എന്റെ തൊട്ടപ്പന്‍. രസ്‌ലിയ എം എസ് എഴുതുന്നു
ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം. ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ.
undefined
എന്റെ തൊട്ടപ്പന്‍. കുറിപ്പുകള്‍ തുടരുന്നു. പ്രണയത്തിന്റെ ഇലയനക്കങ്ങളുമായി ജീവിതത്തെ വഴി മാറ്റിയൊരു സാന്നിധ്യം. രസ്‌ലിയ എം എസ് എഴുതുന്നു
.............................................................................................................................................................
ആത്മാവിന്റെ അരിക് ചേര്‍ന്നു പെയ്യുന്നൊരു നേര്‍ത്ത മഴ എത്രമേല്‍ സുന്ദരമായിരിക്കും അല്ലേ.
ഒറ്റപ്പെടലും ദു:ഖങ്ങളും മാത്രം മാറി മാറിയെത്തുന്ന ഏകാന്തതയ്ക്കുമേല്‍ ഇറ്റി വീണ കനിവിന്റെ ആദ്യത്തെ തുള്ളിയായിരുന്നു അയാള്‍.
വാക്കുകളുടെ തെയ്യാട്ടമില്ലാതെ മൗനത്തിന്റെ പുണ്യ നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ പരസ്പരം അറിഞ്ഞത്. നീണ്ട വരാന്തയിലൂടെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ അടി വച്ചടി വച്ച് നടന്നു വരുമ്പോള്‍ അഭിമുഖമായി ഞാനും വരുന്നുണ്ടാവും. ഏത് തിരക്കിനിടയിലും ഒരു നോട്ടം. നിറഞ്ഞ ചിരി. എന്റെ ഉളളില്‍ പുകയുന്ന അഗ്‌നിയെ തല്ലിക്കെടുത്താന്‍ അത് മാത്രം മതിയായിരുന്നു. പിന്നെയും കണ്ടു, പിന്നെയും ചിരിച്ചു. പതിയെ പതിയെ അടുത്തു. എത്രമേല്‍ അടുക്കാനാവുമോ അത്രമേല്‍ അടുത്തു.
എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതിരിക്കുകയെന്നത് എത്രയോ പേര്‍ക്ക് ഉള്‍ക്കൊള്ളേണ്ടിവരുന്ന ജീവിതാവസ്ഥയാണ്. ഞങ്ങളിരുവരും അങ്ങനെയായിരുന്നു.പ്രായം കൊണ്ടോ രൂപം കൊണ്ടോ, പ്രതിഭ കൊണ്ടോ എന്നു വേണ്ട സമൂഹം തലനാരിഴ കീറി മുറിക്കുന്ന പലതുകൊണ്ടും ഞങ്ങള്‍ വ്യത്യസ്തരായിരുന്നുവെങ്കിലും തുല്യദു:ഖത്തിന്റെ ഒരു പുഴയൊഴുകിയത് പ്രണയത്തിന്റെ താളത്തോടെയായിരുന്നു.
ഇത്രമാത്രം എന്നോടിഷ്ടം തോന്നാന്‍ കാരണം എന്താണെന്ന് ഒരിക്കലദ്ദേഹം ചോദിക്കുകയുണ്ടായി. എങ്ങനെയാണതിന് ഉത്തരം പറയാനാവുക? എങ്കിലും ഒരു കടലാഴമുള്ള നിങ്ങളുടെ ശബ്ദത്തെയും കരുണയുടെ കഥ വിരിയുന്ന ഈ കണ്ണുകളെയും ഇഷ്ടമാണെന്ന് പറഞ്ഞൊപ്പിച്ചു. പക്ഷേ ഇന്നെനിക്കറിയാം എന്തുകൊണ്ടും നിങ്ങളെ ഇഷ്ടമാണെന്ന്. ആധികളും ഉപാധികളുമില്ലാത്തൊരിഷ്ടം.
ഈ ചെറിയ ജീവിതത്തിനിടയില്‍ സങ്കടങ്ങളുടെ വലിയ വേലിയേറ്റങ്ങളില്‍പ്പെട്ട് ഉഴറിയവളാണ് ഞാന്‍. ദു:ഖത്തിന്റെ ഒപ്പുകടലാസായിരുന്നു രാത്രികളെല്ലാം. എന്നാല്‍ നിങ്ങളെയറിഞ്ഞതിന് ശേഷം ഒന്നുമെന്നെ ബാധിക്കുന്നേയില്ല. കൂരമ്പുകളായി ആരെല്ലാം കൊള്ളിവാക്കുകള്‍ എയ്തു വിടുന്നു? മുറിവിലേക്ക് വീണ്ടും വീണ്ടും കത്തി താഴ്ത്തുന്നു? കുറ്റങ്ങളുടെ കണക്കു പുസ്തകം തുറക്കുന്നു. ഇല്ല ഒന്നുമെന്നെ അലട്ടുന്നേയില്ല. എല്ലാം കേട്ട് ഉളളില്‍ വിങ്ങുന്നുണ്ടാവും. നീറി നീറിക്കരയുന്നുണ്ടാവും. പക്ഷേ സാന്ത്വനത്തിന്റെ നിറവുമായി നിങ്ങളുള്ളപ്പോള്‍ എല്ലാം എനിക്ക് അതിജീവിക്കാനാവുന്നു. അതെ നിലനില്‍പിന്റെ ശാന്തിമന്ത്രമാകാന്‍ ഈ പ്രപഞ്ചത്തില്‍ എനിക്ക് നീ മാത്രമേയുള്ളൂ.
.............................................................................................................................................................
എന്നെയറിഞ്ഞിരുന്നോ നീയെന്ന് പതിഞ്ഞു ചോദിക്കുന്ന നിന്നോട് ഞാനെന്തു മറുപടി പറയും?
.............................................................................................................................................................
ഒരു പാട് സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ പിണക്കങ്ങളും വിരുന്നെത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്. നമ്മളും വ്യത്യസ്തരായിരുന്നില്ല. മിണ്ടാതിരുന്നിട്ടുണ്ട്. തലകുനിച്ച് കാണാത്ത ഭാവത്തില്‍ നടന്നകന്നിട്ടുണ്ട്. പക്ഷേ ഇത്തിരി ദൂരം പിന്നിടുമ്പോള്‍ എനിക്കോ നിനക്കോ തിരിഞ്ഞു നോക്കി ചിരിച്ച് പരസ്പരം പുണര്‍ന്ന് കരഞ്ഞ്
എല്ലാ പിണക്കങ്ങളെയും അലിയിച്ചുകളയേണ്ടി വന്നിട്ടുണ്ട്.
അന്നുമിന്നും തെറ്റിദ്ധരിപ്പിക്കാന്‍ ആളുകളേറെയുണ്ടായിരുന്നു. നമ്മുടെ സ്‌നേഹത്തിന്റെ ആഴത്തെ ഉള്‍ക്കൊള്ളാനാവാത്ത ചിലര്‍. ആത്മപ്രണയത്തിന് സത്യത്തിന്റെ കാവല്‍ എന്നുമുള്ളപ്പോള്‍ ഞാനതൊന്നും ശ്രദ്ധിച്ചേയില്ല. നിന്നോട് മാത്രം വേദനകള്‍ പറഞ്ഞു നീ മാത്രം എല്ലാം തിരിച്ചറിഞ്ഞെങ്കിലെന്ന് പ്രാര്‍ഥിച്ചു.
നീ വന്നതിന് ശേഷം എനിക്കെന്തു മാറ്റമുണ്ടായെന്ന് ചിന്തിക്കുന്നത് കൗതുകമുണ്ടാക്കുന്നു. പ്രകൃതിയിലേക്കിറങ്ങി നന്മയുടെ പാഠങ്ങള്‍ അറിഞ്ഞത് നിന്നോട് കൂട്ടുകൂടിയതില്‍ പിന്നെയാണ്. പൂക്കള്‍ ചിരിക്കുന്നതും ഇളം കാറ്റ് തലോടുന്നതും ചാന്ദ്രപൗര്‍ണമിയും എനിക്കിന്ന് നിന്റെ സാന്നിധ്യമാണ്. ഒരു കുഞ്ഞു പൂവിലും വിരിയുന്ന സാന്ത്വനം.
ഒരിക്കല്‍ പ്രിയപ്പെട്ടവര്‍ ഒന്നു ചേര്‍ന്നൊരു യാത്രയില്‍ പൈന്‍മരക്കാടുകള്‍ കയറി ചെല്ലാനാവാതെ ഞാന്‍ വിഷമിച്ചു. എന്റെ കാലുകള്‍ക്ക് കയറ്റങ്ങള്‍ വിഷമകരവും ഇറക്കങ്ങള്‍ സുഖകരവുമാണ്.. ജീവിതം പോലെ എന്തോ അതിനെ നോവിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. നീ വന്നു കൈ പിടിച്ചു നമുക്ക് പോകാമെന്നു പറഞ്ഞ് കാടാകെ ഒന്നു ചേര്‍ന്ന് നടന്നു കണ്ടു. നേരം പോക്കിന് കളിയാക്കിയവരോട് ഇനിയുള്ള കാലം ഞങ്ങളൊരുമിച്ച് തുഴയുമെന്ന് തീര്‍ത്തു പറഞ്ഞു. പാതിയില്‍ നീ നിര്‍ത്തിയ പാട്ടെനിക്ക് മുഴുമിപ്പിക്കാനാവണമേയെന്ന് ഞാനപ്പോള്‍ ആര്‍ദ്രയായി.
അങ്ങനെയങ്ങനെ വാക്കുകള്‍ കൊണ്ട് വരച്ചിടാനാവാത്ത എത്രയോ ഓര്‍മ്മകള്‍ നീ നല്‍കിയിരിക്കുന്നു? ആഴക്കടലിന് അലയെപ്പോലെ, പറവയ്ക്കാകാശം പോലെ എന്നില്‍ നിന്റെ സ്‌നേഹത്തിന്റെ രാഗാഞ്ജലിയുണ്ട്. അന്നുമിന്നും നിന്റെയുമെന്റയും ജാലകങ്ങള്‍ തുറക്കുന്നത് വ്യത്യസ്ത ഇടങ്ങളിലാണ്. എങ്കിലും എവിടെയായാലും നിന്നിലേക്കുമെന്നിലേക്കും നീളുന്ന അദൃശ്യ മഴനൂലുകള്‍ കൊണ്ട് നാം ബന്ധനസ്ഥരാണ്.
എന്നാലും പറയട്ടെ മഴയുള്ള രാത്രികളില്‍ നീയെന്തു ചെയ്യുകയാവുമെന്നോര്‍ത്ത്, ആ മഴത്തണുപ്പില്‍ നിനക്ക് വിറകൊള്ളുമോയെന്നോര്‍ത്ത്, ഒന്നിച്ചു നനയാനാവാത്ത മഴരാത്രികളെയോര്‍ത്തു ഞാന്‍ ആര്‍ത്തു കരയാറുണ്ട്. തകര്‍ത്തു പെയ്യുന്ന മഴ എന്റെ തേങ്ങലുകളെ നിശ്ശബ്ദമാക്കുന്നതാവാം.
നീ പറയുന്ന പോലെ ചിലപ്പോഴെല്ലാം ഞാന്‍ തനിക്കാമുകിയാണ്. ചിലപ്പോഴോ പക്വതയാര്‍ന്നവളും. അപ്പോള്‍ നിന്നെ ശകാരിക്കുകയും വഴക്കു പറയുകയൊക്കെ ചെയ്യും. നീയെന്നും നിങ്ങളെന്നും കുട്ടിയെന്നും തോന്നുന്നതൊക്കെ ഞാന്‍ വിളിച്ചിട്ടുണ്ട്. ആരും വിളിക്കാത്ത പേരില്‍ വിളിക്കാനോര്‍ത്ത്, തിരഞ്ഞു കുഴങ്ങി പേരൂ കിട്ടാതെ വിളിക്കുന്നതാവാം.
ആദ്യമായി കടലു കാണുന്ന കുട്ടിയെപ്പോലെ കണ്ടാലും കണ്ടാലും മതിവരാത്ത, നിര്‍വചിക്കാനറിയാത്ത ചേതോവികാരമാണെനിക്ക് നീ. നല്ലൊരു ജീവിതം എനിക്ക് നഷ്ടമാവാതിരിക്കാന്‍ പരിഭവിച്ചും, പിണക്കം നടിച്ചും പിന്മാറാന്‍ ഒരുങ്ങിയിരുന്നു നീ. പക്ഷേ എത്ര അകറ്റിയാലും അതിരുകള്‍ ഭേദിച്ച് പിന്നെയും പിന്നെയും നിന്നിലേക്ക് ഞാന്‍ നടന്നടുക്കുന്നതിന് നിദാനമൊന്നേയുള്ളൂ.. നന്മ നിറഞ്ഞ നിന്റെ സ്‌നേഹം. ആരെയും വേദനിപ്പിക്കാനറിയാത്ത, ഒറ്റയാക്കി കടന്നു പോയവരെയും നല്ല വാക്കുകള്‍ കൊണ്ട് മാത്രം വിശേഷിപ്പിക്കുന്ന, മനുഷ്യബന്ധങ്ങള്‍ ദു:ഖം മാത്രം സമ്മാനിക്കുമ്പോള്‍ പ്രകൃതിയിലേക്കിറങ്ങി സഹജീവി സമന്വയത്തിന്റെ പൊരുള്‍ തേടുന്ന ഒരപൂര്‍വ്വജന്മം.
എന്നെയറിഞ്ഞിരുന്നോ നീയെന്ന് പതിഞ്ഞു ചോദിക്കുന്ന നിന്നോട് ഞാനെന്തു മറുപടി പറയും? ജന്മജന്മാന്തരങ്ങളായി ഈ ഗന്ധര്‍വ്വ ലോകത്ത് പ്രണയിച്ച് തീര്‍ത്തവരുടെയാകെ പ്രണയവും സമ്മോഹിപ്പിച്ചെന്നില്‍ ചേര്‍ത്ത് പകരം തരാമെന്നോ?
ഒന്നു മാത്രം പറഞ്ഞ് നിര്‍ത്തട്ടെ. നീയുള്ളപ്പോള്‍ മാത്രമാണ് ഈയുള്ളവള്‍ക്ക് ഭൂമിയുമാകാശവും ചിറകും സ്വപ്നങ്ങളുമുള്ളത്. ആരക്തമൂറുന്ന പച്ച മുറിവില്‍ തേന്‍ പുരട്ടുന്നത് നിന്റെ സാന്നിധ്യമാണ്. ആത്മാവിന്റെആഴങ്ങളില്‍, നിത്യമായി തെളിയുന്ന ദൈവാംശം!
ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു
അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും
ജിഷ കെ: പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍
വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു