മാതാപിതാക്കളെ തീര്‍ച്ചയായും സ്‌നേഹിക്കണം, സംരക്ഷിക്കണം. പക്ഷേ, അത് ഏകപക്ഷീയമാവരുത്. മക്കള്‍ക്കും വേണം സ്വസ്ഥതയും സമാധാനവും.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
'മാതാ-പിതാ-ഗുരു ദൈവം' എന്ന് ചൊല്ലിക്കേട്ടും പഠിച്ചും വളര്‍ന്ന ഒരു തലമുറയില്‍ മാതാപിതാക്കള്‍ ഒരിയ്ക്കലും ബാധ്യതയാകരുതാത്തതാണ്. എന്നിട്ടും, ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ചവരെ നിഷ്‌ക്കരുണം വലിച്ചെറിയുന്നവര്‍ ധാരാളമുണ്ട്. അത്തരം നിരവധി വാര്‍ത്തകളും ദൃശ്യങ്ങളുമാണ് നമ്മുടെ മുന്നിലേക്ക് അടുത്തകാലത്തായി വന്നു കൊണ്ടിരിക്കുന്നത്. വൃദ്ധരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമൊക്കെയായി ധാരാളം നിയമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 22, 23, 24 തുടങ്ങിയവ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. മാനസികമായോ ശാരീരികമായോ ഉള്ള പീഡനങ്ങള്‍ തടയാനുള്ളതാണ് സെക്ഷന്‍ 294. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ല. വീട്ടകങ്ങളില്‍ ധാര്‍മ്മികമോ നിയമപരമായോ ഉള്ള ഒരു സംരക്ഷണവും ഇത്തരം മാതാപിതാക്കള്‍ക്ക് ലഭ്യമാവുന്നില്ല.
ഈ പറഞ്ഞത് മാതാപിതാക്കളുടെ കാര്യം. ഇനി നമുക്ക് മക്കളുടെ കാര്യം കൂടി പറയണം. മാതാപിതാക്കളാല്‍ ജീവിതകാലം മുഴുവന്‍ പീഡിപ്പിക്കപ്പെടുന്ന മക്കളുമുണ്ട്. അത്തരം വാര്‍ത്തകളും കുറ്റകൃത്യങ്ങളും കൂടി നമ്മുടെ മുന്നിലെത്താറുണ്ട്. മാതാപിതാക്കളുടെ കെണിയില്‍ ജീവിതം നഷ്ടപ്പെടുന്ന മക്കളുടെ നിസ്സഹായാവസ്ഥ കൂടി സമൂഹം കാണേണ്ടതുണ്ട് എന്നര്‍ത്ഥം.
മാതാപിതാക്കളുടെ സംരക്ഷണം യാതൊരു പരാതിയ്ക്കിടയില്ലാത്ത വിധം നിര്‍വഹിച്ചിട്ടും സമാധാനമായി ഉണ്ണാനോ ഉറങ്ങാനോ കഴിയാത്ത എത്രയോ മക്കളും മരുമക്കളും നമുക്കിടയിലുണ്ട്. ഉദാഹരണമായി, എന്റെയൊരു സുഹൃത്തിന്റെ അനുഭവം തന്നെയെടുക്കാം. രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ്. കൂലിപ്പണിക്കാരായ അച്ഛനുമമ്മയും ലുബ്ധിച്ച് സ്വരുക്കൂട്ടിയ പൊന്നണിയിച്ച് മകളെ ഒരു ഗള്‍ഫുകാരനു തന്നെ വിവാഹം കഴിച്ചു കൊടുത്തു. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ തന്നെ അമ്മായിയമ്മ തനിസ്വഭാവം കാട്ടി. പുതുപ്പെണ്ണിന്റെ കയ്യില്‍ നിന്നും വളയൂരി അവര്‍ സ്വന്തം മകള്‍ക്കിട്ടു കൊടുത്തു. താലിമാലയും രണ്ടു വളയുമൊഴിച്ച് ബാക്കിയെല്ലാം അവര്‍ ഊരി വാങ്ങി. മകന്‍ മറുത്ത് യാതൊന്നും പറഞ്ഞില്ല. അമ്മ പറയുന്നതായിരുന്നു അയാള്‍ക്ക് വേദവാക്യം.
കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് മുതല്‍ കുളിയ്ക്കുന്ന സോപ്പിന്റെ തേയ്മാനം വരെ ആ വീട്ടില്‍ പീഡനത്തിനുള്ള കാരണങ്ങളായി. തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ അവള്‍ പഴി കേട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു. അവള്‍ രണ്ടു കുട്ടികളുടെ അമ്മയായി. ഭര്‍ത്താവ് വല്ലപ്പോഴും അയയ്ക്കുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിയ്ക്കാന്‍ അവള്‍ ബുദ്ധിമുട്ടി. ബിരുദാനന്തര ബിരുദവും ബിഎഡും വിവാഹത്തിനു മുന്‍പു തന്നെ നേടിയിരുന്ന ബലത്തില്‍ അവള്‍ ഒരു ജോലി കണ്ടെത്തി.
ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ ഒരു കുറവുമില്ലാതെ അവളിന്നും സംരക്ഷിച്ചു പോരുന്നു. നല്ല ഭക്ഷണവും വസ്ത്രവും മരുന്നും കൃത്യമായി കൊടുക്കുന്നു. പിറന്നാളുകള്‍ക്ക് സദ്യയൊരുക്കുന്നു. മകനില്ലാത്ത ഉത്തരവാദിത്വത്തോടെ അവരെ നോക്കുന്നു. എന്നാല്‍, അതൊന്നും തിരിച്ചു കിട്ടിയില്ല. ഒരു നേരം പോലും തിരിഞ്ഞു നോക്കാത്ത, മിണ്ടാത്ത മകളോടായിരുന്നു മാതാപിതാക്കളുടെ സ്‌നേഹവും കൂറും. മരുമകള്‍ രാപ്പകല്‍ അധ്വാനിച്ചു വാങ്ങുന്ന പലഹാരവും വസ്ത്രങ്ങളുമൊക്കെ അവളുടെ കണ്ണുവെട്ടിച്ച് അവര്‍ മകള്‍ക്ക് മുറതെറ്റാതെ കൊടുത്തയച്ചു.
ഇതൊന്നുമല്ല അവളെ കൂടുതല്‍ വേദനിപ്പിയ്ക്കുന്നത്. വെളുപ്പിനെഴുന്നേറ്റ് വീട്ടിലെ സകല ജോലികളും തീര്‍ത്ത് ജോലിയ്ക്കു പോയി വൈകീട്ട് ക്ഷീണിച്ച് വീട്ടിലെത്തുന്ന അവളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവര്‍ ശകാരിച്ചുകൊണ്ടേയിരിയ്ക്കും. അവരുടെ കുത്തുവാക്കുകള്‍ കേട്ട് കണ്ണീരൊഴുക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് അവള്‍ സദാ സങ്കടപ്പെടുന്നു. ആ വീട്ടിലെ ക്രൂരതകളുടെ തുടര്‍ക്കഥകള്‍ അവള്‍ പറയുന്നതുകേട്ട്, വാക്കുകള്‍ നഷ്ടപ്പെട്ട് അവള്‍ക്കു മുന്നില്‍ ഇരുന്നിട്ടുണ്ട്. ഇത് ഒരാളുടെ മാത്രം കഥയല്ല. ഇങ്ങനെ എത്രയെത്ര സ്ത്രീകള്‍ നമുക്കിടയിലുണ്ട്.
മക്കള്‍ സ്വയംപര്യാപ്തരായാല്‍ അവരെ ജീവിയ്ക്കാന്‍ അനുവദിക്കണമെന്ന് പല മാതാപിതാക്കളും മറന്നു പോകുന്നു. പല വീടുകളിലേയും സംഘര്‍ഷങ്ങള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. സുഹൃത്തുക്കളെപ്പോലെ അച്ഛനമ്മമാരും മക്കളും മരുമക്കളും ജീവിയ്ക്കുന്ന ചുരുക്കം വീടുകളുമുണ്ട്. പരസ്പര ബഹുമാനമാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്. അതിനുപകരം, അടിമ ഉടമ ബന്ധമായി മനുഷ്യര്‍ തമ്മിലുള്ള അടുപ്പങ്ങളെ കണക്കാക്കുന്നിടത്താണ് സംഘര്‍ഷങ്ങള്‍ പതിവാകുന്നത്.
വാര്‍ദ്ധക്യം രണ്ടാം ബാല്യമാണ് എന്നു പറയും. ബാല്യകൗതുകങ്ങള്‍ വാര്‍ദ്ധക്യത്തില്‍ കണ്ടെത്താന്‍ സ്‌നേഹത്തിന്റെ അടിത്തറ തന്നെ വേണം. കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബങ്ങളുണ്ടാകാന്‍ മാതാപിതാക്കളും മക്കളും ഒരേ മനസ്സോടെ ശ്രമിയ്ക്കണം. സ്‌നേഹിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്ന മക്കളെ തള്ളിക്കളഞ്ഞ്, തിരിഞ്ഞു നോക്കാത്ത മക്കളെ തലയിലേറ്റുന്നവര്‍ ക്ഷണിച്ചു വരുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടിയുള്ള ദുരന്തങ്ങളാവും. അരക്ഷിതാവസ്ഥ സ്വയം സൃഷ്ടിയ്ക്കുകയാണ് അത്തരക്കാര്‍ ചെയ്യുന്നത്.
മനസ്സുമടുത്ത് സംരക്ഷണമേറ്റെടുക്കാന്‍ മടിയ്ക്കുന്നവരുണ്ട്. കുറ്റപ്പെടുത്തുന്നവര്‍ക്കു മുന്നില്‍ അപഹാസ്യരായി തല കുനിയ്‌ക്കേണ്ടി വരുന്ന ആ മക്കള്‍ അനുഭവിച്ച ദുരനുഭവങ്ങള്‍ ആരുമറിയുന്നില്ല. 'ആലുമുളച്ചാല്‍ തണല്‍' ആവുന്നതു പോലെ വാര്‍ദ്ധക്യം എന്തു തോന്നിവാസവും ചെയ്യാനുള്ള മറയായി കാണുന്നവരുമുണ്ട്.
ജീവിതം മുഴുവന്‍ പുറം നാട്ടില്‍ ജോലി ചെയ്ത് നാട്ടിലേയ്ക്കയച്ചുകൊടുത്തതു കൊണ്ട് കരകയറിയവര്‍ തള്ളിപ്പറഞ്ഞതിന്റെ വേദനയില്‍ നാടും വീടുമുപേക്ഷിച്ചു പോകാന്‍ തയ്യാറാവുന്ന 'മാമ്പഴക്കാലം' എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രേട്ടന്‍ എന്ന കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ നാം തിരശ്ശീലകളില്‍ കണ്ടറിഞ്ഞതാണ്. അങ്ങനെ എത്രയെത്ര ചന്ദ്രേട്ടന്മാര്‍ നമുക്കിടയിലുണ്ട്! എല്ലാ മക്കളും തുല്യരാണ് എന്നുറക്കെപ്പറയുകയും അതേ സമയം തരംതിരിവു കാണിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കെണിയില്‍പെട്ട് ജീവിതം വഴിമുട്ടിയ മക്കളെ നാം കാണാതെ പോകരുത്.
മാതാപിതാക്കളെ തീര്‍ച്ചയായും സ്‌നേഹിക്കണം, സംരക്ഷിക്കണം. പക്ഷേ, അത് ഏകപക്ഷീയമാവരുത്. മക്കള്‍ക്കും വേണം സ്വസ്ഥതയും സമാധാനവും. മക്കള്‍ സമാധാനമായി ജീവിക്കണമെന്ന ചിന്ത മാതാപിതാക്കള്‍ക്കും വേണം. അല്ലാത്തൊരു സമൂഹത്തില്‍ കുടുംബങ്ങള്‍ തീച്ചൂളകളാവും. അകത്തും പുറത്തുമുള്ളവരെ ചുട്ടുപൊള്ളിയ്ക്കുന്ന തീച്ചൂളകള്‍.