ആഘോഷം തുടങ്ങട്ടെ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ക്രിസ്മസ് ആഘോഷം ഒക്ടോബറിൽ തുടങ്ങാൻ വെനിസ്വേല

By Alakananda R  |  First Published Sep 11, 2024, 4:42 PM IST

രാജ്യത്താകട്ടെ  ഭൂരിപക്ഷവും ക്രൈസ്തവരും. ക്രിസ്മസ് നേരത്തെയാക്കിയത് കൊണ്ടൊന്നും തങ്ങളുടെ ബുദ്ധിമുട്ട് മാറില്ലല്ലോ എന്നാണ് തൊഴിലാളികളുടെ പക്ഷം. ആഘോഷിക്കാൻ പണമില്ലാതെ എന്ത് ക്രിസ്മസ് എന്ന് അവരും ചോദിക്കുന്നു.



ത്തവണത്തെ ക്രിസ്മസ് ഒക്ടോബറിൽ ആഘോഷിക്കണം എന്ന് ഉത്തരവിട്ടിരിക്കുന്നു വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോ (Nicolas Maduro). ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റത്തിനിടെ ആഘോഷിക്കാൻ ജനത്തിന്‍റെ കൈയിൽ ഒന്നുമില്ലെന്നത് മറ്റൊരു വശം. മറുവശത്ത് രാജ്യത്ത് മദൂറോയുടെ തെരഞ്ഞടുപ്പ് വിജയം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പ്രതിഷേധം അടിച്ചമർത്തുകയാണ് മദൂറോയുടെ വഴി. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന ഗൊൺസാലസിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിന് തൊട്ടുപിന്നാലെയാണ് ക്രിസ്മസ് ഒക്ടോബറിലേക്ക് മാറ്റിയ ഉത്തരവും വന്നത്.

മദൂറോയുടെ വെളിപാടുകൾ

Latest Videos

undefined

സ്വന്തം ടെലിവിഷൻ ഷോയായ 'മോർ വിത്ത് മദൂറോ' (More with Maduro) -യിലാണ് മദൂറോയ്ക്ക് വെളിപാടുണ്ടായത്. സെപ്തംബറായേയുള്ളൂ. പക്ഷേ, ക്രിസ്മസിന്‍റെ ഗന്ധം പരന്നിരിക്കുന്നു. അതുകൊണ്ട് ക്രിസ്മസ് അങ്ങ് തുടങ്ങിക്കളയാം എന്നായിരുന്നു പ്രഖ്യാപനം. ഒക്ടോബർ ഒന്നിന് തന്നെ തുടങ്ങണമെന്ന്  പിന്നാലെ ഉത്തരവുമിട്ടു. വെനിസ്വേലയിലെ ജനതയ്ക്ക് പക്ഷേ, ഇതൊന്നും ഒരു പുത്തരിയല്ല. മുമ്പും ഉണ്ടായിട്ടുണ്ട് സമാന വെളിപാടുകൾ. കഴിഞ്ഞ വർഷം ക്രിസ്മസ് ആഘോഷം നവംബറിൽ തുടങ്ങാനായിരുന്നു ഉത്തരവ്. 2021 -ൽ കൊവിഡ് വ്യാപനത്തിനിടെയും ക്രിസ്മസ് നേരത്തെ തുടങ്ങി. അന്ന് ഒക്ടോബർ നാലിന്. 2020 -ൽ ഒക്ടോബർ 15 നായിരുന്നു. പക്ഷേ, ഇതൊന്നും വെറും വെളിപാടുകളല്ല എന്നാണ് വിമർശനം.

ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും

കുരുക്കുകൾ മുറുകുന്ന തെരെഞ്ഞെടുപ്പ് അട്ടിമറി

എല്ലാം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് ജനവും നിരീക്ഷകരും പറയുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് മദൂറോ, സ്വന്തം വിജയ പ്രഖ്യാപനം നടത്തിയതെന്നാണ് ആരോപണം. സുപ്രീംകോടതി പക്ഷേ, മദൂറോയെ  വിജയിയായി പ്രഖ്യാപിച്ചു. യുഎന്നിന്‍റെ തെരഞ്ഞെടുപ്പ് നിരീക്ഷകരടക്കം ഫലം വിശ്വാസയോഗ്യമല്ലെന്നാണ് അറിയിച്ചത്. ഫലത്തിന്‍റെ വിശദവിവരങ്ങൾ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കൗൺസിൽ വിസ്സമ്മതിച്ചു. അതേസമയം എതിരാളി എഡ്വാർഡോ ഗോൺസാലസ് (Edmundo Gonzalez) തെരഞ്ഞെടുപ്പ് വിജയിച്ചിരുന്നു എന്നതിന് തെളിവുകൾ കൂടിവരികയാണ്. അതിന്‍റെ പ്രതിഷേധം വ്യാപകം. അടിച്ചമർത്തിനിടെ 2,000 പേരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 28 -നാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രതിഷേധം കടുത്തതോടെ അടിച്ചമർത്തലും തുടങ്ങി.  11 പേരെങ്കിലും ഇതിനകം കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് 24 പേരാണ് കൊല്ലപ്പെട്ടത്.

അതിനെല്ലാമിടെയാണ് ക്രിസ്മസ് പ്രഖ്യാപനം. അതിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ സ്ഥാനാർത്ഥി ഗൊൺസാലസിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കൂടുതൽ ജയിലുകൾ നിർമ്മിക്കാനും മദൂറോ ഉത്തരവിട്ടു. തെരുവുകളിൽ കാണുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനും പോലീസിനോട് ആഹ്വാനം ചെയ്തു.

പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്

സാമ്പത്തിക തകർച്ച

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുകയാണ്. അടിസ്ഥാന വേതനം നാല് ഡോളർ. ജീവിക്കാൻ കഴിയാതെ ജനം നാടുവിടുന്നു. ക്രിസ്മസ് കാലത്താണ് സർക്കാർ ജീവനക്കാർക്ക് ബോണസും സമ്മാനങ്ങളും ഒക്കെ കിട്ടുന്ന കാലം. അതിലൂടെ പ്രതിഷേധം തണുപ്പിക്കാം എന്നാവും മദൂറോയുടെ കണക്കുകൂട്ടൽ.

ക്രിസ്മസ് ക്രിസ്മസില്‍ എന്നുറപ്പിച്ച് എപ്പിസ്കോപ്പൽ കോൺഫറൻസ്

പക്ഷേ, ക്രിസ്മ്സ് അങ്ങനെ തോന്നുമ്പോഴൊക്കെ മാറ്റിക്കളിക്കാൻ പറ്റില്ലെന്നാണ് എപ്പിസ്കോപ്പൽ കോൺഫറൻസിന്‍റെ മുന്നറിയിപ്പ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ളതല്ല ക്രിസ്മസെന്നും അറിയിച്ചു. ഡിസംബറിലെ ക്രിസ്മസ് തുടങ്ങൂവെന്നും കൂട്ടിചേര്‍ത്തു. രാജ്യത്താകട്ടെ  ഭൂരിപക്ഷവും ക്രൈസ്തവരും. ക്രിസ്മസ് നേരത്തെയാക്കിയത് കൊണ്ടൊന്നും തങ്ങളുടെ ബുദ്ധിമുട്ട് മാറില്ലല്ലോ എന്നാണ് തൊഴിലാളികളുടെ പക്ഷം. ആഘോഷിക്കാൻ പണമില്ലാതെ എന്ത് ക്രിസ്മസ് എന്ന് അവരും ചോദിക്കുന്നു.
 

click me!