ഇതുപോലൊരു ദേവാലയം ആരാണ് ആഗ്രഹിക്കാത്തത്!

By Suji Meethal  |  First Published Apr 24, 2019, 5:31 PM IST

മിമ്പറോ മിനാരമോ പണിയാത്ത ഈ പള്ളി ചെറിയ ആവശ്യങ്ങള്‍ക്കൊക്കെയുള്ള ഹാളായും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്.


 ആര്‍ക്കും എപ്പോ വേണമെങ്കിലും കടന്നു ചെല്ലാനും കരഞ്ഞിരിക്കാനും അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാനും തുറന്നിടുന്ന ആത്മീയാലയങ്ങള്‍. അതല്ലെ അമാനുഷിക കരങ്ങളുടെ തലോടലും ആശ്രയവും കൊതിക്കുന്ന മനസ്സിന്, ഭക്തനാവശ്യം. ആത്മീയ മനോരാജ്യങ്ങള്‍ കാണാനും ദൈവിക ദിവാസ്വപ്നങ്ങളില്‍ മുഴുകാനും കഴിയുന്ന വിശിഷ്ട അവസ്ഥാവിശേഷങ്ങള്‍ കൈവരിക്കാന്‍ ഉതകുന്നതാവണം ആത്മീയാലയങ്ങള്‍.

Latest Videos

undefined

ഗോപുരങ്ങളില്ലാത്ത അമ്പലങ്ങളും കുരുശിന്റെ പുറംമോടിയില്ലാത്ത പള്ളികളും മിനാരങ്ങളില്ലാത്ത മസ്ജിദും തുടങ്ങി ചിഹ്നങ്ങളില്ലാത്ത ആരാധനാലയങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യെന്നപോലെ സമൂഹം മാറിയിരിക്കുന്നു. കാണുമ്പോള്‍ തന്നെ ദൂരെനിന്ന് ഏതുമതക്കാരന്‍റതെന്ന് ഊഹിക്കുന്നതിലപ്പുറം മതചിഹ്നങ്ങളില്ലാത്ത ആത്മീയാലയങ്ങള്‍ ഉണ്ടാവേണ്ടതല്ലെ?  ആര്‍ക്കും എപ്പോ വേണമെങ്കിലും കടന്നു ചെല്ലാനും കരഞ്ഞിരിക്കാനും അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാനും തുറന്നിടുന്ന ആത്മീയാലയങ്ങള്‍. അതല്ലെ അമാനുഷിക കരങ്ങളുടെ തലോടലും ആശ്രയവും കൊതിക്കുന്ന മനസ്സിന്, ഭക്തനാവശ്യം. ആത്മീയ മനോരാജ്യങ്ങള്‍ കാണാനും ദൈവിക ദിവാസ്വപ്നങ്ങളില്‍ മുഴുകാനും കഴിയുന്ന വിശിഷ്ട അവസ്ഥാവിശേഷങ്ങള്‍ കൈവരിക്കാന്‍ ഉതകുന്നതാവണം ആത്മീയാലയങ്ങള്‍.

ഇന്നത്തെ മതാലയങ്ങളെ- അങ്ങനെ വിളിക്കാവോ എന്നറിയില്ല- ആരാധനാലയങ്ങളാണ് ഉചിതപദമെന്ന് തോന്നാറുണ്ട്. ആരാധനയ്ക്കെന്ന പേരില്‍ കെട്ടിപൊക്കിയവയില്‍  മതങ്ങളുടെ സങ്കുചിത മതിലിനപ്പുറം വിശാലമായ എത്ര കെട്ടിടങ്ങളുണ്ട്? അന്യമതസ്ഥരേയും സ്ത്രീകളെയുമൊക്കെ ആട്ടിയോടിക്കുന്ന ദേവാലയവും ദൈവവും സാമാന്യ യുക്തിക്ക് പോലും മനസ്സിലാകുന്നില്ല. ഭക്തന്റെ അന്ധതയല്ല യുക്തിഭദ്രത തന്നെയാവില്ലേ ദൈവത്തിനു പ്രിയം.

ബൈത്തുറൗഫ് ജുമാമസ്ജിദ്

ആരാധനാലയങ്ങളിലെ ആത്മീയത ചോര്‍ന്നുതുടങ്ങിയിട്ട് കുറച്ച് കാലമായി. തീവ്രവാദ വര്‍ഗീയ വേരുകള്‍ പടര്‍ന്നു പന്തലിച്ചതുമുതല്‍ മതങ്ങളില്‍നിന്നു തന്നെയും ആത്മീയത ചോര്‍ന്നൊലിക്കുന്നപോലെ.

ആരാധനാലയങ്ങളുടെ പുറംമോടി എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ മതങ്ങള്‍ മല്‍സരിക്കുന്ന കാലമാണ്. സ്ത്രീകള്‍ക്ക് പള്ളിപ്രവേശം സാധ്യമാണോയെന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം. ഈ പശ്ചാത്തലത്തിലാണ് അതിമനോഹരമായ ഒരു ലളിത സുന്ദര പള്ളിക്കകത്ത്  വിഹാരം നടത്തിയ ഓര്‍മ്മ പങ്കിടുന്നത്. 

ബംഗ്ലാദേശിലെ ധാക്കയിലെ ബൈത്തുറൗഫ് ജുമാമസ്ജിദ്. ആര്‍ക്കിടെക്റ്റായ മരീന തബസ്സും തന്റെ ഉമ്മമ്മയ്ക്കുവേണ്ടി വരച്ചുണ്ടാക്കി പണികഴിപ്പിച്ച പള്ളി. സ്ഥലവും ആദ്യഫണ്ടും ഉമ്മമ്മയുടെ വക. ഉമ്മമ്മ സൂഫിയ ഖാത്തൂന്റെ മരണശേഷം തബസ്സും പണി പൂര്‍ത്തികരിച്ചു. മിമ്പറോ മിനാരമോ പണിയാത്ത ഈ പള്ളി ചെറിയ ആവശ്യങ്ങള്‍ക്കൊക്കെയുള്ള ഹാളായും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ആഘാ ഖാന്‍ ആര്‍ക്കിടെക്റ്റ് അവാര്‍ഡ് വാങ്ങിയ ഈ കെട്ടിടനിര്‍മ്മിതിയെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയില്‍ നിന്നൊക്കെ ധാരാളം കുട്ടികള്‍ വരാറുണ്ടത്രെ. 

ബൈത്തുറൗഫ് ജുമാമസ്ജിദ്

ചിഹ്നങ്ങള്‍ക്കപ്പുറം ആത്മീയതയുടെ ഉള്‍ത്തടമാവണം പള്ളിക്കെന്ന് അവര്‍ ഉറച്ചിരുന്നു. വളരെയേറെ പ്രാധാന്യത്തോടെ അവര്‍ ചെയ്‌തൊരു പ്രോജക്റ്റാണത്രെ ഇത്. ആരാധനാലയങ്ങളെ കുറിച്ചും ആത്മീയയെക്കുറിച്ചൊക്കെ ആഴത്തില്‍ ചിന്തിച്ച് ബജറ്റിനകത്ത് ഉള്‍പ്പെടുത്തികൊണ്ടുള്ള നിര്‍മ്മിതി. രൂപമല്ല ചൈതന്യമാണ് ആരാധലായത്തിന്റെ മുഖമുദ്ര എന്ന അവരുടെ ആശയം പള്ളിക്കകത്ത് കയറി ചെല്ലുമ്പോള്‍ തന്നെ നമുക്ക് അനുഭവിക്കാനാവും.

നിഴലും പ്രകാശവും തത്തികളിക്കുന്ന ഒരു മുറിക്കകത്ത് പ്രവേശിക്കുമ്പോള്‍ ധ്യാനാത്മകമായ ഒരു ചുറ്റുപാടിനകത്ത് അകപ്പെട്ടപോലെ തോന്നുന്നത് എനിക്ക് മാത്രമാവില്ല. മരച്ചില്ലകള്‍ക്ക് കീഴെ ഇരിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന നിഴലും വെളിച്ചവും പോലെ. നന്നായി വായുസഞ്ചാരവും ഉണ്ടെങ്കില്‍പ്പിന്നെ പറയണ്ട. അകത്തോ പുറത്തോ എന്നെ പോലെ, കാറ്റിന്റെ മൂളലും നിഴലിന്റെ തണലും വെളിച്ചത്തിന്റെ ഉന്മേശവും ഒരു പ്രാര്‍ത്ഥനാലയത്തിന്റെ മുഖ്യഘടങ്ങങ്ങളായാല്‍!

വാര്‍പ്പിലെ ദ്വാരങ്ങളിലൂടെ അരിച്ചിറങ്ങുന്ന പ്രകാശവും ചുവരിലെ ഇടവിട്ടുളള ഇഷ്ടിക വിടവിലൂടെ മന്ദം മന്ദം വീശിയടിക്കുന്ന കാറ്റും.  പ്രകൃത്യാലുള്ള വെളിച്ചവും വായുസഞ്ചാരവും വേണ്ടുവോളം ലഭ്യമാകാന്‍ സഹായകമാണ് ആ നിര്‍മിതി. ഇഷ്ടികയും സിമന്റും മാത്രമുപയോഗിച്ച് പണിത അതിലളിതമായ ഈ കെട്ടിടം ഒരു ചതുരസ്തൂപമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു ആത്മീയാലമാകുന്നതിന്റെ പ്രത്യേകതയും ഇതുതന്നെയാവണം.

മരീന തബസ്സും

 

മണ്ണിന്റെ നിറവും മണവും ദൈവികതയുടെയും മനുഷ്യത്വത്തിന്റേയും പ്രതീകം പോലെ സുന്ദരവും തുറസ്സുമാണീ കെട്ടിടം. പള്ളിക്കകത്ത് ചുറ്റുമതിലല്ലാതെ ഒരു പീഠവും കാണുവാന്‍ സാധ്യമല്ല. മിംബറില്ലാത്ത പള്ളിക്കകത്തെ മേല്‍ക്കൂരയിലെ ദ്വാരത്തില്‍ കൂടി അരിച്ചിറങ്ങുന്ന പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള സൂര്യന്റെ നില്‍പ്പനുസരിച്ചുള്ള വെളിച്ച ചംക്രമണമാണ് പള്ളിയുടെ മറ്റൊരു പ്രത്യേകത.

ബൈത്തുറൗഫ് ജുമാമസ്ജിദ്

നമ്മുടെ ആരാധനാകേന്ദ്രങ്ങള്‍ ആര്‍ഭാടങ്ങള്‍ക്കും ആള്‍ബലങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി മല്‍സരിച്ച് നിരന്തരം ചുരുങ്ങി പോകുന്നതിലെ അതൃപ്തി കടിച്ചിറക്കി തന്നെ മാത്രമേ ഈ പള്ളിയുടെ നീണ്ടതും വിശാലവുമായ പടികള്‍ ഇറങ്ങിവരാന്‍ സാധിക്കുള്ളൂ. നമ്മുടെ ആരാധാനാലയങ്ങളില്‍ കയറിച്ചെല്ലുമ്പോള്‍ ആരാധനാലയത്തിലല്ല അധികാര-ഭരണാലയത്തിലേക്ക് കയറി പോകുന്നപോലെ ചില ഭക്തര്‍ക്കെങ്കിലും തോന്നാതിരിക്കാന്‍ തരമില്ല.

ആരാധനയ്ക്ക് ഒരാലയം ആവശ്യമുണ്ടോ എന്നതും കുഴക്കുന്ന പ്രശ്‌നമാണ്. ദൈവസങ്കല്‍പ്പത്തില്‍ ആരാധനയ്ക്ക് ആലയം എന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തിയെക്കുറിച്ച് ആവശ്യകതയെക്കുറിച്ച് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ആത്മസംതൃപ്തിക്കുതകുന്ന ഒരു ഉത്തരത്തില്‍ എത്തിച്ചേരുക എളുപ്പമല്ല.

click me!