Science : മിന്റ് മിഠായിയുടെ തണുപ്പിന് കാരണമെന്താണ്?

By Web Team  |  First Published Aug 22, 2022, 4:22 PM IST

എന്താണ്, മിന്റ്  നല്‍കുന്ന തണുപ്പിന് പിന്നിലുള്ള രഹസ്യം- തുളസി ജോയ് എഴുതുന്നു


മെന്തോള്‍ അടങ്ങിയ വേദനസംഹാരികള്‍ സ്‌പ്രേ ചെയ്യുകയോ, പുരട്ടുകയോ ചെയ്യുമ്പോഴും മിന്റ് മിഠായികള്‍  വായില്‍ ഇടുമ്പോഴുമെല്ലാം 'ആ ഭാഗത്ത് തണുപ്പുണ്ട് '- എന്ന വൈദ്യുത സിഗ്‌നല്‍ ആണ്  ന്യൂറോണുകളിലൂടെ  തലച്ചോറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. ആ ശരീര ഭാഗത്തിന് മരവിപ്പ് അനുഭവപ്പെടുന്നത്  ഇങ്ങനെയാണ്. 

 

Latest Videos

undefined

 

മെന്തോള്‍ അഥവാ മിന്റ് അടങ്ങിയ  മിഠായികളും, ആഫ്റ്റര്‍ ഷേവ് ലോഷനും, വേദനസംഹാരികളും ഒക്കെ  നമുക്ക് സുപരിചിതമാണ്. എന്താണ്, മിന്റ്  നല്‍കുന്ന തണുപ്പിന് പിന്നിലുള്ള രഹസ്യം?

അന്തരീക്ഷത്തിന്റെ ചൂട് കൂടുന്നതും തണുക്കുന്നതും ചൂടുള്ള വസ്തുക്കളിലും തണുത്തവയിലും  നമ്മള്‍ തൊട്ട് തിരിച്ചറിയുന്നതും  എല്ലാം ചര്‍മ്മത്തില്‍ മുഴുവനും വ്യാപിച്ചു കിടക്കുന്ന  നാഡീ വ്യവസ്ഥയുടെ  സഹായത്തോടെയാണ്. നാഡികളിലെ ന്യൂറോണുകളില്‍ ഉള്ള പ്രോട്ടീന്‍ സ്വീകര്‍ത്താക്കളാണ് ചൂടും, തണുപ്പും അവയിലെ വ്യതിയാനങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്നത്.

മിന്റ് അടങ്ങിയ വസ്തുക്കള്‍ ന്യൂറോണുകളിലെ  തണുപ്പ് തിരിച്ചറിയുന്ന സ്വീകരിണികളെ ഉദ്ദീപിപ്പിക്കുന്നു. മിന്റ് സമം തണുപ്പ് എന്നതാണ് ന്യൂറോണുകള്‍  വായിച്ചെടുക്കുന്ന സമവാക്യം എന്ന് വേണമെങ്കില്‍ പറയാം. മെന്തോള്‍ അടങ്ങിയ വേദനസംഹാരികള്‍ സ്‌പ്രേ ചെയ്യുകയോ, പുരട്ടുകയോ ചെയ്യുമ്പോഴും മിന്റ് മിഠായികള്‍  വായില്‍ ഇടുമ്പോഴുമെല്ലാം 'ആ ഭാഗത്ത് തണുപ്പുണ്ട് '- എന്ന വൈദ്യുത സിഗ്‌നല്‍ ആണ്  ന്യൂറോണുകളിലൂടെ  തലച്ചോറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. ആ ശരീര ഭാഗത്തിന് മരവിപ്പ് അനുഭവപ്പെടുന്നത്  ഇങ്ങനെയാണ്. 

ന്യൂറോണുകളെ പറ്റിച്ച് നമ്മളെ തണുപ്പ് അനുഭവിപ്പിക്കുന്ന മെന്തോള്‍ എന്ന  ഈ സൂത്രക്കാരന്റെ പ്രവര്‍ത്തനം കണ്ണിലും, മൂക്കിലും, വായിലുമൊക്കെ വളരെ തീവ്രമായി അനുഭവപ്പെടും.

കാരണം, ഈയിടങ്ങളില്‍  നാഡികളുടെ  സ്വീകരിണികള്‍ ചര്‍മ്മത്തോട്  വളരെ ചേര്‍ന്നാണ് ഉള്ളത്. പച്ചമുളകോ, കാന്താരിയോ എരിവിനൊപ്പം ചൂടുള്ള പോലത്തെ പുകച്ചില്‍ ഉണ്ടാക്കുന്നതും  ഇതേപോലെ ന്യൂറോണുകളിലെ താപ സ്വീകാരികളെ ഉദ്ദീപിപ്പിക്കുന്നത് കൊണ്ടാണ്.

click me!