മൂണ്‍ഫിഷ് മരിച്ചതെങ്ങനെ? യുഎസ് യുദ്ധവിമാനം എഫ് 16 ന്‍റെ തകർച്ച അന്വേഷിക്കാന്‍ യുക്രൈയ്ന്‍

By Alakananda RFirst Published Sep 5, 2024, 12:16 PM IST
Highlights


യുക്രൈയിന് കനത്ത തിരിച്ചടിയായിരുന്നു മൂണ്‍ഫിഷിന്‍റെ മരണം. റഷ്യൻ മേഖലയായ കുർസ്കിലേക്കുള്ള അധിനിവേശത്തിലൂടെ റഷ്യയെ ഞെട്ടിച്ചിരുന്നു യുക്രൈയ്ൻ. പ്രതിരോധിക്കാൻ പേലും കഴിയാത്ത നിസ്സഹായതയാണ് ആദ്യം ക്രെംലിന്‍റെ ഭാഗത്ത് നിന്നും കണ്ടത്. 

മേരിക്കയുടെ എഫ് 16 യുദ്ധവിമാനം തകർന്ന് തങ്ങളുടെ പൈലറ്റ് മരിച്ചെന്ന് യുക്രൈയ്ൻ സ്ഥിരീകരിച്ചു. ഒപ്പം കുഴപ്പം പൈലറ്റിന്‍റേതല്ലെനന്നും വ്യക്തമാക്കി. അന്വേഷണത്തിനാണ് തീരുമാനം. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷിക്കും. റഷ്യൻ ആക്രമണം പ്രതിരോധിക്കാൻ അയച്ച എഫ് 16 വിമാനങ്ങളിലൊന്നാണ് തകർന്നത്. എങ്ങനെയെന്ന് വ്യക്തമായില്ല. റഷ്യൻ ആക്രമണമേറ്റിട്ടില്ല എന്നാണ് ആദ്യ നിഗമനം. മരിച്ചത് 'മൂണ്‍ഫിഷ്' (Moonfish) എന്ന് വിഖ്യാതനായ ഒലെക്സി മൂണ്‍ഫിഷ് മെസ് (Oleksii Moonfish Mes) ആണ്. വിദഗ്ധൻ. അമേരിക്കൻ യുദ്ധവിമനങ്ങൾ പറത്താൻ പരിശീലനം നേടിയ യുക്രൈയ്നിലെ ചുരുക്കം പൈലറ്റുമാരിൽ ഒരാൾ. യുക്രൈയിന് സംഭവിച്ച നഷ്ടം നികത്താൻ പ്രയാസമെന്നർത്ഥം. പ്രത്യേകിച്ചും രാജ്യം, റഷ്യയ്ക്കെതിരെയുള്ള യുദ്ധമുഖത്ത് നില്‍ക്കുമ്പോൾ.

എഫ് 16 യുദ്ധവിമാനങ്ങൾ യുക്രൈയ്ന് കിട്ടിയത് ഒരുപാട് നാളത്തെ കാത്തിരിപ്പിനും സമ്മർദ്ദങ്ങൾക്കും  കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും ശേഷമാണ്. ആറെണ്ണം കിട്ടിയെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം തുടങ്ങിയ കാലത്ത് ആവശ്യപ്പെട്ട് തുടങ്ങിയതാണ് യുക്രൈയ്ന്‍. പക്ഷേ പടിഞ്ഞാറൻ രാജ്യങ്ങൾ വഴങ്ങിയില്ല. ഒടുവില്‍ നെയ്റ്റോ (NATO) സഖ്യത്തിലെ നെതർലൻഡ്സും ഡെൻമാർക്കുമാണ് ആദ്യം സമ്മതിച്ചത്. പിന്നെയും സമയമെടുത്താണ് അമേരിക്കയുടെ പച്ചക്കൊടി വന്നത്. അങ്ങനെ പൈലറ്റുമാർക്ക് പരിശീലനം തുടങ്ങി. സാധാരണഗതിയിൽ 3 വർഷമെടുക്കുന്ന പരിശീലനം. പക്ഷേ, യുക്രൈയിന് അത്രയും സമയമുണ്ടായിരുന്നില്ല. ആറുമാസം കൊണ്ട് പൂർത്തിയാക്കേണ്ടിവന്നു പരിശീലനം. ആ പൈലറ്റ് സംഘത്തിലെ അംഗമായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട മൂണ്‍ഫിഷ്.  

Latest Videos

(യുക്രൈന്‍ പൈലറ്റ് ഒലെക്സി മൂണ്‍ഫിഷ് മെസ്)

എക്സിന് പൂട്ടിട്ട് ബ്രസീലില്‍ ജസ്റ്റിസ് മോറൈസിന്‍റെ 'ഇന്‍റർനെറ്റിന്‍റെ ശുദ്ധികലശം'

വിമാനങ്ങൾ തങ്ങൾക്ക് മേൽക്കൈ നൽകുമെന്നായിരുന്നു യുക്രൈയിന്‍റെ പ്രതീക്ഷ. പക്ഷേ പ്രതീക്ഷിച്ചത്ര പ്രയോജനം കിട്ടിയില്ല. റഷ്യൻ വിമാനങ്ങളുടെ ആക്രമണം തടുക്കാനും പ്രത്യാക്രമണത്തിനും പ്രയോജനപ്പെട്ടെന്ന് മാത്രം. എഫ് 16 എന്ന സിംഗിൾ സീറ്റ്, സിംഗിൾ എൻജിൻ വിമാനം ആദ്യം നിർമ്മിച്ചത് ജെനറൽ ഡൈനാമിക്സ് (General Dynamics) ആണ്. ഇപ്പോൾ ലോക്ഹീഡ് മാർട്ടിന്‍റെ (Lockheed Martin) ഭാഗം. അതേസമയം നെയ്റ്റോയുടെ (NATO) ആധുനിക ആയുധങ്ങൾ ഉപയോഗിച്ചാലേ എഫ് 16 വിമാനങ്ങൾക്ക് വിദൂരലക്ഷ്യങ്ങൾ ആക്രമിക്കാൻ സാധിക്കൂ. യുക്രൈയ്ന് അതിന് അനുവാദമില്ലെന്നത് മറ്റൊരു കാര്യം. ചുരുക്കം പറഞ്ഞാൽ പേരിന് എഫ് 16 ലഭിച്ചു. പക്ഷേ, പൂർണ ഉപയോഗം നടന്നിട്ടില്ല. 

എഫ് 16 -ന് വേണ്ടിയുള്ള യുക്രൈയ്ൻ ക്യാംപെയിന്‍റെ മുഖമായിരുന്നു മൂണ്‍ഫിഷും ജൂസ് (Juice) എന്നറിയപ്പെട്ടിരുന്ന അന്‍ഡ്രി പിൽസികോവും (Andriy Pilschikov). എഫ് 16 അവരുടെ സ്വപ്നമായിരുന്നു. പക്ഷേ, ജൂസ് കഴിഞ്ഞ ഓഗസ്റ്റിൽ യുദ്ധത്തിനിടെ മരിച്ചു. ആ സ്ഥാനം കൂടി ഏറ്റെടുത്തു മൂൺഫിഷ്. ഇനി മൂൺഫിഷുമില്ല. അതേസമയം, ആധുനിക റഷ്യൻ വിമാനങ്ങളോട് എതിരിടാൻ തക്ക കഴിവ് എഫ് 16 -ന് ഇല്ലെന്നാണ് വിദഗ്ധരിൽ ഒരു പക്ഷത്തിന്‍റെ വാദം. റഷ്യയുടെ എസ്‍യു 35 ജെറ്റുകളാണ് എഫ് 16 -നുള്ള ഏറ്റവും വലിയ ഭീഷണി. എന്തായാലും അപകടത്തെത്തുടർന്ന് വ്യോമസേനാ തലവനെ പ്രസിഡന്‍റ് സെലൻസ്കി മാറ്റി. മാറ്റത്തിന് കാരണം അപകടമാണ് പറഞ്ഞില്ലെന്ന് മാത്രം.

യുക്രൈയിന് കനത്ത തിരിച്ചടിയായിരുന്നു മൂണ്‍ഫിഷിന്‍റെ മരണം. റഷ്യൻ മേഖലയായ കുർസ്കിലേക്കുള്ള അധിനിവേശത്തിലൂടെ റഷ്യയെ ഞെട്ടിച്ചിരുന്നു യുക്രൈയ്ൻ. പ്രതിരോധിക്കാൻ പേലും കഴിയാത്ത നിസ്സഹായതയാണ് ആദ്യം ക്രെംലിന്‍റെ ഭാഗത്ത് നിന്നും കണ്ടത്. എന്നാലത് ഇപ്പോൾ തിരിച്ചടിയാവുകയാണ് യുക്രൈയിന്. സൈന്യത്തെ കുർസ്കിലേക്ക് മാറ്റി വിന്യസിച്ചത് അബദ്ധമായോ എന്നൊരു സംശയം സൈനിക വൃത്തങ്ങളിലടക്കം ഇപ്പോഴുണ്ട്. യുക്രൈയ്നിന് ആദ്യത്തെ ആത്മവിശ്വാസം ഇപ്പോഴില്ലെന്നാണ് റിപ്പോർട്ട്. മുന്നേറ്റത്തിന്‍റെ വേഗവും കുറഞ്ഞു. റഷ്യയാണെങ്കിൽ കുർസ്ക് അധിനിവേശത്തെ അത്ര ഗൗരവമായെടുത്തിട്ടില്ല. സൈന്യത്തെ അവർ മാറ്റി വിന്യസിച്ചുമില്ല.

(യുക്രൈന്‍ പൈലറ്റ് ജൂസും ഒലെക്സി മൂണ്‍ഫിഷ് മെസും)

മക്രോണുമായി സൗഹൃദം പക്ഷേ, രഹസ്യങ്ങള്‍ ഒളിപ്പിച്ച് ടെലഗ്രാം, ഒടുവില്‍ പാവേൽ ദുറോവ് അറസ്റ്റിൽ

അതേസമയം യുക്രൈയിന്‍ പട്ടണമായ പൊക്റോവ്സ്ക് (Pokrovsk) പിടിച്ചെടുക്കാനുള്ള തീവ്രശ്രമം തുടരുകയാണ് റഷ്യ. അതിർത്തിക്ക് 10 കിമീ അകലെയെത്തി റഷ്യൻ സൈന്യം എന്നാണ് റിപ്പോർട്ടുകൾ. അവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കഴിഞ്ഞു. പൊക്റോവ്സ്ക് പലയിടത്ത് നിന്നുള്ള റോഡുകളുടെ സംഗമ സ്ഥാനമാണ്. യുദ്ധമുഖത്ത് തന്ത്രപ്രധാന സ്ഥലം. യുക്രൈയ്നിയൻ സൈന്യത്തിന് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള വഴികളാണിത്. റഷ്യ പ്രദേശം പിടിച്ചെടുത്താൽ യുക്രൈയ്ൻ ബുദ്ധിമുട്ടിലാകും. അതുമാത്രവുമല്ല, ഡോനെക്സ് (Donetsk) -ലേക്കുള്ള വഴികൾ എളുപ്പവുമാകും റഷ്യക്ക്. കുർസ്കിലേക്ക് സൈന്യത്തെ മാറ്റിവിന്യസിച്ചതോടെ യുക്രൈയ്ന്‍ പ്രതിരോധത്തിന് ശക്തി കുറഞ്ഞു എന്നൊരു വിമർശനം സൈനിക വൃത്തങ്ങളിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.

എന്നാലിതൊന്നുമല്ല കാരണം. തള‌ർച്ച ബാധിച്ചിരിക്കുന്നു യുക്രൈയ്നിയൻ സൈന്യത്തിന് എന്നാണ് അസോവ് ബ്രിഗേഡിലെ ഓഫീസർ ടെലിഗ്രാമിൽ എഴുതിയത്. ക്ഷീണിച്ചിരിക്കുന്നു സൈനികരെന്നും കൂട്ടിച്ചേർത്തു. റഷ്യക്കെന്താണോ വേണ്ടത് അതുതന്നെ നടക്കുന്നോയെന്ന സംശയം പതുക്കെയെങ്കിലും ബലപ്പെടുന്നു. പടിഞ്ഞാറിന്‍റെ സഹായം കിട്ടാൻ താമസിച്ചത് യുക്രൈയ്നിന്‍റെ മുന്നേറ്റത്തെ സാരമായി ബാധിച്ചിരുന്നു. മരിച്ചുവീഴുന്ന സൈനികർക്ക് പകരക്കാരെ കണ്ടെത്താനും ബുദ്ധിമുട്ടായതോടെയാണ് സൈന്യത്തിൽ ചേരാനുള്ള പ്രായം 27 ൽ നിന്ന് 25 ആക്കി കുറച്ചത്. പക്ഷേ, ആവശ്യത്തിന് പരിശീലനം നൽകാതെയാണ് പുതുമുഖങ്ങളെ മുന്നണിയിലേക്ക് വിടുന്നത്. അതാണ് മറ്റൊരു പ്രതിസന്ധി. അതേസമയം ഖാർകീവിലും റഷ്യ ആക്രമണം നിർത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ആക്രമണത്തിൽ 14 വയസുകാരിയടക്കം 5 പേർ കൊല്ലപ്പെട്ടു.

റഷ്യക്കുള്ളിലെ ആക്രമണത്തിന് അനുവാദം നൽകണമെന്ന ആവശ്യം ആവർത്തിക്കുകയാണ് സെലൻസ്കി. അതിനുള്ള പൂർണ്ണാനുവാദം പടിഞ്ഞാറൻ രാജ്യങ്ങൾ ഇപ്പോഴും നൽകിയിട്ടില്ല. ഖാർകീവിനപ്പുറം പോകാൻ അനുവാദം നൽകിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എഫ് 16 -ന്‍റെ കാര്യത്തിലും ഈ നിയന്ത്രണങ്ങൾ തുടരുന്നത് യുക്രൈയ്നെ സംബന്ധിച്ച് ഒരു വിലങ്ങ് തന്നെയാണ്. യുകെയുടെ ദീർഘദൂര സ്ട്രോം ഷാഡോ മിസൈലുകൾ ഇപ്പോഴും അനുവദിച്ചിട്ടില്ല. അതിന് അനുവാദം വേണമെന്നാണ് സെലൻസ്കിയുടെ ആവർത്തിച്ചുള്ള ആവശ്യം. പടിഞ്ഞാറ് പക്ഷേ, ഇതുവരെ അതും നൽകിയിട്ടില്ല. ഇങ്ങനെ യുക്രൈയ്ന്‍റെ യുദ്ധ പോരാട്ടത്തെ അയച്ച് വിടാതെ പലവഴിക്ക് കൂട്ടിപിടിച്ച് നിർത്തിയിരിക്കുന്നത് പണവും ആയുധവും നല്‍കുന്ന നാറ്റോ സഖ്യം തന്നെ. അയച്ച് വിട്ടാൽ യുക്രൈന്‍, റഷ്യയില്‍ കയറിമേയുമോ എന്ന ഭയം. അങ്ങനെയെങ്കില്‍ മറ്റൊരു മഹായുദ്ധത്തിന് കാരണമാകും. 

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: കരുതലോടെ മുന്നേറി കമല, സ്ഥിരം പഴിപറച്ചിലുമായി പിന്നോട്ടടിച്ച് ട്രംപ്

click me!