Column : മുറിപ്പെടുത്തിയവരോട് 'മാപ്പ്' പറഞ്ഞാലെന്താണ്?

By Rini Raveendran  |  First Published Dec 30, 2021, 5:06 PM IST

ചില സാഹചര്യങ്ങള്‍ കൊണ്ട് അറിയാതെയെങ്കിലും മുറിപ്പെടുത്തിപ്പോയി എന്ന് തോന്നുന്ന മനുഷ്യരുണ്ട്. മുന്നില്‍ ചെന്ന് നില്‍ക്കാന്‍ മാത്രം ധൈര്യം കിട്ടുമ്പോള്‍ ഉറപ്പായും അവരോട് പറയണം, 'പൊരുത്തപ്പെട്ട് തരണം'. - ഉള്‍മരങ്ങള്‍. റിനീ രവീന്ദ്രന്‍ എഴുതിയ കോളം
 


ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.  

 

Latest Videos

undefined

പത്താംക്ലാസിലെ അവസാനദിനം. സെന്റ് ഓഫ് ആണ്. പാട്ടും ഡാന്‍സും ഔദ്യോഗികമായ വിടപറച്ചിലുകളും കഴിഞ്ഞു. ഒന്നാം നിലയിലാണ് ക്ലാസ്മുറി. അതിന് മുന്നിലെ നീണ്ട വരാന്തയില്‍ ദൂരേക്ക് നോക്കി നില്‍ക്കുകയായിരുന്നു, പലതരം ആശങ്കകള്‍ നിറഞ്ഞ മനസ്സുമായി. 

അപ്പോഴാണ് അവന്‍ അടുത്ത് വന്നത്. മൂന്നുവര്‍ഷത്തെ ഹൈസ്‌കൂള്‍ ജീവിതത്തില്‍ എന്നുമെന്നോണം വഴക്കുണ്ടാക്കിയിരുന്ന ഒരുവന്‍. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ശത്രുതയില്ല. എന്നാലും എടാ-പോടാ വിളിച്ച് വെറുതെ കലഹിക്കും. വരാന്തയിലെ ഇരിത്തിയില്‍ കൈകുത്തി അവനും ഒപ്പം ദൂരേക്ക് നോക്കിനിന്നു. പിന്നെ പതിയെ പറഞ്ഞു, 'നമ്മളിനി കാണുവോന്നറീല്ല. വെറുതെ കുറേ വഴക്കിട്ടിട്ടുണ്ട് നിന്നോട്. അതൊന്നും മനസിലൊന്നും വിചാരിച്ചിട്ടൊന്നുമല്ല. എന്തെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നീയെന്നോട് പൊരുത്തപ്പെട്ട് തരണം.' 

ഞാനവനെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. തിരികെ ഒന്നും പറയാനായില്ല. പകരം നെഞ്ചിലൊരു വിങ്ങലുണ്ടായി. കണ്ണുകള്‍ നിറയാനൊരുമ്പെട്ടു.

അവന്‍ പോയി. പത്താംക്ലാസ് കഴിഞ്ഞശേഷം പിന്നെയവനെ കണ്ടിട്ടേയില്ല. അടുത്തുള്ള യത്തീംഖാനയില്‍ താമസിച്ചു പഠിച്ചിരുന്ന കുട്ടിയായിരുന്നു. പത്തുപതിനഞ്ച് കിലോമീറ്ററപ്പുറത്തുള്ള സ്ഥലങ്ങളെല്ലാം ദൂരദേശങ്ങളെന്ന് അടയാളപ്പെടുത്തപ്പെട്ടിരുന്ന കാലം. തോന്നുംപടി ഇറങ്ങിപ്പോവാനാവാതിരുന്ന കാലം. എന്റെയോ അവന്റെയോ വീട്ടില്‍ ഫോണില്ലെന്നാണ് ഓര്‍മ്മ. ജീവിതം പലവഴിക്കും ഓടിപ്പോയി. ദിനങ്ങള്‍ അതിജീവിക്കാനുള്ള സമരം മാത്രമായി മാറി. പിന്നീട് പലപ്പോഴായി കൂടെ പഠിച്ചിരുന്നവരോട് പലരോടും അവനെ തിരക്കിയെങ്കിലും ആര്‍ക്കും അറിയുമായിരുന്നില്ല ഇപ്പോഴെവിടെയുണ്ടെന്നും എങ്ങനെയുണ്ടെന്നും. മനസിലുള്ളത് അവ്യക്തമായ അവന്റെ രൂപമാണ്, തെളിമയോടെ നില്‍ക്കുന്നത് നിറഞ്ഞുതുളുമ്പിയ രണ്ട് കണ്ണുകള്‍ മാത്രമാണ്.

പതിനേഴ് വര്‍ഷം കഴിഞ്ഞു. വെറുമൊരു പതിനഞ്ചുവയസുകാരനായിരുന്നിട്ടും അന്നവന്‍ കാണിച്ച കരുണയോര്‍ക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരും. അവനെന്നെ ഒരിക്കലും വേദനിപ്പിച്ചിരുന്നില്ല. കുട്ടിക്കാലത്തിന്റെ കുറുമ്പുകളിലുണ്ടായിരുന്ന ചില്ലറ വാക്കുതര്‍ക്കങ്ങളല്ലാതെ നമുക്കിടയില്‍ ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. എന്നിട്ടും, 'പൊരുത്തപ്പെട്ട് തരണം' എന്ന് പറയാനവന്‍ കാണിച്ച മനസ്, ഉള്ളിലെ ആര്‍ദ്രത ഇതൊന്നും അധികമൊന്നുമാരിലും പിന്നീടിങ്ങോട്ട് കണ്ടിട്ടില്ല.

മനുഷ്യന് മാപ്പ് പറയാന്‍ മടിയാണ്. 

 

................................

Read more:

................................

 

തെറ്റ് ചെയ്‌തെങ്കില്‍ പോലും അത് സമ്മതിക്കാനും. 'തോല്‍ക്കാന്‍' ഇത്രയേറെ ഭയക്കുന്ന, എന്നാല്‍ അത്രയധികം തന്നെ ദുര്‍ബലനുമായ മറ്റൊരു ജീവിയുണ്ടാവില്ല. അല്ലെങ്കിലും 'മാപ്പ്' എന്ന് പറയുന്നത്, 'എന്നോട് ക്ഷമിക്കൂ' എന്ന് പറയുന്നത് തോല്‍വിയാണോ? ശരിയും തെറ്റും പോലും ആപേക്ഷികമായിരിക്കാം. പക്ഷേ, മനപ്പൂര്‍വമല്ലെങ്കില്‍ കൂടിയും താന്‍ മറ്റൊരാള്‍ക്ക് വേദന നല്‍കി എന്ന് തോന്നിയാല്‍ 'അത് സംഭവിച്ചുപോയി' എന്നെങ്കിലും നാം ഏറ്റുപറയാത്തത് എന്തുകൊണ്ടാവും?

അവനുമവളും സ്‌നേഹത്തിലായിരുന്നു. നഗരത്തിലെ ആള്‍ത്തിരക്കുകളിലനുഭവപ്പെട്ടിരുന്ന ചൂടുമണമുള്ള ഏകാന്തതകളെ അവര്‍ പലപ്പോഴും പരസ്പരം കേട്ട് അകറ്റിനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. തനിച്ചിരിക്കും രാത്രികളിലെല്ലാം അങ്ങോട്ടുമിങ്ങോട്ടും പുസ്തകങ്ങള്‍ വായിച്ചു കൊടുത്തു. കരയാന്‍ തോന്നുമ്പോള്‍ കെട്ടിപ്പിടിച്ച് സമാധാനമൂട്ടി. എന്നിട്ടും എന്തോ എവിടെയോ സംഭവിച്ചു, അകല്‍ച്ച വന്നു. വേദനിച്ചുകൊണ്ട് ദൂരങ്ങളിലായി. വര്‍ഷങ്ങള്‍ക്കുശേഷം അവനൊരു മെസേജ് അയച്ചു, 'നീ തന്ന സ്‌നേഹം എനിക്ക് തിരിച്ചു തരാനായില്ല എന്ന് തോന്നുന്നു. അതിലെനിക്ക് വേദനയുണ്ട്.' 

പിന്നീടൊരിക്കല്‍ കണ്ടുമുട്ടിയപ്പോഴും അവന്റെ കണ്ണില്‍ ആ വാക്കുകളുടെ ആര്‍ദ്രത അതുപോലെ ഉണ്ടായിരുന്നു. ഒപ്പം ഉള്ളില്‍ത്തട്ടിത്തന്നെ കൂട്ടിച്ചേര്‍ത്തു, 'നമ്മുടെ പ്രായം അന്നതായിരുന്നു. അനേകം അരക്ഷിതാവസ്ഥകളും അനിശ്ചിതത്വങ്ങളും പേറിയിരുന്ന കാലം. ഒന്നുമൊന്നും വേര്‍തിരിച്ചെടുക്കാനായില്ല. അതാവും ചിലതെല്ലാം സംഭവിച്ചു പോയത്.' പിന്നീടവര്‍ക്കിടയിലുണ്ടായിരുന്നതായിരുന്നു ശരിക്കും സൗഹൃദം.

മന:പൂര്‍വമൊന്നുമായിരിക്കില്ല നാമൊരാള്‍ക്ക് വേദന നല്‍കുന്നത്. മന:പൂര്‍വമായിരിക്കില്ല വേദനിപ്പിച്ചുകൊണ്ട് രണ്ടുവഴിക്ക് നടന്നുപോകേണ്ടി വരുന്നത്. രണ്ടുപേരുടെ ശരിതെറ്റുകള്‍ക്കിടയില്‍, രണ്ടുപേരുടെ രണ്ടുതരം സാഹചര്യങ്ങള്‍ക്കിടയില്‍, പക്വതക്കുറവിലൊക്കെ ചിലപ്പോള്‍ ചിലതെല്ലാം സംഭവിച്ചു പോവുന്നതാവും. നാമെല്ലാം മനുഷ്യരല്ലേ, ദൈവമല്ലല്ലോ? അല്ലെങ്കിലും, ദൈവത്തിനുപോലും വേദനിപ്പിക്കാതെയൊന്നും വയ്യ. പക്ഷേ, വേദനയായി കഴിഞ്ഞുവെന്ന് തോന്നിയാല്‍ 'എടോ വേദനിപ്പിച്ചു പോയെങ്കില്‍ ക്ഷമിക്കൂ' എന്നൊരു വാക്കിന്റെ ആശ്വാസം നാം മറ്റൊരാള്‍ക്ക് നിഷേധിക്കുന്നത് എന്താവും?

അവളെ ഞാന്‍ കാണുമ്പോള്‍ കൂടെ അമ്മയില്ലായിരുന്നു. വളരെ വളരെ കാലം മുമ്പ്, അവളൊരു കുഞ്ഞായിരുന്നപ്പോള്‍ അവളെയും അനിയത്തിയെയും അച്ഛനേയും ഉപേക്ഷിച്ച് ആര്‍ക്കൊപ്പമോ ഇറങ്ങിപ്പോയതായിരുന്നു. അവളോടൊപ്പം ഞങ്ങളും അവരെ ശത്രുവായിക്കണ്ടു. ഒരമ്മ ഒരിക്കലും അങ്ങനെ പോവരുതെന്ന് ഉറച്ച് ശഠിച്ചിരുന്ന മനസായിരുന്നു അന്നൊക്കെ. അവള്‍ അവരെ കുറിച്ച് പറയുമ്പോഴെല്ലാം ഞങ്ങളും അവള്‍ക്കൊപ്പം രോഷം കൊണ്ടു. 

പിന്നെയൊരു ദിവസം തീര്‍ത്തും അപ്രതീക്ഷിതമായി അവള്‍ ഞങ്ങളോട് പറഞ്ഞു, 'ഞാനിന്ന് അമ്മയെ കണ്ടു. എനിക്ക് എന്തൊക്കെയോ വാങ്ങിയൊക്കെ തന്നു'. അവള്‍ സ്‌നേഹം കൊണ്ടും സന്തോഷം കൊണ്ടും അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് കൂട്ടുകാരികള്‍ക്ക് സഹിക്കാനായില്ല. 'നിനക്കെന്തിന്റെ പിരാന്താണ്, ഇത്രയും കാലം അവര്‍ എവിടെയായിരുന്നു' എന്നൊക്കെ ചോദിച്ച് ഞങ്ങളവളെ കുത്തിവേദനിപ്പിച്ചു. അവളപ്പോഴും ആ വേദനയിലും ചിരിച്ചു. അന്നതിന്റെ അര്‍ത്ഥം മനസിലായിരുന്നില്ല.

 

.....................................................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

.....................................................

 

മുതിര്‍ന്ന് കഴിഞ്ഞപ്പോള്‍, പക്വതയെത്തിയെന്ന് തോന്നിയപ്പോള്‍ അവരുടെ കണ്ടുമുട്ടല്‍ പലതവണ മനസില്‍ കണ്ടു. മകളെ കെട്ടിപ്പിടിച്ച്, 'നിങ്ങളെ ഉപേക്ഷിച്ചു പോന്നത് മനപ്പൂര്‍വമല്ല, അന്നത്തെ അവസ്ഥ അതായിരുന്നു' എന്നവര്‍ മാപ്പ് പറയുന്നത്. അവരെ കെട്ടിപ്പിടിച്ച് തന്നോളം വളര്‍ന്ന മകള്‍ 'സാരമില്ലെടോ പോട്ടെ' എന്ന് പറയുന്നത്. മകളുടെ കണ്ണുകളിലെ സഹാനുഭൂതിയും ഉള്ളിലെ സ്‌നേഹവും കണ്ട് വര്‍ഷങ്ങളായി അവര്‍ക്ക് നെഞ്ചിലിട്ട് പോറ്റേണ്ടി വന്ന വലിയ കുറ്റബോധത്തിന്റെ മഞ്ഞ് ഉരുകിയുരുകി വീഴുന്നത്.

ക്ഷമ ചോദിക്കുമ്പോള്‍ മനുഷ്യന്‍ സ്വയം നവീകരിക്കപ്പെടുകയാണ്. തന്റെതന്നെ ഉള്ളില്‍ ആയിരം വട്ടം ഏറ്റുപറഞ്ഞാലായിരിക്കും ഒരുപക്ഷേ ഒരാള്‍ക്ക് സത്യസന്ധമായി മറ്റൊരാളോട് ഒന്ന് മാപ്പ് പറയാനാവുന്നത്. അതിന് വലിയ അധ്വാനം വേണം, വലിയ മനസും.  

ഒരു രാത്രിയില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ നിര്‍ത്താതെ കഥ പറഞ്ഞു. അതിലേറെയും ചതിക്കപ്പെട്ടതിന്റെയും ചൂഷണം ചെയ്യപ്പെട്ടതിന്റെയും കഥകളായിരുന്നു. അവരിലൊരാള്‍ക്കുണ്ടായ അനുഭവം ഇങ്ങനെയായിരുന്നു. യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവളുടെ അടുത്ത വീട്ടിലുള്ള ഒരാണ്‍കുട്ടി അവളെ മോശമായി സ്പര്‍ശിച്ചു. ഒന്നുരണ്ടുവട്ടം ഇതുതന്നെ സംഭവിച്ചു. അയാളെ, എന്തിന് മറ്റ് ആണ്‍കുട്ടികളെ കാണുമ്പോള്‍ പോലും അതിനുശേഷം അവള്‍ക്ക് അപകര്‍ഷതാബോധവും ഉത്കണ്ഠയും തോന്നും.

വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ മുപ്പത്തിയഞ്ചിലും അവന്‍ മുപ്പത്തിയൊമ്പതിലും നില്‍ക്കുന്ന സമയം. ഒരുദിവസം ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കുറച്ച് നേരം സംസാരിച്ചു. അന്ന് അയാള്‍ അവളോട് പറഞ്ഞത്രെ, 'ഡോ, ഞാന്‍ നിന്നോട് ചെറുപ്പത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. അത് ഞാന്‍ മറന്നതല്ല. എന്ത് പറയണം എന്ന് അറിയാത്തതുകൊണ്ടാണ് അതേക്കുറിച്ച് ഇതുവരെ സംസാരിക്കാത്തത്. അന്ന് ഞാന്‍ കുഞ്ഞായിരുന്നു. എന്തൊക്കെയോ അബദ്ധധാരണകളായിരുന്നു. നീയെന്നോട് ക്ഷമിക്കണം. ഇത്ര വൈകി ക്ഷമ പറയുന്നതില്‍ കാര്യമുണ്ടോ എന്നൊന്നും അറിയില്ല. ഇപ്പോഴാണ് ധൈര്യം കിട്ടിയത്. ബോധം വന്ന ശേഷം പലവട്ടം കുറ്റബോധമുണ്ടായി. ഇനിയും പറഞ്ഞില്ലെങ്കില്‍ നിന്നോട് ചെയ്യുന്ന മര്യാദകേടാണ്. അതോണ്ടാണ് ഇപ്പോഴെങ്കിലും പറയുന്നത്. പറ്റുമെങ്കില്‍ എന്നെ വെറുക്കരുത്.'

അവള്‍ അവനോട് 'ക്ഷമിച്ചു' എന്ന് പറഞ്ഞോ എന്നറിയില്ല, അതവളുടെ മാത്രം തീരുമാനമാണ്. പക്ഷേ, വര്‍ഷങ്ങളായി അവളുടെയുള്ളിലെവിടെയോ കിടന്നിരുന്നൊരു അസ്വസ്ഥത പൊടുന്നനെ ഇല്ലാതെയായി.

ഏറ്റവുമധികം മാപ്പ് പറച്ചിലുകള്‍ നിഷേധിക്കപ്പെടുന്നത് സ്ത്രീകള്‍ക്കാണ് എന്ന് തോന്നാറുണ്ട്. ഏറ്റവുമധികം 'ക്ഷമിക്കൂ'വെന്ന് പറയാന്‍ മടികാണിക്കുന്നത് പുരുഷന്മാരാണ് എന്നും. നിരന്തരമുള്ള നീതിനിഷേധങ്ങളില്‍ പോലും, 'ഞാനങ്ങനെ ചെയ്തുപോയി, പൊറുക്കൂ' എന്ന് പുരുഷന്മാരില്‍ പലരും ഒരിക്കല്‍പ്പോലും പറയാന്‍ തയ്യാറാവില്ല എന്ന് തോന്നുന്നു. ഭാര്യയോട്, അമ്മയോട്, മകളോട്, കാമുകിയോട്, സുഹൃത്തുക്കളോട് അങ്ങനെ ചുറ്റുമുള്ള ഏത് സ്ത്രീകളോടും.

 

.....................................................

Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം 

.....................................................

ആരെയെങ്കിലും വേദനിപ്പിക്കാത്തതായി ഈ ലോകത്ത് ഒരാളും കാണില്ല. പക്ഷേ, ആ വേദനയ്ക്ക് മാപ്പ് ചോദിക്കുന്നു എന്ന് പറയുന്നത് വളരെ കുറച്ചുപേരായിരിക്കും. എന്ത് സംഭവിച്ചു എന്ന് പോലും അറിയാതെ കീറിമുറിക്കപ്പെട്ട മനുഷ്യരോട് നാം കാണിക്കുന്ന ഏറ്റവും കുറഞ്ഞ മനുഷ്യത്വമാണ് ഒരു മാപ്പുപറച്ചില്‍. പിന്നെയും പിന്നെയും വേദനിപ്പിക്കാനുള്ള ലൈസന്‍സായി ഇടയ്ക്കിടെ എടുത്തുപ്രയോഗിക്കുന്ന കള്ളമാപ്പ് പറച്ചിലുകളെ കുറിച്ചല്ല. ഉള്ളില്‍ത്തട്ടി, സത്യസന്ധമായി നാമൊരാളോട് നടത്തുന്ന ഏറ്റുപറച്ചിലുകളെ കുറിച്ചാണ്. ഒരുവട്ടമെങ്കിലും നാം നടത്തുന്ന അത്തരം സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ക്ക്, ജീവിതകാലം മായില്ല എന്ന് കരുതിയിരുന്ന ചില മുറിവുകളെയെങ്കിലും എളുപ്പത്തില്‍ മായ്ച്ചുകളയാനുള്ള കരുത്തുണ്ട്.

പക്ഷേ, മനുഷ്യര്‍ വാശിക്കാരാണ്. എന്തൊക്കെ നിഷേധിച്ചാല്‍ മറുപുറത്തുള്ളവര്‍ വേദനിക്കും എന്ന് അവര്‍ക്ക് കൃത്യമായും അറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ മുറിവേല്‍പ്പിക്കുന്നതും. ഇത്രയേറെ ക്രൂരരായ മറ്റൊരു ജീവി കാണില്ലെന്ന് തോന്നും ചിലപ്പോള്‍. പക്ഷേ, ക്ഷമ ചോദിച്ചില്ലെങ്കിലും പയ്യെപ്പയ്യെ മനുഷ്യര്‍ വേദനിപ്പിച്ചവരെയും വേദനകളെയും മറക്കുകയൊക്കെ ചെയ്യും. അങ്ങനെയൊക്കെയാണല്ലോ നാം അതിജീവിക്കുന്നതും.എങ്കിലും, മാപ്പ് പറയാനുള്ള ഒരവസരവും മനുഷ്യനെന്ന നിലയില്‍ പാഴാക്കരുത് എന്ന് തന്നെയാണ്. ചില സാഹചര്യങ്ങള്‍ കൊണ്ട് അറിയാതെയെങ്കിലും മുറിപ്പെടുത്തിപ്പോയി എന്ന് തോന്നുന്ന മനുഷ്യരുണ്ട്. മുന്നില്‍ ചെന്ന് നില്‍ക്കാന്‍ മാത്രം ധൈര്യം കിട്ടുമ്പോള്‍ ഉറപ്പായും അവരോട് പറയണം, 'പൊരുത്തപ്പെട്ട് തരണം'. മനുഷ്യായുസ് എത്ര ചെറുതാണ്, മുറിവേല്‍പ്പിക്കാനും മുറിവേല്‍ക്കാനും ക്ഷമ ചോദിക്കാനും പൊറുക്കാനും സ്‌നേഹിക്കാനും എല്ലാം കൂടി.

click me!