ഓലമേഞ്ഞ ഈ കൊച്ചുവീട് നിറയെ പുസ്തകങ്ങളാണ്; ഇങ്ങനെയുമുണ്ട് മനുഷ്യര്‍!

By Web Team  |  First Published Jun 19, 2019, 6:28 PM IST

കിടപ്പുമുറിയും ഇടനാഴിയും നിറഞ്ഞു കവിയുന്ന അറിവിന്റെ ലോകം. പുസ്തകങ്ങളോരോന്നും അദ്ദേഹത്തോട് അത്രക്കടുപ്പമുണ്ടെന്നു തോന്നിപ്പോകും,  ഓരോന്നും ഇരിക്കുന്ന സ്ഥാനം അദ്ദേഹം പറയുന്നതുകേട്ടാല്‍, ചിരപരിചിതരായവരെപ്പോലെ അവര്‍ അടുത്ത് ഇടപഴകുന്നത് കണ്ടാല്‍. നിരൂപ വിനോദ് എഴുതുന്നു.

 


അവിടെ നിന്നും നടന്നു പുറകിലൂടെ ഒരു ചെറിയ വീടിന്റെ മുന്നിലെത്തി. നെല്‍പാടത്തേക്കു അഭിമുഖമായി നില്‍ക്കുന്ന ഓലമേഞ്ഞ, വെട്ടുകല്ലുകള്‍ കെട്ടിയ ഒരു കൊച്ചുവീട്. ഇടുങ്ങിയ കിടപ്പുമുറിയും ഒരു ചെറിയ ഇടനാഴിയും കുഞ്ഞടുക്കളയും ഉള്ള കുടില്‍. പുറത്തു നിന്നും കൊത്തുകല്ലുകള്‍ കയറി വീടിനുള്ളിലേക്ക്.  കാലെടുത്തുവെച്ചതും ഞെട്ടിത്തരിച്ചു നിന്നുപോയി.


 

Latest Videos

undefined

പ്രവാസിയുടെ അവധിക്കാലങ്ങള്‍ മരുപ്പച്ചപോലെയാണ്. കാലം കരുതിവെക്കുന്ന മുത്തുകളാണ് ഓരോ അവധിക്കാലവും. അവധിക്കാലയാത്രകള്‍ എന്നും കൗതുകം നിറഞ്ഞതാണ്. പ്രത്യേകിച്ച് മുന്‍കൂട്ടി തീരുമാനിക്കപ്പെടാത്തവ. അത്തരത്തിലൊരു യാത്രയിലാണ് ശ്രീകുമാറിനെ (സ്വകാര്യത പ്രധാനമായി കരുതുന്ന ഒരാളായതിനാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് നല്‍കുന്നില്ല) കണ്ടുമുട്ടിയത്. ഒരേ പാതയിലെ അന്വേഷണത്തില്‍ എവിടെയോ കൂട്ടിമുട്ടിയ കണ്ണിയായിരുന്നു അദ്ദേഹം. മുന്‍വര്‍ഷത്തെ യാത്രയിലും അദ്ദേഹത്ത വിളിച്ചിരുന്നു. എന്നാല്‍ ഇത്തവണയാണ് കാണാന്‍ കഴിഞ്ഞത്. രാമശ്ശേരി ഇഡ്ഡലി കഴിച്ചു മുന്നോട്ടു നീങ്ങിയപ്പോളാണ് അദ്ദേഹത്തിന്റെ ഗ്രാമം അടുത്തെവിടെയോ ആണെന്ന ഓര്‍മ വന്നത്. മൊബൈല്‍ എടുത്തു വിളിച്ചു, അങ്ങേ തലക്കല്‍ ശ്രീകുമാറിന്റെ ശബ്ദം. ജോലി ചെയ്യുന്ന അമ്പലത്തിലേക്കുള്ള വഴി പറഞ്ഞു തന്നു.
 
പാലക്കാടന്‍ ഗ്രാമീണഭംഗി തുളുമ്പിയ ഗ്രാമത്തിലെ ക്ഷേത്രമുറ്റത്ത് വെച്ച് ശ്രീകുമാറിനെ കണ്ടു. ഒരു സാധാരണ കണക്കെഴുത്തുകാരന്‍. ഉള്ളത് കൊണ്ട് അന്തസ്സായി,സുഖമായി ജീവിക്കുന്ന നാട്ടുമ്പുറത്തുകാരന്‍. അത്രയേ കരുതിയുള്ളൂ. പതിവ് വിശേഷങ്ങള്‍ പങ്കുവെച്ചു, വീട്ടിലേക്കു ക്ഷണിച്ചു. സമയക്കുറവു കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നു പറഞ്ഞു. ഒന്നു രണ്ടു പ്രധാന ചരിത്ര സംബന്ധിയായ കുറിപ്പുകള്‍ വേണ്ടിയിരുന്നു. അത് വീട്ടില്‍ നിന്നെടുക്കാമെന്നദ്ദേഹം പറഞ്ഞപ്പോള്‍ സമ്മതിച്ചു. ഗ്രാമത്തിന്റെ ഉള്ളിലേക്ക് ശ്രീകുമാറുമായി കാര്‍ ഓടിത്തുടങ്ങി. വീതി കുറഞ്ഞു കുറഞ്ഞു വന്ന നാട്ടുവഴി ഒരു മതിലില്‍ അവസാനിക്കുന്നിടത്തു കാര്‍ നിര്‍ത്തി. അവിടെ നിന്നും നടന്നു പുറകിലൂടെ ഒരു ചെറിയ വീടിന്റെ മുന്നിലെത്തി. നെല്‍പാടത്തേക്കു അഭിമുഖമായി നില്‍ക്കുന്ന ഓലമേഞ്ഞ, വെട്ടുകല്ലുകള്‍ കെട്ടിയ ഒരു കൊച്ചുവീട്. ഇടുങ്ങിയ കിടപ്പുമുറിയും ഒരു ചെറിയ ഇടനാഴിയും കുഞ്ഞടുക്കളയും ഉള്ള കുടില്‍. പുറത്തു നിന്നും കൊത്തുകല്ലുകള്‍ കയറി വീടിനുള്ളിലേക്ക്.
 
കാലെടുത്തുവെച്ചതും ഞെട്ടിത്തരിച്ചു നിന്നുപോയി. ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന ഇടം ഒഴിച്ചാല്‍ ചുവരുകള്‍ നിറയെ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍. പഴയതും പുതിയതും അത്യപൂര്‍വം കോപ്പികള്‍ മാത്രമുള്ളവയും, അങ്ങനെ അങ്ങനെ. ഉള്ളിലെ ഗന്ധം പഴയ കോളേജ് ലൈബ്രറി ഓര്‍മപ്പെടുത്തി. കിടപ്പുമുറിയും ഇടനാഴിയും നിറഞ്ഞു കവിയുന്ന അറിവിന്റെ ലോകം. പുസ്തകങ്ങളോരോന്നും അദ്ദേഹത്തോട് അത്രക്കടുപ്പമുണ്ടെന്നു തോന്നിപ്പോകും,  ഓരോന്നും ഇരിക്കുന്ന സ്ഥാനം അദ്ദേഹം പറയുന്നതുകേട്ടാല്‍, ചിരപരിചിതരായവരെപ്പോലെ അവര്‍ അടുത്ത് ഇടപഴകുന്നത് കണ്ടാല്‍.
 
ഇത്രയും സമ്പന്നമായ അദ്ദേഹത്തിന്റെ വീട് പോലെ തന്നെ സമ്പന്നമാണ് അദ്ദേഹത്തിന്റെ അറിവും. ഐശ്വര്യവും സമ്പത്തും ധനമാണെന്നു കരുതുന്ന സമൂഹത്തില്‍ ഇത്രയും ചെറിയ വലിയ ഒരു വീടും അതി സമ്പന്നനായ ഒരു വീട്ടുടമയും. അമ്മ നല്‍കിയ കട്ടന്‍ കാപ്പിയും കുടിച്ചു പുറത്തേക്കിറങ്ങിയപ്പോള്‍ പുസ്തകച്ചുവരില്‍ ഒരു പഴയ മങ്ങിയ കടലാസ് ബോര്‍ഡ് ,'പുസ്തകങ്ങള്‍ ചോദിക്കരുത്'. 

ആഹാരത്തെക്കാള്‍ പുസ്തകങ്ങള്‍ക്ക് വില കൊടുക്കുന്ന ശ്രീകുമാര്‍, അങ്ങനെ എഴുതാനേ നിങ്ങള്‍ക്ക് കഴിയൂ.

click me!