കേള്‍ക്കാന്‍ ആളില്ലെങ്കിലും, ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ്  രേണുവിന് പറയാന്‍ കുറച്ചുണ്ടായിരുന്നു!

By Speak Up  |  First Published May 8, 2019, 6:19 PM IST

എനിക്കും പറയാനുണ്ട്: ശിവാനി  ശേഖര്‍ എഴുതുന്നു 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


കാലത്ത് കോഫി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് സുഹൃത്തിന്റെ കോള്‍ വന്നത്. 'നീയറിഞ്ഞോ? നമ്മുടെ രേണു ആത്മഹത്യ ചെയ്തു'.

Latest Videos

undefined

കുടിച്ചു കൊണ്ടിരുന്ന കോഫി തൊണ്ടയിലേക്കിറക്കാനാവാതെ ഞാന്‍ വിറച്ചു. എപ്പോ? എന്തിന്?

നിനക്കറിയാവുന്നതല്ലേ അവളുടെ പ്രശ്‌നങ്ങള്‍! ഇന്നു കാലത്തും വലിയ വഴക്കുണ്ടായത്രേ! ആകെയുലഞ്ഞ എന്റെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചത് ഒന്നുമറിയാത്ത ഒരു മൂന്നുവയസ്സുകാരിയുടെ നിഷ്‌ക്കളങ്കമുഖമാണ്!

സഹപ്രവര്‍ത്തകയാണ് രേണു. വളരെ ബോള്‍ഡായ ഇരുപത്തെട്ടുകാരി. ഓഫീസിലെ പലരുടെയും പ്രശ്‌നങ്ങള്‍ക്ക് ഒരു കൗണ്‍സലറുടെ സാമര്‍ത്ഥ്യത്തോടെ പരിഹാരം കണ്ടെത്തുന്നവള്‍. തനിക്കു സ്വന്തമായി ജീവിക്കാനുള്ള ബാങ്ക് ബാലന്‍സ് ഉണ്ടാക്കിയിട്ടുണ്ടെന്ന് അഭിമാനിക്കുന്നവള്‍ .ഓഫീസിലെ ബെസ്റ്റ് പെര്‍ഫോമറായി പലവട്ടം തിരഞ്ഞെടുത്തിട്ടുണ്ട്. എങ്കിലും  കരിയറിലെ സന്തോഷം കുടുംബജീവിതത്തില്‍ കുറഞ്ഞു പോയിരുന്നു.

രണ്ടു കമ്പനികള്‍ മെര്‍ജ് ചെയ്യുന്നതിന്റെ ഭാഗമായി പൊടുന്നനെ ജോലി നഷ്ടപ്പെട്ട ഭര്‍ത്താവ് ഡിപ്രഷനിലേയ്ക്കും അതുവഴി മദ്യപാനത്തിലേയ്ക്കും ദിനരാത്രങ്ങളെ വലിച്ചിഴച്ചു. സ്വഭാവികമായും ജീവിതം അസ്വാരസ്യങ്ങളിലേയ്ക്ക് വഴുതി വീണു. കലഹങ്ങള്‍ പതിവായി.

അന്നു കാലത്തുണ്ടായ വഴക്ക് മൂര്‍ദ്ധന്യാവസ്ഥയിലെത്തി അയല്‍പക്കങ്ങളുടെ ശാന്തതയിലേക്ക് കൂടി കടന്നുകയറിയപ്പോഴാണ് അവള്‍ തന്റെ ആത്മഹത്യയില്‍ പരിഹാരം കണ്ടെത്തിയത്. ഓഫീസിലേക്കെന്ന പോലെ പതിവുസമയത്തിറങ്ങി യാത്ര മെട്രോസ്റ്റേഷനിലെ ഇലക്ട്രിക് പാളങ്ങളില്‍ അവസാനിപ്പിക്കുമ്പോള്‍ അവളുടെ ശരീരം നേര്‍പകുതിയായി വേര്‍പെട്ടിരുന്നു. ചോരയിറ്റുന്ന അവളുടെ ശവശരീരത്തിനരികെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് വിതുമ്പുന്ന ഭര്‍ത്താവിനെ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?

കുറ്റബോധത്തിന്റെ കനല്‍ച്ചൂളയില്‍ വെന്തുരുകുകയാകും അയാളുടെ മനസ്സ്.

മിക്കവരും ജീവിതത്തിലുണ്ടായേക്കാവുന്ന പലവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോയവരാവും.പലതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചവരുമാവും. പക്ഷേ ആ അവസ്ഥയെയും പ്രതിരോധിക്കാനും പ്രതിസന്ധികള്‍ക്ക് പൂര്‍ണ്ണവിരാമം കാണാനും ശ്രമിക്കുമ്പോള്‍ മാത്രമേ  പിടിച്ചു നില്ക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. അതിനുള്ള മനസ്സിന്റെ പക്വത നാം സ്വയം കണ്ടെത്തേണ്ടതുണ്ട്. അല്ലാതെ പക്വതയില്ലാത്ത തീരുമാനങ്ങളിലൂടെ സ്വയം ഹോമിക്കുകയല്ല വേണ്ടത്.

സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുണ്ടായിട്ടും, സ്വന്തം കാലില്‍ നില്ക്കാന്‍ ശേഷിയുണ്ടായിട്ടും, സ്വന്തം കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന മുഖം മറന്ന് രേണു കണ്ടെത്തിയ പരിഹാരം ഇന്ന് അവളെ സ്‌നേഹിച്ചിരുന്ന ഒരുപാട് പേരുടെ ജീവിതത്തിന്റെ നിറം തന്നെ മാറ്റിക്കളഞ്ഞു. ഒരു നിമിഷത്തെ വികാരം വിവേകത്തിന് വഴി മാറിയിരുന്നുവെങ്കില്‍ ഇന്ന് അവള്‍ ജീവനോടെ ഉണ്ടാവുമായിരുന്നു. അവളുടെ കുഞ്ഞിന് അമ്മയുണ്ടാവുമായിരുന്നു. മാതാപിതാക്കളെ വേദനിപ്പിക്കാതെയിരിക്കാമായിരുന്നു.

അണുകുടുംബമായതിനാല്‍ രേണുവിന്റെ പ്രശ്‌നങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചില്ല.സുഹൃദ്ബന്ധങ്ങള്‍ പ്രൊഫഷനപ്പുറത്തേക്ക് നീട്ടാതിരുന്നതും മനസ്സു തുറക്കാനൊരിടം ഇല്ലാതിരുന്നതും പ്രഹേളികയായി. രണ്ടാളില്‍ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്നു കരുതി ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളെ പടുകുഴിയില്‍ എത്തിച്ച് അവസാനം ഊര്‍ദ്ധശ്വാസത്തിനായി കേഴുമ്പോഴാണ് ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നത്. 'ഞാനോണോ,നീയാണോ വലുത്' എന്ന ചിന്തയ്ക്കുമപ്പുറം'നമ്മളാണ്' എന്ന ചിന്തയുണ്ടാവുമ്പോള്‍ മാത്രമേ ഇത്തരം അസ്വാരസ്യങ്ങള്‍ പടിയിറങ്ങിപ്പോകുകയുള്ളൂ.

ദാമ്പത്യം സുന്ദരമാണ്. ഉപാധികളില്ലാത്ത സ്‌നേഹവും സ്‌നേഹവും പരസ്പരവിശ്വാസവും അടിത്തറയാകുമ്പോള്‍ അവിടെ പൊരുത്തപ്പെടലുകള്‍ താനേ വന്നുചേരും. അതാണ് കെട്ടുറപ്പ് നിര്‍ണ്ണയിക്കുന്നത്. പൊരുത്തപ്പെടലുകള്‍ മരീചികയാകുകയാണെങ്കില്‍ അവിടെ നിര്‍ത്തണം. പരസ്പരം പഴിചാരാതെ ഒഴിഞ്ഞു പോകണം. അല്ലാതെ ജീവിച്ചിരിക്കുന്നവര്‍ക്ക് തീരാവേദനയായി, ജനിപ്പിച്ച കുഞ്ഞുങ്ങള്‍ക്ക്  തീരാനഷ്ടമായി,അവരെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട് നിങ്ങള്‍ കൊഴിഞ്ഞുപോകുമ്പോള്‍ അവര്‍ സുഖമനുഭവിക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി.

പറഞ്ഞുപഴകിയതാണെങ്കിലും  വീണ്ടും പറയുന്നു-'ആത്മഹത്യ ഒന്നിനും പരിഹാരമല്ല!'

രേണുവിനോട് ഇന്നെനിക്കു ദേഷ്യമാണ് മനസ്സില്‍. അവളുടെ അമ്മയുടെ കണ്ണുനീരു കാണുമ്പോള്‍, പൊന്നുമകളുടെ കളിക്കൊഞ്ചലുകള്‍ കാണുമ്പോള്‍,അവള്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല എന്ന് വിഷാദം പുരട്ടി അയാള്‍ പറയുമ്പോള്‍ സത്യത്തില്‍ എനിക്കു തോന്നിയത് നഷ്ടമായതെല്ലാം അവള്‍ക്കു മാത്രമാണെന്നാണ്. നാളെ അമ്മയുടെ മുറിവുകള്‍ കാലം കുറേശ്ശെയായെങ്കിലും ഉണക്കും. മകള്‍ അച്ഛനൊപ്പം വളരും. അയാള്‍ പുതുജീവിതം തേടിയെന്നിരിക്കും. അവളോ ഇരുപത്തെട്ടു വയസ്സില്‍ നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് തച്ചുടച്ചു. ഓര്‍ക്കുക ജീവിതം മനോഹരമാക്കുന്നതും,വികൃതമാക്കുന്നതും നമ്മള്‍ തന്നെയാണ്. ഈ ഭൂമിയില്‍ ജീവിക്കാനനുവദിച്ചു കിട്ടിയ സമയം ജീവിച്ചു തീര്‍ക്കുക.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!