എന്റെ തൊട്ടപ്പന്‍: അജീഷ് ചന്ദ്രന്‍ എഴുതുന്നു
ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം. ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ.
undefined
'എന്റെ തൊട്ടപ്പന്‍' കുറിപ്പുകള്‍ തുടരുന്നു. കൗമാര, യൗവനങ്ങളെയാകെ മാറ്റിമറിച്ച സ്‌നേഹസാന്ത്വനങ്ങള്‍, പില്‍ക്കാലത്ത്, നില്‍ക്കാന്‍ പോലുമാവാത്ത നിസ്സഹായതയിലും ആലംബമാവുന്നതിന്റെ യാദൃശ്ചികത. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അജീഷ് ചന്ദ്രന്റെ കുറിപ്പ്.
.............................................................................................................................................................
പത്താംക്ലാസിലെത്തും മുമ്പേ ദേശസേവിനി ഗ്രന്ഥശാലയില്‍ നിന്നും അഗതാ ക്രിസ്റ്റിയുടെയും ജയിംസ് ഹാഡ്ലി ചേസിന്റെയും മുഴുവന്‍ കൃതികളും വായിച്ച് ഇനിയെന്ത് ചെയ്യും എന്നു വിഷാദിക്കവേയാണ് മലയാളസാഹിത്യം മലര്‍ന്നു മുന്നില്‍ വന്നു വീണത്. അപ്പോഴേയ്ക്കും എന്‍ട്രന്‍സ് എഴുതിക്കുക എന്ന ഉദ്ദേശത്തോടെ ഫസ്റ്റ് ഗ്രൂപ്പ് എടുപ്പിച്ച് കോളേജില്‍ ചേര്‍ത്തിരുന്നു. ബര്‍ട്രാന്‍ഡ് റസലിനെയും ജി എച്ച് ഹാര്‍ഡിയേയും തള്ളിപ്പറഞ്ഞ് ആനന്ദിനെയും എം ടിയേയും മുറുകെ പിടിച്ച് എങ്ങനെയൊക്കെയോ പ്രീഡിഗ്രി മുന്നോട്ടു പോയി. ആ സമയത്ത് മാതൃഭൂമിയുടെ ബാലപംക്തിയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നതോടെ കോളേജില്‍ പേര് സുപരിചിതമായിരുന്നു. പക്ഷേ, ഞാനാണ് അവന്‍ എന്നു പിടികൊടുക്കാതെ ആരാരും അറിയരുതെയെന്ന നെഞ്ചിടിപ്പോടെയായിരുന്നു എഴുത്ത്.
എങ്ങനെയും എഴുത്തുകാരന്‍ ആവുകയാണ് ലക്ഷ്യം. പക്ഷേ, എന്തു ചെയ്യണമെന്നറിയില്ല. അക്കാലത്ത് മംഗളം ദിനപത്രം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളു. ദൂരദര്‍ശനില്‍ സ്ഥിരമായി വന്ന ഇറ്റാലിയന്‍ സിനിമയെക്കുറിച്ച് ഒരു ലേഖനമെഴുതി അയയ്ക്കുന്നു. തപാലില്‍ അയച്ചു നാലു നാള്‍ തികയും മുന്നേ, അത്ഭുതപ്പെടുത്തി കൊണ്ട് 50 സെമീ നീളത്തില്‍ ഫുള്‍ പേജില്‍ റോബര്‍ട്ടോ റോസിലിനിയുടെയും വിറ്റോറിയോ ഡിസീക്കയുടെയും ഫെഡറിക്കോ ഫെലിനിയുടെയും സിനിമാചിത്രങ്ങള്‍ സഹിതം ലേഖനം അച്ചടിച്ചു വന്നു. അതൊരു വഴിത്തിരിവായി. അന്ന് മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫ. ടോണി മാത്യു നാലാള്‍ അറിയുന്ന എഴുത്തുകാരനാണ്. കടുത്ത ബഹുമാനം കൊണ്ട് ദൂരെ നിന്നേ അദ്ദേഹത്തെ നോക്കൂ. ലേഖനത്തിനടിയില്‍ കോളേജിന്റെ പേരും ക്ലാസുമൊക്കെ ധ്വനിപ്പിച്ചിരുന്നു. അതു കണ്ട് അദ്ദേഹം ആളയച്ച് വിളിപ്പിക്കുന്നു. അഭിനന്ദിക്കുന്നു, വായിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ തരുന്നു. അതൊരു വഴിത്തിരിവാകുന്നു. ഒരു തൊട്ടപ്പനിലേക്കുള്ള ആശ്രയത്വം അറിയാതെ വെണ്‍പ്രകാശമെന്ന കണക്കേ എന്നിലേക്ക് പതിക്കുന്നു.
പ്രീഡിഗ്രി കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള കെമിസ്ട്രിക്ക് തന്നെ ബിരുദമെടുക്കാന്‍ തീരുമാനിച്ചു. അതിനു പിന്നില്‍ ആരോടും പറയാത്ത മറ്റൊരു രഹസ്യം കൂടിയുണ്ടായിരുന്നു. പ്രിയ എഴുത്തുകാരന്‍ സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ ബി എസ് സി കെമിസ്ട്രിയാണ്. അതു കൊണ്ട് എനിക്കും അതു മതി. കാലത്തിലെ സേതുവിനെക്കാള്‍ മികച്ച നോവലെഴുതാന്‍, രണ്ടാമൂഴത്തിലെ ഭീമന്റെ വേവലാതികള്‍ക്കപ്പുറം മറ്റൊരു ക്ലാസിക്ക് ഉണ്ടാക്കാന്‍ രസതന്ത്രപഠനം കൊണ്ട് കഴിയുമെന്നു കരുതിയ കാലം. എന്നാല്‍, എന്നെ ആകുലപ്പെടുത്തി ബിരുദത്തിന് അഡ്മിഷന്‍ ലഭിച്ചില്ല. മറ്റൊന്നിനും മറ്റൊരിടത്തും അപേക്ഷിച്ചിട്ടുമില്ല. സുഹൃത്തുക്കള്‍ എല്ലാവരും ഉപരിപഠനം നടത്തവേ ഞാന്‍ കതകടച്ചു വീട്ടിലിരുന്നു.
.............................................................................................................................................................
ഇനി എഴുത്തില്ല എന്നു തീരുമാനിച്ചു നില്‍ക്കുമ്പോള്‍ 15 പൈസയുടെ പോസ്റ്റ് കാര്‍ഡില്‍ ഒരു അപൂര്‍ണ്ണവിലാസവുമായി രണ്ടു വരി തേടി എത്തുന്നു. അത് ടോണി മാത്യു സാറിന്റേതായിരുന്നു.
പ്രൊഫ. ടോണി മാത്യു
അതൊരു തകര്‍ച്ചയായിരുന്നു, അവിടെ ആത്മഹത്യ മാത്രമായിരുന്നു ആശ്രയമെന്നു കരുതവേയാണ് ഗുരു നിത്യചൈതന്യ യതിയുടെ യാത്ര എന്ന പുസ്തകം വായിച്ചു തുടങ്ങിയത്.
ഇപ്പോഴുമിന്നലെയെന്ന പോല്‍ ഓര്‍ക്കുന്നു, ഹെര്‍മന്‍ ഹെസേയുടെ സിദ്ധാര്‍ത്ഥയില്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങള്‍ വായിച്ചു തള്ളിയ വായനക്കാലം. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള മടി കൊണ്ട് മുറിക്കു പുറത്തിറങ്ങില്ല. ഒരു ദിവസം ഒരു പുസ്തകം. വായിച്ചു തുടങ്ങിയപ്പോള്‍ എഴുതാനുള്ള ധൈര്യം ചോര്‍ന്നൊലിച്ചു പോയി. ഇനി എഴുത്തില്ല എന്നു തീരുമാനിച്ചു നില്‍ക്കുമ്പോള്‍ 15 പൈസയുടെ പോസ്റ്റ് കാര്‍ഡില്‍ ഒരു അപൂര്‍ണ്ണവിലാസവുമായി രണ്ടു വരി തേടി എത്തുന്നു. അത് ടോണി മാത്യു സാറിന്റേതായിരുന്നു. അക്ഷരങ്ങള്‍ തൊട്ടപ്പനായി മാറുന്ന മാജിക്ക് അവിടെ തുടങ്ങുകയായിരുന്നു.
ആരാണ് ഗുരു, എന്താണ് ഗുരു, എന്നു മനസിലായ നിമിഷം തൊട്ട് എഴുത്ത് എന്ന വാഗ്ദേവതയെ ഉള്ളിലേക്ക് ആവാഹിച്ചു. എഴുതുന്നത് സാര്‍ വായിച്ചു, തിരുത്തി തന്നു. എവിടെയൊക്കെ എഴുതണമെന്നു പറഞ്ഞു. ബിരുദത്തിന് എനിക്ക് അന്യമായി നിന്നിരുന്ന ചരിത്രപഠനത്തിന് അഡ്മിഷന്‍ വാങ്ങിത്തന്നു.
അന്ന് മാതൃഭൂമിയോളം മുന്നിലേക്ക് കയറി നില്‍ക്കുകയാണ് മലയാളം വാരിക. നമ്പൂതിരിയാണ് അതില്‍ വരയ്ക്കുന്നത്. എംടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദിയുടെ സൗന്ദര്യം കണ്ടനാള്‍ മുതല്‍ ആഗ്രഹിച്ചതാണ്. ഒരു കഥയ്ക്ക്, ഞാനെഴുതുന്ന ഒരേയൊരു കഥയ്ക്ക് നമ്പൂതിരിയുടെ വര വേണം. ടോണിമാത്യു സാര്‍ എന്ന തൊട്ടപ്പന്റെ അനുഗ്രഹത്തോടെ മലയാളത്തിലേക്ക് ഒരു കഥ അയച്ചു. അത്ഭുതപ്പെടുത്തി കൊണ്ട് അന്നത്തെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍ നായര്‍ അതു പ്രസിദ്ധീകരിച്ചു. ഒന്നല്ല മഴവില്ല് അഴകു പോലെ മാസത്തിലൊന്ന് എന്ന നിലയ്ക്ക് ഏഴു കഥകള്‍.
എം.കൃഷ്ണന്‍ നായര്‍, ഇവനൊക്കെ എവിടുത്തെ എഴുത്തുകാരനാണ്, മാലിന്യത്തിലിട്ടാല്‍ പോലും അഴുകാത്തത്ര കാഠിന്യമുള്ള അഴുക്ക് എന്നു മുഖത്തടിച്ച് ആക്ഷേപിച്ചതോടെ, പിന്നെയും വാശിക്ക് എഴുതി. ഡിഗ്രി അവസാനിക്കുമ്പോള്‍ മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ പിറന്നു വീണതു മുപ്പതിലധികം കഥകള്‍.
.............................................................................................................................................................
അഹങ്കാരത്തിന്റെ ആള്‍ത്തിമര്‍പ്പില്‍ നില്‍ക്കവേയാണ് നടുവിനു വേദന കമിഴ്ത്തിയിട്ടത്. പിച്ചവെച്ചു നടക്കാന്‍ പോലും ഒരാളുടെ കൈത്താങ്ങില്‍ നില്‍ക്കുമ്പോള്‍, ഇനിയെന്ത് എഴുതാനെന്ന ചിന്തയായിരുന്നു.
അജീഷ് ചന്ദ്രന്‍
പിന്നെയും തൊട്ടപ്പന്റെ ഗുരുത്വം എഴുത്തില്‍ നിറഞ്ഞു നിന്നു. അങ്ങനെ മുഴുവന്‍ സമയ എഴുത്തുകാരന്റെ ശീലത്തിലേക്ക് കടന്നു പത്രപ്രവര്‍ത്തകനായി ജീവിതത്തെ ആകൃതിവരുത്തിച്ചു. കൂടായി, കൂട്ടുകാരിയായി, കുടുംബമായി. എല്ലാം അക്ഷരം തന്ന സമ്മാനം. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എഴുത്തിന്റെ കാല്‍നൂറ്റാണ്ട്. അഹങ്കാരത്തിന്റെ ആള്‍ത്തിമര്‍പ്പില്‍ നില്‍ക്കവേയാണ് നടുവിനു വേദന കമിഴ്ത്തിയിട്ടത്. പിച്ചവെച്ചു നടക്കാന്‍ പോലും ഒരാളുടെ കൈത്താങ്ങില്‍ നില്‍ക്കുമ്പോള്‍, ഇനിയെന്ത് എഴുതാനെന്ന ചിന്തയായിരുന്നു. ഒടുവില്‍ തൊട്ടപ്പനെ മനസ്സില്‍ ധ്യാനിച്ച്- കഴിഞ്ഞ ഒമ്പത് മാസമായി യാതൊന്നുമെഴുതാതെ ആലസ്യത്തിന്റെയും ആവതില്ലായ്മയുടെയും വാത്മീകത്തില്‍ നിന്നും പുറത്തു വന്നപ്പോള്‍, തിരിച്ചറിയുന്നു തൊട്ടപ്പന്റെ മഹനീയത!
വീണ്ടുമെഴുതാന്‍ കീബോര്‍ഡുകളെ താളം പിടിക്കുമ്പോഴും ആ തൊട്ടപ്പന്‍ മാത്രം മുന്നില്‍ നില്‍ക്കുന്നു. അദ്ദേഹത്തെക്കുറിച്ച് മാത്രമെഴുതേണ്ടിയും വരുന്നു. അതാണ് കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക് അഥവാ ഈ കാട്ടുകിളിയുടെ പാട്ട്!
ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു
അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും
ജിഷ കെ: പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍
വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു
രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍
സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍