'കുഞ്ഞാലിക്കുട്ടിയുടെ ഒക്കെ ഗ്ലാമറിനോട് പിടിച്ചു  നില്‍ക്കണമെങ്കില്‍ എനിക്കല്‍പ്പം മേക്കപ്പ് വേണം'

By KP Vinod  |  First Published Apr 10, 2019, 11:04 AM IST

ക്യാമറകളുടെ മുന്നില്‍ മാണി സാര്‍ മറ്റൊരാളായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാന്‍ കെ. പി വിനോദ് എഴുതുന്നു


മാണി സാര്‍ ഞങ്ങളെ ഒന്നു നോക്കി. പിന്നെ, കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു. 'കുഞ്ഞാലിക്കുട്ടിയുടെ ഒക്കെ ഗ്ലാമറിനോട് പിടിച്ചു നില്‍ക്കണമെങ്കില്‍ അല്‍പ്പം മേക്കപ്പ് ഒക്കെ വേണം. ഇന്നു മേക്കപ്പ് കിറ്റ് എടുക്കാന്‍ മറന്നു പോയി. അതെടുക്കാന്‍ മാമനെ വീട്ടിലേക്കു വിട്ടതാണ്. ഇപ്പം വരും'


സിദ്ധാന്തം അദ്ധ്വാനവര്‍ഗ്ഗത്തെക്കുറിച്ചാണെങ്കിലും കെ. എം മാണി എന്നും ഒരു സൗന്ദര്യ ആരാധകന്‍ കൂടിയായിരുന്നു. ടെലിവിഷന്‍ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച പത്തിരുപത്തഞ്ച് വര്‍ഷത്തില്‍ ഒരിക്കലും ഉടഞ്ഞ ജുബ്ബായോ വിയര്‍ത്തമുഖമോ ആയി അദ്ദേഹത്തെ കണ്ടിട്ടില്ല. എന്നും പ്രസന്നവദനനായിരുന്നു അദ്ദേഹം. അഥവാ, മറ്റുള്ളവരുടെ മുന്നില്‍ എന്നും സ്മാര്‍ട്ടായി നില്‍ക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു മാണിസാര്‍. 

Latest Videos

undefined

ആന്റണി മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടി ഐടി മന്ത്രിയായിരുന്ന കാലമാണ്. സുസ്ഥിര വികസനം ഐടിയി വഴിയോ കൃഷി വഴിയോ എന്ന ചര്‍ച്ച ഉയര്‍ന്ന കാലം. റിപ്പോര്‍ട്ടര്‍ കുമാര്‍ ചെന്നൈയ്‌ക്കൊപ്പം മാണിസാറിന്റെ ഇന്റര്‍വ്യു എടുക്കാന്‍ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി. കണ്ട ഉടനെ അദ്ദേഹം ചോദിച്ചു, ഇതിനു മുമ്പ് ആരുടെയൊക്കെ അഭിമുഖം എടുത്തു? 

കുഞ്ഞാലിക്കുട്ടി മിനിസ്റ്ററുടെ അടുത്തു നിന്നാ ഇങ്ങോട്ടു വന്നത്. 

വന്നു, അടുത്ത ചോദ്യം: 'നിങ്ങള്‍ കാപ്പി കുടിച്ചോ?' 

'ഞങ്ങള്‍ കുടിച്ചു സാര്‍'

അതു കേള്‍ക്കാത്ത മട്ടില്‍ അദ്ദേഹം ഒരു സ്റ്റാഫിനെ വിളിച്ച് ആവശ്യപ്പെട്ടു 'ഇവര്‍ക്ക് ചായയും കട്‌ലെറ്റും കൊടുക്കൂ'.

ചായ വേണ്ടെന്ന് പറയും മുമ്പേ, പുള്ളി നീട്ടിയൊരു വിളി, 'മാമാ ...മാമാ..'

ഒരാള്‍ പെട്ടെന്നു ഡോര്‍ തുറന്നു കടന്നു വന്നു. മാണി സാര്‍ എന്തോ ചെവിയില്‍ പറഞ്ഞു. മാമന്‍ പുറത്തേക്കു ഓടുന്നു. 

മാണി സാര്‍ അടുത്തിരുന്ന് പല കാര്യങ്ങളും കുമാറിനോട് ചോദിച്ചു. ഇന്റര്‍വ്യൂവിന്റെ കാര്യം ഒഴികെ മറ്റനേം കാര്യങ്ങള്‍. 

അതിനിടെ, ചായ വന്നു, കട്ലറ്റ് വന്നു. ഇന്റര്‍വ്യൂവിന്റെ ഒരനക്കവും ഇല്ല. 

അല്ല, നമുക്ക് സംസാരിച്ചാലോ, മാണി സാറിനോട് ചോദിച്ചു. 

മാണി സാര്‍ ഞങ്ങളെ ഒന്നു നോക്കി. പിന്നെ, കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് ഒരു കള്ളച്ചിരിയോടെ പറതുക്കെ പറഞ്ഞു. 'കുഞ്ഞാലിക്കുട്ടിയുടെ ഒക്കെ ഗ്ലാമറിനോട് പിടിച്ചു നില്‍ക്കണമെങ്കില്‍ അല്‍പ്പം മേക്കപ്പ് ഒക്കെ വേണം. ഇന്നു മേക്കപ്പ് കിറ്റ് എടുക്കാന്‍ മറന്നു പോയി. അതെടുക്കാന്‍ മാമനെ വീട്ടിലേക്കു വിട്ടതാണ്. ഇപ്പം വരും'-

ഞങ്ങള്‍ അന്തംവിട്ട് അതു കേള്‍ക്കെ, മണികിലുക്കം പോലെ ഒരു ചിരി ഉയര്‍ന്നു.

ഞങ്ങള്‍ അന്തംവിട്ട് അതു കേള്‍ക്കെ, മണികിലുക്കം പോലെ ഒരു ചിരി ഉയര്‍ന്നു. അതിനു പിന്നാലെ മാമനെത്തി. മേക്കപ്പ് കിറ്റ് എത്തി. മാണി സാര്‍ ക്യാമറയ്ക്ക് മുന്നിലെത്തി.

എവിടെ ചെന്നാലും ഓരോരുത്തരെയും പേരെടുത്ത് വിളിക്കുന്ന ശീലം മാണി സാറിന്റെ പ്രത്യേകതയായിരുന്നു. പേരു പറഞ്ഞു കൊടുക്കാനും വിവരങ്ങള്‍ വിശദീകരിച്ചു കൊടുക്കാനും കൂട്ടത്തിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊന്‍മുടി എസ്‌റ്റേറ്റില്‍ ഒരു പട്ടിണി മരണം നടന്നു. ലാസര്‍ എന്ന തൊഴിലാളിയാണു മരിച്ചത്. വലിയ വാര്‍ത്താ പ്രധാന്യം നേടിയ സംഭവമായിരുന്നു അത്. പ്രതിപക്ഷ നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ പിറ്റേ ദിവസം ഘടകകക്ഷി നേതാക്കളുടെ ഒരു വന്‍ പട തന്നെ പൊന്‍മുടിക്കു തിരിച്ചു. പൊന്‍മുടിക്ക് താഴെ ഒരു പ്രാദേശിക നേതാവിന്റെ വീട്ടില്‍ ആയിരുന്നു പ്രഭാത ഭക്ഷണം. അവിടെ വെച്ച് കൂട്ടത്തില്‍ ഉള്ള ആളോട് മാണി സാര്‍ പറഞ്ഞു, പത്രത്തില്‍ ആ കുട്ടികളുടെ പേര് കാണും, അതൊന്ന് എഴുതി എടുത്തോണെ'. 

അതു കഴിഞ്ഞ് സംഘം എസ്‌റ്റേറ്റില്‍ എത്തി. മരിച്ച ലാസറിന്റെ കുടുംബം മുന്നില്‍. അവരുടെ മുന്നില്‍ നില്‍ക്കെ, എകെ.ആന്റണി അടക്കം എന്തു പറയണം എന്നറിയാതെ വിഷമിച്ചു നില്‍ക്കുകയാണ്. അമ്മയുടെ മുഷിഞ്ഞ സാരിത്തുമ്പില്‍ പിടിച്ചു നിന്ന കുട്ടി എല്ലാവരെയും നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് മാണി സാര്‍ അവനെ വിളിച്ചു, 'ബാബുമോന്‍ ഇങ്ങു വന്നേ, ഏത് ക്ലാസിലാ പഠിക്കുന്നത്?'. 

മോന്റെ പേരു വിളിച്ചുള്ള ആ സംസാരം കേട്ടതോടെ ലാസറിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. 

'പിന്നെ എനിക്കറിയത്തില്ലെ ജയദീപിനെ, ഡല്‍ഹിയിലെ പുലിയല്ലെ!'

മാണി സാറുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഭവം ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന കെ. പി ജയദീപുമായി ബന്ധപ്പെട്ടതാണ്.

ദില്ലി ബ്യൂറോയിലായിരുന്ന ജയദീപ് അവിടെനിന്നും തിരുവനന്തപുരത്ത് തിരുവനന്തപുരം ബ്യൂറോ ചീഫായി എത്തിയ കാലമായിരുന്നു. ആ സമയത്താണ് മതികെട്ടാന്‍ വിവാദം.  പി ആര്‍ പ്രവീണ്‍ എന്ന റിപ്പോര്‍ട്ടര്‍ മതികെട്ടാന്‍ മലയിലെ സ്ഥലത്തിന്റെ ഉടമസ്ഥ അവകാശത്തില്‍ മാണിസാറിന്റെ മരുമകന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഒരു വാര്‍ത്ത ചെയ്തു. തന്റെ പേര് വാര്‍ത്തയില്‍ വന്നതില്‍ മാണിസാര്‍ അസ്വസ്ഥനാകുകയും അന്നത്തെ വാര്‍ത്താ മേധാവി കെ പി മോഹനോട് പരാതി പറയുകയും  ചെയ്തു. അതിനാല്‍, മാണിസാറിന്റെ ഭാഷ്യം കൂടി എടുക്കാന്‍ തീരുമാനമായി. പി ജി സുരേഷ് കുമാറിനെയും കൂട്ടി കെ.പി ജയദീപ്  മാണിസാറിന്റെ വീട്ടിലേക്ക് ചെന്നു. ക്യാമറാമാനായി ഞാനുമുണ്ട്. ഞങ്ങള്‍ എത്തുന്നതിനു മുമ്പേ ഏഷ്യാനെറ്റില്‍നിന്നും ആരൊക്കെയാണ് വരുന്നത് എന്ന കാര്യം മാണിസാര്‍ അന്വേഷിച്ചിരുന്നു. 

വരുന്നത് ജയദീപ് ആണെന്നും അദ്ദേഹം നേരത്തെ ദില്ലിയില്‍ ആയിരുന്നു എന്നൊക്ക പഠിച്ച് പുള്ളി കാത്തിരിക്കുന്നതിനിടെ ഞങ്ങള്‍ എത്തി. റൂമിലേക്ക് കയറുന്നതിനു മുമ്പ്, 'നീ ആദ്യം കയറ്' എന്ന് പി ജി സുരേഷ് കുമാറിനോട് പറഞ്ഞ്, ജയദീപ് ഒരടി പുറകിലേക്ക് നീങ്ങി നിന്നു. പി ജി സുരേഷ് കുമാര്‍ അകത്തേക്ക് കയറി. ആളെക്കണ്ടതും മാണിസാര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് 'ജയദീപേ' എന്നു വിളിച്ച് തോളത്ത് രണ്ടടി!

തന്നെ നല്ല പരിചയമുള്ള പേഴ്‌സണല്‍ സ്റ്റാഫ് അന്തം വിട്ടു നില്‍ക്കുന്നത് കണ്ട്, പി ജി സുരേഷ് കുമാര്‍ മാണിസാറിനോട് പറഞ്ഞു, 'ഞാനല്ല, ഇതാണ് ജയദീപ്!'

അതു കേട്ട ഉടന്‍ മാണി സാര്‍ പി ജി യുടെ കൈവിട്ടു. അടുത്ത നിമിഷം ജയദീപിനെ കെട്ടിപ്പിടിച്ച് രണ്ടു കൈ കൊണ്ടും പുറത്ത് ആഞ്ഞടിച്ച് ഒരു ചിരി. എന്നിട്ട് പറഞ്ഞു, 'പിന്നെ എനിക്കറിയത്തില്ലെ ജയദീപിനെ, ഡല്‍ഹിയിലെ പുലിയല്ലെ!'

അതെ, ഇതൊക്കെ ആയിരുന്നു മാണിസാര്‍ എന്ന രാഷ്ട്രീയ അതികായന്‍.

പതിഞ്ഞതിനപ്പുറം: മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം
 

 

click me!