ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

By രേണു സുജിത് ഷേണായി  |  First Published Sep 18, 2017, 2:57 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

ഒമ്പത് വര്‍ഷത്തെ പ്രവാസി ജീവിതം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ഡ്രൈവിംഗുമാണ്. 2014 ലാണ് എന്നെ വെള്ളം കുടിപ്പിച്ച ആ അനുഭവം. 

Latest Videos

undefined

ഈ നഗരത്തില്‍ വളരെ ഏറെ ആകര്‍ഷിച്ച ഒന്നാണ് ഇവിടുത്തെ ട്രാഫിക്. ഉറുമ്പ് പോകുന്ന പോലെ അച്ചടക്കത്തോടെ വരി വരിയായി പോകുന്ന വാഹനങ്ങള്‍. ആരും ഒരു വിഷമവും ഇല്ലാതെ നിയമങ്ങള്‍ പാലിക്കുന്നു. എല്ലാവരും ലൈന്‍ അച്ചടക്കം നല്ല രീതിയില്‍ പാലിക്കുന്നു. ഓടിക്കുന്നവര്‍ക്കും സുഖം. ഇങ്ങനെ ഒക്കെ കരുതിയത് കൊണ്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുത്താലോ എന്ന ചിന്ത വന്നത്. അന്ന് ഞാന്‍ ദുബായിലെ  പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. നാട്ടിലെ ലൈസന്‍സ് ഉള്ളവര്‍ക്കു കുറച്ചു ക്ലാസുകള്‍ മതി എന്നു കേട്ടു, സന്തോഷിച്ചു. നല്ല ചിലവുള്ള കാര്യമാണ് ഇവിടെ ലൈസന്‍സ് എടുക്കല്‍.

ഒരു ശരാശരി മലയാളിയെ പോലെ ലൈസന്‍സ് എടുത്തു വെച്ചു എന്നല്ലാതെ ഞാന്‍ വണ്ടി ഓടിച്ചിട്ടില്ല, ന്നാലും ഇവിടെ നല്ല എളുപ്പമല്ലേ, ഒന്നു ശ്രമിക്കാം എന്നു തന്നെ കരുതി. അപ്പോഴാണ് വേറെ ഒരു പ്രശ്‌നം. ഞാന്‍ അന്ന് 5 മാസം ഗര്‍ഭിണിയാണ്. 'ഓ അതിനിപ്പോ എന്താണ്, എത്രയോ പേര്‍ ഇങ്ങനെ ഉള്ളപ്പോള്‍ വണ്ടി ഓടിച്ചു പോകുന്നില്ലേ ?' ഒന്നോ രണ്ടോ മാസത്തെ കാര്യമല്ലേ ഉളളൂ. കുഞ്ഞു ആയി കഴിഞ്ഞാല്‍ പിന്നെ എന്തായാലും വൈകും, ഇപ്പൊ തന്നെ ലൈസന്‍സ് എടുത്തേയ്ക്കാം. ഉറപ്പിച്ചു.

അങ്ങനെ ഡ്രൈവിംഗ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തു. നാട്ടിലെ പോലെ അല്ല, ഒരു പാട് നൂലാമാലകള്‍ ഉണ്ട്. ഡ്രൈവിംഗ് പഠിക്കുന്നതില്‍ വിരോധമില്ല എന്നു കാണിച്ച് സ്‌പോണ്‍സറുടെ (എന്റെ ഭര്‍ത്താവിന്റെ ) സര്‍ട്ടിഫിക്കറ്റ് വേണം. ഇതെല്ലാം കഴിഞ്ഞ് ഒരു ദിവസത്തെ തിയറി ക്ലാസ്. പിന്നെ ഒരാഴ്ച കഴിഞ്ഞു ഓണ്‍ലൈന്‍ പരീക്ഷ. ഇതെല്ലാം നല്ല രീതിയില്‍ നടന്നു. ഗര്‍ഭിണി അല്ലെ, അപ്പോഴേക്കും, നല്ല വയറും വെച്ചിരുന്നു. ഡ്രൈവിംഗ് പഠിക്കുന്നതിന്റെ ആദ്യ ദിവസം എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിച്ച് അങ്ങു തുടങ്ങാന്‍ തീരുമാനിച്ചു.

അവിടെ ചെല്ലുമ്പോള്‍ കുറെ അധികം പെണ്‍കുട്ടികള്‍ കാത്തിരിക്കുന്നു. ഇവിടെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം മുറികളും, ഡ്രൈവിംഗ് ടീച്ചര്‍മാരും ഉണ്ട്. കുറച്ചു കഴിഞ്ഞാണ് മനസ്സിലായത് അവര്‍ പഠിക്കാന്‍ വന്നവരല്ല,ഇന്നു ഡ്രൈവിംഗ് ടെസ്റ്റ് ഉള്ളവര്‍ ആണ്. കൂട്ടത്തില്‍ ഒന്നു രണ്ടു മലയാളികളെ കണ്ടു. 'എന്തിനാണ് ഈ അവസ്ഥയില്‍ ഡ്രൈവിംഗ് പഠിക്കുന്നത്? കുഞ്ഞിന് റിസ്‌ക് അല്ലേ?'. 'ഓ,  ഇവിടത്തേത് നല്ല റോഡുകള്‍ അല്ലേ, അപ്പൊ എന്തു റിസ്‌ക്? പിന്നെ കൂടെ ഇന്‍സ്ട്രക്ടര്‍ ഉണ്ടല്ലോ' എന്നായി ഞാന്‍. 

അവര്‍ ഒന്നു മൂളി, അവരുടെ മുഖത്തു ഒരു പുച്ഛം. എനിക്ക് തോന്നിയതാകും എന്നു ഞാന്‍ കരുതി. അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന ഒരാളെ വിളിച്ചു, അറബി ആണ് ടെസ്റ്റ് എടുക്കുന്നത്. അവരെ കണ്ടപ്പോഴേ എന്റെ കൈയും കാലും വിറക്കാന്‍ തുടങ്ങി, പിന്നെ ആണ് ഓര്‍ത്തത് ഞാന്‍ പഠിക്കാന്‍ വന്നതല്ലേ. കൂടെ ഇരുന്ന ആള്‍ പോയപ്പോള്‍ എന്റെ അടുത്തിരുന്ന കുട്ടി പറഞ്ഞു, 'ഇപ്രാവശ്യം എങ്കിലും കിട്ടിയാല്‍ മതിയായിരുന്നു, ഇതു നാലാമത്തെ ടെസ്റ്റ്് ആണേ' ഞാന്‍ ഒന്ന് ഞെട്ടി. നാട്ടില്‍ അടുത്തുള്ള പറമ്പില്‍ അച്ഛന്റെ കൂട്ടുകാരന്‍ രാജു ചേട്ടന്റെ പഴയ മാരുതി  ഓടിക്കാന്‍ പഠിച്ചതും,  വെറുതെ കണ്ണാടി നോക്കി 'എച്ച്' എടുത്തതും ഒരു കിലോമീറ്റര്‍ ഗിയര്‍ പോലും മാറ്റാതെ ഓടിച്ചു ലൈസന്‍സ് കിട്ടിയതും ഓര്‍ത്തു. അപ്പൊ ദേ അടുത്ത ഡയലോഗ്, 'ദേ ആ ഇരിക്കുന്ന പാകിസ്താനി കുട്ടി ഇല്ലേ, അതിന്റെ എട്ടാമത്തെ ടെസ്റ്റ് ആണ് ഇന്ന്' -ഞാന്‍ ശരിക്കും ഞെട്ടി.

അപ്പോഴേക്കും എന്റെ ഇന്‍സ്ട്രക്ടര്‍ വന്നു. ഒരു പാകിസ്ഥാനി ആയിരുന്നു, അവര്‍ എന്നോട് ആദ്യം ചോദിച്ചത്,  ഇപ്പോള്‍ ലൈസന്‍സ് എടുക്കുന്നത് എന്തിനാണ്? അതും കൂടി ആയപ്പോള്‍ തിരിച്ചു പോയാലോ എന്നായി ആലോചന. എന്നാലും മുന്നോട്ടു വച്ച കാലും, മുടക്കിയ കാശും ഓര്‍ത്തു ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. പഠിപ്പിക്കുന്നതിന്റെ ഇടയില്‍ എന്റെ ഭര്‍ത്താവിനു ബാങ്കിലാണ് ജോലി എന്നറിഞ്ഞ ചേച്ചി പിന്നെ വിഷമങ്ങള്‍ പറച്ചിലായി, ഒരു ക്രെഡിറ്റ് കാര്‍ഡ് വിഷയത്തില്‍ പെട്ടു ജോലി നഷ്ടപ്പെട്ടു അവരുടെ ഭര്‍ത്താവ് പാകിസ്ഥാനില്‍ ആണെന്നും, താന്‍ ഈ ചെറിയ ജോലി ഉള്ളത് കൊണ്ട് പിടിച്ചു നില്‍ക്കുകയാണെന്നും ഒക്കെ ആയി. ഒരു ലോണ്‍ ശരിയാക്കി തരാന്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് പറയണം പോലും. അദ്ദേഹം വേറെ ഡിപ്പാര്‍ട്‌മെന്റ് ആണെന്ന് പറഞ്ഞിട്ടൊന്നും അവര്‍ക്ക് മനസ്സിലാവുന്നില്ല. അവര്‍ വീണ്ടും കഥ തുടര്‍ന്ന്. അങ്ങനെ ക്ലാസ് ഒക്കെ മുന്നോട്ട് പോയി. ലോണ്‍ കിട്ടില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ എന്നോട് കയര്‍ത്തു സംസാരിച്ചു തുടങ്ങി. അവരുടെ വിഷമം മനസ്സിലാക്കിയ ഞാന്‍ തിരിച്ചു ഒന്നും പറയാതെ എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടാനും ടെസ്റ്റിനും കാത്തിരുന്നു.

അപ്പോഴേക്കും ഏഴര മാസം ഗര്‍ഭിണി ആയിരുന്നു

അങ്ങനെ 40 ക്ലാസ് കഴിഞ്ഞു. ടെസ്റ്റിന്റെ തീയതിയും കിട്ടി. അപ്പോഴേക്കും ഏഴര മാസം ഗര്‍ഭിണി ആയിരുന്നു. നടക്കാനും വണ്ടിയും കേറാനും ചെറിയ ബുദ്ധിമുട്ട് തുടങ്ങി. രാവിലത്തെ ക്ലാസ് കഴിഞ്ഞിട്ടു ഓഫീസില്‍ പോകണം. ക്ഷീണം ആയി തുടങ്ങി. എന്നാലും ഇതു പാതി വഴിയില്‍ ഇട്ടിട്ടു പോകുന്നതെങ്ങനെ? ഈ ടെസ്റ്റ് കഴിഞ്ഞാല്‍ തീര്‍ന്നല്ലോ.  ഇതൊക്കെ ആയി ചിന്ത. 

എന്റെ പേര് വിളിച്ചു. നോക്കിയപ്പോള്‍ നല്ല വണ്ണവും പൊക്കവും ഉള്ള ഒരു അസല്‍ അറബി സ്ത്രീ. ഒരു 45-50 വയസ്സ് കാണും. അവരെ കണ്ടതും ഞാന്‍ വിയര്‍ത്തു.  അല്ലെങ്കിലും ഇവരെ കണ്ടാല്‍ എനിക്കെന്തോ ഭയങ്കര പേടിയാണ്. അറബിയില്‍ സ്‌നേഹത്തോടെ സംസാരിച്ചാലും തെറി വിളിക്കുന്ന പോലെയാണ്. നല്ല കട്ടിയുള്ള ഭാഷയാണ് അറബി. അതും പൊതുവെ വളരെ ഉച്ചത്തിലാണ് ഇവര്‍ സംസാരിക്കുന്നത്. അവര്‍ വീണ്ടും എന്റെ പേര് വിളിക്കാന്‍ തുടങ്ങി. അവര്‍ തപ്പി തപ്പി വായിച്ചു വന്നപ്പോഴേക്കും ഞാന്‍ ഓടി എത്തി. വേറെയും രണ്ടു പേര്‍ കേറി. ആദ്യത്തെ ചോദ്യം. നിങ്ങളുടെ ഒക്കെ എത്രാമത്തെ ടെസ്റ്റ് ആണ്. അതു കേട്ടപ്പോഴേ മനസ്സിലായി എല്ലാവരും ഇതിനു മുമ്പും ടെസ്റ്റ് കഴിഞ്ഞിട്ടുള്ളവര്‍ ആണ്. എന്തായാലും എനിക്ക് നല്ലോണം ഓടിക്കാന്‍ അറിയാമല്ലോ, ഞാന്‍ ആദ്യ ടെസ്റ്റില്‍ തന്നെ ലൈസന്‍സ് എടുക്കും. നാലാമത്തെ തവണക്കാരിയായ ഒരു ഫിലിപ്പിനോ കുട്ടിയോട് ആദ്യം വണ്ടി എടുക്കാന്‍ പറഞ്ഞു. ആ കുട്ടി ഇന്‍ഡിക്കേറ്റര്‍ ഇടാതെ വണ്ടി എടുത്തു എന്നും പറഞ്ഞു കുറെ വഴക്കു പറഞ്ഞു. അവിടെ അടുത്തു ഒരു പൂച്ച കുഞ്ഞു പോലും ഇല്ല. എന്നാലും നിയമം നിയമം തന്നെ. ഒരു തെറ്റ് കൂടി കണ്ടാല്‍ ഇപ്രാവശ്യവും തോല്‍പ്പിക്കുമെന്നും പറഞ്ഞു, ഞാന്‍ ആകെ പേടിച്ചു പോയി. അവരെ വീണ്ടും എന്തോക്കെയോ പറഞ്ഞു. അടുത്തത് എന്നെ വിളിച്ചു, ഞാന്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുമ്പോഴാണ് അവര്‍ എന്റെ വയര്‍ കണ്ടത്. 'ഗര്‍ഭിണിയാണോ?' ഞാന്‍ അതെയെന്ന് പറഞ്ഞു. 

'എന്താ നിങ്ങളീ കാണിക്കുന്നത്?'

അതിപ്പോ ഞാന്‍ എന്തു പറയാനാണ്, പറ്റി പോയതാ എന്നു പറയാന്‍ പറ്റുമോ? ഞാന്‍ ഒന്നും മിണ്ടിയില്ല, വെറുതെ ഒന്ന് പുഞ്ചിരിച്ചു.

ഞാന്‍ സീറ്റ് ബെല്‍റ്റ് ഒക്കെ ഇട്ട് ആദ്യമേ ഇന്‍ഡിക്കേറ്റര്‍ ഇട്ടു. ഇനി അതിനു കേള്‍ക്കേണ്ട, ദേ അപ്പൊ അവര്‍ 'വയര്‍ സ്റ്റിയറിംഗില്‍ തൊടുന്നതിനാല്‍, സ്റ്റിയറിംഗ് നേരെയല്ല' എന്ന്. എനിക്ക് ആകെ ടെന്‍ഷന്‍ ആയി. അവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അവസാനം പാര്‍ക്ക് ചെയ്‌തോളാനും പറഞ്ഞു. വല്യ കുഴപ്പമില്ലാതെ ഓടിച്ചു, ചെറിയ ചില കാര്യങ്ങള്‍ ഒഴിച്ചാല്‍. എന്തായാലും ലൈസന്‍സ് കിട്ടും, ഞാന്‍ ഉറപ്പിച്ചു. ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഞങ്ങള്‍ മൂന്നു പേരെയും മുറിയില്‍ വിളിച്ചു, പത്താം ക്ലാസ്സ് പരീക്ഷക്ക് പോലും ഇത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല. അവര്‍ പറഞ്ഞു തുടങ്ങി നിങ്ങള്‍ മൂവരും...ഞാന്‍ സന്തോഷിച്ചു, പാവം ആ കുട്ടിക്ക് ഇത്തവണ എങ്കിലും കിട്ടിയല്ലോ.

'തോറ്റു' 

ഞാന്‍ ശെരിക്കും ഞെട്ടി. എന്നിട്ട് അവര്‍ ഞങ്ങളുടെ തെറ്റുകള്‍ എന്താണെന്ന് വിവരിച്ചു. എന്റെ തെറ്റുകളുടെ എന്നം കേട്ടു ഞാന്‍ വാ പൊളിച്ചു പോയി. 10-12 എണ്ണം. എന്താണു പറയുന്നത് എന്നു പോലും മനസ്സിലാവുന്നില്ല. സീറ്റ് ബെല്‍റ്റ് ഇടുന്നതിന് മുമ്പ് ഞാന്‍ കണ്ണാടി നോക്കി പോലും, കേറി ഇരുന്നാല്‍ ആദ്യം സീറ്റ് ബെല്‍റ്റ് ഇടണം എന്നാണ് നിയമം. ഈ രീതിയില്‍ ഉള്ളതാണ് ബാക്കി ഉള്ള തെറ്റുകള്‍ എല്ലാം.

എന്റെ തെറ്റുകളുടെ എന്നം കേട്ടു ഞാന്‍ വാ പൊളിച്ചു പോയി.

വിവരം പറയാന്‍ ഭര്‍ത്താവിനെ വിളിച്ചപ്പോള്‍, ചേട്ടന്‍ പറഞ്ഞു ഇവിടെ ആദ്യ ടെസ്റ്റിന് ലൈസന്‍സ് കിട്ടുന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. നടക്കണം എന്നൊന്നും ഇല്ല. എന്നാലും ഇനിയും ഒരാഴ്ച കാത്തിരിക്കണം അടുത്ത ടെസ്റ്റിന്. വീണ്ടും പാകിസ്ഥാനി ചേച്ചിയുടെ കഥ കേള്‍ക്കണം. ഒരാഴ്ച കൂടി പോട്ടെ, ഞാന്‍ കരുതി. 

അടുത്ത ടെസ്റ്റ് ആയി. ദേ വീണ്ടും അതേ ഡ്രൈവിംഗ് ഇന്‍സ്‌പെക്ടര്‍, 'നീ വീണ്ടും?'  ഒരു തവണ തോറ്റാല്‍ ഓടി പോകും എന്ന് കരുതിയിട്ടുണ്ടാകും. ഇപ്രാവശ്യം എന്നോട് ആദ്യം ഓടിക്കാന്‍ പറഞ്ഞു. പുറകില്‍ ഇരിക്കുന്നത് മൂന്നാമത്തെയും, ഏഴാമത്തെയും ടെസ്റ്റുകാര്‍. ഞാന്‍ വണ്ടി ഓടിച്ചു തുടങ്ങി, എട്ടാം മാസമല്ലേ, ഒരാഴ്ച കൊണ്ടു വയര്‍ വീണ്ടും കൂടിയിരുന്നു. അവര്‍ വീണ്ടും അത് തന്നെ പറഞ്ഞു, സ്റ്റിയറിംഗില്‍ മുട്ടുന്നു എന്ന്. സീറ്റ് പുറകില്‍ എടുക്കാന്‍ പറഞ്ഞു, സീറ്റ് പുറകില്‍ എടുത്താല്‍ എന്റെ കാല്‍ ആക്‌സിലേറ്റര്‍ ല്‍ എത്തില്ലെന്ന് ഞാന്‍ പറഞ്ഞു. ശരി, കുറച്ചു ഓടിച്ചിട്ട് മാറാന്‍ പറഞ്ഞു.

 ഞാന്‍ ഓര്‍ത്തു രക്ഷപ്പെട്ടു, ഇപ്രാവശ്യം കിട്ടിയത് തന്നെ!. വേറെ ഒരു തെറ്റും ഇല്ല. അവസാനം തിരിച്ചെത്തി, റിസള്‍ട്ട് ഞങ്ങള്‍ മൂന്നു പേരും കാത്തിരിക്കുന്നു. നിങ്ങള്‍ തോറ്റു. 

'ഞാന്‍?'- ഞാന്‍ വീണ്ടും ചോദിച്ചു,

അതെ. ഇപ്രാവശ്യം ഒരു തെറ്റ് ഉളളൂ. ഇന്‍സ്ട്രക്ടറുടെ നിര്‍ദേശം അനുസരിച്ചില്ല. സീറ്റ് പുറകില്‍ എടുത്താല്‍ കാല്‍ എത്തില്ല എന്നു പറഞ്ഞത് ആയമ്മക്കു മനസ്സിലായില്ലേ? ഇവരുടെ കാര്യം റേഡിയോ പോലെയാണ്. ഒന്നും അങ്ങോട്ടു പറയരുത്, ഇങ്ങോട്ടു പറയുന്നയത് മാത്രം കേള്‍ക്കണം.

ഞാന്‍ വീണ്ടും ചേട്ടനെ വിളിച്ചു, ' സാരമില്ല, അവര്‍ കാശ് ഉണ്ടാക്കാന്‍ ഇരിക്കുന്നവരല്ലേ, എന്തെങ്കിലും ഒക്കെ ചുമ്മാ തെറ്റു കണ്ടു പിടിക്കും'. അപ്പോഴേക്കും 33 ആഴ്ച ഗര്‍ഭിണിയായി.  ഇനിയും തുടരണമെങ്കില്‍ ഡോക്ടറുടെ കത്ത് വേണം. എനിക്ക് വാശിയായി, ഇനി ലൈസന്‍സ് എടുത്തിട്ടു തന്നെ കാര്യം. വീണ്ടും ഒരാഴ്ച, അതേ ഇന്‍സ്‌രടക്ടര്‍. അതേ കദന കഥകള്‍, ലോണ്‍ അപേക്ഷ, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഭര്‍ത്താവിനെ തെറി വിളികള്‍. അങ്ങനെ ഒരാഴ്ച വീണ്ടും കഴിഞ്ഞു. 
വീണ്ടും ടെസ്റ്റ്. അതേ അറബി അമ്മച്ചി. 

നീ വീണ്ടും?' 

നിനക്ക് ഡ്രൈവ് ചെയ്യാനാവുമോ? എത്ര മാസമായി? 

ഞാന്‍ ഡോക്ടറുടെ കത്ത് കാണിച്ച. കത്തിന് ചോദിച്ചില്ല, നീ പറ, ഡ്രൈവ് ചെയ്യാനാവുമോ? 

എനിക്ക് ആകെ പേടി ആയി. അതെ, എന്നു തന്നെ ഉത്തരം പറഞ്ഞു. അപ്പോഴേക്കും അവര്‍ക്ക് വാശി ആയി, അവര്‍ എന്നോട് വീണ്ടും ചോദിച്ചു, 'എന്ത് അഹമ്മതിയാണ് നീ ഈ കാണിക്കുന്നത്? 

അവര്‍ എന്നോട് സ്പീഡില്‍ ഓടിക്കാന്‍ പറഞ്ഞു. റോഡിന്റെ സ്പീഡ് ലിമിറ്റ് 60 ആണെന്ന് ഞാന്‍ അവരോടു പറഞ്ഞു. ഞാന്‍ 60ല്‍ ആണ് ഓടിക്കുന്നതെന്നും, വീണ്ടും സ്പീഡ് കൂട്ടാന്‍ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല. ഓടിച്ചു. ഇപ്രാവശ്യം റിസല്‍ട്ട് കാത്തിരിക്കാന്‍ വല്യ പേടിയില്ലായിരുന്നു, ശീലമായി എന്നു പറയുന്നതാണ് നല്ലത്്. 'നീ നന്നായി ഡ്രൈവ് ചെയ്തു. പക്ഷേ, വേഗം കൂടുമ്പോള്‍ സ്റ്റിയര്‍ റിംഗ് നേര്‍ക്കായിരുന്നില്ല. ഇത്തവണയും തോറ്റു'. 

ആ ചേച്ചി ഇന്ന് ലീവ് ആണ്. ഇന്ന് മറ്റൊരാള്‍ ആണ് എന്ന്. 

ഈ വയര്‍ ഇനി ഒരു മാസം കൂടിയേ ഉളളൂ, ഞാന്‍ അതു കഴിഞ്ഞേ വണ്ടി ഓടിക്കുന്നുള്ളു എന്നു പറയണം എന്നുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന അഞ്ചാം തവണക്കാരി മിണ്ടല്ലേ എന്നു ആംഗ്യം കാണിച്ചു. അവള്‍ പിന്നീട് ഒരു കാര്യം പറഞ്ഞു, ഇവര്‍ക്കും ടാര്‍ഗറ്റ് ഉണ്ട്!

വീണ്ടും പതിവ് പോലെ ചേട്ടനെ വിളിച്ചു. ഇപ്രാവശ്യം മറ്റൊന്നും പറഞ്ഞില്ല, ശരി എന്നു മാത്രം പറഞ്ഞു. അങ്ങനെ ഒരാഴ്ച വീണ്ടും കാത്തിരിപ്പ്. വീണ്ടും ടെസ്റ്റ്. അന്നും ആ ഇന്‍സ്‌പെക്ടര്‍ ആയിരിക്കരുതെ എന്നായി പ്രാര്‍ത്ഥന. ആരോ പറയുന്നത് കേട്ടു, ആ ചേച്ചി ഇന്ന് ലീവ് ആണ്. ഇന്ന് മറ്റൊരാള്‍ ആണ് എന്ന്. 

എനിക്ക് സമാധാനമായി, എന്തായാലും ആയമ്മ അല്ലല്ലോ.

ആളു വന്നു. ദേ, അവര്‍ തന്നെ!

അവര്‍ക്ക് ഒരു മണിക്കൂര്‍ ഒഴിവുണ്ട്, അതു കൊണ്ടു രാവിലത്തെ ഒരു മണിക്കൂര്‍ ടെസ്റ്റ് എടുത്തിട്ടു പോണം. എന്റെ വിധി അല്ലാതെന്ത്. ഇപ്രാവശ്യവും എന്നോട് ആദ്യം എടുക്കാന്‍ പറഞ്ഞു. ഞാന്‍ അപ്പോഴേക്കും നല്ല രീതിയില്‍ തന്നെ വണ്ടി ഓടിച്ചു തുടങ്ങിയിരുന്നു. അവര്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു. ദേ അശരീരി പോലെ കേട്ടു, 'ആ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യ്'. നോക്കിയപ്പോള്‍ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കണ്ടു. അതിനു മുമ്പില്‍ വേറെ ഒരു കാര്‍ ഉണ്ട്, മറുവശത്ത് നിന്നും വേറൊരു വണ്ടിയും വരുന്നുണ്ട്, ഞാന്‍ അവരെ നോക്കി, ഇവര്‍ എന്താണ് ഈ പറയുന്നത്. മറുവശത്തുള്ള വണ്ടി പോയിട്ടു ഞാന്‍ എടുത്തു. ഇപ്രാവശ്യവും അവര്‍ പതിവ് തെറ്റിച്ചില്ല. 

'തോറ്റു!'

'കാരണം?'

'ഇന്‍സ്ട്രക്ടര്‍ പറയുന്നത് അനുസരിക്കാന്‍ വൈകി'.

ഒന്നും മിണ്ടിയില്ല, ചേട്ടനെയും വിളിച്ചില്ല. ഓഫിസില്‍ എത്തിയപ്പോഴേക്കും ഇങ്ങോട്ടു വിളിച്ചു, ഞാന്‍ പറഞ്ഞു, 'തോറ്റു!'

'ഇനി നിര്‍ത്താം, കുഞ്ഞായി കഴിഞ്ഞു നമുക്ക് നോക്കാം, വയര്‍ ആണല്ലോ അവരുടെ പ്രശ്‌നം, അതു കഴിഞ്ഞു നോക്കാം'- ചേട്ടന്‍ പറഞ്ഞു.

ഇനി ഒരു പ്രാവശ്യം കൂടിയേ എനിക്ക് ടെസ്റ്റിനു പോവാനാവൂ. 36 ആഴ്ച. അതു കഴിഞ്ഞാല്‍ പിന്നെ പറ്റില്ല. ഈ ഒരു തവണ കൂടി നോക്കാം, വല്യ പ്രതീക്ഷ ഇല്ല, എന്നാലും ഒരു സമാധാനത്തിന് ഒരു ശ്രമം.  അല്ലെങ്കില്‍ പിന്നെ കുഞ്ഞു വലുതായിട്ടേ നടക്കൂ, അതു ഉറപ്പായിരുന്നു. 

അങ്ങനെ വീണ്ടും ടെസ്റ്റ്. എന്റെ അഞ്ചാമത്തെ ട്രയല്‍. കൂടെ ഇരിക്കുന്നത് ആദ്യത്തെ തവണക്കാരിയായ മലയാളിയും എട്ടാമത്തെ തവണക്കാരിയായ ഫിലിപ്പിനോയും. വല്യ സന്തോഷത്തോടെ എന്നോട് ഓള്‍ ദി ബെസ്റ്റ് പറഞ്ഞ കോട്ടയംകാരിയെ ഞാന്‍ നോക്കി ഒന്നു പുഞ്ചിരിച്ചു, ഒരു പുച്ഛം കലര്‍ന്ന ചിരി. ഇപ്പോഴാണ് എനിക്ക് എന്റെ ആദ്യ ദിവസത്തെ അനുഭവം ഓര്‍മ്മ വന്നത്.

 പ്രത്യേകിച്ചു ഒരു വികാരവും ഇല്ലാതെ ഇരിക്കുമ്പോള്‍ ദാ വരുന്നു ഡ്രൈവിങ് ഇന്‍സ്‌പെക്ടര്‍. ആറര അടി പൊക്കവും നല്ല വണ്ണവും ഉള്ള ഒരു അറബി, അറുപതു വയസ്സു കാണും, ആയമ്മയ്ക്കു പനിയാണ് പോലും. രക്ഷപെട്ടു എന്നു ഓര്‍ത്തു വണ്ടിയില്‍ കേറി. 'നീ വീണ്ടും എന്നു കേള്‍ക്കണ്ടല്ലോ. 

ആദ്യം എന്നോട് വണ്ടി ഓടിക്കാന്‍ പറഞ്ഞു. അതിനു മുമ്പ് അദ്ദേഹം ഒരു കാര്യം പറഞ്ഞു. 'നിങ്ങളുടെ ആത്മവിശ്വാസം സമ്മതിച്ചു. ഈ അവസ്ഥയില്‍ ടെസ്റ്റിനു വന്നത് കാണുമ്പോള്‍ സന്തോഷം. നിങ്ങള്‍ കൊള്ളാം'. 

റിസള്‍ട്ട് കാത്തിരിക്കുന്നു, കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍, 'ജയിച്ചു. നീ നന്നായി ഡ്രൈവ് ചെയ്തു'. 

എവിടുന്നോ എനിക്ക് ഭയങ്കര ധൈര്യം വന്നു. ഞാന്‍ കുറെ നേരം വണ്ടി ഓടിച്ചു, അദ്ദേഹം കുറെ നേരം സംസാരിച്ചു. ഇന്ത്യയെ കുറിച്ചും, കേരളത്തെ കുറിച്ചും ചോദിച്ചു. 'ഹാപ്പി വിഷു' എന്നും പറഞ്ഞു. വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറയുന്നതിന്റെ കൂടെ പറഞ്ഞു 'നിങ്ങള്‍ നന്നായി വണ്ടിയോടിച്ചു. കഴിഞ്ഞ തവണ എന്തു പറ്റി?' ഇന്‍സ്‌പെക്ടര്‍ ആരായിരുന്നു എന്നും ചോദിച്ചു. ആയമ്മയുടെ പേര് പറഞ്ഞപ്പോള്‍ ഒന്നു ചിരിച്ചു, 'അവര്‍ക്ക് കിറുക്കാ' എന്നും പറഞ്ഞു. 

റിസള്‍ട്ട് കാത്തിരിക്കുന്നു, കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍, 'ജയിച്ചു. നീ നന്നായി ഡ്രൈവ് ചെയ്തു'. 

എന്നിട്ടു ബാക്കി രണ്ടു പേരോടും പറഞ്ഞു, നിങ്ങള്‍ തോറ്റു. കോട്ടയംകാരിയുടെ മുഖത്തു പണ്ട് എന്റെ മുഖത്തു കണ്ട അതേ അമ്പരപ്പ്, ഞാനോ എന്ന ഭാവം. ഞാന്‍ ഒന്നും മിണ്ടിയില്ല. അടുത്തത് ചേട്ടനെ വിളിക്കുന്ന കലാപരിപാടിയാണ്, അങ്ങേരു ഫോണ്‍ എടുത്തതും ഞാന്‍ അങ്ങു പൊട്ടി കരയാന്‍ തുടങ്ങി, 'സാരമില്ലെടി, ഞാന്‍ പറഞ്ഞതല്ലേ' 

ഞാന്‍ വീണ്ടും കരച്ചില്‍.. 'നിനക്കു വല്ലതും പറ്റിയോ?'

'ഇല്ല, ഞാന്‍ പാസ്സ് ആയി!'

അങ്ങനെ വിഷുവിന്റെ തലേന്ന്, ഏപ്രില്‍ 13 നു നിറവയറും വെച്ച് ഞാന്‍ അറബി നാട്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈക്കലാക്കി. മേയ് 19 ന് മോനും ജനിച്ചു. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

click me!