓടിവന്ന് 'ഉമ്മാ ഉമ്മാ ' എന്ന് പറഞ്ഞ് വസ്ത്രമെല്ലാം ശരിയാക്കിയിട്ട് കൊടുക്കും

'അല്ലാഹ്! ആ വണ്ടി ഞമ്മളെ നേരെക്കാണല്ലോ വരണത് ?' ഡോക്ടറുടെ ആ ഒച്ച മാത്രം ഓർമ്മയിലുണ്ട്.  പിന്നെ, വലിയ ഒരു ശബ്ദമാണ് കേൾക്കുന്നത്. എന്തോ ചിലത്  മുഖത്തും തോളിലും  വന്നടിക്കുന്നപോലെ തോന്നി. ആദ്യ ഇടിയുടെ ശക്തി കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു. തലയിലും മറ്റും എന്തോ തറച്ച് കയറുന്നുണ്ട്. പിന്നെ ഒന്നും കാണാൻ കഴിയുന്നില്ല 

'വെട്ടി പൊളിക്ക്, വേഗമെടുക്ക്' എന്നൊക്കെ ആരോ പറയുന്നുണ്ട്. ഒരു സഫാരി വാൻ ഞങ്ങളുടെ വണ്ടിക്ക് മുകളിൽ വന്ന് ഇരുന്നതാണ് സീൻ. അവിടെ ഓടിക്കൂടിയ ആളുകൾ ഞങ്ങളെ ആശുപത്രിയിലെത്തിച്ചു. മുഖത്ത് എന്തോ ഭാരമുള്ള വസ്തു ഇരിക്കുന്നത് പോലെ... അതിനിടയ്ക്ക് ഞാൻ ഒന്ന് രണ്ട് തവണ രക്തം  ശർദ്ധിച്ചു. 

പിന്നെ എനിക്ക് വലിയ ഓർമ്മയൊന്നുമില്ല. ബോധം വന്നപ്പോൾ അൽപം തണുപ്പുള്ള ഒരു മുറിയിലാണ് ഞാൻ കിടക്കുന്നത്. എനിക്ക് ചുറ്റും പച്ചനിറത്തിലുള്ള ഒരു ചെറിയ കർട്ടൻ മറച്ചിട്ടുണ്ട്. ഐ സി യു ആണെന്ന് പിന്നീട് അറിഞ്ഞു. മുഖത്ത് ഓക്സിജൻ മാസ്ക് വെച്ചിട്ടുണ്ട്. നെഞ്ചിൽ  കുറേ ഉപകരണങ്ങൾ കൊണ്ട് പൂക്കളവും ഇട്ടിട്ടുണ്ട്. കഴുത്തിലും, വലത് തോളിലും അനങ്ങാതിക്കാൻ എന്തോ കുന്ത്രാണ്ടങ്ങൾ വെച്ചിട്ടുണ്ട്. ഇടത്തേ കൈവിരലുകളിൽ ഒരു ക്ലിപ്പ് ഇട്ട് അത് ഒരു ഉപകരണവുമായി കണക്റ്റ് ചെയ്തിരിക്കുന്നു.

ശരീരത്തിനു പഴയതിനേക്കാൾ വണ്ണം കൂടിയത് പോലെ തോന്നുന്നുണ്ട്. എന്താ പറ്റിയത് എന്നോ, എവിടെയാണ് എന്നോ ഒന്നുമറിയില്ല.   ഒരു ഡ്യൂട്ടിനേഴ്സ് എന്‍റെ അടുത്ത് വന്നു. തലയിൽ സിന്ദൂരവും  പൊട്ടും ഇട്ടിട്ടുണ്ട്.. വെളുത്ത ഒരു കോട്ടും..  സംസാരിക്കാൻ നന്നായി പ്രയാസമുണ്ട് എങ്കിലും പതുക്കെ ഞാൻ അവരോട് കാര്യങ്ങൾ അന്വേഷിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയുടെ പേരാണ് അവർ പറഞ്ഞത്. വന്നത് ഇന്നലെ  വൈകുന്നേരമാണെന്നും ഒക്കെ  പറഞ്ഞു അവർ.
 
വല്ലാത്ത ഒരു ഒറ്റപ്പെടലായിരുന്നു അതിനുള്ളിൽ. മരുന്നും ഡെറ്റോളും ചേർന്ന  ഗന്ധം അവിടുണ്ട്. ചെറിയ മുരളലുകൾ അവിടെ കേൾക്കുന്നുണ്ട്. അടുത്ത് ബെഡ്ഡിൽ  ഒരു പ്രായമായ സ്ത്രീയാണ് കിടക്കുന്നത്. ഇടക്ക് അവർ ഞെരങ്ങുന്നത് കേൾക്കാം. ചിലപ്പോൾ വസ്ത്രങ്ങളെല്ലാം വലിച്ച്  ദൂരെയെറിഞ്ഞ് 'ഹാവൂ, അല്ലാഹ്  വേദനിക്കണോയ്' എന്ന് അട്ടഹസിക്കുന്നു.

അപ്പോഴേക്കും ആ ഡ്യൂട്ടിനേഴ്സ് ഓടിവന്ന് 'ഉമ്മാ ഉമ്മാ ' എന്ന് പറഞ്ഞ് വസ്ത്രമെല്ലാം ശരിയാക്കിയിട്ട് കൊടുക്കും. ഈ  സ്ത്രീ ആണെങ്കിൽ അവരെ  ചീത്ത പറയുന്നതും കേൾക്കാം. അതൊന്നു കാര്യമാക്കാതെ ചിലപ്പോൾ അവർക്ക് ഭക്ഷണം കൊടുക്കുകയും മലമൂത്രങ്ങൾ  വൃത്തിയാകുകയും ചെയ്യുന്നു ആ നേഴ്സ്. 

എനിക്ക് നന്നായി മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്. ഒറ്റക്ക് അനങ്ങാൻ പറ്റാതെയുള്ള കിടപ്പ് വല്ലാതെ  മടുപ്പിച്ചിരിക്കുന്നു. അപകടം മൂലമുള്ള ഭയവും, ശരീരവേദനയും.. ഞാൻ അറിയാതെ കണ്ണ് നിറച്ചു. ഞാൻ കരയുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു, ആ നേഴ്സ് എന്‍റെ അടുക്കൽ വന്നത്. ബാത്ത് റൂമിൽ പോകേണ്ട കാര്യം അവരോട്  പറഞ്ഞു. ആദ്യം അവർ അവിടുത്തെ മെയിൽ നേഴ്സിനെ തിരക്കി. അയാൾ എതോ ആവശ്യത്തിനു പുറത്ത് പോയതാണ് എന്ന് തോന്നുന്നു. കാണുന്നില്ല, കുറച്ച് സമയം വെയ്റ്റ് ചെയ്തിട്ടും അയാൾ വന്നില്ല. അവസാനം അവർ തന്നെ ഒരു പാത്രമെടുത്ത് കൊണ്ടുവന്നു അതിലേക്ക് ഒഴിച്ചോളാൻ പറഞ്ഞു. എന്തോ എനിക്ക് അതിനു മനസ്സുവന്നില്ല. എന്‍റെ പ്രയാസം കണ്ടിട്ടാണ് എന്ന് തോന്നുന്നു, ഒരു വീൽ ചെയറുമായി അവരെത്തി. ഞാൻ കിടക്കുന്ന കട്ടിൽ പ്രത്യേകരീതിയിൽ ഉയർത്തി. എന്നിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ കുന്ത്രാണ്ടങ്ങളും ഊരി. വീൽ ചെയറിലിരുത്തി ബാത്ത് റൂമിലെത്തിച്ചു. ഒരു പാത്രത്തിൽ വെള്ളം എടുത്ത് തന്നിട്ട്  കഴിഞ്ഞാൽ വിളിച്ചാൽ മതി എന്ന് പറഞ്ഞ് അവർ വാതിലടച്ച് പുറത്ത് നിന്നു. 

അതിന് ശേഷം  കട്ടിലിലേക്ക്  തിരിച്ച് വരുമ്പോൾ തൊട്ടടുത്ത് പതിച്ച കണ്ണാടിയിൽ ഞാൻ എന്‍റെ മുഖം കണ്ടു. ശരിക്കും തകർന്ന് പോയ സമയമായിരുന്നു അത്. വല്ലാതെ നീരുവന്ന് വീർത്ത് മൂക്കും മഖവും ഒന്നായിരിക്കുന്നു.. മുഖമാകെ  കരുവാളിച്ചിരിക്കുന്നു.  ചില ഭാഗങ്ങൾ ഉമ്മ പൊരിക്കാൻ മീൻ  കീറിയത് പോലെ ആയിരിക്കുന്നു. മുഖത്ത് പല ഭാഗത്തും വലിയ മുറിവുകളു. ചുണ്ട് പിളർന്നിട്ടുണ്ട്. ബോധം വരാത്തതുകൊണ്ട് സ്റ്റിച്ചിടാഞ്ഞതാണ്. ശരീരമിളകി കരയാൻ കൂടെ പറ്റാത്ത അവസ്ഥ.. കണ്ണീർ, തുള്ളിക്കൊരു കുടം പോലെ ഒഴുകുകയാണ്. അവർ ആശ്വസിപ്പിക്കുന്നുണ്ട്, ''അയ്യേ ആൺകുട്ട്യോള്  കരയ്യെ?!'' 

ആണിനു കരച്ചിൽ എന്നത് മഹാപാതകമാണെന്നത് പോലെയാണ് അവരുടെ സംസാരം. കണ്ണീരിന്‍റെ മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോകുന്ന ഒന്നാണത്രെ പൗരുഷം. പിന്നെ, ഉപദേശങ്ങളുടെയും ആശ്വാസവചനങ്ങളുടെയും ഒരു പ്രവാഹമായിരുന്നു. മുഴുവൻ ഓർമ്മയില്ല. പക്ഷേ,  അവസാനത്തെ ഒന്നു രണ്ട് വാക്കുകൾ അത് കല്ലിൽ തറച്ചപോലെ കൊണ്ടു. 'ഇതെല്ലാം ചെറുത് മാത്രമാണ്'  എന്ന ചിന്ത അവിടുന്നാണ് പൊട്ടിമുളക്കുന്നത്.

"ജീവിതത്തിൽ പല പരീക്ഷണങ്ങളുണ്ടാകും. ഒന്നുവന്നാൽ അതിനേക്കാൾ വലിയ ഒരെണ്ണം വന്നവരെ മുന്നിൽ കണ്ട്  നിസ്സാരമായി  നേരിടണം. ജീവിതം എന്നത് തളരാനുള്ളതല്ല പൊരുതാനുള്ളതാണ്." ഇത് പറയുമ്പോൾ, അപ്പുറത്തെ കട്ടിലിൽ ഇരുപത്തിയാറ്  ദിവസമായി ബോധം  പോലും വരാതെ കിടക്കുന്ന എന്‍റെ അതേ പ്രായക്കാരനെ അവർ കർട്ടൻ മാറ്റി കാണിച്ചു തന്നിരുന്നു.

മൂന്നരമാസത്തിനു ശേഷം ജോലിക്ക് പോകാൻ തുടങ്ങി

ജീവിതത്തിൽ തിരികെ നടക്കാനുള്ള വലിയ പ്രചോദനമായിരുന്നു ആ വാക്കുകൾ. അതുകൊണ്ടാകണം അൽപം കഴിഞ്ഞ് മുഖത്തും ചുണ്ടിലും ഉള്ള മുറിവുകളിൽ സ്റ്റിച്ചിടാൻ വന്ന ഡോക്ടർ മരവിപ്പിക്കാനോ മയക്കാനോ ഇപ്പോൾ പറ്റില്ല എന്ന് പറഞ്ഞപ്പോൾ  അതൊന്നും ചെയ്യാതെ സ്റ്റിറ്റിച്ചിടാൻ ഞാൻ സമ്മതിച്ചത്. ജീവനുള്ള എന്‍റെ ശരീരത്തിലൂടെ ചെറിയ സൂചി ഉപയോഗിച്ച് തുന്നി പന്ത്രണ്ട് സ്റ്റിച്ചിടുമ്പോഴും വേദന കടിച്ചമർത്തി കണ്ണീർ വരാതെ കണ്ണടച്ച് ഞാൻ കിടന്നത്.

രണ്ട് ദിവസത്തിനു ശേഷമാണ് തോളിൽ സർജറി നടന്നത്. പിന്നീട് ശരീരത്തിൽ വരുന്ന അസഹ്യമായ വേദനയിലൊന്നും ഞാൻ  കരഞ്ഞിട്ടില്ല. അവരുടെ വാക്കുകളും ബോധമില്ലാതെ കിടക്കുന്ന ആ ഇരുപത്തിനാലുകാരനുമായിരുന്നു മനസ്സിൽ. ഉച്ചക്ക് കൊണ്ടുവന്ന ഭക്ഷണം അവർ തന്നെയാണ് എനിക്ക് വായിൽ വെച്ച് തന്നതും വേദനിക്കാതെ മുഖം വൃത്തിയാക്കിയതും. രണ്ട്  ദിവസത്തിനു ശേഷം ഐസിയുവും ഒന്നര ആഴ്ചക്ക് ശേഷം ആശുപത്രിയും ഞാൻ വിട്ടു. പോരുമ്പോൾ അവരെ അവിടെ തിരക്കിയെങ്കിലും കണ്ടില്ല.

ആദ്യദിവസങ്ങളിൽ  തലയിലെയും ശരീരത്തിലെയും അസഹ്യമായ വേദന വല്ലാതെ വിഷമിപ്പിച്ചിരുന്നു. എങ്കിലും പരസഹായം കൊണ്ട് ചെയ്ത് തീർക്കേണ്ട പലതും വേദന സഹിച്ച് ഒറ്റക്ക് തന്നെ ചെയ്തു തീർത്തു. മൂന്നരമാസത്തിനു ശേഷം ജോലിക്ക് പോകാൻ തുടങ്ങി. ആറുമാസത്തിനു ശേഷം ബൈക്കോടിക്കാനും ചെറിയ രീതിയിലുള്ള ഭാരമുള്ള ജോലികളെടുക്കാനും സാധിച്ചു. ഒരു വർഷത്തിനു ശേഷം ശരീരത്തിൽ വെച്ചിരുന്ന സ്റ്റീലും ഒന്നര വർഷത്തിനുശേഷം  കൺപോളക്ക് മേലെ ആരും കാണാതെ ഒളിച്ചിരുന്ന ഗ്ലാസ് ചീളും എടുത്തതോടെ അപകടത്തിന്‍റെ എല്ലാ തിരുശേഷിപ്പുകളും എന്നിൽ നിന്നു നീക്കം ചെയ്തു. ഇതിനിടയിൽ   പലപ്പോഴായി  ഞാൻ ആശുപത്രിയിൽ പോയിരുന്നു. ആദ്യ ആറുമാസത്തിൽ  എല്ലാ മാസവും ചെക്കപ്പിനു പോകുമ്പോൾ ഐസിയുവിനടുത്തള്ള നേഴ്സുമാർക്കുള്ള മുറിയിൽ അവരെ തിരയാറുണ്ടായിരുന്നു.

ആരോടെങ്കിലും അന്വേഷിക്കാൻ അവരുടെ പേരൊ, നാടൊ ഒന്നും എനിക്കറിയില്ലായിരുന്നു. അവരെ പിന്നീട് കണ്ടിട്ടേ ഇല്ല. ഒന്നര വർഷത്തിനു ശേഷം ജോലി ആവശ്യാർഥം. മസ്കറ്റിലേക്ക് വണ്ടി കയറി. ഇപ്പോൾ ആറു വർഷമാകുന്നു. ഇന്നെനിക്ക് ശാരീരികമായ യാതൊരു പ്രയാസവുമില്ല. ഏത് ഉയരത്തിലും കയറാം. ഭാരമുള്ള എന്ത് വസ്തുവും എടുക്കാം. അരോഗ്യവാനായ ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏതൊരു ജോലിയും എനിക്കും ചെയ്യാം. മുഖത്ത് സ്റ്റിച്ചിന്‍റെ പാടുകൾ പരിപൂർണമായി  മാഞ്ഞിരിക്കുന്നു. പത്തോ ഇരുപതോ ശതമാനം മാത്രം  ജീവിതം തിരിച്ച് പിടിക്കാനുള്ള  സാധ്യതയിൽ നിന്ന് സാധാരണ  ജീവിതം തിരിച്ചു പിടിച്ചതിന് കാരണം അനേകം കാരുണ്യത്തിൻറെ കരങ്ങൾ  എനിക്ക് നേരെ നീണ്ടതാണ്..

അവരോടൊക്കെയുള്ള കടങ്ങൾ ഞാൻ എങ്ങനെ വീട്ടാനാണ്?

പിഞ്ചുകുഞ്ഞിനെ പോലെ പരിചരിച്ച ഉമ്മ, ഡോക്ടർമാർ, സമയം പാഴാക്കാതെ നിമിഷനേരം കൊണ്ട് ആശുപത്രിയിൽ എത്തിച്ച അപരിചിതർ, സുഹൃത്തകൾ.. അങ്ങനെ അങ്ങനെ അനവധി പേർ. പിന്നെ ആ ആശുപത്രിവാസത്തിനു മുൻപോ ശേഷമോ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ 'മാലാഖ' യും. ഇന്നവർ എവിടെയാണന്നറിയില്ല. ഈ കുറിപ്പ് കാണുമോ എന്നുമറിയില്ല. അവരിപ്പോഴും എതെങ്കിലും 'ഐസിയു' വിൽ ചലനമറ്റ രോഗിയെ ശുശ്രൂഷിക്കുകയാവാം.

ഇങ്ങനെയും ഉണ്ട് ചില മനുഷ്യ ജന്മങ്ങൾ.. ദൈവത്തിന്‍റെ പണി ഭൂമിയിലെടുക്കാൻ പ്രപഞ്ചനാഥനോട് ജനിക്കുന്നതിനു മുൻപേ കരാർ ചെയ്തവര്‍.. അവരോടൊക്കെയുള്ള കടങ്ങൾ ഞാൻ എങ്ങനെ വീട്ടാനാണ്? ഭൂതകാലക്കുളിരില്‍ ദീപ ടീച്ചർ  എഴുതുന്നുണ്ട്, 

"ചില കടങ്ങൾ വീട്ടാതെ അവശേഷിപ്പിക്കേണ്ടതായിട്ടുണ്ട് -
ഒറ്റക്കിരിക്കുമ്പോൾ ഓർത്തൊന്നു നെടുവീർപ്പിടാൻ!''

ആ കടം അങ്ങനെ കിടക്കട്ടെ മെയ്യ് മണ്ണോട് ചേരുന്ന കാലമത്രയും വീട്ടാനാകാതെ.. 

click me!