യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവർ ഒരിക്കലെങ്കിലും ഈ സ്ഥലമൊന്നു കാണണം

By Deshantharam Series  |  First Published Mar 2, 2019, 3:12 PM IST

മറ്റുള്ള സ്ഥലങ്ങളിൽ കാണുന്ന പോലെ സന്ദര്‍ശകരുടെ നീണ്ടനിരയോ തിക്കുംതിരക്കുമോ കാണാനില്ല. ഒരുപക്ഷെ, ഒരുകാലത്ത് ധാരാളം മനുഷ്യർ തിക്കിലും തിരക്കിലും കഷ്ടപ്പെട്ടതു കൊണ്ടാവാം ഇപ്പോൾ ഈ സ്ഥലം ഇങ്ങനെ ഏകാന്തതയെ പ്രണയിച്ചത്.. കാറ്റിനുപോലും ചോരയുടെ മണം. ഞങ്ങൾ പ്രവേശന ടിക്കറ്റ് വാങ്ങുവാനായി ടിക്കറ്റ്കൗണ്ടർ ലക്ഷ്യമാക്കി നടന്നു.
  


ഞങ്ങൾ ഒരു യാത്രയിലാണ്. ഇത്തവണ അവധിക്കാലം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ കുടുംബമായി ചിലവഴിക്കാൻ എത്തിയതാണ്. കൂടെ പഠിച്ച സാം തോമസ് കുടുംബമായി വിയന്നയിൽ സ്ഥിരതാമസമായത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

Latest Videos

undefined

മൂന്ന് ദിവസം വിയന്നയിൽ ചെലവഴിച്ചിട്ട് ഹങ്കറിയിലെ ബുഡാപെസ്റ്റ് സന്ദർശനമാണ് അവസാനത്തെ അജണ്ട. ഞങ്ങൾ ഇന്ന് വിയന്നയിലെ മൂന്നാം ദിവസത്തിലാണ്. ഓസ്ട്രിയയിലെ ലിൻസിനു കിഴക്കായി ഡാന്യൂബ് നദിക്കരയിലുള്ള മൗതൗസൻ ഗ്രാമത്തിനടുത്തുള്ള ഏറ്റവും കുപ്രസിദ്ധമായ നാസി കോൺസൺട്രേഷൻ ക്യാമ്പുകളിൽ ഒന്നായ മൗതൗസൻ സന്ദർശിക്കാനുള്ള യാത്രയിലാണ് ഞങ്ങൾ. വിയന്നയിൽ നിന്നും ഏകദേശം രണ്ടുമണിക്കൂർ യാത്രയുണ്ട് അവിടേക്ക്. അതിനുശേഷം വൈകിട്ട് മൂന്നുമണിക്ക് ബുഡാപെസ്റ്റിനുള്ള ട്രെയിൻ പിടിക്കണം.

ആകെ മൊത്തം ഒരു നിശബ്ദത തളം കെട്ടിക്കിടക്കുന്നു

കാറ്റാടിയന്ത്രങ്ങളും ഗോതമ്പുപാടങ്ങളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര വളരെ മാനസികോല്ലാസം നിറഞ്ഞതായിരുന്നു.. എന്നിരുന്നാലും കാണാൻ പോകുന്ന ചരിത്രസ്മാരകത്തെക്കുറിച്ചുള്ള ഓര്‍മ മനസിന് കുളിർമ നൽകുന്ന ഒന്നായിരുന്നില്ല. ഹിറ്റ്ലർ എന്ന നാസി ഭരണാധികാരിയുടെ ക്രൂരകൃത്യങ്ങൾ വിളിച്ചോതുന്ന മൗതൗസൻ 'ഭൂമിയിലെ നരകം' എന്ന് വിളിക്കപ്പെടുന്നതിൽ അതിശയോക്തി ഒട്ടും തന്നെ ഇല്ല.

രാവിലെ ഏകദേശം പതിനൊന്നു മണിയോടെ ഞങ്ങൾ മൗതൗസന്‍ എത്തി. ആകെ മൊത്തം ഒരു നിശബ്ദത തളം കെട്ടിക്കിടക്കുന്നു. തിരിച്ചു പോയി ബുഡാപെസ്റ്റിനുള്ള ട്രെയിൻ പിടിക്കേണ്ടതു കാരണം ഞങ്ങൾക്ക് ഒന്നൊന്നരമണിക്കൂറിനുള്ളിൽ തിരികെ പോകണം.


 
മറ്റുള്ള സ്ഥലങ്ങളിൽ കാണുന്ന പോലെ സന്ദര്‍ശകരുടെ നീണ്ടനിരയോ തിക്കുംതിരക്കുമോ കാണാനില്ല. ഒരുപക്ഷെ, ഒരുകാലത്ത് ധാരാളം മനുഷ്യർ തിക്കിലും തിരക്കിലും കഷ്ടപ്പെട്ടതു കൊണ്ടാവാം ഇപ്പോൾ ഈ സ്ഥലം ഇങ്ങനെ ഏകാന്തതയെ പ്രണയിച്ചത്.. കാറ്റിനുപോലും ചോരയുടെ മണം. ഞങ്ങൾ പ്രവേശന ടിക്കറ്റ് വാങ്ങുവാനായി ടിക്കറ്റ്കൗണ്ടർ ലക്ഷ്യമാക്കി നടന്നു.

കുട്ടികളെ മാറ്റിനിർത്തിയിട്ടാണ് മ്യൂസിയം സന്ദർശിച്ചത്


  
കോൺസൻട്രേഷൻ ക്യാമ്പിലെ എന്റെ ആദ്യ സന്ദർശനമായിരുന്നു അത്. അതിനാൽ നാല് യൂറോ അധികമായി നൽകി ഓഡിയോഗൈഡും കൂടെ കരുതി. അതിനോടൊപ്പം മൗതൗസെന്‍ മെമ്മോറിയലിന്റെ വിശദമായ ഒരു മാപ്പും കൂടെക്കരുതി. ഞങ്ങൾ സമീപം കണ്ട കരിങ്കൽക്വാറി ലക്ഷ്യമാക്കി നടന്നു.
 
വളരെയധികം താഴ്ചയിലുള്ള ഈ ക്വാറിയിൽ ആണ് ഇവിടെ പിടിച്ചുകൊണ്ടുവരുന്ന തടവുകാരെ മൃഗീയമായി പണിയെടുപ്പിച്ചിരുന്നത്. മൗതൗസനോടനുബന്ധിച്ച് പുതിയതായി ഒരു മ്യൂസിയം പണികഴിപ്പിച്ചിട്ടുണ്ട്. നാസികൾ ചെയ്ത ക്രൂരകൃത്യങ്ങളുടെ പച്ചയായ ഒരാവിഷ്കാരമാണ് ഈ മ്യൂസിയം.
  
റഷ്യൻ സൈന്യം ആയിരത്തി തൊള്ളായിരത്തിനാല്‍പത്തിയേഴിൽ ഓസ്ട്രിയൻ സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് തന്നെ തടവുകാരെ പാർപ്പിച്ചിരുന്ന ബാരക്കുകൾ പലതും നശിപ്പിക്കപ്പെട്ടിരുന്നു. സമീപം പ്രവർത്തിച്ചിരുന്ന ക്വാറിയുടെ യന്ത്രങ്ങൾ മിക്കതും നീക്കപ്പെട്ടും കഴിഞ്ഞിരുന്നു എന്നിരുന്നാലും ഇതൊരു ചരിത്ര സ്മാരകമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അവശേഷിച്ചിരുന്നവയെല്ലാം സംരക്ഷിക്കാൻ അന്നത്തെ ഓസ്ട്രിയൻ ഭരണകൂടം പരമാവധി ശ്രമിച്ചിട്ടുണ്ട്.. പറയാൻ മറന്ന ഒരുകാര്യം ഞങ്ങൾ കുട്ടികളുമായി യാത്ര ചെയ്തതിനാൽ ടിക്കറ്റ്കൗണ്ടറിലെ നിർദ്ദേശപ്രകാരം കുട്ടികളെ മാറ്റിനിർത്തിയിട്ടാണ് മ്യൂസിയം സന്ദർശിച്ചത്. സാം മുമ്പ് ഇവിടം സന്ദര്‍ശിച്ചത് ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് അനുഗ്രഹമായി.
 
ബാരക്കുകളും ചാപ്പലും സന്ദര്‍ശിച്ചതിനു ശേഷം ഞങ്ങൾ ഗ്യാസ്ചേംബർ സന്ദർശിച്ചു. ക്വാറിയിലും മറ്റും പണിചെയ്തും പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും മറ്റും ഉപയോഗിച്ച ശേഷം രോഗികളാകുന്ന തടവുകാരെ കൂട്ടത്തോടെ ഗ്യാസ്ചേംബറിൽ കയറ്റി വിഷവാതകം തുറന്നുവിട്ടു കൊല ചെയ്യുകയായിരുന്നു ഇവിടുത്ത പതിവ്. അതിനുശേഷം കത്തിച്ചുകളയാനുള്ള സംവിധാനവും, കത്തിച്ചുകളയാൻ താമസിക്കുന്ന മൃതദേഹങ്ങൾ സൂക്ഷിക്കുവാനുള്ള മോർച്ചറിയും ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.

ലക്ഷക്കണക്കിന് നിരപരാധികൾ കൊലചെയ്യപ്പെട്ട ഒരിടത്താണല്ലോ നിൽക്കുന്നതെന്ന ബോധം തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്


  
ഗ്യാസ്ചേംബറിനകത്തുനിന്ന് ചിത്രങ്ങൾ പകർത്തുമ്പോഴും ലക്ഷക്കണക്കിന് നിരപരാധികൾ കൊലചെയ്യപ്പെട്ട ഒരിടത്താണല്ലോ ഞാൻ നിൽക്കുന്നതെന്ന ബോധം എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

കണക്കുകൾ സൂചിപ്പിക്കുന്നത് 40 -ൽ പരം വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള രണ്ടുലക്ഷത്തോളം തടവുകാർ ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയെട്ടിനും നാല്‍പത്തിയഞ്ചിനും ഇടയിലായി ഇവിടെ അടിമകളാക്കപ്പെടുകയും അതിൽ പകുതിയിലധികവും മരണപ്പെടുകയും ചെയ്തു.

യുദ്ധത്തിനും ആക്രമത്തിനും മുറവിളികൂട്ടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ക്യാമ്പ്. ഇന്ന്, ഈ നിമിഷം ഇതിനെപ്പറ്റി എഴുതുമ്പോഴും മൗതൗസനും അവിടുത്തെ ചിത്രങ്ങളും മനസ്സിൽനിന്നും മായാതെ ഒരു വേദനിപ്പിക്കുന്ന സ്മാരകമായി നിലകൊള്ളുകയാണ്.. ഞങ്ങൾ തിരികെയുള്ള യാത്രയിലും.
 

click me!