മൂന്നര പതിറ്റാണ്ട് മുന്നേയുള്ള മുന്നറിയിപ്പ്; ഭാവി തലമുറയോട് നാമെന്ത് പറയും?

By Balu KG  |  First Published Aug 2, 2024, 11:31 AM IST

" നിലമ്പൂര്‍ വനമേഖലയുടെ തികച്ചും സ്വാഭാവികത്തുടര്‍ച്ചയെന്ന് മാത്രമല്ല, ഭൂസ്ഥിതി പരമായി കിഴക്കന്‍ അടിമണ്ണിന്‍റെ കാവല്‍ക്കാരനുമാണ് ഈ സെന്‍റിനല്‍ റോക്ക്. ചൂരല്‍മല പ്രദേശങ്ങള്‍ കൂടി ജൈവമേഖലയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുകയും ഒരു പ്രകൃതി സർവകലാശാലയുടെ മാതൃകയായി വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടത് നമ്മോടു മാത്രമല്ല, ഭാവിതലമുറകളോടും ചെയ്യുന്ന കാരുണ്യമെങ്കിലുമായിരിക്കും."  മൂന്നര പതിറ്റാണ്ട് മുമ്പ് ആര്‍ ഗോപിനാഥന്‍ മാഷ് എഴുതി. 



"1984 ജൂണ്‍ - ജൂലൈ മാസങ്ങളില്‍ വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26. മുണ്ടക്കൈ, തകരപ്പാടി അരണിമലയിലായിരുന്നു അന്നത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ രേഖപ്പെടുത്തിയത്. അന്നത്തെ ഉരുള്‍പൊട്ടലില്‍ കരിമറ്റം ഏസ്റ്റേറ്റ് ബംഗ്ലാവ് അടക്കം ഒലിച്ച് പോയി. ഉരുള്‍പൊട്ടലില്‍ കാണാതായ മകന്‍റെ അറ്റുപോയ കാല്‍പാദവും പൊതിഞ്ഞ് പിടിച്ച് പോകുന്ന ഒരമ്മയുടെ ചിത്രം വലിയ നോവായി വായനക്കാരില്‍ അവശേഷിച്ചു. ഉരുള്‍പൊട്ടലില്‍ മരിച്ച മുള്ളന്‍ പന്നിയുടെ ജഡം പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോകുന്ന ചിത്രം പത്രങ്ങളില്‍ വന്നത് വലിയ വിവാദത്തിന് തിരി കൊളുത്തി. അരണിപ്പുഴ ഗതിമാറിയൊഴുകി. ഉരുള്‍പൊട്ടിയ സ്ഥലത്തേക്ക് വലിയ തോതില്‍ ജനപ്രവാഹമുണ്ടായി." (മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ 1984 ജൂലൈ ലക്കം കേരളശബ്ദത്തില്‍ ശ്രീധരന്‍ നമ്പ്യാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ചിത്രങ്ങളും ഉദ്ധരിച്ചത്..)

വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1986 മാര്‍ച്ച് 6 -ാം തിയതി കേരളാ കൗമുദി പത്രത്തിന്‍റെ കോഴിക്കോട് എഡിഷനില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്നേക്ക് കൃത്യം മുപ്പത്തിയെട്ട് വര്‍ഷം മുമ്പെഴുതിയ ആ ലേഖനത്തിലും പറഞ്ഞത് ഒരേയൊരു കാര്യം, മുണ്ടക്കൈയില്‍ വീണ്ടുമൊരു ഉരുള്‍പൊട്ടാം. അന്ന് ദുരന്തം അതിഭീകരമായിരിക്കും. ആ ലേഖനമെഴുതിയത് തിരുവനന്തപുരം സ്വദേശിയും അന്ന് കല്പറ്റ ഗവണ്‍മെന്‍റ് കോളേജിലെ മലയാളം അധ്യാപകനുമായ ആർ ഗോപിനാഥന്‍. വീണ്ടും നാല്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആ ലേഖനം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ദുരന്തകാലത്ത് മലയാളി വീണ്ടും മുന്നറിയിപ്പുകളോർത്ത് നെടുവീര്‍പ്പെട്ടു. 

Latest Videos

undefined

(1. 1984 ല്‍ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചത്ത മുള്ളന്‍ പന്നിയുടെ മൃതദേഹം പോലീസുകാര്‍ ജീപ്പില്‍ കയറ്റുന്നു. ഏഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ടറായിരുന്ന ജയചന്ദ്രന്‍, മാതൃഭൂമി പത്രത്തിന്‍റെ വയനാട് ലേഖകനായിരുന്ന കാലത്താണ് ഉരുള്‍പൊട്ടിയതും ഈ ചിത്രം എടുക്കാന്‍ തന്‍റെ ഫോട്ടോഗ്രാഫറോട് ആവശ്യപ്പെടുന്നതും. ചിത്രം മാതൃഭൂമിയില്‍ അച്ചടിച്ച് വന്നു. ഒപ്പം മുള്ളന്‍ പന്നി കഥ സവിസ്തരം അടിച്ച് വന്നു. പിറ്റേന്ന് അദ്ദേഹത്തിന്‍റെ സ്റ്റോറി വിവാദമായി. അത് പോലീസിന് നാണക്കേടുണ്ടാക്കി എന്നത് തന്നെ കാരണം. 2. 1984 ല്‍ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച് പോയ മകന്‍റെ തെറിച്ച് പോയ കാലും പൊതിഞ്ഞ് കൊണ്ട് പോകുന്ന അമ്മ.)

ലേഖനത്തില്‍ പറഞ്ഞത്

കല്പറ്റയില്‍ നിന്നും 24 കിലോമീറ്റര്‍ തെക്ക് കിഴക്കായി കിടക്കുന്ന മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നെല്ലിമുണ്ട, കണ്ണാടി, ചുളക്ക, കാഷ്മീര്‍, നീലിക്കാപ്പ് എന്നീ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രസക്തിയും വിശദമായി പ്രതിപാദിച്ച ലേഖനം. മലമുകളിലേക്കുള്ള വഴി വെട്ടിത്തെളിച്ച് പ്രശ്നത്തിന്‍റെ ഗൌരവം ചോരാതെ എഴുതിയ ലേഖനം. ഇന്നും ആ ലേഖനത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തന്‍റെ ഉള്ളം കൈയിലെന്നവണ്ണം വളരെ വ്യക്തമായി തന്നെ ആര്‍ ഗോപിനാഥന്‍ മാഷ് നമ്മോട് സംസാരിക്കും. താന്‍ നടന്ന് കയറിയ വഴികള്‍, ചെന്ന് കയറിയ വീടുകള്‍, ആറ്റില്‍ നിന്നും കോരി കുടിച്ച തെളിനീര്... ശിഷ്യരും അവരുടെ കുടുംബങ്ങളും നാട്ടുകാരും ഇന്ന് ദുരന്തമുഖത്താണെന്നത് റിട്ടയര്‍മെന്‍റ് ജീവിതത്തില്‍ അദ്ദേഹത്തില്‍ വലിയ വേദനയായി അവശേഷിക്കുന്നു. മുണ്ടക്കൈ, നീലമല, ചൂരല്‍ മല. സെന്‍റിനല്‍ റോക്ക് എന്നിവയുടെ പ്രത്യേകതകളും പാരിസ്ഥിതിക പ്രാധാന്യവും എടുത്ത് പറഞ്ഞാണ് ആ ലേഖനം അവസാനിക്കുന്നത്.  

പക്ഷേ, പിന്നാലെ വന്ന തലമുറ, ഭാവി തലമുറയുടെ സുരക്ഷ കണക്കിലെടുത്തില്ല. റിസോട്ടുകളും അനധികൃത ക്വാറികളും വയനാടന്‍ വനമേഖലയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തുറക്കപ്പെട്ടു. ഒടുവില്‍ നാല്‍പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തന്‍റെ റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുന്ന ആ പഴയ മലയാളം അധ്യാപകന്‍ ഉള്ളുലഞ്ഞ നൊമ്പരത്തോടെ പറയുന്നതും മറ്റൊന്നല്ല. വയനാടിന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലെ ഏറെ പാരിസ്ഥിതിക പ്രധാന്യമുള്ള പീഠഭൂമിക്ക് സമാനമായ ആ പ്രദേശങ്ങളുടെ തന്ത്രപ്രധാനമായ നിലനില്‍പ്പിനെ കുറിച്ചാണ്. സഹ്യപര്‍വ്വതത്തിന്‍റെ പ്രധാന്യത്തെ കുറിച്ചാണ്. 

(ആർ ഗോപിനാഥന്‍ 1986 മാര്‍ച്ച് 6 ന് കേരളാ കൌമുദിയില്‍ എഴുതിയ ലേഖനം.)

ഗോപിനാഥന്‍ മാഷ് ഇന്ന് പറയുന്നത് 

'74 മുതല്‍ വയനാട് മല കയറുന്നതാണ്. കോളേജിലെ പഠനകാലം മുതല്‍ പരിസ്ഥിതിയുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്നു. അങ്ങനെ ഇരിക്കെയാണ് '84 -ല്‍ അവിടെ ഉരുള്‍പൊട്ടുന്നത്. '85 -ല്‍ കല്പറ്റ കോളേജില്‍ അധ്യാപകനായി നിയമനം കിട്ടി വയനാട്ടിലെത്തി. അന്ന് ചൂരല്‍മല, അട്ടത്തുമല പ്രദേശങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ കോളേജിലെത്തിയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇവര്‍ എത്താതെയാകും അങ്ങനെ പ്രിന്‍സിപ്പലിന്‍റെ നിര്‍ദ്ദേശ പ്രകാരം ഞാനും മൂന്നാല് അധ്യാപകരും കുറച്ച് കുട്ടികളെയും കൂട്ടി മേപ്പാടി വഴി മുണ്ടക്കൈയിലേക്ക് പോയി. ആ യാത്ര, പ്രദേശത്തിന്‍റെ മനോഹാരിത മാത്രമല്ല എന്നെ കാണിച്ചത്. മറിച്ച് പ്രദേശം എപ്പോള്‍ വേണമെങ്കിലും ഒരു വലിയ അപകടത്തിന് സജ്ജമാണെന്നതായിരുന്നു. അങ്ങനെയാണ് കേരളാ കൗമുദിയില്‍ ലേഖനം എഴുതിയത്. പക്ഷേ, കുറച്ച് പത്രക്കാര്‍ മാത്രമാണ് അന്ന് അതിനെ കുറിച്ച് വിളിച്ച് സംസാരിച്ചത്.' ഗോപിനാഥന്‍ മാഷ് പണ്ട് നടന്ന് പോയ വഴിയിലെ നീര്‍ച്ചാലുകളിലെ തെളിനീരോര്‍മ്മയില്‍ പറഞ്ഞു. 

പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കേരളം സജീവമായി ഇടപെട്ട് കൊണ്ടിരുന്ന കാലമായിരുന്നു അത്. പക്ഷേ, മുണ്ടെക്കൈയിലെ ഉരുള്‍പൊട്ടലിനെക്കാള്‍ അന്ന് ചര്‍ച്ചയിലുണ്ടായിരുന്നത് എടക്കല്‍ ഗുഹാ സംരക്ഷണമായിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം രംഗത്തിറങ്ങി സമരം നയിച്ചപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി നേരിട്ട് എടക്കല്‍ ഗുഹ സംരക്ഷിക്കാന്‍ തയ്യാറായി. പക്ഷേ, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുണ്ടക്കൈയെ അവഗണിച്ചു. നാട്ടുകാരിറങ്ങി, കൂടുതല്‍ വെള്ളം ഒഴുകി പോകാനായി തോടിന്‍റെ ആഴം കൂട്ടിയത് മാത്രമാണ് അപകട സ്ഥലത്ത് നടന്ന ഏക നീക്കം. 

നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ മുന്നറിയിപ്പ് മറ്റൊരു യാഥാര്‍ത്ഥ്യമായി. ഒലിച്ചിറങ്ങി പോയ മനുഷ്യരില്‍ 296 പേരെ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. നൂറുകണക്കിന് മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. '85 ലെ മുണ്ടക്കൈ യാത്രയില്‍ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കപ്പെട്ടു. അവര്‍ക്ക് കോളേജ് വരെയെത്താന്‍ കെഎസ്ആര്‍ടിസി സൌകര്യം ഏര്‍പ്പെടുത്തി. പക്ഷേ. എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊഴുകാന്‍ തയ്യാറായി നിന്ന മുണ്ടക്കൈയുടെ കാഴ്ച ആ പരിസ്ഥിതി സ്നേഹിയില്‍ വേദനയായി അവശേഷിച്ചു. അദ്ദേഹം വീണ്ടും വീണ്ടും മുണ്ടക്കൈ കയറി. ഒടുവില്‍ തെക്കന്‍ വയനാടിന്‍റെ കൊച്ചു പീഠഭൂമി സംരക്ഷിക്കണമെന്ന് ലേഖനമെഴുതി. 

'കാഴ്ചയിലെ പ്രത്യേകത കൊണ്ട് നാട്ടുകാര്‍ സൂചിപ്പാറയെന്നും ബ്രിട്ടീഷുകാര്‍ സെന്‍റിനല്‍ റോക്ക് എന്നും വിളിക്കുന്ന പാറ, - കാവല്‍ പാറ എന്നാണ് ഞാന്‍ അതിനെ വിളിക്കുന്നത് - തെക്ക് കിഴക്കന്‍ വയനാടിന്‍റെ ആണിക്കല്ലാണ്. വയനാടന്‍ പീഠഭൂമിയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കാവൽ പാറയുടെ നില്‍പ്പ്. സൂചി പോലെ ഉയര്‍ന്നു നില്‍ക്കുന്നത്. അങ്ങനെ കണ്ട് വേണം അവിടെ ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍. ആണിക്കല്ലില്‍ ഇളക്കം തട്ടിയാല്‍ പിന്നെ ആ പ്രദേശം അവിടെ നിലനില്‍ക്കില്ല. ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ സൂചി പാറയ്ക്ക് ഇളക്കം തട്ടിയെന്നാണ് കേള്‍ക്കുന്നത് അത് അത്ര നല്ലൊരു വാര്‍ത്തയല്ല. ഇപ്പോൾ ഉരുൾപൊട്ടിയ പുഞ്ചിരി പാറയും കഴിഞ്ഞ് കാട്ടിൽ കൂടി 8 കിലോമീറ്റര്‍ നടന്നാൽ നാടുകാണി, വഴിക്കാട് വഴി നിലമ്പൂരിലെത്താം. നിലഗിരി ഹിൽസിന്‍റെ അവസാനമാണ് വയനാടൻ പീഠഭൂമി. ഈ പ്രദേശത്തുണ്ടാകുന്ന ഏതൊരു ഉലച്ചിലും പശ്ചിമഘട്ടത്തിന്‍റെ നില നില്പിന്നെ ബാധിക്കും. അത് താഴ്വാരങ്ങളെയും.' നാല്പത് വര്‍ഷം മുമ്പ് തെക്ക് കിഴക്കന്‍ വയനാടിന്‍റെ ഉള്ളറിഞ്ഞ ആ അധ്യാപകന്‍ പറയുന്നു. 

ഗോപിനാഥന്‍ മാഷിന്‍റെ ലേഖനം വന്ന് പിന്നീട് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഗാഡ്ഗിലിനെ പോലും അംഗീകരിക്കാത്ത മലയാളി തന്‍റെ ലേഖനത്തില്‍ എന്ത് പ്രാധാന്യമാണ് നല്‍കുകയെന്നും അദ്ദേഹം ചോദിക്കുന്നു. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്നും കണക്കുകള്‍ കൃത്യമല്ലെന്നും ഉരുളൊഴുകിയ വഴിയുടെ ഉള്ളറിഞ്ഞ ആ അധ്യാപകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള സര്‍ക്കാറിന്‍റെ മനോഭാവം മാറണം. ഒരു പദ്ധതിയും കൈയിലില്ലാതെയാണ് സര്‍ക്കാര്‍ ഇപ്പോഴും പുനരധിവാസം നടത്തുമെന്ന് പറയുന്നത്. വാക്കല്ല പ്രവര്‍ത്തിയാണ് ആവശ്യമെന്നും ആ അധ്യാപകന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

'86 ലെ തന്‍റെ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്...

" നിലമ്പൂര്‍ വനമേഖലയുടെ തികച്ചും സ്വാഭാവികത്തുടര്‍ച്ചയെന്ന് മാത്രമല്ല, ഭൂസ്ഥിതി പരമായി കിഴക്കന്‍ അടിമണ്ണിന്‍റെ കാവല്‍ക്കാരനുമാണ് ഈ സെന്‍റിനല്‍ റോക്ക്. ചൂരല്‍മല പ്രദേശങ്ങള്‍ കൂടി ജൈവമേഖലയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുകയും ഒരു പ്രകൃതി സർവകലാശാലയുടെ മാതൃകയായി വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടത് നമ്മോടു മാത്രമല്ല, ഭാവിതലമുറകളോടും ചെയ്യുന്ന കാരുണ്യമെങ്കിലുമായിരിക്കും." പക്ഷേ, ഭാവിതലമുറയോടോ ജീവിച്ചിരിക്കുന്ന തലമുറകളോടോ കാരുണ്യമുള്ളവരാണോ നമ്മള്‍? ചോദ്യം അവശേഷിപ്പിച്ച് അദ്ദേഹം നെടുവീര്‍പ്പിടുന്നു. 

click me!