കൂടെയുള്ളവരെല്ലാം വിശ്വസ്തര്‍ എന്ന് ഉറപ്പിച്ചു. അതിലുപരി സര്‍ക്കാറിന്‍റെ കാര്യക്ഷമത കൂട്ടാനായി എലോണ്‍ മസ്കും വിവേക് രാമസ്വാമിയുമുള്ള പ്രത്യേക വകുപ്പ്, പേര് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യന്‍സി. ഇതിന് പുറമേ പഴയ ശത്രുക്കളോടുള്ള പ്രതികാരവും കാപ്പിറ്റോള്‍ കലാപകാരികള്‍ക്കുള്ള മാപ്പും. രണ്ടാം ട്രംപ് സര്‍ക്കാര്‍ സംഭവബഹുലമാകുമെന്ന് ഉറപ്പ്.
എലോൺ മസ്ക്, ബൈഡൻ സർക്കാരുമായി അത്ര രസത്തിലായിരുന്നില്ല. ട്രംപിനെ പിന്തുണച്ചതാകട്ടെ വധശ്രമത്തിന് ശേഷവും. പിന്നാലെ 100 മില്യണാണ് ട്രംപിന്‍റെ പ്രചാരണത്തിനായി നൽകിയത്. എക്സിൽ ട്രംപുമായി നടത്തിയ സംഭാഷണത്തിലാണ് ചെലവ് ചുരുക്കൽ നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത്. ട്രംപ് സർക്കാരിലെ വലിയ സ്വാധീനമാകും മസ്ക് എന്നത് വ്യക്തം. അതിലെ അപകട സൂചനകൾ പലത്. കോർപ്പറേറ്റ് കമ്പനികളുടെ ഉടമയ്ക്ക് നിയന്ത്രണങ്ങൾ നീക്കാനുള്ള ചുമതല നൽകുന്നത് 'കോൺഫ്ലിക്റ്റ് ഓഫ് ഇന്‍റസ്റ്റ്' ആണ് എന്ന് ചൂണ്ടിക്കാണിക്കുന്നു നിരീക്ഷകർ. മസ്കിന്‍റെയും വിവേക് രാമസ്വാമിയുടെയും ചില നിർദ്ദേശങ്ങൾ അതിലേറെ അപകടമായി കാണുന്നു പലരും. ഫെഡറൽ റിസർവ് നിർത്തലാക്കണം എന്നതടക്കം.
ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യന്‍സി - ഡോജ് (DOGE) എന്ന് ചുരുക്കപ്പേര്. അതുതന്നെ മസ്കിന്‍റെ നയം എന്തെന്ന് വ്യക്തമാക്കുന്നുവെന്നാണ് നിരീക്ഷകപക്ഷം. ചില ടെക് കമ്പനികളുടെ അടിസ്ഥാനതത്വം സർക്കാരിലും നടപ്പാക്കുക. കാര്യക്ഷമതയാണ് ലക്ഷ്യം. പക്ഷേ നിരീക്ഷകർ 'നിർദ്ദാക്ഷണ്യം' എന്ന് കൂട്ടിച്ചേർക്കുന്നു. അതായത്, മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ നടപ്പാക്കിയത് പോലെ ചിലത്. കൂട്ടപ്പിരിച്ചുവിടൽ അടക്കം. സർക്കാർ ബ്യൂറോക്രസി ഇല്ലാതാക്കും എന്ന് ട്രംപ്. സർക്കാരിലെ ഭൂരിപക്ഷം വരുന്ന അഴുക്കുകൾക്ക് ഞെട്ടലാകും ഡോജ് എന്ന് മസ്ക്.
undefined
ഡോജ് എന്ന പട്ടിയും ക്രിപ്റ്റോ കറന്‍സിയും
ജപ്പാനിലെ പ്രത്യേക ഇനത്തിൽപ്പെട്ട ഒരു നായയുടെ പേരായിരുന്നു ഡോജ്. ഉടമസ്ഥ അതിന്‍റെ ചിത്രമെടുത്ത് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. പിന്നാലെയത് വൈറലായി. മീമുകൾ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ 2013 -ൽ വെറും തമാശയ്ക്ക് മീം, ക്രിപ്റ്റോകോയിനും പുറത്തിറക്കി. മീമുകൾ ഇഷ്ടപ്പെടുന്ന മസ്കാണ് അതിന് പ്രചാരം നൽകിയതും മൂല്യം ഉയർത്തിയതും. ഇന്ന് ഡോജ് ക്രിപ്റ്റോകറന്‍സിയുടെ മാർക്കറ്റ് മൂല്യം 55 ബില്യൻ ഡോളറാണ്. ട്രംപ് ജയിച്ചതോടെ 240 ശതമാനമാണ് മൂല്യമാണ് ഉയർന്നത്. അതും ട്രംപിന്‍റെ മസ്ക് സഖ്യം കാരണം. ഈ നായ ജീവൻ വെടിഞ്ഞത് ഇക്കഴിഞ്ഞ മേയിലായിരുന്നു.
ക്രിപ്റ്റോ കറൻസിക്കുള്ള നിയന്ത്രണമായിരിക്കും ആദ്യം ഇല്ലാതാവുകയെന്ന് പറയുന്നു നിരീക്ഷകർ. ട്രംപ് സർക്കാർ നയങ്ങളിൽ അതിരില്ലാത്ത സ്വാധീനമായിരിക്കും എലോൺ മസ്ക് എന്ന ബിസിനസുകാരന് കിട്ടുക. അതിൽ തർക്കമില്ല. ട്രംപിന് പിന്തുണ നൽകിയ ശേഷം മസ്കിന് കിട്ടിയതും ട്രംപിന്‍റെ ഏറ്റവും അടുത്ത വൃത്തങ്ങളിലേക്കുള്ള സ്ഥാനക്കയറ്റമാണ്. യുക്രൈയ്ൻ പ്രസിഡന്‍റുമായുള്ള ഫോൺ കോളിൽ മസ്ക് പങ്കാളിയായത് തന്നെ ഉദാഹരണം.
സെനറ്റ് എന്ന കടമ്പ കാത്ത് ട്രംപിന്‍റെ നാമനിർദ്ദേശങ്ങൾ
ചെലവ് ചുരുക്കാൻ, വകുപ്പ് തന്നെ വേണ്ട
സർക്കാരിന്‍റെ അനാവശ്യ ചെലവുകൾ രണ്ട് ട്രില്യണെങ്കിലും കുറക്കാമെന്ന് മസ്ക് പറഞ്ഞത് ട്രംപ് റാലിയിലാണ്. വിവേക് രാമസ്വാമി, ചില സർക്കാർ വകുപ്പുകൾ അപ്പാടെ പിരിച്ചു വിടാമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചത്. വിദ്യാഭ്യാസ വകുപ്പ്, എഫ്ബിഐ, ആണവ റെഗുലേറ്ററി കമ്മിഷൻ, ആഭ്യന്തര റവന്യു വകുപ്പ് എന്നിവ അതിൽ പ്രധാനം. ഇവർ രണ്ട് പേരും കൂടി ഭരിക്കാൻ പോകുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി ആദ്യം ചെയ്യുക ക്രിപ്റ്റോ ഡീറെഗുലേഷൻ ആയിരിക്കുമെന്നാണ് വിദഗ്ധപക്ഷം. പക്ഷേ, ചെലവ് ചുരുക്കൽ എത്രമാത്രം ഫലപ്രദമാകുമെന്ന് ഊഹിക്കാൻ ഇപ്പോൾ പറ്റില്ല. ഔദ്യോഗിക റോളില്ല, സർക്കാരിന് പുറത്ത് നിന്ന് പിന്തുണയ്ക്കുക. എന്നാണ് പ്രഖ്യാപനം. എക്സ് ഏറ്റെടുത്ത മസ്ക് നടപ്പാക്കിയ മാറ്റങ്ങൾ ആരും മറന്നിട്ടില്ല. 8,000 പേരുണ്ടായിരുന്ന ജീവനക്കാരെ 1,500 ആക്കി കുറച്ചു മസ്ക്. ചുവപ്പുനാടകൾ മുറിച്ചെറിയുക എന്നതാണ് മസ്ക് സ്വയം ചുമതലയേറ്റിരിക്കുന്ന മറ്റൊരു കാര്യം. സാങ്കേതികമായി മുന്നിലല്ലാത്തതൊന്നും വേണ്ടെന്നാണ് പക്ഷം.
ഫെഡറൽ റിസർവ്
കൂട്ടത്തിൽ മസ്കിന് മുന്നിൽ മറ്റൊരു സ്വപ്നം കൂടിയുണ്ട്. ഫെഡറൽ റിസർവ് (Federal Reserve) നിർത്തലാക്കുക. അതായത്, കേന്ദ്രബാങ്ക് ഇനി വേണ്ടെന്ന് തന്നെ. ഉത്തരവാദിത്തം മുഴുവൻ ട്രഷറി വകുപ്പ് ഏറ്റെടുത്താൽ മതിയെന്ന് നിര്‍ദ്ദേശം. എക്സിലെ പോസ്റ്റിലാണ് മസ്ക് പറഞ്ഞ് തുടങ്ങിയത്. മൈക്ക് ലീ (Mike Lee) എന്ന സെനറ്റർ ഫെഡ് റിസർവ് നിർത്തലാക്കണം എന്നാവശ്യമുന്നയിച്ച് എക്സിൽ പോസ്റ്റിട്ടു. അത് ഷെയർ ചെയ്ത് കൊണ്ടാണ് മസ്ക് തന്‍റെ യോജിപ്പ് പ്രകടമാക്കിയത്. ഫെഡറൽ റിസർവ് തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് കോൺഗ്രസ് തന്നെ ഉറപ്പ് നൽകുന്നതാണ്. 2016 -ലെ ഭരണകാലത്ത് ട്രംപ്, ഫെഡറൽ റിസർവ് ബാങ്ക് ചെയർമാനുമായി ഏറ്റുമുട്ടിയിരുന്നു. പക്ഷേ, പുറത്താക്കാൻ പ്രസിഡന്‍റിന് അധികാരമില്ലാത്തത് കൊണ്ട് അന്നത്തെ മേധാവി തുടർന്നു.
വകുപ്പുകൾ ഇല്ലാതാക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമല്ല. ഉദാഹരണത്തിന് വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടണമെങ്കിൽ കോൺഗ്രസ് സമ്മതിക്കണം. സെനറ്റിൽ വൻ ഭൂരിപക്ഷവും കിട്ടണം. അതിന് ഡമോക്രാറ്റുകളും സമ്മതിക്കേണ്ടി വരും. അത് നടക്കാത്ത കാര്യം. സഭയിലും നടക്കില്ല. കഴിഞ്ഞ വർഷം ഇതേകാര്യത്തിലെ വോട്ടെടുപ്പിന് 60 റിപ്പബ്ലിക്കൻ അംഗങ്ങൾ ഡമോക്രാറ്റുകൾക്കൊപ്പം ചേർന്ന് എതിർത്ത് വോട്ട് ചെയ്തു. റോണാൾഡ് റീഗനും ഇതേ ആവശ്യമുന്നയിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കും എതിർപ്പാണ്, കുട്ടികളിൽ 'വോക്' (WOKE) ആശയങ്ങൾ കുത്തിവയ്ക്കുന്നു എന്നാണഭിപ്രായം.
ഉയർത്തെഴുന്നേറ്റ ട്രംപ്; അടുക്കണോ അകലണോ എന്ന ആശങ്കയില്‍ ലോകം
പ്രതികാര നടപടികൾ
ജനുവരി 20 കഴിഞ്ഞാൽ താൻ ഫുൾ സ്പീഡിൽ പോവുന്നത് കണ്ട് തല കറങ്ങുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ആദ്യപരിഗണന ചില പ്രത്യേക കാര്യങ്ങൾക്കാണ്. കൂട്ടനാടുകടത്തൽ. 'ബോർഡർ ടിസർ' (Border Tsar), ടോം ഹോമന്‍ (Tom Homan), സ്റ്റീഫന്‍ മില്ലർ (Stephen Miller), ക്രിസ്റ്റി നോം (Kristi Noem) എന്നിവരുടെ ചുമതലയാണ്. അമേരിക്കൻ മണ്ണിൽ ജനിച്ച കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം കിട്ടുന്നതും നിർത്തലാക്കുമെന്നാണ് വാക്ക്. ഭരണഘടനയിൽ ഉറപ്പുനൽകുന്ന അവകാശമാണത്. പക്ഷേ, മാറ്റം നിർദ്ദേശിക്കേണ്ടത് കോൺഗ്രസാണ്. അതും മൂന്നിൽ രണ്ട് വോട്ടോടെ. പിന്നെ നാലിൽ മൂന്ന് സംസ്ഥാന സഭകളുടെ അംഗീകാരവും വേണം. റിപബ്ലിക്കൻ പാർട്ടിക്ക് കഷ്ടിച്ച് പകുതിയിൽ കൂടുതൽ സഭകളിലേ നിയന്ത്രണമുള്ളൂ എന്നതാണ് കാര്യം.
ട്രംപിന്‍റെ കേസുകളിൽ അന്വേഷണം നടത്തിയ ജാക് സ്മിത്തിനോട് (Jack Smith) 'കണ്ടോളാം' എന്ന് പറഞ്ഞത് ട്രംപ് മാത്രമല്ല, മസ്കും കൂടിയാണ്. രണ്ട് സെക്കന്‍റിനുള്ളിൽ പിരിച്ചുവിടും എന്നാണ് ട്രംപിന്‍റെ ഭീഷണി. സ്മിത്ത് ജനുവരി 20 ന് മുമ്പ് രാജിവയ്ക്കും എന്നാണ് റിപ്പോർട്ട്. കേസുകൾ അവസാനിപ്പിക്കും. പാരിസ് കാലാവസ്ഥാ ധാരണയിൽ നിന്ന് 2016 -ൽ ട്രംപ് പിൻമാറിയിരുന്നു. ജോ ബൈഡൻ തിരിച്ചു പോയി. പക്ഷേ, ട്രംപ് വീണ്ടും പിൻമാറാനുള്ള ഒരുക്കത്തിലാണ്. നാണ്യപെരുപ്പത്തിൽ ഉടൻ നടപടി. 100 ദിവസത്തിനകം വിലക്കയറ്റം പിടിച്ചു നിർത്തും എന്നാണ് വാക്ക്. ഇറക്കുമതിക്കുള്ള നികുതി കൂട്ടുകയും ചെയ്യും.
ഡീപ് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ തന്നെ സഹായിക്കാൻ തയ്യാറുള്ളവരെയാണ് ട്രംപ് തന്‍റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് മൂന്ന് സർക്കാർ വകുപ്പുകളുടെ മേധാവികളായി. നീതിന്യായം, പ്രതിരോധം, രഹസ്യാന്വേഷണം. മാറ്റ് ഗേറ്റ്സ് (Matt Gaetz), പീറ്റ് ഹെസേത്ത് (Pete Hegseth), തുൽസി ഗബ്ബാർഡ് (Tulsi Gabbard). അതാത് പദവിക്ക് വേണ്ട മുൻപരിചയം മൂന്ന് പേർക്കുമില്ലെന്നത് മറ്റൊരു കാര്യം. അതുകൊണ്ട് ഡീപ് സ്റ്റേറ്റിന്‍റെ ഭാഗമാവില്ല. തൽസ്ഥിതി (Status quo) തുടരാനും അനുവദിക്കില്ല. എല്ലാം അട്ടിമറിക്കും എന്ന് ചുരുക്കം. കൂടെ എലോൺ മസ്ക് കൂടിയാവുമ്പോൾ എല്ലാം പൂർണ്ണം.
2016 -ലെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായി എന്ന കണ്ടെത്തലിൽ ഉറച്ച് നിന്നിരുന്നു ഇന്‍റലിജൻസ് ഏജൻസി. തന്‍റെ ശത്രുക്കളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ട്രംപിന്‍റെ ആവശ്യം തള്ളിക്കളഞ്ഞു നീതിന്യായ വകുപ്പ്. സൈനിക നിയമം പ്രഖ്യാപിച്ച് ഭരണഘടന സസ്പെൻഡ് ചെയ്ത് പുതിയ വോട്ടെടുപ്പ് നടത്താമെന്ന വിരമിച്ച ലഫ്. ജനറൽ മിഷേൽ ഫ്ലൈന്‍റെ (Michael Flynn) ആഹ്വാനം ഏറ്റെടുക്കാൻ ട്രംപിനെ സമ്മതിച്ചില്ല പെന്‍റഗൺ. സൈന്യത്തെ രാഷ്ട്രീയ ആയുധമാക്കാൻ സമ്മതിക്കില്ലെന്ന നിലപാടെടുത്തു ജനൽ മാർക് മില്ലെ (Gen. Mark Milley). രണ്ടാമൂഴത്തിൽ മൂന്ന് സ്ഥാപനങ്ങളും പിടിച്ചെടുക്കാൻ തന്നെയാണ് ട്രംപിന്‍റെ പുറപ്പാട്.
പശ്ചിമേഷ്യ; യുദ്ധത്തിന് താത്കാലിക വിരാമം വേണമെന്ന് ഇസ്രയേല്‍ സൈന്യം, സമ്മതിക്കാതെ നെതന്യാഹു
ക്യാപിറ്റൽ കലാപകാരികൾക്കുള്ള മാപ്പ്
ഡോണൾഡ് ട്രംപിന്‍റെ വിജയം ആഘോഷിക്കുന്ന കുറേയേറെപ്പേരുണ്ട് അമേരിക്കൻ ജയിലുകളിൽ. 2021 ജനുവരി ആറിന്‍റെ കാപ്പിറ്റോൾ കലാപകാരികൾ. ട്രംപ് പ്രസിഡന്‍റാകുന്നതോടെ തങ്ങൾക്ക് മാപ്പുനൽകുമെന്ന പ്രതീക്ഷയിലാണ് ആഘോഷം. 2020 -ൽ ജോ ബൈഡനല്ല, ട്രംപാണ് ജയിച്ചത് എന്ന വിശ്വാസത്തിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന ട്രംപിന്‍റെ വാദവും ആഹ്വാനവും വിശ്വസിച്ചാണ് കലാപകാരികൾ കാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയത്. 600 -ലേറെ പേർ അറസ്റ്റിലായി.
അവർക്ക് മാപ്പ് നൽകുമെന്ന് പ്രചാരണത്തിനിടെ പലപ്പോഴും ട്രംപ് പറഞ്ഞിട്ടുണ്ട്. പ്രസിഡന്‍റായാൽ ആദ്യം ചെയ്യുക ജനുവരി ആറിന്‍റെ ബന്ദികളെ സ്വതന്ത്രരാക്കുമെന്ന് എക്സിലും കുറിച്ചു. പക്ഷേ, ചില അഭിമുഖങ്ങളിൽ എല്ലാവർക്കും മാപ്പ് എന്ന നിർദ്ദേശം മുന്നോട്ട് വച്ചില്ല. ചിലർക്ക് മാപ്പ് നൽകാം ചിലർ നിയന്ത്രണം വിട്ട് പെരുമാറി എന്ന് സമ്മതിക്കയും ചെയ്തു. അതേസമയം കലാപത്തിൽ ഇപ്പോഴും അറസ്റ്റുകൾ തുടരുകയാണ്. ചിലരെ തെരയുന്നുമുണ്ട് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പ്രതിരോധിച്ചവരെ എതിർത്തതിനും ഒക്കെയാണ് കേസ്. അതിൽ ചിലർ, ചില നേതാക്കൾ കാപ്പിറ്റോളിലേക്ക് കയറിയില്ല. ഓത്ത് കീപ്പേഴ്സ് (Oath Keepers), പ്രൌഡ് ബോയിസ് (Proud Boys) തുടങ്ങിയ സംഘങ്ങളുടെ നേതാക്കളായ സ്റ്റ്യൂവർട്ട് റോഡിസ് (Stewart Rhodes), എന്‍റിക് ടരിയോ (Enrique Tarrio) തുടങ്ങിയവർ. അവരുടെ മേൽ ചുമത്തിയിരിക്കുന്നത് ഗൂഢാലോചനയും ആസൂത്രണവുമാണ്.
അറസ്റ്റിലായവരിൽ ചിലർ വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഡോണൾഡ് ട്രംപ് തങ്ങൾക്ക് മാപ്പ് നൽകുമെന്ന പ്രതീക്ഷയിൽ, അതുന്നയിച്ചാണ് അപേക്ഷ നൽകിയത്. പക്ഷേ, കോടതി അതനുവദിച്ചില്ല. ജയിലിലായ നേതാക്കളിൽ ചിലർ പോസ്റ്റുകളുമിട്ടു. 2025 ജനുവരി 20 -ന് സത്യപ്രതിജ്ഞ കഴിയുന്നതോടെ തങ്ങൾക്ക് സ്വാതന്ത്ര്യം എന്നാണ് പോസ്റ്റ്. എല്ലാവർക്കും മാപ്പ് നൽകിയില്ലെങ്കിലും കേസുകളിലെ അന്വേഷണം ഇനിയെന്താവും എന്നതിൽ സംശയമുണ്ട് പലർക്കും. കാരണം, ട്രംപ് ഇപ്പോഴും പറയുന്നതും വിശ്വസിക്കുന്നതും താനാണ് 2020 -ലും ജയിച്ചത് എന്നാണ്. വൈറ്റ്ഹൗസ് വിട്ടുപോകരുതായിരുന്നുവെന്ന് പറഞ്ഞത് അടുത്ത കാലത്താണ്.
തീവ്ര വലതുപക്ഷ സംഘടനയായ പ്രൌഡ് ബോയിസ് തങ്ങളുടെ ടെലഗ്രാം ചാനലുകളിൽ ആഹ്വാനം ചെയ്യുന്നത് 'കാത്തിരിക്കാ'നാണ്. ഉദ്ഘാടന ചടങ്ങിന് തല പുറത്ത് കാണിക്കാതിരിക്കുക, ട്രംപ് എല്ലാവർക്കും മാപ്പ് നൽകുന്നതോടെ അക്രമം അംഗീകരിക്കപ്പെടും, എന്നൊക്കെയാണ് ആഹ്വാനം. ജയിലിൽ കിടന്ന സമയത്തിന് മാപ്പ് മാത്രം പോര, നഷ്ടപരിഹാരവും വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. അപ്പോഴും എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ പറ്റില്ലെന്നത് മറുവശം.