Science: നാസ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ കഥ!

By Web Team  |  First Published Dec 28, 2021, 3:46 PM IST

നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയും ഘടന പഠിക്കുക എന്നതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ പ്രധാന ദൗത്യം. ഇത് ജീവോത്പത്തിയിലേക്കും പ്രപഞ്ചത്തില്‍ മറ്റ് എവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതകളിലേക്കും നയിച്ചേക്കാമെന്ന പ്രതീക്ഷ ശാസ്ത്രത്തിനുണ്ട്.


ജെയിംസ് വെബ് ടെലസ്‌കോപ്പ് ദൗത്യം വിജയിച്ചാല്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും, ബഹിരാകാശ ഗവേഷണത്തിന്. പ്രപഞ്ചോല്പത്തിക്കു പിന്നാലെയുള്ള  കാലഘട്ടത്തിലേക്കുള്ള ഒരു ടൈം മെഷീന്‍ യാത്ര പോലെയുള്ള വെബ് ടെലിസ്‌കോപ്പ് കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

 

Latest Videos

undefined

 

ആകാശത്തേക്കു നോക്കുമ്പോള്‍ തിളങ്ങിക്കാണുന്ന വെളിച്ചപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവും!

പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്താല്‍ ഒരു തരി പൊടിയുടെ അത്രപോലും വലിപ്പമില്ലാത്ത  ഒരു പാറക്കഷണത്തില്‍ ഇരുന്നു കൊണ്ടാണ് അനന്ത ശൂന്യതയിലേക്ക് നമ്മള്‍ എത്തി നോക്കുന്നത് എന്നോര്‍ക്കുക. ഇത്രയും നിസ്സാരമായ ഒരിടത്തു നിന്നും പ്രപഞ്ചോത്പത്തിയെക്കുറിച്ചും അന്നത്തെ സാഹചര്യങ്ങളെക്കുറിച്ചും നമുക്ക് പഠിക്കാന്‍  കഴിയുന്നു എങ്കില്‍ നമ്മെ പ്രപഞ്ച സീമ വരെ എത്തിച്ച ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വലിയ നേട്ടങ്ങള്‍ ആണ് !

13.8 ബില്യണ്‍ വര്‍ഷം പഴക്കമുണ്ട് നമ്മുടെ പ്രപഞ്ചത്തിന് എന്നാണ് കണക്കാക്കപ്പെടുന്നത്. ബിഗ് ബാംഗ് എന്ന മഹാവിസ്ഫോടനത്തിനു ശേഷം ഏതാണ്ട് 100 മുതല്‍ 250 വരെ മില്യണ്‍ വര്‍ഷങ്ങള്‍ ഇരുണ്ട കാലഘട്ടം ( cosmic dark age ) എന്നറിയപ്പെടുന്നു. അതിനും ശേഷമാണ് പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രങ്ങളും , വെളിച്ചങ്ങളും പിറവിയെടുത്തത്. 13 .6 ബില്യണ്‍ വര്‍ഷം എന്ന് കരുതാവുന്ന ഈ കാലത്തു നിന്നും നമ്മിലേക്ക് ഇത്ര ദൂരം സ്ഥല-കാല യാത്ര ചെയ്ത് പ്രകാശം എത്തുന്നത് ഏത് ഊര്‍ജ്ജരൂപത്തില്‍ ആവും?

അകലേക്കു പോകുന്ന ഒരു ആംബുലന്‍സ് സൈറണ്‍ കേട്ട് അത് നമ്മില്‍ നിന്നും അകന്നു പോവുകയാണ് എന്ന് ശബ്ദം കൊണ്ട് തിരിച്ചറിയാന്‍ കഴിയില്ലേ. ഇതിന് ഡോപ്ലര്‍ പ്രതിഭാസം എന്നാണ് പേര് .

ശബ്ദതരംഗങ്ങളെപ്പോലെ പ്രകാശ തരംഗങ്ങള്‍ക്കും ഉണ്ട് ഡോപ്ലര്‍ വ്യതിയാനം.

ബിഗ് ബാംഗിനു  ശേഷം വികസിക്കാന്‍ ആരംഭിച്ച പ്രപഞ്ചത്തിലെ വിവിധ ഗ്യാലക്‌സികള്‍ പരസ്പരം അകന്നു പോയിക്കൊണ്ടിരിക്കുകയാണ. അവയില്‍ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ക്ക് ഡോപ്ലര്‍ പ്രഭാവം മൂലം തരംഗ ദൈര്‍ഘ്യം വര്‍ധിക്കുന്നതാണ്, റെഡ് ഷിഫ്റ്റ് .

ഇങ്ങനെ  റെഡ് ഷിഫ്റ്റ് വരുന്ന വിദൂര ഗ്യാലക്‌സികളിലെ പ്രകാശം അള്‍ട്രാ വയലറ്റില്‍ നിന്നും വ്യതിചലിച്ച് ഇന്‍ഫ്രാ റെഡ് തരംഗ ദൈര്‍ഘ്യത്തില്‍ ആയിരിക്കും ഭൂമിയില്‍ എത്തുക .

പക്ഷെ ഭൗമാന്തരീക്ഷത്തിലെ ജല തന്മാത്രകളും, കാര്‍ബണ്‍ ഡയോക്‌സൈഡ് പോലെയുള്ള വാതകങ്ങളും  നല്ല ശതമാനം ഇന്‍ഫ്രാ റെഡ് കിരണങ്ങളെയും ആഗിരണം ചെയ്യുന്നു. ഇതു കൂടാതെ അന്തരീക്ഷം അതിലേക്ക് കടന്നു വരുന്ന പ്രകാശത്തെ ആഗിരണം ചെയ്ത് ഇന്‍ഫ്രാറെഡ് രൂപത്തില്‍ വികിരണം ചെയ്യുന്നുമുണ്ട് . ഇതെല്ലാം നക്ഷത്രങ്ങളില്‍ നിന്നുള്ള ഇന്‍ഫ്രാ റെഡ് പ്രകാശത്തെ ഭൂമിയില്‍ നിന്നും നിരീക്ഷിക്കുന്നതിന് തടസ്സമാകുന്നുണ്ട്. അതു കൊണ്ട് ഇന്‍ഫ്രാറെഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ ബഹിരാകാശത്ത് ആണെങ്കില്‍ അന്തരീക്ഷത്തിന്റെ തടസ്സം ഇല്ലാതെ കൃത്യമായ നക്ഷത്ര നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും .

ഭൂമിയില്‍ നിന്നും ഏതാണ്ട് 547 കി മീ ഉയരത്തില്‍ ഉള്ള ഹബിള്‍ ടെലിസ്‌കോപ്പിന് ആദ്യ നക്ഷത്രങ്ങളില്‍ നിന്നുള്ള മങ്ങിയ IR കിരണങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയില്ല. ഹബിള്‍ ടെലിസ്‌കോപ്പിനെക്കാള്‍ 10 മുതല്‍ 100 ഇരട്ടി വരെ സംവേദന ക്ഷമത കൂടുതലുണ്ട് ജെയിംസ് വെബ് ടെലിസ്‌കോപ്പിന് .

നാസ ഇന്നു വരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ഈ ബഹിരാകാശ ദൂരദര്‍ശിനി ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലത്തിന്റെ ഏകദേശം നാലിരട്ടി അകലെയാണ് ( 15 ലക്ഷം കി മീ അകലെ) ആണ് പ്രവര്‍ത്തന ക്ഷമമാവുക . 

നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയും ഘടന പഠിക്കുക എന്നതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ പ്രധാന ദൗത്യം. ഇത് ജീവോത്പത്തിയിലേക്കും പ്രപഞ്ചത്തില്‍ മറ്റ് എവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതകളിലേക്കും നയിച്ചേക്കാമെന്ന പ്രതീക്ഷ ശാസ്ത്രത്തിനുണ്ട്.

നമുക്ക് കണ്ടെത്താനാവാത്ത, മറഞ്ഞു കിടക്കുന്ന തമോദ്രവ്യമായാണ് പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ 70 ശതമാനവും.

പ്രകാശത്തെ തമോഗര്‍ത്തങ്ങള്‍ ഏത് അളവില്‍ എത്ര മാത്രമാണ് വ്യതിചലിപ്പിക്കുന്നത് എന്ന് ജെയിംസ് ടെലിസ്‌കോപ്പിന് കൂടുതല്‍ കൃത്യമായി അളക്കാന്‍ കഴിഞ്ഞേക്കും. തമോദ്രവ്യത്തെയും തമോ ഗര്‍ത്തങ്ങളെയും കുറിച്ചുള്ള പഠനത്തില്‍ വെളിച്ചം വീശിയേക്കാം ഈ കണ്ടെത്തലുകള്‍.

തമോ ദ്രവ്യത്തെക്കുറിച്ചും, പ്രപഞ്ചത്തിന്റെ ഭാവി ഒരു ബിഗ് ക്രഞ്ച് ആണോ അതോ എന്നെന്നേക്കും ആയ വികാസമാണോ എന്നും പഠിക്കാനായി നാസ വിക്ഷേപിക്കുവാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഫ്രാ റെഡ് ടെലിസ്‌കോപ്പിന് ഒരു മുന്‍ഗാമി കൂടിയാണ്, ജെയിംസ് വെബ് ടെലിസ്‌കോപ്പ് ദൗത്യം.

ജെയിംസ് വെബ് ടെലസ്‌കോപ്പ് ദൗത്യം വിജയിച്ചാല്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും, ബഹിരാകാശ ഗവേഷണത്തിന്. പ്രപഞ്ചോല്പത്തിക്കു പിന്നാലെയുള്ള  കാലഘട്ടത്തിലേക്കുള്ള ഒരു ടൈം മെഷീന്‍ യാത്ര പോലെയുള്ള വെബ് ടെലിസ്‌കോപ്പ് കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം .

 
 

click me!