നോക്കി നില്‍ക്കെ കുറഞ്ഞ് വന്ന കമലയുടെ ജനപ്രീതി; കാരണങ്ങളെന്തൊക്കെ ?

By Alakananda R  |  First Published Nov 11, 2024, 12:54 PM IST

എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കി ഏറ്റവും വലിയ വിജയമാണ് ട്രംപ് നേടിയത്. വോട്ടെടുപ്പ് വരെ കമല നിലനിര്‍ത്തിയിരുന്ന നേരിയ ലീഡ് പോലും വോട്ടേണ്ണല്‍ വേളയില്‍ കാണാനില്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ട്രംപിന്‍റെത് സമ്പൂര്‍ണ്ണ വിജയം. എവിടെയാണ് ഡമോക്രാറ്റുകള്‍ക്ക് പിഴച്ചത്? 
 



ത്തിയെരിഞ്ഞ് വീണിടത്ത് നിന്ന് ഉയി‍ർത്തെണീറ്റ 'ഫീനിക്സ് പക്ഷി', മാധ്യമങ്ങൾ ഡോണൾഡ് ട്രംപിന് ഇപ്പോൾ ചാർത്തിക്കൊടുക്കുന്ന വിശേഷണമാണ്. കഷ്ടിച്ചുള്ള ജീവന്‍ നേടലല്ല. എതിരാളിയെ അമ്പരപ്പിച്ച ഉയിർത്തെണീൽക്കൽ. ഇലക്ടറൽ വോട്ടും ജനങ്ങളുടെ വോട്ടും റിപബ്ലിക്കൻ പാർട്ടിക്ക് കിട്ടുന്നത് 2004 -ന് ശേഷം ആദ്യം. 1988 -ന് ശേഷം ഏറ്റവും നല്ല വോട്ടിംഗ് ശതമാനവും ഇലക്ടറൽ വോട്ടുകളും.  അമേരിക്കയുടെ ഗ്ലാസ് സീലിംഗ് തകർക്കാനായില്ല കമലാ ഹാരിസിന്.

കമലയുടെ പരാജയ കാരണങ്ങള്‍

Latest Videos

undefined

ബൈ‍‍ഡന്‍റെ  ഭരണ പരാജയങ്ങളുടെ ഭാരമാണ് ഹാരിസിനെയും ഇടിച്ച് താഴ്ത്തിയത്. ബൈഡന്‍റെ ഭരണത്തുടർച്ച എന്ന ഹാരിസിന്‍റെ പ്രചാരണ വാഗ്ദാനം തന്നെ അതിന് തിരി കൊളുത്തിവിട്ടു. രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങളിൽ വ്യക്തമായ നയമോ നിലപാടോ മുന്നോട്ട് വയ്ക്കാനാകാത്തത് ഇരട്ടിപ്രഹരമായി. നാണ്യപ്പെരുപ്പം, കുടിയേറ്റം, രണ്ട് യുദ്ധങ്ങൾ, ഒന്നിലും പരിഹാരം നിർദ്ദേശിച്ചില്ല കമലാ ഹാരിസ്. അത് തുടക്കത്തിലേയുള്ള വിമർശനമാണ് താനും. ഇപ്പോൾ ഡമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്നും വിമർശനം തുടങ്ങിയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറഞ്ഞ് തുടങ്ങിയിരിക്കുന്നു ബൈഡൻ സംഘവും കമലാ ഹാരിസ് സംഘവും. മുൻ സ്പീക്കർ നാൻസി പെലോസി വിരൽ ചൂണ്ടിയത് ബൈഡന് നേർക്കാണ്. കുറേക്കൂടി നേരത്തെ ബൈഡൻ പിൻമാറിയിരുന്നെങ്കിൽ ഒരു ഓപ്പൺ പ്രൈമറി നടന്നേനെ. വേറെയും സ്ഥാനാർത്ഥികൾ വന്നേനെ എന്നാണ് പെലോസിയുടെ കുറ്റപ്പെടുത്തൽ. വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനമുള്ള  രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് പെലോസി. അഭിപ്രായത്തിന് വിലയുമുണ്ട്.  

യുഎസ് പോളിംഗ് ബൂത്തിലേക്ക്; ഇത്തവണ സൺ ബെൽറ്റും റസ്റ്റ് ബെൽറ്റും ആര്‍ക്കൊപ്പം

കമലാ ഹാരിസ് സംഘവും പൊളിറ്റിക്കോയോട് (Politico) സംസാരിച്ചപ്പോൾ ബൈഡനെയാണ് പഴിച്ചത്.. ബൈഡൻ സംഘം പഴിച്ചത് കമലാ ഹാരിസിനെ. കോൺഗ്രസ് സെനറ്റ് അംഗങ്ങൾ പാർട്ടിക്കുള്ളിലെ തീവ്ര ഇടതിനെയും പൊളിറ്റിക്കൽ കറക്ട്നസിനെയും കുറ്റം പറയുന്നു. ഏഷ്യൻ, ലറ്റീനോ വിഭാഗങ്ങളെയും കറുത്ത വർഗക്കാരെയും തീവ്ര ഇടത്, സർക്കാർ വിരുദ്ധ സമരങ്ങൾ കൊണ്ട് അകറ്റി എന്ന് പറഞ്ഞത് ന്യൂയോർക്കിലെ ഡമോക്രാറ്റിക് കോൺഗ്രസ് അംഗമാണ്. തീവ്ര ഇടത് പഴിക്കുന്നത് പാർട്ടിയെത്തന്നെയാണ്. തൊഴിലാളി വർഗത്തെ അവഗണിച്ചു എന്ന് സെനറ്ററും മുൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ബേർണി സാന്‍റേഴ്സ് ആരോപിക്കുന്നു. ന്യൂനപക്ഷമായ ലറ്റീനോകളെയും ഏഷ്യൻ വംശജരെയും കറുത്ത വർഗക്കാരെയും ജൂതരെയും അവഗണിച്ചുവെന്ന് ചിലർ. ഭരണവിരുദ്ധതയും ന്യൂനപക്ഷങ്ങൾക്കിടയിലും ഗ്രാമപ്രദേശങ്ങളിലും കൂടിവന്ന പിന്തുണയും ട്രംപിനെ സഹായിച്ചു എന്നത് സത്യമാണ്. ഹിസ്പാനിക്കുകളും കറുത്ത വർഗക്കാരും ട്രംപിനെ പിന്തുണച്ചു എന്നാണ് കണക്കുകൾ പറയുന്നത്. പ്രതീക്ഷിച്ചത്ര സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്താത്തത് കമലാ ഹാരിസിന് തിരിച്ചടിയുമായി. ഗാസ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണക്കുകയും അതേസമയം ജനാധിപത്യ സംരക്ഷണമെന്ന പ്രചാരണ വാഗ്ദാനം മുന്നോട്ടുവെയ്ക്കുകയും ചെയ്ത ഇരട്ടത്താപ്പും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

പലതും വളച്ചൊടിക്കുകയും തോന്നുന്നതെല്ലാം പറയുന്ന, താനിങ്ങനെയാണെന്ന് പ്രഖ്യാപിക്കുന്ന ട്രംപിനെ പിന്തുണക്കാൻ ജനത്തെ പ്രേരിപ്പിച്ചത് ഡമോക്രാറ്റുകളുടെ ഇരട്ടത്താപ്പാണെന്ന് വിമർശിക്കുന്നു. എന്തായാലും ഡോണൾഡ് ട്രംപും റിപബ്ലിക്കൻ പാർട്ടിയും നേടിയത് അട്ടിമറി വിജയം. സെനറ്റ് സ്വന്തമായി. ജനപ്രതിനിധി സഭയിലും വിജയത്തിലേയ്ക്കുള്ള വഴിയിലാണ് പാർട്ടി. പ്രസിഡന്‍റിനൊപ്പം രണ്ട് സഭകളും ഉണ്ടാവുമ്പോൾ പരിഷ്കരണങ്ങൾക്കോ നയങ്ങൾക്കോ തടസമേ നേരിടില്ലെന്ന് ചുരുക്കം.

വൈറ്റ് വാഷ്

മണിക്കൂറുകൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു അമേരിക്കയിൽ. കടുത്ത പോരാട്ടം പ്രവചിച്ച അഭിപ്രായ സർവേകൾക്കും അമേരിക്കയുടെ നോസ്ത്രദാമസിനും തെറ്റി. ട്രംപിന്‍റെ ജയം റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോഴും അതൊക്കെ റിപബ്ലിക്കൻ സംസ്ഥാനങ്ങളാണ്, പ്രതീക്ഷിച്ചതാണ് എന്നായിരുന്നു മാധ്യമങ്ങളുടെ തലക്കെട്ട്. പക്ഷേ, ആ വിജയഗാഥ അവിടം കൊണ്ട് അവസാനിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞേ ഫലമറിയൂവെന്ന് പ്രഖ്യാപിച്ചിരുന്ന സ്വിംഗ് സ്റ്റേറ്റുകളിൽ പോലും ട്രംപ് മുന്നേറിക്കൊണ്ടേയിരുന്നു. നോർത്ത് കരോലിന, ജോർജിയ രണ്ടും ആദ്യം വീണു, അപ്പോഴും ബ്ലൂ വാള്‍ (Blue Wall) എന്ന സംസ്ഥാനങ്ങളിലായി ഹാരിസിന്‍റെ പ്രതീക്ഷ. പക്ഷേ, രാത്രി 1 മണിയായതോടെ അതും കിട്ടില്ലെന്നുറപ്പായി. അങ്ങനെ  ഒന്നൊന്നായി എല്ലാം നഷ്ടമായി. പ്രതീക്ഷിച്ച വോട്ടുകൾ പോലും കമലാ ഹാരിസിന് വീണിട്ടില്ല എന്നുറപ്പായി.

7 സ്വിംഗ് സ്റ്റേറ്റുകളിലും ലീഡായതോടെ ഫ്ലോറിഡയിലെ സ്വന്തം വീട്ടിൽ വച്ച് ട്രംപ് അനുയായികളെ അഭിസംബോധന ചെയ്തു. സ്വന്തം വിജയം വിശ്വസിക്കാൻ പറ്റാത്ത പോലെയായിരുന്നു ട്രംപിന്‍റെയും മുഖഭാവം. തിരതല്ലുന്ന സന്തോഷമുണ്ടായിരുന്നില്ല മുഖത്ത്. പൊതുവേ വലിയ ഭാവങ്ങൾ വരാത്ത മുഖമാണെങ്കിലും.  'ഇസ് ദിസ് ക്രേസി' (Is this crazy) എന്ന് ചോദിച്ചു. എല്ലാവർക്കും നന്ദിയും പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും യുഎസ് ചാഡ്സും; അറിയാം ചരിത്രം

അതേസമയം വാഷിംഗ്ടണിലെ ഹോവാര്‍ഡ് സർവ്വകലാശാലയില്‍ ഒത്തുകൂടിയ കമലാ ഹാരിസിന്‍റെ അനുയായികൾ ആഘോഷത്തോടെ പാട്ടും നൃത്തവുമായി തുടങ്ങിയ രാത്രി, കണക്കുകൾ വന്നു തുടങ്ങിയതോടെ നിശ്ശബ്ദമായി. അമ്പരപ്പും നിരാശയും വിഷാദവും നിഴലിച്ച മുഖങ്ങളുമായി പിന്നെയും കാത്തിരുന്നു. ഒടുവിൽ വൈസ് പ്രസിഡന്‍റ് ഇന്നെത്തില്ല എന്ന് കൂടി കേട്ടതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. കമലാ ഹാരിസ് പഠിച്ച ഹോവാര്‍ഡ് സർവ്വകലാശാല കറുത്ത വർഗക്കാരുടെതാണ്, തന്‍റെ കറുത്ത വംശചരിത്രം ധൈര്യത്തോടെ അംഗീകരിച്ച്, അതിൽ അഭിമാനിച്ചിരുന്ന കമലാ ഹാരിസ് താൻ പഠിച്ച യൂണിവേഴ്സിറ്റി തന്നെ തെരഞ്ഞെടുത്തത് മനപൂർവമാണ്. കറുത്ത വർഗക്കാരുടെ വോട്ട്, എല്ലാ സ്ത്രീകളുടെയും വോട്ട്, അഭ്യസ്തവിദ്യരുടെ വോട്ട് ഇതൊക്കെ തന്‍റെ ശക്തിയാകുമെന്ന് കമല പ്രതീക്ഷിച്ചിരുന്നു. കണക്കുകൂട്ടലുകൾ പാളിയതിന്‍റെ കാരണം ഇപ്പോഴും അത്ര വ്യക്തമല്ല.

എന്തായാലും ട്രംപിന്‍റെ മുഖത്തില്ലാതിരുന്ന ആഹ്ലാദം അനുയായികളുടെ മുഖത്തുണ്ടായിരുന്നു. ഫൈറ്റ് ഫൈറ്റ് (Fight Fight) എന്നൊരേ സ്വരത്തിൽ കൂകിവിളിച്ചു അവർ. ട്രംപിന്‍റെ ക്യാമ്പൈയിൻ സംഘം മറ്റൊന്നുകൂടി ചെയ്യുന്നുണ്ടായിരുന്നു. വോട്ടിംഗിന്‍റെ ആദ്യകണക്കുകൾ വരുമ്പോൾ സ്വിംഗ് സ്റ്റേറ്റ്സിലെ വോട്ടിംഗ് തീർന്നിരുന്നില്ല. 'വോട്ട് ചെയ്യാത്തവരെ അറിയാമെങ്കിൽ അവരെ പോളിംഗ് ബൂത്തിലെത്തിക്കൂ' എന്ന് എക്സിലൂടെ ആഹ്വാനം ചെയ്തു ട്രംപിന്‍റെ മുൻ ഉപദേശകൻ, സ്റ്റീഫന്‍ മില്ലർ. 'അറിയുന്നവരെയെല്ലാം എത്തികൂ' എന്നടുത്ത പോസ്റ്റ്. എല്ലാ കണക്കുകളും ട്രംപിന് അനുകൂലമായി. റിപബ്ലിക്കൻ പാർട്ടി സെനറ്റും പിടിച്ചെടുത്തു.

എങ്ങനെ ഇത്രയും വലിയൊരു ജയം ട്രംപ് സ്വന്തമാക്കി എന്നതിൽ വാദപ്രതിവാദങ്ങളും ചർച്ചകളും തീർന്നിട്ടില്ല. 'കടുത്ത പോരാട്ടം' എന്ന് പ്രവചിച്ചത്, ഒരു പോരാട്ടമേ അല്ലാതായി അവസാനിച്ചതിലാണ് കമലാ ഹാരിസ് പക്ഷത്തിന്, ഡമോക്രാറ്റുകൾക്ക് അമ്പരപ്പായത്. ആ അമ്പരപ്പ് ഡമോക്രാറ്റുകൾക്ക് മാത്രമല്ല, ലോകത്തിനുമുണ്ട്. പ്രവചിച്ചവർക്കുണ്ട്. അമേരിക്കയുടെ നോസ്ത്രദാമസായ ലിക്മെനും വിശ്വസിക്കാനായില്ല. കണക്കുകൾ പ്രാവർത്തികമായില്ല എന്ന് മാത്രം പ്രതികരിച്ചു. വിശദമായി പഠിച്ച് പറയുമെന്നും അറിയിച്ചു.

അവസാന ലാപ്പിന്‍റെ തുടക്കത്തിൽ ലീഡ് കുറഞ്ഞ് കമല, ഒപ്പത്തിന് ട്രംപ്; ഉണ്ടാകുമോ ഒരു ഒക്ടോബർ സര്‍പ്രൈസ്

നയങ്ങളിലെ വ്യക്തതക്കുറവ്

പ്രധാനപ്പെട്ട വിഷയങ്ങളിൽ, അമേരിക്കയെ വലയ്ക്കുന്ന വിഷയങ്ങളിൽ കമലാ ഹാരിസിന് വ്യക്തമായ പരിഹാരം മുന്നോട്ടുവയ്ക്കാനായില്ല എന്നതാണ് കാരണമായി നിരീക്ഷകർ ഇപ്പോൾ പറയുന്നത്,  സാമ്പത്തികം, ഗർഭഛിദ്രം, കുടിയേറ്റം. ഇതിൽ ഗർഭഛിദ്രത്തിൽ മാത്രമേ കമലാ ഹാരിസിന് നിലപാടെടുക്കാനായുള്ളൂ. മറ്റുള്ളതിലെല്ലാം അവ്യക്തത പ്രചാരണകാലത്തേ പ്രകടമായിരുന്നു. പക്ഷേ,  കമല ഹാരിസ് ശക്തമായി പിന്തുണച്ച ഗർഭഛിദ്രത്തിനുള്ള അവകാശം, ട്രംപ് സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. അത് സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ എന്ന ട്രംപിന്‍റെ നയം അമേരിക്കയിലെ സ്ത്രീകളും അംഗീകരിച്ചു എന്നാണ് വിചാരിക്കേണ്ടത്. എല്ലാ നയങ്ങളിലും ബൈഡന്‍റെ  തുടർച്ച മുന്നോട്ട് വച്ച കമലാ ഹാരിസിന്‍റെ നയം ജനം ഒന്നടങ്കം തിരസ്കരിച്ചു എന്നും വിചാരിക്കണം.

അതുമാത്രവുമല്ല, മറ്റൊരു വലിയ ജനക്കൂട്ടം ട്രംപിനെ പിന്തുണച്ചു.  റിച്ചാർഡ് നിക്സണ്‍ 1969 -ലെ പ്രചാരണറാലിയിൽ പിന്തുണ ചോദിച്ചത് അമേരിക്കയിലെ നിശബ്ദ ഭൂരിപക്ഷത്തോടാണ് (Silent Majority). നിശബ്ദവിഭാഗം, പക്ഷേ ഭൂരിപക്ഷം. യാഥാസ്ഥിതികർ, പ്രചാരണത്തിരക്കുകളിലും സംവാദങ്ങളിലും പങ്കെടുക്കാതെ മാറിനിൽക്കുന്നവർ. 2016 -ലെ തെരഞ്ഞെടുപ്പിലും ട്രംപിനെ തുണച്ചത് അവരാണ്. ഹിലരി ക്ലിന്‍റന്‍  വ്യവസ്ഥിതിയുടെ ഭാഗമാണെന്നും അതുകൊണ്ട് മാറ്റങ്ങളുണ്ടാക്കാനാവില്ലെന്നും വിലയിരുത്തിയതും അവരായിരിക്കണം.  ക്ലീന്‍ ദി വൈറ്റ് ഹൌസ് സ്വാമ്പ് (Clean the Whitehose Swamp) എന്ന്  ട്രംപ് നൽകിയ ഉറപ്പ് അവർ വിശ്വസിച്ചു. ട്രംപ് പുറമെ നിന്നുള്ള ആളായത് കൊണ്ടുതന്നെ, അതുവരെ രാഷ്ട്രീയത്തിൽ പയറ്റിയിട്ടില്ലാത്ത, ബിസിനസുകാരനായ, കോടീശ്വരന്‍ പറയുന്നത് പ്രവർത്തിക്കുമെന്ന് അവര്‍ വിശ്വസിച്ചിരിക്കണം. ഇരുട്ടടി പോലെ വിക്കിലീക്സ് വെളിപ്പെടുത്തലുകളും വന്നു. ഹിലരിയുടെ ഇമെയിൽ വിവാദം ആളിക്കത്തി. അന്വേഷണം പ്രഖ്യാപിച്ച എഫ്ബിഐ മേധാവി ജെയിംസ് കോമെയുടെ നടപടിയും സംശയിക്കപ്പെട്ടു. റഷ്യയുടെ ഇടപെടലെന്ന് സഭാ സംയുക്തസമിതി പ്രസ്താവനയിറക്കി. ദേശിയസുരക്ഷ വകുപ്പുകളും അത് ശരിവച്ചു. എന്തായാലും വിജയം ട്രംപിനെ തുണച്ചു. അന്നും പക്ഷേ, ട്രംപിന് ഇലക്ടറൽ വോട്ടുകൾ മാത്രമാണ് കിട്ടിയത്. ജനങ്ങളുടെ വോട്ട് കിട്ടിയത് ഹിലരി ക്ലിന്‍റനാണ്. ഇത്തവണ ആ കണക്കും തെറ്റി, രണ്ടും നേടിക്കൊണ്ടാണ് ട്രംപിന്‍റെ സമ്പൂര്‍ണ്ണ വിജയം.

click me!