എംടി യാണെന്റെ തൊട്ടപ്പന്‍. ശ്രീജിത്ത് എസ് മേനോന്‍ എഴുതുന്നു
ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം. ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ.
undefined
'എന്റെ തൊട്ടപ്പന്‍' കുറിപ്പുകള്‍ തുടരുന്നു. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ നാമറിയാത്ത കഥ. ഉറ്റബന്ധുവായ ശ്രീജിത്ത് എസ് മേനോന്‍ എഴുതുന്നു
.............................................................................................................................................................
ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കരുതുന്നത് മലയാള സാഹിത്യത്തിന്റെ ഇതിഹാസമായ എം.ടി വാസുദേവന്‍ നായരുടെ കുടുംബത്തില്‍ ജനിക്കാനായി എന്നതാണ്. എന്റെ അച്ഛന്റെ ചെറിയച്ഛനാണ് എം ടി. അതുകൊണ്ടുതന്നെ ഓര്‍മ്മ വെക്കുന്നതിന്റെ മുമ്പെങ്ങോ എം ടി അച്ഛച്ചന്‍ എന്ന് വിളിച്ചു ശീലിച്ചത് പില്‍ക്കാലത്തു സ്വയം തിരുത്തിയതുമില്ല, തിരുത്താന്‍ അദ്ദേഹം അനുവദിച്ചതും ഇല്ല.
കുരുത്തക്കേട് കാട്ടി നടന്നിരുന്ന ചെറു പ്രായം തൊട്ട് ഇന്ന് വരെ ഒരല്‍പം ഭയഭക്തിയോടെ നോക്കി കാണുന്ന വ്യക്തി ഒരുപക്ഷെ അദ്ദേഹം മാത്രമായിരിക്കും. എന്നോട് അധികമൊന്നും സംസാരിച്ചിട്ടില്ലെങ്കില്‍ പോലും എന്നെ അടുത്തറിയാവുന്നവരോളം അല്ലെങ്കില്‍ അവരേക്കാളേറെ എന്നെ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നു പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട്.
പ്രസന്നത തെല്ലും തീണ്ടാത്ത സ്ഥായിഭാവം, ഗാംഭീര്യം നിറഞ്ഞ സ്വരം, ചുണ്ടത്തെപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഗണേഷ് ബീഡി അധികം സംസാരിക്കാത്ത പ്രകൃതം അങ്ങനെ എല്ലാം കൊണ്ടും ഒറ്റനോട്ടത്തില്‍ ആളൊരു പരുക്കനാണെന്നു മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. എന്നാല്‍, പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹത്തിന്റെ മറ്റൊരു മുഖം അധികമാര്‍ക്കും പരിചിതമായിരിക്കില്ല. കുടുംബത്തിലെ എല്ലാവരുടെയും അവസ്ഥകള്‍ അറിയാം. കുട്ടികളുടെ പഠനത്തിന്റേയും ജോലിയുടേയും ഒക്കെ കാര്യത്തില്‍ ശുഷ്‌ക്കാന്തിയുണ്ട്, അത് പക്ഷെ പ്രകടിപ്പിക്കാനറിയില്ല.
.............................................................................................................................................................
ഒറ്റനോട്ടത്തില്‍ ആളൊരു പരുക്കനാണെന്നു മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. എന്നാല്‍, പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹത്തിന്റെ മറ്റൊരു മുഖം അധികമാര്‍ക്കും പരിചിതമായിരിക്കില്ല.
എന്നിരുന്നാലും കുടുംബത്തിന്റെ കാരണവരെന്ന നിലയ്ക്ക് എല്ലാം അച്ഛനോട് കൃത്യമായി ചോദിച്ചന്വേഷിച്ചറിയുന്നതില്‍ പിഴവ് വരുത്തിയിട്ടില്ല. 'അവന്‍ ഭക്ഷണമൊന്നും ശരിക്കും കഴിക്കുന്നില്ലേ, കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ക്ഷീണിച്ചിരിക്കുന്നു...' എന്നച്ഛനോട് ഒരിക്കല്‍ അദ്ദേഹം ചോദിക്കുകയുണ്ടായി. അധികം സംസാരിക്കില്ലെങ്കില്‍ പോലും എന്നെയദ്ദേഹം കാര്യമായി ശ്രദ്ധിക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അന്നാണ്.
ചിലപ്പോള്‍ വാത്സല്യം തുളുമ്പുന്ന ഒരു ചെറു പുഞ്ചിരി, മറ്റു ചിലപ്പോള്‍ തോളില്‍ കയ്യിട്ട് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തിയുള്ള സ്‌നേഹം... അത്രമാത്രം മതി അദ്ദേഹത്തിന് നമ്മള്‍ എത്രത്തോളം പ്രിയപ്പെട്ടവരാണെന്നു മനസ്സിലാക്കാന്‍. എന്റെ ഇഷ്ടങ്ങള്‍ക്കിണങ്ങുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയും, കഥകളും മറ്റും എഴുതാന്‍ പ്രചോദനമേകിയും എഴുത്തിന്റേയും വായനയുടേയും മാസ്മരിക ലോകത്തേക്ക് എന്നെ കൈപിടിച്ച് കൊണ്ടെത്തിച്ച അറിവിന്റെ വഴികാട്ടി.
ഞാന്‍ ഇന്നൊരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയാണ്. അക്ഷരമാണ് എന്റെയും തൊഴില്‍ വഴി. എഴുത്തിനെ തൊഴില്‍ മാര്‍ഗമായി സ്വീകരിച്ചതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന ശക്തി സാന്നിധ്യം അദ്ദേഹമാണ്. മാടത്തു തെക്കേപ്പാട്ട് എന്ന ഞങ്ങളുടെ തറവാടിന്റെ നെടുംതൂണായി, പ്രിയപ്പെട്ട തലതൊട്ടപ്പനായി അങ്ങനെയൊരാളുള്ളപ്പോള്‍ എന്തിനും ഏതിനും ഒരാളുണ്ടെന്ന ധൈര്യമാണ് ഉള്ളില്‍; അഭിമാനമാണ് എന്നും.