ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും

By Alakananda RFirst Published Sep 10, 2024, 4:42 PM IST
Highlights


ചെറിയ പെണകുട്ടികളുടെ പോലും ഡീപ് ഫേക് വീഡിയോകള്‍, അതും പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കം ആയിരത്തോളം പേരുള്ള ടെലിഗ്രാം രഹസ്യ ചാറ്റ് റൂമികളില്‍. തെക്കന്‍ കൊറിയ നടപടി ആവശ്യപ്പെട്ടെങ്കിലും ടെലിഗ്രാം ഗൌനിച്ചില്ല. 
 


ടെലിഗ്രാം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് തെക്കൻ കൊറിയ. ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന എഐ നിർമ്മിത 'ഡീപ്ഫേക് പോർണോഗ്രഫി'യാണ് വിഷയം. സ്കൂളുകളും യൂണിവേഴ്സിറ്റികളും ലക്ഷ്യമിട്ടാണ് ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പലപ്പോഴും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇരകൾ. രാജ്യത്ത് ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ കുതിച്ചുയരുന്നത് കാരണം അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ഉദ്യോഗസ്ഥർ. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളും കുറ്റത്തിൽ പങ്കാളികളാണെങ്കിലും അത്തരം പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ ടെലഗ്രാം കാണിക്കുന്ന നിസ്സഹകരണമാണ് പ്രധാന വിഷയം.

ഡീപ്ഫേക് പോർണോഗ്രഫി

Latest Videos

മുഖം മാത്രം ഒറിജിനൽ. ബാക്കിയെല്ലാം ഡീപ് ഫേക്. ഇത്തരം ഡീപ് ഫേക് വീഡിയോകളിൽ സ്വന്തം ചിത്രങ്ങളോ ദൃശ്യങ്ങളോ കണ്ട് മാനസികനില തെറ്റുന്നവരുടെ എണ്ണം രാജ്യത്ത് കൂടുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൗൺസലിംഗ് സെന്‍ററുകളിൽ ഫോണുകൾ നിർത്താതെ ശബ്ദിക്കുന്നു. 'റൗണ്ട് ദ ക്ലോക് എമർജൻസി' എന്നാണ് കൗൺസിലിംഗ് വിദഗ്ധരുടെ വെളിപ്പെടുത്തൽ. ഓരോരുത്തരും അവർക്കറിയാവുന്ന പെൺകുട്ടികളുടെ ചിത്രങ്ങളിടും. മറ്റൊരാൾ അത് ഡീപ് ഫേക് ചിത്രങ്ങളാക്കും. അതാണ് രീതി.

ഒരു വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ കൂടുതലായി പ്രചരിക്കുകയാണെങ്കിൽ ആ പെൺകുട്ടിക്ക് വേണ്ടി ഓൺലൈനിൽ സ്വന്തമായി ഒരു മുറി തന്നെ തയ്യാറാവും, 'അപമാനത്തിന്‍റെ മുറി'. ഇതെല്ലാം അന്വേഷിച്ച് കണ്ടുപിടിച്ച് പ്രസിദ്ധീകരിച്ചത് കോ നരിന്‍ (Ko Narin) എന്ന മാധ്യമപ്രവർത്തക. 'എത്രമാത്രം സംഘടിതമായാണ് ഇതെല്ലാം നടക്കുന്നതെന്ന് കണ്ട് അത്ഭുതപ്പെട്ടു' എന്നാണ് അവർ പറഞ്ഞത്. മിഡിൽ സ്കൂളിലെ കുട്ടികൾ വരെ ഈ മാഫിയ സംഘത്തിന്‍റെ ഇരകളാകുന്നുവെന്ന കണ്ടെത്തൽ രാജ്യത്തെ തന്നെ ഞെട്ടിച്ചു. അപ്പോഴേക്കും ഫ്രാൻസിൽ പാവെൽ ദുറോവ് അറസ്റ്റിലായിരുന്നു. പിന്നാലെ സിയോൾ പൊലീസ്, അന്വേഷണം പ്രഖ്യാപിച്ചു.

കടുത്ത ശിക്ഷ പ്രഖ്യാപിച്ചു സർക്കാർ. ഒപ്പം യുവാക്കളെ ബോധവത്കരിക്കുന്നതും ലക്ഷ്യമാണ്. പലപ്പോഴും ഒപ്പം പഠിക്കുന്ന ആൺകുട്ടികൾ തന്നെയാണ് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങളുടെ ഡീപ് ഫേക് മാതൃകകൾ പ്രചരിപ്പിക്കുന്നത്. അത് കണ്ടാസ്വദിക്കുന്ന സംഘത്തിലും പ്രായപൂർത്തിയാകാത്തവരുണ്ട്. രാജ്യത്തെ 500 -ഓളം സ്കൂളുകളും യൂണിവേഴ്സിറ്റികളും ഇത്തരം സംഘങ്ങളുടെ കേന്ദ്രമാണ്. പബ്ലിക് വെബ്സൈറ്റുകളെ പോലെയല്ല ടെലിഗ്രാം. പൂർണ സ്വകാര്യത. ചാറ്റ് റൂമുകൾ, 'രഹസ്യം' എന്ന് അടയാളപ്പെടുത്തി മാറ്റിവയ്ക്കാം. ഉപയോഗിക്കുന്നത്, 'അജ്ഞാതർ' എന്നും അടയാളപ്പെടുത്താം. എപ്പോൾ വേണമെങ്കിലും ഇത്തരം റൂമുകൾ തന്നെ ഡിലീറ്റ് ചെയ്യാം. ഈ ഓണ്‍ലൈന്‍ രാഹസ്യാത്മക ക്രിമിനൽ സംഘങ്ങൾക്ക് കൊടികുത്തിവാഴാൻ പറ്റിയ സാഹചര്യം സൃഷ്ടിക്കുന്നു.

(ടെലിഗ്രാം ഡീപ്ഫേക്ക് ലൈംഗിക അതിക്രമത്തിനെതിരെ ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഡീപ്ഫേക്ക് വിരുദ്ധ റാലി നടത്തിയപ്പോള്‍.)

എക്സിന് പൂട്ടിട്ട് ബ്രസീലില്‍ ജസ്റ്റിസ് മോറൈസിന്‍റെ 'ഇന്‍റർനെറ്റിന്‍റെ ശുദ്ധികലശം'
 

എൻത് റൂം കേസ്

ഓഗസ്റ്റ് 22 -നാണ് കോ നരിന്‍റെ റിപ്പോർട്ട് ഹാൻക്യോറെ (Hankyoreh) പത്രം പ്രസിദ്ധീകരിച്ചത്. ഒരു ബോട്ടിൽ ക്ലിക് ചെയ്ത് ചെറിയൊരു തുക അടച്ചാൽ ആരുടെ വേണമെങ്കിലും പോർണോഗ്രഫിക് ഡീപ് ഫേക് കിട്ടുമെന്ന വാർത്ത രാജ്യത്തെ ഞെട്ടിച്ചു. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ രണ്ടര ലക്ഷത്തോളം പേർ അതുപയോഗിച്ച് തുടങ്ങിയിരുന്നു എന്നത് കൂടുതൽ അമ്പരപ്പായി. അതോടെ അന്വേഷണമായി. എണ്ണമറ്റ ടെലിഗ്രാം ചാനലുകൾ കണ്ടെത്തി. അന്വേഷണം സർക്കാർ തലത്തിലായി. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് തന്നെ ഇടപെട്ടു. പോലീസും. പ്രായപൂർത്തി ആകാത്തവർ ഉൾപ്പെടുന്ന ചാറ്റ് ഗ്രൂപ്പുകൾ കണ്ടുപിടിച്ചു. അന്വേഷണത്തിന് തീരുമാനമായി. ടെലിഗ്രാം സ്ഥാപകൻ പാവെൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ സംഭവങ്ങളെല്ലാം.

മുന്‍കാല ചരിത്രം

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലുണ്ട് ഇത്തരം കറുത്ത പാടുകൾ. ഡിജിറ്റൽ ലൈംഗിക കുറ്റകൃത്യങ്ങൾ കൂടുതലാണിവിടെ. 2019 -ലാണ് പുരുഷൻമാരുടെ ഒരു ചാറ്റ്‍റൂം കണ്ടെത്തിയത്. ടെലഗ്രാമിൽ, കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ പലപ്രായക്കാരായ സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്ത് ഇവിടെയെത്തിച്ച സംഘത്തിന്‍റെ നേതാവായ ചോ യൂ ബിൻ (Cho Ju-bin -25) 2020 -ൽ അറസ്റ്റിലായി. 42 വർഷത്തെ തടവായിരുന്നു ശിക്ഷ.'എൻത് റൂം' (Nth Room case) എന്നറിയപ്പെട്ട വിവാദത്തിൽ 16 കൗമാരക്കാരുൾപ്പടെ 74 സ്ത്രീകളാണ് ഇരകളായത്.

അന്നും അന്വേഷണത്തിൽ സഹകരിക്കാൻ പൊലീസ് ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പോലീസിന്‍റെ  7 അഭ്യർത്ഥനകളോടും ടെലിഗ്രാം പ്രതികരിച്ചില്ല. ചാറ്റ്‍റൂം സംഘനേതാവിനെ ശിക്ഷിച്ചെങ്കിലും ടെലിഗ്രാമിനെതിരെ നടപടികൾ ഒന്നുമം ഉണ്ടായില്ല. അത് തെറ്റായിപ്പോയി എന്ന് അന്ന് തന്നെ വിമർശനം ഉയർന്നു. കുറ്റകൃത്യം പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവർത്തകയായ പാ‍ർക് യി ഹൂൻ ടെലിഗ്രാം നാട്ടിൽ നിരോധിക്കണെമന്ന പൊതു ആവശ്യത്തിന്‍റെ വക്താവ് കൂടിയാണിന്ന്. പ്രധാന പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടിയുടെ മുൻ സഹനേതാവും. പക്ഷേ, പാർട്ടിയിലും താൻ നേരിട്ടത് ലിംഗ വിവേചനമായിരുന്നു എന്നാണ് പാർക്കിന്‍റെ വെളിപ്പെടുത്തൽ. അതോടെ 'കുഴപ്പക്കാരി' എന്ന പേരു കിട്ടി. തെരഞ്ഞെടുപ്പിലെ മോശം ഫലം കൂടിയായപ്പോൾ ഏകദേശം പുറത്ത്. അങ്ങനെ അത് മതിയാക്കി.

(തെക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് യൂൻ സുക്-യോൾ)

പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്

സ്ത്രീ എന്ന രണ്ടാം പൌര

രാജ്യത്ത് പക്ഷേ, ഓൺലൈൻ ലൈംഗിക കുറ്റകൃത്യങ്ങൾ കൂടി വരികയാണ്. ആദ്യം സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപമായിരുന്നു പ്രശ്നം. പിന്നെയത് സ്പൈ ക്യാമറയായി. പൊതുശൗചാലയങ്ങളിലും ഡ്രസിംഗ് റൂമുകളിലും ക്യാമറകൾ വ്യാപകമായി. ടെക് വ്യവസായത്തിന്‍റെ മുന്നേറ്റം മുതലെടുത്ത് കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുകയും കുറ്റകൃത്യം കൂടുകയും ചെയ്തു.

അപ്പോഴും ഇരകൾ സ്ത്രീകൾ തന്നെ. ഇവർക്ക് കൗൺസിലിംഗ് നൽകുന്ന സംഘടനകൾ പറയുന്നതനുസരിച്ച് സഹായം ചോദിച്ചെത്തുന്നതിൽ കൗമാരക്കാരാണ് കൂടുതൽ. ഈ വർഷം 7 മാസത്തിനിടെ 297 കേസുകൾ. കഴിഞ്ഞ വർഷം ആകെ 180 കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിടത്താണിത്. സ്കൂൾ കോളജ് അധ്യാപകരുടെ വിശ്വാസം ഇത്തരം കുറ്റകൃത്യങ്ങൾ പലതും കണ്ടുപിടിക്കപ്പെടാതെ പോകുന്നു എന്നാണ്. പലപ്പോഴും അധ്യാപകരും അവരറിയാതെ തന്നെ ഇതിന് ഇരകളാകാറുണ്ട്.

ലിംഗ വിവേചനം

ഇതിന്‍റെയെല്ലാം അടിസ്ഥാന കാരണം രാജ്യത്ത് സ്ത്രീകൾ നേരിടുന്ന കടുത്ത ലിംഗ വിവേചനം ആണെന്നാണ് ആരോപണം. ഉന്നത പദവികളിലുള്ള സ്ത്രീകൾ രാജ്യത്ത് കുറവ്. ശമ്പളം പുരുഷൻമാരുടെ മൂന്നിലൊന്ന്. മറ്റേതൊരു രാജ്യത്തെക്കാളും മോശം. കുട്ടികളായാൽ ഭൂരിപക്ഷം സ്ത്രീകൾക്കും ജോലി ഉപേക്ഷിക്കേണ്ടി വരുന്നു. അതുകൊണ്ട് കുട്ടികൾ വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണവും കൂടി വരുന്നു എന്നാണ് കണക്കുകൾ.

ലിംഗസമത്വം ആണ് ശരിയായ പരിഹാരം എന്നാവശ്യപ്പെടുന്നത് വനിതാ സംഘടനകൾ. ലിംഗവിവേചനത്തിന്‍റെ അടിവേരുകൾ രാജ്യത്തെ എല്ലാ മേഖലകളിലും പടർന്നിരിക്കുന്നു എന്നാണ് ആരോപണം. ബാങ്കിൽ ക്ലർക്കായി ജോലിക്ക് കയറിയ സ്ത്രീക്ക് ആദ്യ ദിവസം കിട്ടിയ ജോലി സഹപ്രവർത്തകർക്ക് ഭക്ഷണമുണ്ടാക്കലും പുരുഷന്മാരുടെ ടോയ്‍ലറ്റിലെ ടവ്വലുകൾ കഴുകലുമായിരുന്നുവെന്ന് ബിബിസി രണ്ട് വർഷം മുമ്പുള്ള ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഒപ്പം അതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ വനിതാ സഹപ്രവർത്തകർ തന്നെ നിരുത്സാഹപ്പെടുത്തിയെന്നും.

(ടെലിഗ്രാം ഡീപ്ഫേക്ക് ലൈംഗിക അതിക്രമത്തിനെതിരെ ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഡീപ്ഫേക്ക് വിരുദ്ധ റാലി നടത്തിയപ്പോള്‍.)

മൂണ്‍ഫിഷ് മരിച്ചതെങ്ങനെ? യുഎസ് യുദ്ധവിമാനം എഫ് 16 ന്‍റെ തകർച്ച അന്വേഷിക്കാന്‍ യുക്രൈയ്ന്‍

മീ ടു

2018 -ൽ തന്നെ 'മീ ടൂ' (Me Too) വെളിപ്പെടുത്തലുകൾ ഉലച്ച രാജ്യമാണ് ദക്ഷിണ കൊറിയ. പക്ഷേ, അതിനെ തുടർന്നുണ്ടായത് സ്ത്രീവിരുദ്ധ വികാരമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സ്ത്രീകൾ മേൽക്കൈ നേടുന്നുവെന്ന് തോന്നിയതോടെ യുവാക്കൾ സടകുടഞ്ഞെണീറ്റു. ഫെമിനിസം ഒരു മോശം വാക്കായി ചിത്രീകരിക്കപ്പെട്ടു. സ്ത്രീസമത്വം ഉണ്ടായിക്കഴിഞ്ഞു. ഇനിയതൊരു വിഷയമല്ല എന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷി വോട്ട് തേടിയത്. ലിംഗസമത്വത്തിനായുള്ള മന്ത്രാലയം തന്നെ പിരിച്ചുവിടമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും പ്രസിഡന്‍റ് യൂൺ (Yoon Suk Yeol)മുന്നോട്ട് വച്ചു. അതിന്‍റെ പേരിൽ യുവാക്കളുടെ വോട്ടും വാങ്ങിക്കൂട്ടി.

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വിദ്യാർത്ഥികളെ ബോധവത്കരിക്കണം എന്നാണ് പ്രസിഡന്‍റ് യൂണിന്‍റെ അഭിപ്രായം. വെറുമൊരു വികൃതിയായി ഇത് അവഗണിക്കരുത്. മാനസിക പ്രശ്നമാണ്. സാങ്കേതിക വിദ്യ മുതലെടുത്തുള്ള കുറ്റകൃത്യം തന്നെയാണ് എന്ന് പറയുന്നു യൂൺ. പക്ഷേ, എല്ലാ മേഖലയിലെയും ഔദ്യോഗിക നിലപാടിലുമുള്ള ലിംഗവിവേചനം ആദ്യം അവസാനിപ്പിക്കൂ എന്നാവശ്യപ്പെടുന്നു വനിതാ സംഘടനകൾ ആവശ്യപ്പെട്ടത്. പക്ഷേ, പതിവ് പോലെ കാതലായ അവശ്യത്തിന് മാത്രം മറുപടിയില്ല.

തായ്‍ലന്‍ഡ് ഇനി 'ഡാഡീസ് ഗേൾ' നിയന്ത്രിക്കും, പക്ഷേ പിന്നില്‍ നിഴലായി അച്ഛനുണ്ടാകുമോ?

click me!