പൂങ്കാവനത്തിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റികും ജൈവമെന്ന് കരുതി ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പോലും ആ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു. പൂങ്കാവനത്തിന്‍റെ ജൈവതാളം നിലനിര്‍ത്തുന്നതില്‍ സ്വാമിമാര്‍ പാലിക്കേണ്ട നിഷ്ഠകളെ കുറിച്ച് വന്യജീവി സംരക്ഷകയായ സേതു പാര്‍വതി എഴുതുന്നു.
അയ്യനെ കാണാനെത്തുന്ന സ്വാമിമാരോടാണ്... നമ്മുക്കേവർക്കും അറിയാവുന്നത് പോലെ കേരളത്തില്‍ പശ്ചിമഘട്ടത്തിന്‍റെ ഹൃദയഭാഗത്താണ് പെരിയാർ കടുവാ സങ്കേതം. ആ സങ്കേതത്തിലാണ് അയ്യപ്പന്‍റെ പൂങ്കാവനവും. ഒപ്പം ആ ജൈവവൈവിധ്യ കലവറയിലാണ് വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ മക്കാക്കിന്‍റെ (Lion-Tailed Macaque or Macaca silenus) അഭയകേന്ദ്രം. ഒരു പക്ഷേ അയ്യന്‍റെ പൂങ്കാവനത്തെ പൂങ്കാവനമായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുള്ള ജീവി വർഗ്ഗം. ഭാവങ്ങള്‍ വിരിയുന്ന മുഖങ്ങളും ഭംഗിയുള്ള കുഞ്ചിരോമങ്ങളുമുള്ള ഈ പ്രൈമേറ്റുകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പൂങ്കാവനത്തിന്‍റെ സംരക്ഷകർ കൂടിയാണ്.
പഴങ്ങളും ഇലകളും പ്രാണികളെയും തേടി ഇവർ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അവിടെ സജീവമായൊരു കാട്, പൂങ്കാവനമായി പുനർനിർമ്മിക്കപ്പെടുകയാണ്. ഭൂമിയിൽ അപൂർവ്വമായി മാത്രം കാല്‍ തൊടുന്ന, മരങ്ങളില്‍ നിന്ന് മരങ്ങളിലേക്കുള്ള ഈ 'മരജീവിതം' (arboreal lifestyle) അവയുടെ അതിജീവനത്തിൽ നിന്നും രൂപം കൊണ്ടതാണ്. കാട്ടിലെ സ്വാഭാവിക വേട്ടക്കാരില്‍ നിന്നുള്ള സുരക്ഷയും സംരക്ഷണവും തേടിതന്നെ. അയ്യന്‍റെ സാന്നിധ്യമുള്ള സന്നിധാനത്ത് നിന്നും അധികം ദൂരെയല്ല ഇവയൊന്നും. അതിനാല്‍ തന്നെ സിംഹവാലൻ മക്കാക്കുകളുടെ സംരക്ഷണം കൂടി ഓരോ സ്വാമിമാരും തങ്ങളുടെ വ്രതചര്യയുടെ ഭാഗമാക്കേണ്ടതുണ്ട്. സിംഹവാലന്‍ മക്കാക്കുകൾ മാത്രമല്ല. പൂങ്കാവനത്തിലെ ഓരോ ജീവിവർഗ്ഗത്തോടും ഈ കരുതലുണ്ടാകണം.
undefined
ഭക്ഷണവും സ്വഭാവവും
ഈ വർഷം വൃശ്ചികം ഒന്നാം തിയതി സന്നിധാനത്ത് എത്തിയത് എണ്ണായിരത്തിലധികം ഭക്തരാണെന്ന് കണക്കുകള്‍ കാണിക്കുന്നു. അവരെയെല്ലാവരെയും എത്തിച്ച വാഹനങ്ങള്‍ പൂങ്കാവനത്തിനുള്ളിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതും. ഇത് പൂങ്കാവനത്തിന്‍റെ ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന അശാന്തത നേരിട്ട് ബാധിക്കുന്നത് പൂങ്കാവനത്തില്‍ ജീവിക്കുന്ന ജീവജാലങ്ങളെയും. ഓരോ വര്‍ഷവും തീർത്ഥാടനത്തിനായി സന്നിധാനത്തെത്തുന്ന ദശലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ സാന്നിധ്യം പൂങ്കാവനത്തിന്‍റെ വിശുദ്ധിയെയും ജൈവിക - സൂക്ഷ്മ സന്തുലിതാവസ്ഥയെയും അടിമുടി തകിടം മറിക്കുന്നു. ഇതിൽ തന്നെ ജൈവിക ആവാസ വ്യവസ്ഥയിൽ ഏറ്റവും കൂടുതല്‍ സമ്മർദ്ദം നേരിടുന്നതാകട്ടെ സിംഹവാലൻമാരായ മക്കാക്കുകളാണ്. കാരണം, മനുഷ്യ സാന്നിധ്യത്തിലുണ്ടാകുന്ന അതിഭീമമായ വർദ്ധനവ് അവയുടെ സ്വാഭാവിക സ്വഭാവങ്ങളെ പോലും സ്വാധീനിക്കുന്നു.
'രുചി'കളിൽ (taste) തട്ടി തങ്ങളുടെ മരജീവിതം ഉപേക്ഷിക്കാന്‍ മക്കാക്കുകൾ നിര്‍ബന്ധിതരാകുന്നു. സ്വന്തം മരത്തണലില്‍ സംതൃപ്തി കണ്ടെത്തിയിരുന്ന പ്രൈമേറ്റുകള്‍ തീർത്ഥാടകർ ഉപേക്ഷിക്കുന്ന ഭക്ഷണ രുചികളിൽ കുടുങ്ങിക്കഴിഞ്ഞു. അവ മരങ്ങളില്‍ നിന്ന് തീർത്ഥാടക വഴികളിലേക്ക് തങ്ങളുടെ സഞ്ചാരപഥം മാറ്റിക്കഴിഞ്ഞു. സിംഹവാലൻ മക്കാക്കുകളുടെ ഈ 'നിലത്തിറക്ക'ത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പെരുമാറ്റ വ്യതിയാനം അവയുടെ സ്വാഭാവിക തീറ്റക്രമങ്ങളെ തടസ്സപ്പെടുത്തുന്നു. പിന്നാലെ അത് മനുഷ്യ - മൃഗ സംഘർഷങ്ങളുടെ (Human - Animal Conflict) അപകട സാധ്യത വർദ്ധിപ്പിക്കുന്നു. മനുഷ്യന്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പ്രതീക്ഷിക്കുമ്പോൾ അവ, ആക്രമണാത്മക ഇടപെടലുകൾക്ക് പേരുകേട്ട മറ്റ് മക്കാക്ക് ഇനങ്ങളിൽ കാണപ്പെടുന്ന സ്വഭാവ വൈജാത്യത്തിന് വിധേയരാക്കപ്പെടുന്നു.
അനിവാര്യമായ ചില കടമകൾ
തീർത്ഥാടകർ വന്യമൃഗങ്ങള്‍ക്ക് തീറ്റ നൽകരുതെന്നും ഉത്തരവാദിത്വത്തോടെ സ്വന്തം മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും വനംവകുപ്പ് അഭ്യർത്ഥിക്കുന്നു. ഇത് കേവലം ഒരു അഭ്യർത്ഥനയോ നിർദ്ദേശമോ അല്ല. മറിച്ച് ഒരു അനിവാര്യതയാണ്. കാരണം, പൂങ്കാവനം പവിത്രമായും അഭിവൃദ്ധിയോടെയും നിലനിർത്താനുള്ള ഉത്തരവാദിത്തം അയ്യനെ വണങ്ങാനെത്തുന്ന ഓരോ തീർത്ഥാടകരിലും നിക്ഷിപ്തമാണ്. മക്കാക്കുകളെ, മനുഷ്യരുടെ ഭക്ഷണ രുചികളെ ആശ്രയിക്കുന്നതിൽ നിന്ന് തടയേണ്ടത് ഏറെ പ്രധാനമാണ്. അത്തരമൊരു ആശ്രിതത്വം അവരുടെ സ്വഭാവത്തെ കൂടുതൽ മാറ്റിമറിക്കുകയും കാടിന്‍റെ പുനരുജ്ജീവനത്തിലെ ഒരു പ്രധാന ഘടകമായ വിത്ത് വ്യാപനത്തിലെ അവരുടെ പ്രധാന പങ്കിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് പൂങ്കാവനത്തെ തന്നെ ദുർബലപ്പെടുത്താന്‍ ഇടയാക്കുന്നു.
തീർത്ഥാടകരും ശരണപാതയിലെ കച്ചവടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണമാണ് ഇത്തരം ശ്രമങ്ങളുടെ വിജയം ഉറപ്പാക്കുന്നത്. വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കുക, വനങ്ങളില്‍ നിന്ന് ചവറ്റുകൂട്ടകളും മാലിന്യ കൂമ്പാരങ്ങളും ഒഴിവാക്കുക, വസ്ത്രങ്ങള്‍ നദിയിൽ ഒഴുക്കാതിരിക്കുക, പരമാവധി പ്ലാസ്റ്റിക്കുകളും ജംഗ് ഫുഡുകളും പൂങ്കാവനത്തിലേക്ക് കയറ്റാതിരിക്കുക... തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ പൂങ്കാവനത്തിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയും പെരുമാറ്റവും സംരക്ഷിക്കുന്നതിൽ തീർത്ഥാടകരാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. മനുഷ്യനും പ്രകൃതിയ്ക്കും ഇടയില്‍ യോജിപ്പുള്ള സഹവർത്തിത്വം പരിപോഷിപ്പിക്കുന്നതിനും റിസർവ് വനം ശാന്തവും പവിത്രവുമായ അന്തരീക്ഷമായി തുടരുന്നതിനും ഈ കൂട്ടായ ഉത്തരവാദിത്തം അത്യന്താപേക്ഷിതമാണ്.
സിംഹവാലൻ മക്കാക്ക് പെരിയാർ റിസർവിലെ ജൈവവൈവിധ്യത്തിന്‍റെ പ്രതീകം മാത്രമല്ല, കാടിന്‍റെ പാരിസ്ഥിതിക ആരോഗ്യ സംരക്ഷണത്തിലെ ഒരു പ്രധാന ആണിക്കല്ലാണ്. ഓരോ ആവാസ വ്യവസ്ഥയുടെ സമഗ്രത നിലനിർത്തുന്നതും സംരക്ഷിക്കുന്നതും അതാത് ആവാസ വ്യവസ്ഥയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് നിർണായകമാണ്. ശബരിമല തീർത്ഥാടനം മതവിശ്വാസവുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമുള്ള ഒന്നാണെങ്കിലും അത്, പൂങ്കാവനത്തിന്‍റെ സംരക്ഷകരും പരിപോഷകരുമായ ഈ പ്രൈമേറ്റുകളുടെ സ്വാഭാവിക പെരുമാറ്റ രീതികളെയും ആവാസവ്യവസ്ഥയെയും അതിജീവനത്തെയും വെല്ലുവിളിക്കുന്നു.
പൂങ്കാവനത്തിന്‍റെ സംരക്ഷണം കൂടി ശരണപാതയിലെത്തുന്ന ഓരോ സ്വാമിമാരും ഏറ്റെടുക്കുമ്പോൾ മാത്രമാണ് അവിടെ ദൈവീകമായ ചൈതന്യം അനുഭവപ്പെടുക. പൂങ്കാവനമില്ലാതെ അയ്യനില്ലെന്ന ഉയർന്ന ബോധ്യത്തോടെയും ബോധവൽക്കരണത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും മാത്രമേ ഈ അളവറ്റ സമ്പത്തിന്‍റെ സാംസ്കാരികവും പാരിസ്ഥിതികവും ജൈവികവുമായ നിധികൾ നമുക്ക് സംരക്ഷിക്കാൻ കഴിയൂ. വരും തലമുറകൾക്കായി അതിന്‍റെ സംരക്ഷണം ഉറപ്പാക്കാന്‍ നാമോരുരുത്തരും ബാധ്യസ്ഥരാണ്. പവിത്രമായ ഈ പാതയിലൂടെ അയ്യനെ കാണാനെത്തുന്ന ഓരോ വിശ്വാസിയും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ സർവ്വാത്മനാ ബാധ്യസ്ഥരാണെന്ന് വീണ്ടും വീണ്ടും ഓര്‍ക്കുക.
(സേതു പാർവതി, പെരിയാർ കടുവാ സങ്കേതത്തിലെ പ്രകൃതി വിദ്യാഭ്യാസ ഓഫീസർ)