തൊട്ടപ്പന്‍: രസ്‌ന എം പി എഴുതുന്നു
ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം. ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ.
undefined
മൂന്നു വര്‍ഷം നീണ്ട ഡിഗ്രി പഠനത്തിന് വിരാമമിട്ട്് കോളേജിനോട് വിട പറഞ്ഞു പടിയിറങ്ങിയ അന്ന് വൈകുന്നേരമാണ് തീര്‍ത്തും അവിചാരിതമായി ഞാനദ്ദേഹത്തെ വീണ്ടും കണ്ടു മുട്ടുന്നത്. കോളേജില്‍ രണ്ടാം വര്‍ഷത്തില്‍ മൂന്നാം സെമസ്റ്ററില്‍ ജേണലിസം പഠിപ്പിക്കാനായി വന്നിരുന്ന ഗസ്റ്റ് അധ്യാപകനായിരുന്നു അദ്ദേഹം. പഠിപ്പിക്കുന്ന വിഷയം മാധ്യമ പഠനം ആയിരുന്നെങ്കിലും ഓരോ ക്ലാസ്സിലും പാഠപുസ്തകത്തിനപ്പുറമുള്ള പല പാഠങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കിയ, ഏതു കാര്യത്തിലായാലും വ്യക്തമായ കാഴ്ചപ്പാടുകളും, ആര്‍ക്കു മുന്നിലും അടിയറവു വെക്കാത്ത നിലപാടുകളും ഉള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പച്ച മനുഷ്യന്‍.
ജേണലിസം പഠിക്കുന്നതിന്റെ ഭാഗമായി ഡോക്യൂമെന്ററിയോ ഷോര്‍ട് ഫിലിമോ മറ്റോ ചെയ്താല്‍ നന്നായിരിക്കും എന്ന സാറിന്റെ നിര്‍ദേശത്തിന്റെ പുറത്താണ്, അത്തരം കലാപരിപാടികള്‍ ഒക്കെ കോളേജ് മാനേജ്‌മെന്റ് അനുവദിക്കുമോ എന്ന അതിയായ ആശങ്ക ഉണ്ടായിരുന്നിട്ട് കൂടി അന്നൊരിക്കല്‍ പരമ രഹസ്യമായി തട്ടിക്കൂട്ടി ഒരു ചെറിയ മ്യൂസിക് ആല്‍ബം ഞങ്ങള്‍ ചെയ്തു തീര്‍ത്തത്. സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ സാര്‍ കോളേജില്‍ നിന്ന് പിരിഞ്ഞു പോയെങ്കിലും ആല്‍ബം ചെയ്ത് തീര്‍ക്കുന്നത് വരെ എല്ലാ സഹായവുമായി സാര്‍ കൂടെ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് നീണ്ട ഒരു വര്‍ഷത്തോളം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഫേസ്ബുക്കില്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടിരുന്ന,സര്‍ പങ്കെടുത്തിരുന്ന സമരങ്ങളുടെയോ, പ്രതിഷേധ കൂട്ടായ്മകളുടെയോ അതുമല്ലെങ്കില്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെയോ ചിത്രങ്ങളോ പോസ്റ്റുകളോ ആയിരുന്നു തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി.
ഒരിടവേളക്ക് ശേഷം വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോഴാണ്, അടുത്തറിഞ്ഞപ്പോഴാണ് ഒരധ്യാപകന്‍ എന്നതിലപ്പുറം ഒരു മനുഷ്യന്‍ എന്ന രീതിയില്‍ അദ്ദേഹം എന്താണെന്ന് ഞാന്‍ അറിഞ്ഞു തുടങ്ങിയത്. തല തിരിഞ്ഞ ചിന്തകളും, എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളുമായി, ചെരുപ്പ് പോലുമിടാതെ ഫറൂഖ് കോളേജിന്റെ വരാന്തയിലൂടെ നടന്നു നീങ്ങിയിരുന്ന ആ ഭ്രാന്തന്‍ കാലത്തെക്കുറിച്ചൊരിക്കല്‍ സര്‍ വാചാലനായപ്പോള്‍ ഞാനത് ശരിക്കും മനക്കണ്ണാല്‍ കണ്ടു.
പണ്ട് മുതലേ ആള്‍ക്കൂട്ടത്തെ അയാള്‍ക്ക് ഭയമായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ പോലും സഹിക്കാനാവില്ലായിരുന്നു. ആര്‍ക്ക് എന്ത് ആവശ്യം വന്നാലും കൈ മെയ് മറന്നു ഓടിയെത്തും.തന്റെ കാര്യങ്ങള്‍ക്കു യാതൊരു വിലയും കല്‍പ്പിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യും.ഒരു ഗസ്റ്റ്് അധ്യാപകന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നും ഇന്നും അദ്ദേഹം ഒരു വിഹിതം മാറ്റിവെക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മുമ്പിലിരുന്നിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനത്തിനാണെന്ന് ഈയടുത്താണ് ഞാന്‍ മനസിലാക്കിയത്. അന്നും ഇന്നും എന്നും തന്നെ എവിടെയെങ്കിലും രേഖപ്പെടുത്താന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഒരു നൂറു രൂപ ആര്‍ക്കെങ്കിലും ദാനം ചെയ്താല്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിന് അരിയോ മറ്റു സാധനങ്ങളോ വാങ്ങി നല്‍കിയാല്‍ അതുടനെ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു, കമന്റുകളില്‍ മറ്റുള്ളവര്‍ പുകഴ്ത്തുന്ന തന്റെ വിശാല മനസ്‌കതയെക്കുറിച്ചോര്‍ത്തു രോമാഞ്ചം കൊള്ളുന്ന, ഞാനുള്‍പ്പെടെയുള്ള ഒരു പറ്റം മനുഷ്യര്‍ക്ക് മുന്നിലാണ് അദ്ദേഹം തീര്‍ത്തും വ്യത്യസ്തനാവുന്നത്.
ഞാനേറെ വെറുത്തിരുന്ന കെ എസ് ആര്‍ ടി സി ബസിനെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിച്ചതും ഗവണ്മെന്റ് ആശുപത്രികളോടുള്ള അടങ്ങാത്ത അവജ്ഞ മാറ്റിയതും അദ്ദേഹമാണ്. മുന്‍പ് ഉണ്ടായിരുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ ചെന്നാല്‍ അവിടുത്തെ മണം കാരണം ബോധക്കേട് വരും എന്ന് ഉള്ളിലിരുന്ന് ഒരാള്‍ മന്ത്രിച്ചു കൊണ്ടേയിരുന്നപ്പോള്‍ അദ്ദേഹം എന്നിലെ ആ ചിന്തയുടെ അടിവേര് പിഴുതെടുത്തത് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ക്യാന്‍സര്‍ വാര്‍ഡിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയികൊണ്ടായിരുന്നു. മരണ വീട്ടില്‍ പോകാനുള്ള വൈമുഖ്യത്തെ, രോഗികളെ കാണാനുള്ള ബുദ്ധിമുട്ടിനെ, എല്ലാം നമ്മുടെ തോന്നലാണെന്നും നമുക്ക് ഒരിക്കലും ഈ അവസ്ഥ വരില്ല എന്ന നമ്മുടെ ഉള്ളില്‍ നാം പോലും അറിയാതെ കൂടു കൂട്ടിയിരിക്കുന്ന ചില ബോധ്യങ്ങളുടെ പ്രശ്‌നമാണെന്നും അദ്ദേഹം എന്നെ പറഞ്ഞു മനസിലാക്കി.
ജീവിതത്തെ സമീപിക്കുന്ന രീതി, കാഴ്ചപ്പാടുകള്‍, നിലപാടുകള്‍ എല്ലാം മാറ്റി മറിച്ചത് അദ്ദേഹമാണ്. ജീവിതത്തില്‍ എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തളരാതെ മുന്നേറണമെന്നു പറയാതെ പറഞ്ഞു തന്നത് അദ്ദേഹമാണ്. സ്വന്തം ജീവിതം മാത്രം നോക്കാതെ നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കൂടി കാണേണ്ടതുണ്ടെന്നും, അത് നമ്മുടെ കടമയാണെന്നും പഠിപ്പിച്ചു തന്നതും അദ്ദേഹം തന്നെയാണ്. എന്നിരുന്നാലും പ്രാക്ടിക്കല്‍ ആയി ജീവിതത്തെ സമീപിക്കണമെന്നു വാശി പിടിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ അദ്ദേഹം എന്നും പരിഹാസ്യനാണ് .അവര്‍ അദ്ദേഹത്തെ വേറെ ലെവല്‍ എന്നും, സ്വന്തമായി കുടുംബവും കുട്ടികളും ഇല്ലാത്ത അലസ ജീവിതം ജീവിച്ചു തീര്‍ക്കുന്ന താന്തോന്നിയാണെന്നും പറഞ്ഞു കൊണ്ടിരിക്കുന്നു..പക്ഷെ എല്ലാ വിമര്ശനങ്ങളെയും അദ്ദേഹം ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു തന്റെ നിലപാടുകള്‍ക്കൊപ്പം മുന്നോട്ട് പോവുന്നു.
തൊട്ടപ്പന്‍ എന്ന വാക്കിനെ ഏറ്റവും കൂടുതല്‍ അന്വര്‍ത്ഥമാക്കിയിട്ടുള്ളത്, കെ ആസ് ആര്‍ ടി സി ബസില്‍ കമ്പിയില്‍ തൂങ്ങി പിടിച്ചു, അല്ലെങ്കില്‍ ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ മണിക്കൂറുകളോളം തിക്കി തിരക്കി നിന്ന്, കൂടപ്പിറപ്പായ മൈഗ്രെയ്‌നോട് മല്ലിട്ടു കിലോമീറ്ററുകള്‍ അകലെ ഉള്ള പൊതു പരിപാടികള്‍ക്കോ, ഇഷ്ടപ്പെട്ട പ്രസംഗങ്ങള്‍ക്കോ, ചലച്ചിത്ര മേളകള്‍ക്കോ ഗസലുകള്‍ക്കോ വേണ്ടി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആ മനുഷ്യന്‍ അല്ലാതെ മറ്റാരും തന്നെയല്ല.
ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു
അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും
ജിഷ കെ: പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍
വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു
രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍
സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍
അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്
ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും പിന്നീടെനിക്ക് ലഭിച്ചിട്ടില്ല
കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...
ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...
ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!
റഫീസ് മാറഞ്ചേരി: പ്രവാസിയുടെ തൊട്ടപ്പന്‍!
ജുനൈദ് ടി പി തെന്നല: ഒരു ഒന്നൊന്നര മാമന്‍!
സുമാ രാജീവ്: പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡി
ജുനൈസ് അബ്ദുല്ല: 'ഇന്റെ ആരാ അബുക്ക?'