തെരഞ്ഞെടുപ്പിലെ പണം വരുന്ന വഴികളെപ്പറ്റി ചില കാര്യങ്ങള്‍...

By Sindhu Sooryakumar  |  First Published Mar 20, 2019, 6:37 PM IST

അധികാരമുള്ള പാർട്ടിക്ക് മുതലാളിമാർ കോടിക്കണക്കിന് രൂപ സംഭാവന വാരിക്കോരി നൽകുന്നു എന്ന് മലയാളം. ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രുഡന്‍റ് ഇലക്ടറൽ ട്രസ്റ്റിന് കൂടുതൽ പണം നൽകിയത് ഡിഎൽഎഫാണ്. 


ചിലയിടത്ത് മുന്നണി മാറ്റങ്ങൾ, ചിലയിടത്ത് സഖ്യചർച്ചകൾ, ചിലയിടത്ത് പാർട്ടി മാറ്റങ്ങൾ, ചിലയിടത്ത് സീറ്റ് വിഭജനം. ഇതൊക്കെ നടക്കുമ്പോൾ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ഒരു സ്ഥാനാർത്ഥിക്ക് എത്ര പണം ചെലവാകുമെന്ന്? തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കുന്ന കണക്കൊക്കെ ഒരു തമാശയാണ്. അവിടെ കാണിക്കുന്നതല്ല യഥാർത്ഥ കണക്കെന്ന് എല്ലാവർക്കുമറിയാം. കേന്ദ്രത്തിൽ നിന്ന് പണം കൊണ്ടുവരുന്ന പെട്ടി വഴിയിൽ വച്ച് കാണാതാകുന്നതും മോഷണം പോകുന്നതും പണം ചെലവഴിക്കാത്തതും നമ്മൾ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തോറ്റുപോയാലും സ്ഥാനാർത്ഥികൾ സമ്പന്നരാകുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. എവിടുന്നാണ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഇത്രയും പണം? ഇവരൊക്കെ ഇത്രയും ധനികരാണോ?

Latest Videos

undefined

ഇത്തവണ മുതൽ കവർ സ്റ്റോറി മുഖ്യധാരാ രാഷ്ട്രീയത്തിൽ പെടാത്ത ചില കഥകൾ കൂടി പറയാൻ പോവുകയാണ്. ആദ്യം പണത്തിന്‍റെ കഥ തന്നെ. എവിടെ നിന്നാണ് പണം വരുന്നത്? സ്വന്തം കാശ്, സുഹൃത്തുക്കൾ നൽകുന്നത്, പൊതുജനത്തിൽ നിന്ന് പിരിച്ചെടുക്കുന്നത്, പിന്നെ പാർട്ടി നൽകുന്നത്. സുഹൃത്തുക്കൾ എന്നത് നാട്ടിലെ പണച്ചാക്കുകളും പരിചിതവലയത്തിലെ ബിസിനസുകാരും മാത്രമാണ് എന്ന വലിയ അർത്ഥം മറക്കരുത്. 

ഇന്ത്യക്കകത്തുള്ള കോർപ്പറേറ്റുകൾ തന്നെയാണ് രാഷ്ട്രീയ പാർട്ടികളെ തീറ്റിപ്പോറ്റുന്നതെന്ന് കണക്കുകൾ പറയുന്നു

ഇനി പാർട്ടി നൽകുന്ന പണം. അതെവിടുന്നാണ്? പാർട്ടികൾക്ക് പണം കൊടുക്കുന്നത് ആരാണ്? അജ്ഞാതരായ, പേര് വെളിപ്പെടുത്താതെയുള്ള സംഭാവനകളായിരുന്നു ഇതുവരെ ഏറെയും. ആദായ നികുതി നിയമപ്രകാരം പാർട്ടികൾക്ക് നികുതി അടയ്ക്കുന്നതിൽ നിന്ന് സമ്പൂർണ്ണമായി ഇളവ് നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി പുതിയ നയം പ്രഖ്യാപിച്ചത്. ഇലക്ടറൽ ബോണ്ടുകൾ. ആർക്കും വാങ്ങാം, ആർക്കും സംഭാവന ചെയ്യാം. നികുതിയിളവുകൾ കിട്ടും. ആരാണ് നൽകിയത് എന്ന് അറിയേണ്ട ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കില്ല.

ഇലക്ടറൽ ബോണ്ട് നടപ്പാക്കുന്നതിനെക്കുറിച്ച് അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇങ്ങനെ "രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ടറൽ ബോണ്ടുകൾ എസ്ബിഐ ശാഖകളിൽ നിന്ന് വാങ്ങാം. അവർക്കത് പാർട്ടികൾക്ക് നൽകാം. സംഭാവന നൽകുന്ന ആളുടെ ബാലൻസ് ഷീറ്റിൽ ഇത് രേഖപ്പെടുത്തും. അത് ഏതെങ്കിലും പാർട്ടികൾക്കല്ലേ നൽകൂ. ആർക്ക് നൽകുന്നത് എന്നത് പ്രശ്നമല്ല."

2017-18 -ലെ കണക്കാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ഇന്ത്യക്കകത്തുള്ള കോർപ്പറേറ്റുകൾ തന്നെയാണ് രാഷ്ട്രീയ പാർട്ടികളെ തീറ്റിപ്പോറ്റുന്നതെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ കൊല്ലം വന്ന സംഭാവനയുടെ സിംഹഭാഗവും ബിജെപിക്കു തന്നെ കിട്ടി. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ ആകെ 469.89 കോടി വരും. ഇതിൽ 437.04 കോടിയും കിട്ടിയത് ബിജെപിക്കാണ്. കോൺഗ്രസിന് കിട്ടിയത് 27.67 കോടി മാത്രം. 1361 കോർപ്പറേറ്റ് മുതലാളിമാരാണ് സംഭാവന നൽകിയത്. ഇതിൽ 1207 കോർപ്പറ്റുകളും സംഭാവന കൊടുത്തത് ബിജെപിക്ക്. മറ്റെല്ലാ പാർട്ടികൾക്കും കിട്ടിയ തുക ഒന്നിച്ചു ചേർത്താലും അതിന്‍റെ പന്ത്രണ്ട് ഇരട്ടി ബിജെപിക്ക് കിട്ടി എന്നാണ് കണക്ക്.

അധികാരമുള്ള പാർട്ടിക്ക് മുതലാളിമാർ കോടിക്കണക്കിന് രൂപ സംഭാവന വാരിക്കോരി നൽകുന്നു എന്ന് മലയാളം. ഏറ്റവും കൂടുതൽ സംഭാവന നൽകിയ പ്രുഡന്‍റ് ഇലക്ടറൽ ട്രസ്റ്റിന് കൂടുതൽ പണം നൽകിയത് ഡിഎൽഎഫാണ്. ഭാരതി ഗ്രൂപ്പ്, യുപിഎൽ ടൊറന്‍റ് ഗ്രൂപ്പ്, ഡിസിഎം ശ്രീറാം എന്നിങ്ങനെ പോകുന്ന വ്യവസായ വാണിജ്യ ഗ്രൂപ്പുകളിൽ അംഗമായ ഇലക്ടറൽ ട്രസ്റ്റാണിത്. പ്രൂഡന്‍റ് ഇലക്ടറൽ ട്രസ്റ്റ് ബിജെപിക്ക് 154.3 കോടി രൂപ നൽകി. എ ബി ജനറൽ ഇലക്ടറൽ ട്രസ്റ്റ് ബിജെപിക്ക് മറ്റൊരു 12.5 കോടി നൽകി. പ്രൂഡന്‍റ്  ഇലക്ടറൽ ട്രസ്റ്റ് കോൺഗ്രസിന് നൽകിയത് 10 കോടി മാത്രം. കാൻഡില ഹെൽത്ത് കെയറാകട്ടെ, കോൺഗ്രസിന് നൽകിയത് വെറും രണ്ട് കോടി.

നമ്മുടെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് കോർപ്പറേറ്റുകളാണ് എന്നർത്ഥം. ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ ഒരു സാഹചര്യത്തിലേതാണ് അരുൺ ജെയ്റ്റ്‍ലി സുതാര്യതയ്ക്കുള്ള ആയുധം എന്ന് പ്രഖ്യാപിച്ച് ഇലക്ടറൽ ബോണ്ടിറക്കുന്നത്. സെന്‍റർ ഫോർ പബ്ലിക് റിസർച്ചിലെ ചീഫ് എക്കണോമിസ്റ്റ് ഡോ. മാർട്ടിൻ പാട്രികിന്‍റെ അഭിപ്രായം നോക്കുക, "സുതാര്യത വരണമെങ്കിൽ എത്ര തുകയാണ് കൊടുക്കുന്നത് എന്നറിയണം, ആരാണ് കൊടുക്കുന്നത് എന്നറിയണം, ഏത് പാർട്ടിക്കാണ് കൊടുക്കുന്നത് എന്നറിയണം. എപ്പോൾ കൊടുത്തു എന്നറിയണം. ഇതൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്നതാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. കൊടുത്ത ആളിന്‍റെ പേര് ഇലക്ടറൽ ബോണ്ടിൽ അറിയിക്കണം എന്നില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ സുതാര്യതക്കുറവ്. അതറിയാത്തിടത്തോളം കാര്യം ഇതിന്‍റെ സുതാര്യതയെക്കുറിച്ച് എന്ത് വാചകമടിച്ചാലും തൃപ്തിയാകില്ല." 

കമ്യൂണിസ്റ്റ് പാർട്ടി ഒഴികെ ഒരു പാർട്ടിയും കൃത്യമായ കണക്കുകൾ കൊടുത്തിട്ടില്ല

സുതാര്യതയ്ക്ക് എന്ന പേരിൽ കൊണ്ടുവന്ന പരിഷ്കാരം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ പരിഷ്കാരം നടപ്പാക്കരുതെന്നും ഇതിനായി ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്യരുത് എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ 2017 -ൽ ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍റെ നിരീക്ഷണാധികാരം ഇല്ലാതാക്കുന്ന, അധികാരം കുറയ്ക്കുന്ന ഭേദഗതിയായിരുന്നു അത്. രാഷ്ട്രീയ പാർട്ടികൾക്ക് പണം കൈമാറാൻ മാത്രമായി ഷെൽ കമ്പനികൾ ഉണ്ടാകുമെന്നും സുതാര്യത പൂർണ്ണമായും ഇല്ലാതാകുമെന്നും അന്നേ കമ്മീഷൻ പറഞ്ഞു. ബിജെപി ആ എതിർപ്പ് തള്ളി. ഫലത്തിൽ ഇലക്ടറൽ ബോണ്ട് പണം മുടക്കുന്നവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പിന്നെ പണം സ്വീകരിക്കുന്നവരും മാത്രം അറിയുന്ന സംവിധാനമായി. പണമൊഴുക്ക് നിരീക്ഷിക്കാൻ കമ്മീഷന് ഒരു അധികാരവുമില്ല. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് സിപിഎമ്മാണ്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. 2017-18 -ൽ ഇലക്ടറൽ ബോണ്ട് വഴി ആകെ വന്ന സംഭാവന 222 കോടി. ഇതിൽ ബിജെപിക്ക് കിട്ടിയത് 210 കോടി. കോൺഗ്രസിന് കിട്ടിയത് അഞ്ച് കോടി മാത്രം. മറ്റെല്ലാ പാർട്ടികൾക്കും കൂടി കിട്ടിയത് ഏഴ് കോടിയും. ഡോ. മാർട്ടിൻ പാട്രിക് തുടരുന്നു, "2017-18 -ൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച കണക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഒഴികെ ഒരു പാർട്ടിയും കൃത്യമായ കണക്കുകൾ കൊടുത്തിട്ടില്ലെന്നാണ്. മാത്രവുമല്ല സമാജ്‍വാദി പാ‍ർട്ടിയും ബിഎസ്പിയും ഒക്കെ 2000 രൂപയ്ക്ക് മുകളിൽ സംഭാവന കിട്ടിയിട്ടില്ല എന്ന തരത്തിലാണ് കണക്കുകൾ അവതരിപ്പിക്കുന്നത്. ദേശീയ പാ‍ർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പട്ടിക പുറത്തുവന്നാൽ കൃത്യമായി മനസിലാകും എന്തുകൊണ്ടാണ് അവരുടെ സാമ്പത്തിക നയങ്ങൾ ഇങ്ങനെയാകുന്നത് എന്ന് കൃത്യമായി മനസിലാകും."

നമ്മുടെ കേന്ദ്രസർക്കാർ ഇതടക്കം സുപ്രധാന ഭേദഗതികളെല്ലാം രാജ്യസഭയെ മറികടന്ന് മണി ബില്ലാക്കിയാണ് പാസാക്കിയെടുത്തത്. എല്ലാം സുതാര്യതയ്ക്കുവേണ്ടിയെന്ന് നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും ആവർത്തിച്ചുകൊണ്ടേയിരിക്കും. മാർച്ച് ആറിന് ഗുജറാത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ നരേന്ദ്രമോദി പറഞ്ഞത് നോക്കാം. "അഴിമതിയുടെ സംസ്കാരത്തിന് ഞാൻ അന്ത്യം കുറിക്കും. നിങ്ങളുടെ വിശ്വസ്തനായ കാവൽക്കാരന്‍റെ ഇടപെടലുകളിൽ ഇവിടത്തെ ദല്ലാളന്‍മാർ പരിഭ്രമിക്കുന്നു. അവർക്ക് ഉറക്കം നഷ്ടപ്പെട്ടു. അഞ്ച് വർഷമായി അവരുടെ കട പൂട്ടിപ്പോയി."

ഏത് രാഷ്ട്രീയ പാർട്ടിക്കാണെന്ന് കൊടുക്കുന്നവർ പറയണ്ട. എന്ത് സുഖം! ആർക്ക് ആരാണ് പണം കൊടുക്കുന്നതെന്ന് സർക്കാരിന്, അതായത് ഭരിക്കുന്ന പാർട്ടിക്ക് അറിയാനാകും. എത്ര തുകയും അജ്ഞാതമായിരുന്ന് കൈമാറുന്ന ഈ പരിപാടിയുടെ പ്രധാന ഗുണഭോക്താവ് ബിജെപിയാണ് എന്നതിൽ അത്ഭുതമുണ്ടോ?

2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്. ഈ കൂട്ടത്തിൽ ഒരു പ്രധാന ഭേദഗതിയും പാസാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് വിദേശത്തുനിന്ന് സംഭാവന വാങ്ങാം എന്നതായിരുന്നു അത്. വെറുതെ വാങ്ങലല്ല, മുൻകാല പ്രാബല്യത്തോടെ വാങ്ങാം. ഇതാണ് ഇപ്പോഴത്തെ സംഭാവന വരുന്ന വഴി. പണം വാരുന്ന രീതികൾ. വിദേശ രാജ്യങ്ങളിലെ സെൽ കമ്പനികളും നാട്ടിൽ ഇലക്ടറൽ ബോണ്ടുകളും.

പണം വരുന്ന വഴികളെപ്പറ്റിയാണ്. ആ വഴികൾക്കുണ്ടാകുന്ന താൽപ്പര്യങ്ങളെപ്പറ്റിയാണ്

അധികാരത്തിലിരിക്കുന്നവർക്ക് അധികാരം പിടിച്ചെടുക്കാൻ വേണ്ടി പണമൊഴുക്കാം. പണം കൊണ്ട് എല്ലാം വിലയ്ക്കുവാങ്ങാമെന്നും എല്ലാവർക്കും അറിയാമല്ലോ. ജനാധിപത്യത്തിലെ തീരുമാനമെടുപ്പിലും പണം പ്രധാന ഘടകമാണ്. പരസ്യങ്ങൾ, പ്രചാരണങ്ങൾ, ഒളിഞ്ഞും മറഞ്ഞുമെത്തുന്ന സ്വാധീനങ്ങൾ. കേരളത്തിലെ വോട്ടർമാരല്ല ഇന്ത്യയിലെ വോട്ടർമാർ. പണമില്ലായ്മ 2014 പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ എങ്ങനെ ക്ഷീണിപ്പിച്ചുവെന്ന് അവരോട് ചോദിച്ചാൽ അറിയാം. യുപിഎ ഭരണകാലത്ത് കോർപ്പറേറ്റുകൾ പണം ഒഴുക്കാഞ്ഞിട്ടല്ല, അതൊന്നും പാർട്ടി ഫണ്ടിലേക്കല്ല എത്തിയതെന്നും അതിന്‍റെ കോട്ടം കോൺഗ്രസ് മനസിലാക്കാനും വൈകിപ്പോയി.

പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിലെ പണത്തിന്‍റെ സ്വാധീനത്തെപ്പറ്റിയാണ്. പണം വരുന്ന വഴികളെപ്പറ്റിയാണ്. ആ വഴികൾക്കുണ്ടാകുന്ന താൽപ്പര്യങ്ങളെപ്പറ്റിയാണ്. നിക്ഷിപ്ത താൽപ്പര്യങ്ങളുള്ളവർ പണമൊഴുക്കി രാഷ്ട്രീയ പാർട്ടികളെയും അധികാരത്തെയും സ്വന്തമാക്കുന്നതിനെപ്പറ്റിയാണ്. അദാനിക്ക് ആറ് വിമാനത്താവളങ്ങൾ കിട്ടിയെന്നും മുകേഷ് അംബാനിക്കുവേണ്ടിയാണ് ടെലികോം നയമെന്നും കേൾക്കുമ്പോൾ വോട്ടർമാർ ഇനിയെങ്കിലും ആലോചിക്കണം. അതൊക്കെ നേടാൻ അവർക്ക് അർഹതയുണ്ടായ വഴികളെപ്പറ്റി.
 

click me!