സെനറ്റ് എന്ന കടമ്പ കാത്ത് ട്രംപിന്‍റെ നാമനിർദ്ദേശങ്ങൾ

By Alakananda R  |  First Published Nov 20, 2024, 12:41 PM IST

ട്രംപ് നിർദ്ദേശിച്ച കാബിനറ്റ് അംഗങ്ങൾക്ക് സെനറ്റ് അംഗീകാരം വേണം. വൈറ്റ് ഹൗസിൽ ജോലി ചെയ്യുന്നവർക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അങ്ങനെ ചിലതിലൊഴിച്ച് മറ്റെല്ലാറ്റിനും അംഗീകാരം വേണം.


ഞെട്ടിക്കാൻ തുടങ്ങിയിരിക്കുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങൾ തന്നെ ഞെട്ടിത്തുടങ്ങിയിരിക്കുന്നു പുതിയ കാബിനറ്റ് നിയമനങ്ങളില്‍. കാബിനറ്റ് അംഗങ്ങളിൽ പലരുടെ പേരും അപ്രതീക്ഷിതമായിരുന്നു. ഓരോ നാമനിർദ്ദേശവും ട്രംപ് സർക്കാറിന്‍റെ യാത്ര എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നു.

നിർദ്ദേശങ്ങള്‍

Latest Videos

undefined

അറ്റോർണി ജനറലിന്‍റെ പേര് കേട്ടാണ് റിപബ്ലിക്കൻ അംഗങ്ങൾ ശരിക്കും ഞെട്ടിയത്. റിപബ്ലിക്കൻ കോൺഗ്രസ് അംഗം വായിൽ വന്നത് പകുതി വിഴുങ്ങിയാണ് പ്രതികരിച്ചതെന്ന് മാധ്യമ റിപ്പോർട്ട്. 

ട്രംപിന്‍റെ കടുത്ത അനുയായിയായ മാറ്റ് ഗേറ്റ്സ് (Matt Gaetz) അറ്റോർണി ജനറലാവുന്നതോടെ ട്രംപിന്‍റെ പേരിലെ കേസുകൾ ഏതുവഴി പോകുമെന്ന് വ്യക്തമായി. അതുകഴിഞ്ഞ് തെരഞ്ഞെടുത്തത് ആരോഗ്യ സെക്രട്ടറി. അതും മോശമല്ല, വാക്സീൻ വിരുദ്ധൻ റോബർട്ട് എഫ് കെന്നഡി ജൂനിയർ. നിർദ്ദേശിക്കപ്പെട്ട പല പേരുകളും ട്രംപിന്‍റെ നയങ്ങളെക്കുറിച്ച് സൂചന നൽകുന്നതാണ്. അതിലാണ് അമ്പരപ്പ്. 

പ്രതിരോധ സെക്രട്ടറി നോമിനി പീറ്റ് ഹെഗ്സേത്തിന് (Pete Hegseth) എതിർപ്പ് പെന്‍റഗണിന്‍റെ തൊഴിൽ നയങ്ങളോടാണ്. സ്ത്രീകൾ യുദ്ധ മുന്നണിയിൽ പോകുന്നതിനോടും താൽപര്യമില്ല. അതുമാത്രമല്ല, ഇസ്രയേൽ - ഹമാസ് - ഹിസ്ബുള്ള യുദ്ധം തുടരുമ്പോൾ, പീറ്റ് ഹെഗ്സേത്തിന്റെ 2018 -ലെ പ്രസംഗം ഇപ്പോൾ വീണ്ടും വൈറലാണ്. ടെംമ്പിൾ മൌണ്ടിൽ (Temple Mount) ഒരു ആരാധനാലയം പുനസ്ഥാപിക്കാം എന്നാണ് പ്രസംഗത്തിന്‍റെ കാതൽ. രണ്ട് രാജ്യമെന്ന പരിഹാരവും ഹെഗ്സേത്ത് തള്ളിക്കളഞ്ഞു.

ഇസ്രയേൽ അംബാസിഡർ നോമിനി അർക്കൻസസ് ഗവർണർ മൈക് ഹക്കാബീയാണ് (Mike Huckabee), നാഷണൽ ഇന്‍റിലിജന്‍സ് മേധാവിയായി നോമിനേറ്റ് ചെയ്യപ്പെട്ട തുൽസി ഗബ്ബാഡ് (Tulsi Gabbard), സിറിയയിലെ അമേരിക്കൻ ഇടപെടൽ എതിർത്തിരുന്നു. 2017 -ൽ സിറിയൻ പ്രസിഡൻറ് ബാഷർ അൽ അസദുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. യുക്രൈയ്നിലും  നേറ്റോയിലും റഷ്യയുടെ കാഴ്ചപ്പാട് ആവർത്തിച്ച തുൽസി ഗബ്ബാഡിനെ 'തങ്ങളുടെ ഗേൾഫ്രണ്ട്' എന്നൊരു റഷ്യൻ ടെലിവിഷൻ ആതിഥേയൻ വിളിച്ചതും പ്രസിദ്ധം.

മാറ്റ് ഗേറ്റ്സ്

ഫ്ലോറിഡയുടെ തീപ്പൊരി രാഷ്ട്രീയ നേതാവ്. ജനപ്രതിനിധിസഭയ്ക്കുള്ളിലും ആ തീപ്പൊരി വാരിയെറിയാൻ മടിച്ചിട്ടില്ല ഗേറ്റ്സ്. സ്റ്റേറ്റ് ഓഫ് ദ യൂണിയൻ എന്ന സംയുക്ത സമ്മേളനത്തിൽ ഒരു തവണ കൊണ്ടുവന്നത് ഹോളോകോസ്റ്റ് നിഷേധിക്കുന്ന വലത് തീവ്രപക്ഷക്കാരനെ. കുട്ടികൾ അടക്കം കൊല്ലപ്പെട്ട കൂട്ടവെടിവയ്പ്പിലെ വിചാരണക്കിടെ തന്‍റെ വാദം എതിർത്തതിന്, കുട്ടികൾ നഷ്ടപ്പെട്ട രണ്ടുപേരെ പുറത്താക്കാൻ ശ്രമിച്ചു ഗേറ്റ്സ്. പക്ഷേ, ട്രംപിന് അതാണാവശ്യം. തന്‍റെ വിശ്വസ്തർ മാത്രം മതി എന്ന് ശഠിക്കുന്ന ട്രംപിന്, ഗേറ്റ്സാണ് പറ്റിയ ആൾ. നിരന്തരം, തീവ്രമായി ട്രംപിനെ പിന്തുണക്കുന്ന ഒരാൾ.

നീതിന്യായ വകുപ്പിലെ അഴിമതി വേരോടെ നശിപ്പിക്കാൻ ഗേറ്റ്സിന് കഴിയുമെന്നാണ് നിയുക്ത പ്രസിഡന്‍റിന്‍റെ സമൂഹ മാധ്യമ കുറിപ്പ്. ഗേറ്റ്സിനെതിരെയും നീതിന്യായ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. പെയ്ഡ് എസ്കോർട്ട്സുമായി ബഹാമാസിൽ പോയതിന്. സെക്സ് ട്രാഫിക്കിംഗ് നിയമങ്ങൾ ലംഘിച്ചതിന്. കോൺഗ്രസ് അംഗം എന്ന നിലയിൽ പാലിക്കേണ്ട ചില നൈതികതകൾ ലംഘിച്ചതിനും അന്വേഷണം നടക്കുകയായിരുന്നു. നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗം, ക്യാംപെയിൻ ഫണ്ട് ദുരുപയോഗം, സെക്ഷ്വൽ മിസ്കോണ്ടാക്ട് അങ്ങനെ പലത്. അതിൽ റിപ്പോർട്ട് വരുംമുമ്പ് കോൺഗ്രസ് അംഗത്വം മാറ്റ് ഗേറ്റ്സ് രാജിവച്ചു. ഇനിയാ അന്വേഷണം തുടരില്ല. അംഗങ്ങളെ മാത്രമേ സഭാ സമിതി അന്വേഷണത്തിന് വിധേയരാക്കാറുള്ളൂ.

അതുമാത്രമല്ല, 2021 -ൽ ട്രംപ് അധികാരമൊഴിയും മുമ്പ് മുൻകൂർ മാപ്പുകിട്ടുമോ എന്ന്  ചോദിച്ചിരുന്നു ഗേറ്റ്സ് എന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാം കൊണ്ടും അറ്റോർണി ജനറൽ സ്ഥാനത്തേക്ക് പരിഗണിക്കാൻ പറ്റിയ ആളേയല്ല ഗേറ്റ്സ് എന്ന് ചുരുക്കം. സെനറ്റ് അംഗീകരിക്കണം ഗേറ്റ്സിന്‍റെ നിയമനം. പക്ഷേ സ്വന്തം പാർട്ടിയിലും ശത്രുക്കൾ കുറവല്ല ഗേറ്റ്സിന്. സെനറ്റിൽ നാല് പേർ എതിർത്താൽ ഗേറ്റ്സിന്‍റെ നിയമനം നടക്കില്ല. 

ഇതിനകം, സഭാസമതി, അന്വേഷണ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യം ഉയർന്ന് തുടങ്ങിയിരിക്കുന്നു. ഉന്നയിച്ച് കൂട്ടത്തിൽ റിപബ്ലിക്കൻ അംഗവുമുണ്ട്. മുൻ ഭരണകാലത്ത് ഇതേ സ്ഥാനം വഹിച്ചിരുന്ന ജെഫ് സെഷന്‍സ്, വില്യം ബ്രാർ എന്നിവരുമായി ഉടക്കിപ്പിരിഞ്ഞതാണ് ട്രംപ്. അതുകൊണ്ട് ഇത്തവണ വിനീതവിധേയനാകും എന്നുറപ്പുള്ളയാളെ മാത്രമേ ട്രംപ് അറ്റോർണി ജനറലായി തെരഞ്ഞെടുക്കൂ എന്നുറപ്പായിരുന്നു.

മറ്റ് താക്കോൽ സ്ഥാനങ്ങൾ

ഡെപ്യൂട്ടി അറ്റോർണി ജനറൽ, ട്രംപിന്‍റെ ന്യൂയോർക്ക് ക്രിമിനൽ കേസ് വാദിച്ച ടോഡോ ബ്ലാന്‍ചേ (Todo Blanche). പക്ഷേ, ആ കേസിൽ ട്രംപ് തെറ്റുകാരനെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് (Pete Hegseth), ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമാണ്. രാഷ്ട്രീയത്തിലോ നയതന്ത്രത്തിലോ മുൻപരിചയമില്ല. പക്ഷേ, മുൻ സൈനികർക്ക് വേണ്ടിയുള്ള സംഘടനകളുടെ മേധാവിയായി ഇരുന്നിട്ടുണ്ട്.

വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ (MARCO RUBIO) ഫ്ലോറിഡ സെനറ്ററാണ്. ചൈനീസ് വിരുദ്ധൻ. 2016 -ലെ പ്രൈമറിയിൽ ട്രംപിന്‍റെ എതിർ സ്ഥാനാർത്ഥിയായിരുന്നു. അന്ന് ശത്രുക്കൾ ഇപ്പോൾ സുഹൃത്തുക്കൾ. സെനറ്റ് അംഗീകരിച്ചാൽ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യ ലറ്റീനോയാകും മാർകോ റൂബിയോ.

ആഭ്യന്തര വകുപ്പ് ഡഗ് ബുർഗും (DOUG BURGUM). നോർത്ത് ഡോട്ടാ ഗവർണറാണ്. സംരംഭകനാണ്. സമ്പന്നനും. റോബർട്ട് എഫ് കെന്നഡി ജൂനിയർ (Robert F Kennedy Jonior) വാക്സീൻ വിരുദ്ധൻ, പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ. മുൻ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയുടെ (John F Kennedy) അനന്തിരവൻ. പക്ഷേ, ഇപ്പോൾ ട്രംപിന്‍റെ നിർദ്ദേശമനുസരിച്ച് ഭരിക്കാൻ പോകുന്ന ആരോഗ്യരംഗത്ത് മുൻപരിചയമില്ല.

റോബർട്ട് എഫ് കെന്നഡി ജൂനിയർ

സോളിസിറ്റർ ജനറൽ ഡീന്‍ ജോണ്‍ സൌർ (Dean John Sauer) ട്രംപിന് ഭാഗിക നിയമപരിരക്ഷ അനുവദിച്ച കേസ് വാദിച്ചയാളാണ്. ന്യൂയോർക്കിലെ സിവിൽ തട്ടിപ്പ് കേസിലെയും അഭിഭാഷകനാണ്. നാഷണൽ ഇന്‍റലഡന്‍സ് മേധാവി തുൽസി ഗബ്ബാഡ് (Tulsi Gabbard), മുൻ ഡമോക്രാറ്റാണ്.  2020 -ൽ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ മത്സരിച്ചു. പക്ഷേ, 2024 -ൽ ട്രംപിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി.

ആഭ്യന്തര സുരക്ഷയടക്കം ചുമതല സൌത്ത് ഡകോട്ട ഗവർണർ ക്രിസ്റ്റി നോമാണ് (Kristi Noem).  ട്രംപിന്‍റെ വിപി സ്ഥാനാർത്ഥിയാകാൻ മോഹിച്ചതാണ്. പക്ഷേ, സ്വന്തം വളർത്തുനായയെ കൊന്ന കഥ അവരെഴുതിയതോടെ വിപി മോഹത്തിന് മരണ മണിയടിച്ചു. അതിർത്തി സുരക്ഷ ടോം ഹോമാന്‍ (Tom Homan). സ്റ്റീഫന്‍ മില്ലർ (Stephen Miller).

ക്രിസ്റ്റി നോം

ഇനി, പുതിയൊരു വകുപ്പ് കൂടി നിലവിൽ വരികയാണ്. എലോൺ മസ്കിനാണ് (Elon Musk) അതിന്‍റെ ചുമതല. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി (Department of government Efficiency) . വിവേക് രാമസ്വാമി (Vivek Ramaswamy) ഒപ്പമുണ്ടാകും. ബ്യൂറോക്രസിയെ തച്ചുടക്കാനും അനാവശ്യ നിയന്ത്രണങ്ങൾ കളയുക, വേണ്ടാത്ത ചെലവ് അവസാനിപ്പിക്കുക, ഫെ‍ഡറൽ ഏജൻികളെ പുനക്രമീകരിക്കുക... ഇതൊക്കെയാണ് ചുമതല. 

ചൊവ്വയെ കോളനിവൽകരിക്കുക എന്ന സ്വപ്നത്തിനായുള്ള ഓട്ടത്തിലാണ് മസ്ക്. സ്വന്തം വ്യവസായ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ പദവി സഹായിക്കും. ടെസ്ല (Tesla)  നേരിടുന്ന അന്വേഷണങ്ങൾ, സ്പേസ് എക്സിന് കിട്ടിയിരിക്കുന്ന സർക്കാർ കരാറുകൾ , പിഴകൾ , എല്ലാം ഇനി സുഗമമാകും.

സെനറ്റ് എന്ന കടമ്പ

ട്രംപ് നിർദ്ദേശിച്ച കാബിനറ്റ് അംഗങ്ങൾക്ക് സെനറ്റ് അംഗീകാരം വേണം. വൈറ്റ് ഹൗസിൽ ജോലി ചെയ്യുന്നവർക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അങ്ങനെ ചിലതിലൊഴിച്ച് മറ്റെല്ലാറ്റിനും അംഗീകാരം വേണം. പക്ഷേ, ഭരണകൂടം പരിശോധിക്കും. എഫ്ബിഐയുടെയും കർശന പരിശോധനയുണ്ടാവും. മറ്റുള്ളവർ സെനറ്റിന് മുന്നിൽ ഹാജരാവണം. ഭൂരിപക്ഷാംഗീകാരവും വേണം.

ആയിരത്തോളം വരുന്ന നിയമനങ്ങൾക്ക് സെനറ്റ് അംഗീകാരം വേണം. അംബാസി‍ഡർ മുതൽ താഴേത്തട്ടിലുള്ളവർ വരെ. അതാണ് അമേരിക്കൻ ജനാധിപത്യ സംവിധാനം. നോമിനികൾ അവരുടെ ആസ്തി അറിയിക്കണം. ചോദ്യാവലി പൂരിപ്പിക്കണം. പിന്നെയാണ് സെനറ്റ് കമ്മിറ്റിക്ക്  മുന്നിൽ ഹാജരാകേണ്ടത്. രണ്ട് പാർട്ടിയിലെ അംഗങ്ങളുള്ള കമ്മിറ്റിക്ക് അവരോട് ചോദ്യം ചോദിക്കാം. അത് സുഖകരമാകണമെന്നുമില്ല. എന്നിട്ട് കമ്മിറ്റി വോട്ടുചെയ്യും. പിന്നെയാണ് നിയമനത്തിൽ സെനറ്റ് വോട്ട് ചെയ്യുന്നത്. പ്രസിഡന്‍റും സെനറ്റും തമ്മിലെ അഭിപ്രായ വ്യത്യാസം ചിലപ്പോൾ ഇതിൽ പ്രതിഫലിക്കും. അങ്ങനെ നോമിനികൾക്ക് എതിരായി വോട്ടു ചെയ്തിട്ടുണ്ട്, ചിലരുടെ നോമിനേഷൻ പിൻവലിച്ചിട്ടുണ്ട്.

ഇത്തവണ, മാറ്റ് ഗേറ്റ്സിന്‍റെ നിയമനത്തിൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. പിന്നെ സാധ്യതയുള്ളത് പ്രോസിക്യൂട്ടറായി ട്രംപ് നോമിനേറ്റ് ചെയ്ത ജയ് ക്ലേറ്റണിന്‍റെ (Jay Clayton) നിയമനത്തിലാണ്. അഭിഭാഷകനാണ്, യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമീഷന്‍ (US Securities and Exchange Commisson) ചെയർമാനായിരുന്ന ക്ലേറ്റണിന് ക്രിമിനൽ നിയമരംഗത്ത് മുൻപരിചയമില്ല. ആരോഗ്യ സെക്രട്ടറിയായി റോബർട്ട് എഫ് കെന്നഡിയെ നോമിനേറ്റ് ചെയ്തതിലും എതിർപ്പുകളുണ്ട്.

ഈ നടപടി ക്രമങ്ങൾ നീണ്ടതാണ്. ട്രംപിന്‍റെ മുൻ ഭരണകാലാവധിയിൽ ചില നോമിനികൾക്ക് വർഷങ്ങളെടുത്തു അംഗീകാരം കിട്ടാൻ. എന്നാൽ ചിലരെ പ്രസിഡന്‍റിന് മാത്രമായി നിയമിക്കാം. സെനറ്റിന്‍റെ സമ്മേളന കാലമല്ലെങ്കിൽ. അത് പക്ഷേ, താൽകാലികമായിരിക്കും. ഒരു സമ്മേളന കാലത്തേക്ക് മാത്രമുള്ള നിയമനങ്ങൾ. പണ്ട് കോൺഗ്രസ് ഇടക്കൊക്കെ മാത്രമേ സമ്മേളിക്കാറുണ്ടായിരുന്നുള്ളു. അന്ന് ഏർപ്പെടുത്തിയ സൗകര്യമാണ്. പക്ഷേ, ഇപ്പോഴും പലരും പ്രയോജനപ്പെടുത്തുന്ന നടപടിയുമാണ്.

ജോർജി ബുഷ് 171 പേരെ നിയമിച്ചു. ബിൽ ക്ലിന്‍റൺ 139 ബരാക് ഒബാമയാണ് കുറവ് 32. ബരാക് ഒബാമക്കെതിരായി, കോടതി ഉത്തരവിട്ട് നിയമനങ്ങൾ റദ്ദാക്കിയതോടെ ഈ വഴി അങ്ങനെ ഉപയോഗിച്ചിട്ടില്ല. പക്ഷേ, ട്രംപ് ആ വഴി ഉപയോഗിക്കാനാണ് സാധ്യത. അതിന് പക്ഷേ, 10 ദിവസത്തേക്കെങ്കിലും കോൺഗ്രസ് പിരിയണം. വോട്ടിട്ട് വേണം പിരിയാൻ. അതല്ലെങ്കിൽ ജനപ്രതിനിധി സഭ കൂടുതൽ ദിവസത്തേക്ക് പിരിയണം. ഇനി അതുമല്ലെങ്കിൽ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ പ്രസിഡന്‍റിന് സഭാ സമ്മേളനം മാറ്റിവയ്ക്കാം. എന്നിട്ട് ഐറിസ് നിയമനങ്ങൾ നടത്താം. അതുചെയ്യുമെന്ന് മുമ്പ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

ഉയർത്തെഴുന്നേറ്റ ട്രംപ്; അടുക്കണോ അകലണോ എന്ന ആശങ്കയില്‍ ലോകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!