എനിക്കും ചിലത് പറയാനുണ്ട്. റഹീമ ശൈഖ് മുബാറക്ക് എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ഇതൊരു കഥയാണ്.
undefined
എനിക്കോ നിങ്ങള്‍ക്കോ ഇടയില്‍ ജീവിച്ചിരുന്ന, അല്ലെങ്കില്‍ ഇന്നും ജീവിച്ചിരിക്കുന്ന അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളുടെ കഥ.
നിങ്ങളോട് പറയാന്‍ വേണ്ടി മാത്രം ഇന്ന് ഞാനവളെ എന്റെ ഓര്‍മകളിലേക്ക് ആവാഹിച്ചു കൊണ്ടുവന്നിരിക്കുന്നു.
ഒരു യൂപി സ്‌കൂള്‍ കാലം മുന്നില്‍ തെളിയുന്നുണ്ട്.
വെള്ളയും നീലയും വര്‍ണ്ണങ്ങളില്‍ യൂണിഫോമിട്ട കുട്ടികള്‍. നീളന്‍ സ്‌കൂള്‍ വരാന്ത, കള്ളിമുള്‍ച്ചെടിയും ഓര്‍ക്കിഡും റോസ പുഷ്പ്പങ്ങളും ഇടകലര്‍ന്ന് വളരുന്ന പൂന്തോട്ടം. പുല്‍ച്ചെടികള്‍ ചെത്തിമില്‍ക്കി പതം വരുത്തിയ സ്‌ക്കൂള്‍ ഗ്രാണ്ട്. കാറ്റടിയും ബെല്ലക്കായ് മരവും തണല്‍വിരിച്ച് നില്‍ക്കുന്നു.
ഗ്രാണ്ടിന്റെ അറ്റത്തായ് ബദാം മരം, കണ്ട് കണ്ട് മോഹിച്ച് സ്വന്തമാക്കാതെ പോയ എത്രയോ ബദാം കായകള്‍.
അന്ന് ഞാന്‍ അഞ്ചിലാണ് പഠനം. അതേ സ്‌ക്കൂളിലെ ഏഴാം ക്ലാസുകാരിയായിരുന്നു ഞാന്‍ പറയുന്ന കഥയിലെ നായികയാകാന്‍ വിധിക്കപ്പെട്ട ആ പെണ്‍കുട്ടി.
അന്നത്തെ ദിവസം.
ഉച്ച കഴിഞ്ഞുള്ള ആദ്യ പിരീഡാണ്. ടീച്ചര്‍ ബോര്‍ഡില്‍ എന്തോ എഴുതുന്നു. അക്ഷരങ്ങള്‍ പൂര്‍ത്തിയായില്ല.
അടുത്ത ക്ലാസില്‍ നിന്നും നിലവിളി ശബ്ദം കേള്‍ക്കുന്നു. ടീച്ചര്‍ പുറത്തേക്കിറങ്ങി ഓടി.
നിമിഷ നേരങ്ങള്‍ കൊണ്ട് ടീച്ചര്‍ മടങ്ങിയെത്തുന്നു.
എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആശങ്ക ക്ലാസ്മുറിക്കുള്ളിലെ ഓരോ കണ്ണുകളിലും തെളിഞ്ഞു നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ടീച്ചര്‍ ക്ലാസ് തുടര്‍ന്നു. അടുത്ത ഇന്റര്‍വെല്‍ സമയം വരെ ശ്വാസം അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പായിരുന്നു, നിലവിളിക്ക് പിന്നിലുള്ള കാരണം കണ്ടെത്തുക മാത്രമായിരിന്നു ആ മണിക്കൂറിലെ ലക്ഷ്യം.
ഏഴാം ക്ലാസിലെ ഒരു പെണ്‍കുട്ടി തലചുറ്റി വീണതാണ്. ആ പെണ്‍കുട്ടിയാണ് എന്റെ നായിക.
പറച്ചിലിന്റെ എളുപ്പത്തിന് വേണ്ടി ഞാനവളെ മീനാക്ഷിയെന്ന് വിളിക്കട്ടെ.
മീനക്ഷി തലചുറ്റി വീണിരിക്കുന്നു. രണ്ട് ടീച്ചേര്‍സ് ചേര്‍ന്ന് അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അന്നത്തെ സ്‌കൂള്‍ സമയം അവസാനിച്ചതോടുകൂടി മീനക്ഷിയെ ഞാന്‍ മറന്നു.
പിറ്റേന്ന് സ്‌കൂള്‍ തുടങ്ങുന്നത്, അടക്കിപിടിച്ച വര്‍ത്തമാനങ്ങള്‍ കൊണ്ടാണ്.
ഇന്നലെ തല ചുറ്റി വീണ ആ പെണ്‍കുട്ടിയുണ്ടല്ലോ അവളുടെ വയറ്റില്‍ കുഞ്ഞുവാവ വളരുന്നുണ്ട്. കഥകള്‍ പലതും പ്രചരിച്ചു. ഒരു മോശം പെണ്‍കുട്ടിയായ പന്ത്രണ്ട് വയസുകാരി കഥകളില്‍ നിറഞ്ഞു നിന്നു.
നോക്കു അവള്‍ പഠിച്ച കള്ളിയാണ്. ആറോ ഏഴോ മാസം വരെ അവള്‍ തന്റെ വയറ്റില്‍ വളര്‍ന്നു വരുന്ന ജീവനെ ഒളിച്ച് വെച്ചു. ഒരു കുഞ്ഞിന്റെ നിശ്കളങ്കതയില്ലാത്ത ചീത്തയായ പെണ്ണ്.
ഒരു ഡിഗ്രിക്കാരന്‍ ചെക്കനാണ് മീനാക്ഷിയുടെ രോഗത്തിന് ഉത്തരവാദിയെന്നും അയാള്‍ ജയിലിലായെന്നും, പുറത്ത് വന്നാല്‍ അയാള്‍ മീനാക്ഷിയെ വിവാഹം കഴിക്കുമെന്നും. അതല്ലാ വിവാഹിതനും, രണ്ടോ മൂന്നോ മക്കളുള്ള വലിയൊരു മനുഷ്യനാണ് മീനാക്ഷിയെ ചീത്തയാക്കിയതെന്നും അങ്ങനെ അങ്ങനെ കഥകള്‍ പലതും ജന്‍മം കൊണ്ടു. നിറവും വര്‍ണ്ണവും ആവശ്യാനുസരണം നല്‍കി സമൂഹം അത് പൊലിപ്പിച്ച് കൊണ്ടേയിരുന്നു.
മീനാക്ഷി പഠിപ്പ് നിര്‍ത്തി.
പിന്നീടങ്ങോട്ട്, ഏഴാം ക്ലാസിലെ മിനാക്ഷിയുടെ സീറ്റ് ഒഴിഞ്ഞു കിടന്നു. അവളുടെ ശൂന്യത ആരിലും ഒരു മാറ്റവും വരുത്തിയില്ല.
ഇടക്ക് ക്ലാസ്സ് മുറിക്കുള്ളിലെ ജനാലയിലൂടെ ഞാനവളെ തിരയും. അവള്‍ ഇനിയൊരിക്കലും ഈ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഓടി കളിക്കില്ലല്ലോ എന്നു ഞാന്‍ ഓര്‍ക്കും. ക്ലാസ് മുറിക്കുള്ളിലെ ശബ്ദകോലാഹലങ്ങള്‍ ഇനീ ഒരിക്കലും അവള്‍ കേള്‍ക്കില്ലാ. കൈക്കുഞ്ഞിനെയുമേന്തി ഒരു യൂപി സ്‌കൂള്‍ കുട്ടി അനേകം മനുഷ്യര്‍ക്കിടയില്‍ ഒറ്റപ്പെട്ടവളായി ജീവിക്കേണ്ടി വരും.
എന്തൊരു നിസ്സഹായാവസ്ഥയാണ്. ഒന്നു ഉച്ചത്തില്‍ കരഞ്ഞാലോ, കണ്ണടച്ച് ഇരുട്ടാക്കിയാലോ പോംവഴി കണ്ടെത്താന്‍ കഴിയാത്ത ദുരവസ്ഥ. കാലം മരുന്ന് വെച്ച് ഉണക്കാത്ത മുറിവുകളില്ല എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ കാലത്തിന് എങ്ങനെയാണ് ഈ മുറിവ് കൂട്ടികെട്ടാന്‍ കഴിയുന്നത്. എത്രയെത്ര മറവികള്‍ കൊണ്ട് തുന്നിക്കൂട്ടിയാലും അവള്‍ക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കാന്‍ ഒരു കാലത്തിന് കഴിയില്ലല്ലോ .
എല്ലാം തേച്ച് മായ്ച്ചു കളഞ്ഞുവെന്ന് കാലം അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും രേഖപ്പെടുത്തി വച്ചവ തിരുത്താന്‍ സമൂഹം തയാറാകുമോ?
ഞാന്‍ എന്നും എപ്പോഴും മിനാക്ഷിയുടെ ഭാഗത്ത് നിന്നും ചിന്തിച്ചു. അവള്‍ അനുഭവിച്ച വേദനകളെ കുറിച്ച്. ഒരു പന്ത്രണ്ട് വയസുകാരി നേരിട്ട ചൂഷണങ്ങളെ കുറിച്ച്.
മീനാക്ഷി എവിടെയെന്നോ എങ്ങനെയെന്നോ ഇന്നെനിക്കറിയില്ല. ഞങ്ങള്‍ക്കിടയില്‍ സമയരേഖ മതില്‍ പണിത് ഉയര്‍ത്തി കഴിഞ്ഞിരിക്കുന്നു.
എന്നിട്ടും മീനാക്ഷിയെ മറക്കാന്‍ എനിക്ക് കഴിയുന്നില്ലല്ലോ. കാരണം, മിനാക്ഷി ഒരുവളല്ലല്ലോ . അനേകം മീനാക്ഷിമാര്‍ ഓരോ ദിനവും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അവരിലൂടെ സദാ ഞാന്‍ അവളെ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.
ശേഷവും എത്രയോ മീനാക്ഷിമാരെ ഞാന്‍ കണ്ടുമുട്ടി.
ചിലര്‍ ഭൂതകാലത്തെയോര്‍ത്ത് എനിക്ക് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു. ആശ്വാസത്തിന്റെ വാക്കുകള്‍ വറ്റി വരണ്ട്, മഴകണ്ട് യുഗങ്ങള്‍ പിന്നിട്ട ഭൂമി വിണ്ട് കീറും പോലെ ഞാന്‍ കീറി മുറിഞ്ഞു. ഇത്തരം മുറിവുകള്‍ കാലത്തിനു ശേഷവും ചുരത്തുന്ന ചലവും ചോരയും ഒപ്പാന്‍ എനിക്ക് ആവുന്നില്ല. അത് ആഴത്തില്‍ പതിഞ്ഞ മുറിവാണല്ലോ. ഭയത്തിന്റെ തീച്ചൂളയില്‍ അനേകകാലം ഉരുകികിടന്ന മുറിവ്.
അറിവില്ലാത്ത പ്രായത്തിലാണ് പല പെണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നത്. അവര്‍ അനുഭവിക്കുന്നത് സ്‌നേഹമാണോ, ചൂഷണമാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാറില്ല. തിരിച്ചറിവിന്റെ പ്രായം എത്തുമ്പോഴേക്കും ഭിഷണികളില്‍ പ്രവര്‍ത്തിക്കേണ്ട പാവ പോലെ അവള്‍ മാറി കഴിഞ്ഞിരിക്കും.
പലപ്പോഴും സ്വന്തം വീടിനകത്തുള്ളവര്‍ അല്ലെങ്കില്‍ വീടുമായി അത്രയും അടുപ്പം സൂക്ഷിക്കുന്നവര്‍ അവരൊക്കെ തന്നെ ആയിരിക്കും കഥയിലെ വില്ലന്മാര്‍. സംരക്ഷണം നല്‍കേണ്ടവര്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം.
ഇവിടെയൊക്കെ കുട്ടികളെ ഭയപ്പെടുത്താനും കിട്ടിയ അവസരം വ്യക്തമായി ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നത് വീടിനകത്ത് ലഭിക്കുന്ന സ്വാതന്ത്ര്യം കൊണ്ടാണ്. കുഞ്ഞുങ്ങളില്‍ ഈ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുന്ന ആഘാതം ചെറുതല്ല. വര്‍ഷങ്ങളോളം അവരെ ഇത് വേട്ടയാടും.
ചിലര്‍ക്ക് സ്വന്തം മാനസികവിഭ്രാന്തി കെട്ടഴിച്ചു വിടാനുള്ള ഉപകരണം കൂടിയാണ് പെണ്‍ശരീരം എന്നൊരു ചിന്ത കൂടിയുണ്ട്. എത്ര ഭ്രാന്തമായാണ് പത്തും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. എല്ലാത്തിനും ഒടുവില്‍ പകയൊടുങ്ങാതെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നു. നാവറുക്കുന്നു.വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുന്നു. കഴുത്തറുത്തും ശ്വാസം മുട്ടിച്ചും നിഷ്‌ക്കരുണം കൊന്നുതള്ളുന്നു.
എന്റെ പെണ്‍കുട്ടികളെ, നിങ്ങളെത്ര അരക്ഷിതാവസ്ഥയിലാണ് ഉള്ളതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു.
ആരാണ് സത്യത്തില്‍ ഈ അരക്ഷിതാവസ്ഥകളുടെ ഉപജ്ഞാതാവ്?
വീട്, കുടുംബം, സമൂഹം, ആര്‍ക്കാണ് ഇതില്‍ നിന്നും ഒഴിവ് കഴിവുകള്‍ പറഞ്ഞു മാറി നില്‍ക്കാനാവുക.
ശരീരം എന്ന് പറയുന്നത് വെറും മാംസപിണ്ഡം മാത്രമായിരുന്നുവെങ്കില്‍ ആര്‍ക്കും എന്ത് ന്യായങ്ങളും നിരത്തി തേച്ചുമിനുക്കി ഇതൊക്കെ വെറും ആഗോളപ്രതിഭാസങ്ങളായി എഴുതി തള്ളമായിരുന്നു. പക്ഷേ ശരീരം എന്നത് വെറും ഒരു മാംസകഷ്ണം മാത്രമല്ലല്ലോ. അതിനകത്ത് ജീവനും ജീവിതവുമുണ്ട്, മനസ്സ് എന്നത് സാങ്കല്‍പ്പിക പദമല്ലെന്ന് ഉറപ്പിക്കാന്‍ പാകത്തിന് ചിന്നി ചിതറുന്ന ചിന്തകളുണ്ട്.
മീനാക്ഷിമാര്‍ സുരക്ഷിതരായി സന്തുഷ്ടരായി ജീവിക്കുന്ന ഒരു കാലം തന്നെയാണ് ഞാന്‍ സ്വപ്നം കാണുന്നത്.
പ്രവാചകരുടെ വചനം പോലെ, രാജ്യത്തിന്റെ ഇങ്ങേ അറ്റത്ത് നിന്നും അങ്ങേ അറ്റം വരേയും അവള്‍ ഒറ്റക്ക് യാത്ര ചെയ്യണം ആരേയും ഭയക്കാതെ, പതറാതെ. അത് തന്നെയല്ലേ എഴുതിവെക്കപ്പെട്ട വിജയവും.