ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
പൊടുന്നനെ ഫാന്‍ നിന്നു. അടുത്ത സെക്കന്റില്‍ ഞാന്‍ കണ്ണ് തുറന്നു. ബോധം കെട്ടുറങ്ങിയത് കൊണ്ട് പരിസരബോധം ഉണ്ടായിരുന്നില്ല. മുറിയില്‍ നിലത്ത്, ഇരുട്ടില്‍ ഒരു പെണ്ണ് മുടിയഴിച്ചിട്ടിരിക്കുന്നു, ഒരു മെഴുക് തിരി കത്തിച്ച് വെച്ചിട്ടുമുണ്ട്.
undefined
അന്ന് ഞാനൊരു പുതിയ ഹോസ്റ്റലിലേക്ക് മാറിയ ദിവസമാണ്. ഒരു അപ്പൂപ്പനും അമ്മൂമ്മയും കൂടി പി. ജി (Paying Guest )ആയി നടത്തുന്ന വീടാണ്. ഡബിള്‍ ഡക്കര്‍ കട്ടില്‍ രണ്ടെണ്ണം. അറ്റാച്ച്ഡ് ബാത്ത്‌റൂം. അത്യാവശ്യം സൗകര്യങ്ങള്‍ ഉള്ള മുറി. എനിക്കിഷ്ടപ്പെട്ടു.
എന്റെ മുറിയില്‍ ഞാനടക്കം മൂന്ന് പേര്‍. ഒരു ബെഡ് ഒഴിവാണ്. എനിക്ക് താഴത്തെ ബെഡ് കിട്ടി. ചെന്ന് കയറിയപ്പോള്‍ ആരും എത്തിയിരുന്നില്ല. ഡ്രസ്സുകളൊക്കെ ഒതുക്കി വെച്ച് വെറുതേ കിടന്നു.
ആദ്യം അവള്‍ വന്നു - സുരേഖ.
എന്നെ കണ്ടപ്പോള്‍ കമ്പിയിട്ട പല്ലുകള്‍ മുഴുവനും പുറത്തിട്ട് ചിരിച്ചു.
'ഹായ്, ആര്‍ യൂ ന്യൂ ഹിയര്‍? എനിവെയ്‌സ് അയാം സുരേഖ. യൂ?'
'ഓ! ഹായ് സുരേഖ. ഐയാം റോസ്.'
ഒരു ചെറിയ കുശലത്തിന് ശേഷം അവളവളുടെ പാട്ടിന് പോയി.
സുരേഖ ഒരു കൊങ്ങിണിയാണ്. വെളുത്ത് സുന്ദരി ആയ ഒരു ഉണ്ടമണി. മുഖം നിറയേ കുരുക്കളും, സംസാരിച്ചാല്‍ ഒരുമാതിരി കാക്കയുടേയും കുയിലിന്റേയും ശബ്ദം മിക്‌സിയിലടിച്ച പോലെ ഒരു ഇഫക്ടും.
കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തവള്‍ വന്നു - ചിത്ര.
ഒരു ചെറുവിരലിന്റെ വലിപ്പമുള്ള ഒരു കുട്ടി. എന്നെ കണ്ടപ്പോള്‍ വേണം വേണ്ട എന്ന പോലെയുള്ള ഒരു ചിരി പാസ്സാക്കി ഡ്രസ്സ് പോലും മാറാതെ അവളുടെ ബെഡില്‍ ഒറ്റക്കിടപ്പ് കിടന്നു.
അയ്യേ! ഇതെന്തൊരു പെണ്ണ്! ജോലിയും കഴിഞ്ഞ് മോന്ത പോലും കഴുകാതെ കേറി കിടക്കണത്. അഹ്! അയ്യയ്യേ.
ഒന്ന് മിണ്ടാനും പറയാനും ആരുമില്ലേ ഇവിടെ? ഇതെന്തോ ഹൈ-ഫൈ ഹോസ്റ്റലാണോ ഭഗവാനേ! ഓരോന്നോര്‍ത്ത് ഞാനും കിടന്നു.
പെട്ടെന്ന് ഡോര്‍ തുറന്ന് സുരേഖ ചാടിത്തുള്ളി കയറി വന്നു. സുരേഖയുടെ മണമടിച്ചതും കട്ടിലില്‍ പുഴു പോലെ ചുരുണ്ട് കൂടിയ ചിത്ര ചാടിയെണീറ്റു.
'ഹായ്, സൂ... വേര്‍ വേര്‍ യൂ? ഐ വോസ് മിസ്സിങ്ങ് യൂ ഡിയര്‍.'
സൂവാ! ഇവളെന്താ മുള്ളാന്‍ പോണാ?
സുരേഖയും കട്ടിലിലേക്ക് ചാടിയിരുന്ന് ചിത്രയെ കെട്ടിപ്പിടിച്ചു, ആലിംഗനത്തോടാലിംഗനം.
ദൈവമേ സീനത്ര വെടിപ്പല്ലല്ല!
ഞാനിതെവിടെയാ വന്ന് കിടക്കണത്. ഇവറ്റകളെന്താ ഇങ്ങനെ? റൂം വേറെ മാറേണ്ടി വരുമോ ആവോ!
പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്നോര്‍ത്ത് ഞാന്‍ എന്റടുത്തുണ്ടായിരുന്ന ഒരു നോവല്‍ എടുത്ത് നിവര്‍ത്തി.
പക്ഷേ എന്റെ തലയിലൊരു ബള്‍ബ് മിന്നി. അല്ലാപ്പോ പൂച്ചക്കെന്താ പൊന്നുരുക്കണത് കണ്ടാല്‍? പൂച്ചയുടെ കണ്ണ് പുസ്തകത്തില്‍ നിന്ന് തെന്നിമാറാന്‍ തുടങ്ങി. ഒരു ഇത്!
'സൂ' വും ചിത്രയും കൂടെ കെട്ടിപ്പിടിക്കുന്നൂ, ഉമ്മ വെയ്ക്കുന്നൂ, തമാശകള്‍ പറയുന്നൂ. പിന്നേം സീന്‍ റിപ്പീറ്റഡ്.
ഹോ! എന്റെ ക്ഷമ കെട്ടു.
ദേ പിള്ളാരേ, വല്ലോം നടക്കുവോ?
ഞാന്‍ എണീറ്റിരുന്ന് വായിക്കാന്‍ തുടങ്ങി. എന്റെ കട്ടില്‍ കരഞ്ഞ ശബ്ദം കേട്ടത് കൊണ്ടാവണം ആലിംഗനം തല്‍ക്കാലത്തേക്ക് നിന്നു.
'സൂ' എന്നെ ചിത്രക്ക് പരിചയപ്പെടുത്തി കൊടുത്തു. അവര്‍ രണ്ട് പേരും സോഫ്റ്റ് വെയര്‍ എന്‍ജിനിയേര്‍സ് ആണ്, ഒരേ കമ്പനിയില്‍. എനിക്ക് ചിത്രയെ ഇഷ്ടപ്പെട്ടില്ല. വല്ലാത്ത ജാഡക്കാരി പോലെ തോന്നിച്ചു. അവള്‍ക്കും എന്നെ അങ്ങനെ തന്നെ തോന്നിക്കാണും. സ്വാഭാവികം!
എന്റെ ബെഡിന്റെ മുകളിലാണ് 'സൂ' ന്റെ കിടപ്പ്. എന്റെ തലയില്‍ ചവിട്ടി കയറി പോകുന്നത് പോലെയാണവള്‍ മുകളിലേക്ക് പോയത്. ഓരോ പ്രാവശ്യവും അവള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബാധ കയറിയത് പോലെ കട്ടിലും ഞാനും കുലുങ്ങി.
ഉറങ്ങുമ്പോള്‍ എനിക്ക് കുറച്ച് കണ്ടീഷന്‍സ് ഉണ്ട്.
1. ഫാനിന്റെ ശബ്ദം വേണം. അത് നിന്നാല്‍ അടുത്ത സെക്കന്റ് ഞാനെണീക്കും.
2. ഉറങ്ങുമ്പോള്‍ യാതൊരു വിധ ശല്യങ്ങളും ഉണ്ടാകരുത്.
3. ഞാനുറങ്ങുമ്പോള്‍ ആര് ചത്താലും ആരും എന്നെ വന്ന് വിളിക്കരുത്.
4. ഉറക്കത്തില്‍ ഞാനൊഴികെ ആരും മൂത്രം ഒഴിക്കാന്‍ എണീക്കരുത്.
5. കൂര്‍ക്കം വലിക്കുന്നവരെ മോന്തക്കിട്ട് ഒറ്റ അടി കൊടുത്ത് പിന്നേയും ഉറക്കണം.
പത്ത് മണിയായപ്പോള്‍ ലൈറ്റ് ഓഫ് ചെയ്ത് ഞങ്ങള്‍ കിടന്നു. പുതിയ മുറി ആയതിന്റെ ഒരു അങ്കലാപ്പും അത്യാവശ്യം പണിയെടുത്തതിന്റെ ക്ഷീണവും കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന് കുറച്ച് സമയം കഴിഞ്ഞാണൊന്നുറങ്ങിയത്.
'സൂ' ഇടിഞ്ഞ് പൊളിഞ്ഞെന്റെ തലയില്‍ വീഴുമോന്നുള്ള ഒരു പേടിയും കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഒരു തലയിണ എന്റെ മുഖത്ത് വെച്ചാണ് ഞാന്‍ കിടന്നത്. മുഖം കേടാവരുതല്ലോ.
ചത്ത് കിടന്നാലും.... യേത്!
'കര്‍.....കര്‍....കുര്‍....പിര്‍....'
കട്ടിലാടാന്‍ തുടങ്ങി.
'സൂ' ഇറങ്ങുന്നു. ബാത്ത്‌റൂമില്‍ പോകുന്നു. കാര്യം സാധിച്ച് തിരിച്ച് വരുന്നു. കട്ടില് കുലുക്കുന്നു. കിടക്കുന്നു.
ഹാവൂ! ഇനി ഉറങ്ങാം. ഞാന്‍ കണ്ണടച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞില്ല, ദേ വീണ്ടും കട്ടില് തീവണ്ടിയായി. ഞാനൊരു പകച്ചിരിക്കുന്ന യാത്രക്കാരിയും.
'സൂ' വീണ്ടും ബാത്ത്‌റൂമിലേക്ക്.
അല്ലാ, എന്താപ്പോ എടപാട്!
എന്റെ കാല്‍വിരലില്‍ നിന്നും എന്തോ ഒരു സാധനം അരിച്ച് വരാന്‍ തുടങ്ങി തലയിലേക്ക്. അങ്ങനെ വന്നാല്‍ പിന്നെ എനിക്കൊന്ന് അലറിയേ പറ്റൂ. എതിരാളി പേടിച്ചപ്പിയിടണം. അങ്ങനെ അലറണം.
പുതിയ സ്ഥലമായത് കൊണ്ട് അലറിയില്ല. കമിഴ്ന്ന് കിടന്ന് തലയിലൂടെ തലയിണ വെച്ചമര്‍ത്തി പല്ല് കടിച്ച് ഞെരിച്ചു.
അടുത്ത തവണ 'സൂ' ഇറങ്ങിയപ്പോള്‍ ഞാന്‍ സ്വരം മധുരമാക്കി ചോദിച്ചു :
'വൈ, വാട്ട് ഹാപ്പന്റ്? സ്‌റ്റൊമക് അപ്‌സറ്റ്?'
'ഹേയ്. നോ യാര്‍. ഐ വാണ്‍ട് ടു ഡൂ സൂസൂ ഓള്‍ ദ ടൈം. ഇറ്റ്‌സ് എ ഹാബിറ്റ്.'
ഇതൊന്നും അലട്ടാതെ സുഖമായി കിടന്നുറങ്ങുന്ന ചിത്രയെ ഒറ്റ ചവിട്ടിന് കൊല്ലാന്‍ തോന്നി.
'സുരേഖ, ദെന്‍ ഹൗ യൂ വില്‍ സ്ലീപ്പ്? സീ, ഇറ്റ്‌സ് ഓള്‍ മൈന്‍ഡ് ഗെയിം. യൂ ജസ്റ്റ് ക്ലോസ് യുവര്‍ ഐസ് ആന്റ് ട്രൈ ടു സ്ലീപ്പ്.'
അവളുറങ്ങിയാലേ എനിക്കുറങ്ങാന്‍ പറ്റൂ എന്ന ബോധം എനിക്കുണ്ടായിരുന്നത് കൊണ്ട് രണ്ട് താരാട്ട് പാടാന്‍ വരെ ഞാന്‍ റെഡി ആയിരുന്നു.
മൂത്രമൊഴിക്കുന്നത് ഒരു ഹാബിറ്റായി കാണുന്ന പെണ്ണ്. ഉറക്കം ഒരു വന്‍മതിലായി സുരേഖയുടെ രൂപത്തില്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.
അവളെണീക്കുന്നുണ്ടോ എന്ന് നോക്കി നോക്കി ഞാന്‍ എണീറ്റിരുന്നു. അവളോരോ തവണ തിരിഞ്ഞ് കിടക്കുമ്പോഴും അവള്‍ക്ക് വേണ്ടി, അവള്‍ക്ക് ഉറക്കം കിട്ടാനായി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
ദൈവമേ, അവളുടെ മൂത്രം പോക്കിന് തടസ്സമായി മൂത്രത്തിലൊരു കല്ലിട്ട് കൊടുക്കണേ.
അങ്ങനെ മുകളില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതായി. ചെറിയ ഒരു കൂര്‍ക്കംവലിയും കേട്ട് തുടങ്ങി.
കൂര്‍ക്കം വലിയെ വെറുത്തിരുന്ന എനിക്ക് സുരേഖയുടെ വലി മാലാഖമാരുടെ സംഗീതം പോലെ തോന്നിച്ചു.
എന്റെ കണ്ണുകളടഞ്ഞ് തുടങ്ങി. ആര്‍ത്തിയോടെ ഞാന്‍ ചുരണ്ട് കൂടി.
കുറച്ച് നേരം കഴിഞ്ഞു.
പൊടുന്നനെ ഫാന്‍ നിന്നു. അടുത്ത സെക്കന്റില്‍ ഞാന്‍ കണ്ണ് തുറന്നു. ബോധം കെട്ടുറങ്ങിയത് കൊണ്ട് പരിസരബോധം ഉണ്ടായിരുന്നില്ല.
മുറിയില്‍ നിലത്ത്, ഇരുട്ടില്‍ ഒരു പെണ്ണ് മുടിയഴിച്ചിട്ടിരിക്കുന്നു, ഒരു മെഴുക് തിരി കത്തിച്ച് വെച്ചിട്ടുമുണ്ട്.
'ഹ.......ഹ....യ്യോ... എന്റമ്മേ...'
കട്ടിലാണെന്നോര്‍ക്കാതെ ചാടി എണീറ്റ് നിന്നതേ ഓര്‍മ്മയുള്ളൂ. തല ചെന്ന് മുകളിലെ കട്ടിലില്‍ ചെന്നിടിച്ചു. എണീറ്റ പോലെ ചുമരില്‍ ചാരി കിടക്കയിലിരുന്ന് പോയി.
'ഹേയ്, വാട്ട് ഹാപ്പന്റ് റോസ്? ഇറ്റ്‌സ് മീ, സുരേഖ. ഐയാം ഡൂയിങ്ങ് മെഡിറ്റേഷന്‍. യൂ നോ, ഐ ലവ് മെഡിറ്റേഷന്‍. ഇറ്റ് മേക്ക്‌സ് യുവര്‍ മൈന്‍ഡ് ആന്റ് ബോഡി റിലാക്‌സ്ഡ്.'
'സൂ' നിലത്ത് കുത്തിയിരുന്ന് ഒരു യോഗിയുടേത് പോലെ മൊഴിഞ്ഞു.
'എടീ എടീ വൃത്തികെട്ടവളേ, കൊങ്ങിണിച്ചി കൊരങ്ങത്തീ, പട്ടീ തെണ്ടീ പിശാശേ, നീയെന്ത് ഭാവിച്ചാടീ ഈ കാട്ടി കൂട്ടണത്? പുലര്‍ച്ചെ വരെ മുള്ളി മുള്ളി നടന്നു. ഇതിനും മാത്രം മൂത്രം നിനക്ക് മാത്രം എവിടുന്നാടീ? ഞങ്ങക്കാര്‍ക്കുമില്ലല്ല്. വെര്‍തെയല്ലെടീ നിന്നെ 'സൂ സൂ' ന്ന് വിളിക്കണത്. നീ മുള്ളി മുള്ളി മരിക്കുമെടീ. മുള്ളല് കഴിഞ്ഞപ്പ ഒടുക്കത്തെ ഒരു മെഡിറ്റേഷന്‍. അവള്‍ടൊര് 'ഡെഡിക്കേഷനും വെടിക്കെട്ടും. മനുഷ്യനിപ്പ പേടിച്ച് തലയിടിച്ച് ചത്തേനേ.'
ഇംഗ്ലീഷില്‍ ഇത്ര കുറേ പറയാനൊരു ഗുമ്മില്ല. അല്ലേലും ചീത്ത പറയാനെപ്പോഴും മാതൃഭാഷയാ നല്ലത്. ശത്രു മലയാളി അല്ലെങ്കില്‍ പൊളിച്ചടക്കാം.
പിറ്റേ ദിവസം അതിരാവിലെ 'സൂ' ടെറസ്സില്‍ പോയി മെഡിറ്റേഷിച്ചു. ടെറസ്സിലാകുമ്പോള്‍ നല്ല ശുദ്ധവായുവൊക്കെ ശ്വസിച്ച് ,അങ്ങനെയങ്ങനേ, ഇടക്കിടക്ക് മുള്ളിക്കളിക്കുകയും ചെയ്യാം.
പക്ഷേ, മൂത്രത്തില്‍ കല്ല്!
അതെനിക്കാണ് വന്നത്. ഒരു ഡപ്പിയില്‍ ഞാനതെടുത്ത് വെച്ചിട്ടുണ്ട്. (പാരമ്പര്യ സ്വത്ത് ആയി എനിക്ക് മക്കള്‍ക്ക് കൊടുക്കാലോ!)
ടുലുനാടന്‍ കഥകള്‍: ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!