പോകപ്പോകെ പെങ്ങന്മാരെ തട്ടീം മുട്ടീം  നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി

By Speak Up  |  First Published May 1, 2019, 4:25 PM IST

എനിക്കും പറയാനുണ്ട്: വിവേക് വേണുഗോപാല്‍ എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

"എന്നാലും എന്താണ് ഇത്ര കറുത്ത് പോയത്? കറുത്ത നിറമുള്ള ആളുകളെ ഞാനും ഒരുപാട് കണ്ടിട്ടുണ്ട്. ഇതുപക്ഷേ, ഇങ്ങനെയും കറുക്കുമോ?"

ആദ്യമാദ്യം കൂട്ടുകാരുടെ വായില്‍ നിന്നും തമാശ രൂപേണ കേള്‍ക്കാന്‍ തുടങ്ങിയ ഈ വിധത്തിലുള്ള മഹദ് വചനങ്ങള്‍,പിന്നെപ്പിന്നെ എന്നെ ആദ്യമായി കാണുന്നവരും ചോദിച്ചു തുടങ്ങി. ഓര്‍മ വച്ച നാള്‍ മുതല്‍ പലരില്‍ നിന്നായി ഇത് കേള്‍ക്കുന്നത് കൊണ്ടാകാം,ആദ്യമൊക്കെ വിഷമം തോന്നിയിരുന്നുവെങ്കിലും പിന്നീടതൊരു ജീവിതചര്യ ആയി മാറി. ദിവസം ഒരാളെങ്കിലും നിറത്തെ പറ്റി ചോദിച്ചില്ലെങ്കില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത ഒരവസ്ഥയിലായി.

അമ്മയോട് പല പ്രാവശ്യം ഞാന്‍ ചോദിച്ചിട്ടുണ്ട്, ഒരല്‍പ്പം, ഒരു പൊടിക്കെങ്കിലും അമ്മയുടെ നിറം എനിക്ക് തന്നു കൂടായിരുന്നോ? അതെങ്ങനെ,മുഴുവനും വാരിക്കോരി നമ്മുടെ ബ്രോയ്ക്ക് ആണല്ലോ കൊടുത്തത്. പണ്ടൊക്കെ അമ്മ അതിനുത്തരമായി പറഞ്ഞിരുന്നത്,'മക്കളേ കറുപ്പിനാണ് ഏഴഴക്' എന്നതായിരുന്നു. കാലം കടന്നു പോകവേ,ഏതോ ഒരു തല തിരിഞ്ഞ 'ന്യൂ ജനറേഷന്‍ ബ്രോ' പുതിയൊരു ഡയലോഗ് ഇറക്കി, ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണത്രെ. അത്രയും കാലം അമ്മ പറഞ്ഞു തന്നിരുന്ന ആ ഒറ്റ ഡയലോഗില്‍ പിടിച്ചു നിന്നിരുന്ന ഞാന്‍ അതോടെ തകര്‍ന്നു തരിപ്പണമായി.

വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു.സ്‌കൂള്‍ മാറി കോളേജ് ആയി.ചോദ്യം പഴയത് തന്നെ ആവര്‍ത്തിക്കപ്പെട്ടു. എന്ത് കൊണ്ടെന്നറിയില്ല പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ ഞാന്‍ ബ്രോ ആണ് പോലും, ബ്രോ!

എനിക്കാണെങ്കില്‍ പെങ്ങന്മാരുമില്ല. പോകപ്പോകെ പെങ്ങന്മാരെ തട്ടീം മുട്ടീം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി ഞാന്‍. അപ്പോള്‍ ദേ വരുന്നു വേറൊരു പച്ച പരിഷ്‌കാരി. ചുരുക്കി പറഞ്ഞാല്‍ എന്റെ കാലന്‍. അവന്‍ പറയുകയാണ്, പണ്ട് കാലം മുതല്‍ക്കേ ഇങ്ങനൊക്കെ തന്നെയാണ്. ഞാന്‍ ചോദിച്ചു, എങ്ങനൊക്കെ? 

അവന്‍ തുടര്‍ന്നു, അളിയാ കാണാന്‍ കൊള്ളില്ലാത്ത പയ്യന്മാരെ കാണുമ്പോള്‍ സകല പെണ്‍കുട്ടികളും ഇങ്ങനെ തന്നെയാ. ബ്രോയെന്നേ വിളിക്കൂ. അതുവരെ എന്നെ ബ്രോ എന്ന് നീട്ടി വിളിച്ച സകല അവളുമാരെയും ഞാന്‍ മനസ്സിരുത്തി ശപിച്ചു. നീയൊക്കെ അടുത്തൊരു ജന്മമുണ്ടെങ്കില്‍ കറുത്ത് കരിമന്തി ആയി പോട്ടേ..

എന്നത്തേയും പോലെ അന്നും അത് തന്നെ സംഭവിച്ചു. ആത്മാവിനു ഏറ്റ ക്ഷതമെല്ലാം ഒരു രോഷാഗ്‌നി കണക്കെ അമ്മയുടെ അടുത്ത് വാരി വിതറി. രജനീകാന്തിന്റെ ശിവാജി എന്ന ചിത്രം ഇറങ്ങിയ സമയമായിരുന്നു അത്. എന്റെ സ്ഥിരം പല്ലവിയായ 'എനിക്കെന്തേ നിറം തരാത്തൂ' എന്ന ചോദ്യത്തിന്,അമ്മ ശിവാജി സിനിമയിലെ ഡയലോഗ് വച്ചങ്ങു കാച്ചി.നിന്നെ 'വെള്ളയായി പെറ്റിരുന്നെങ്കില്‍ പൊടിയും അഴുക്കുമൊക്കെ പിടിച്ച് പെട്ടെന്ന് അഴുക്കായി പോകില്ലേ. ഇതാകുമ്പോ അഴുക്കായാലും അറിയില്ലല്ലോ.

പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ സത്യന്‍ മാഷൊക്കെ നില്‍ക്കുന്നത് പോലെ രണ്ടു കൈയ്യും ഇടുപ്പില്‍ വച്ച് ഞാന്‍ പറഞ്ഞു,:'അമ്മേ ഈ ചതി അമ്മയുടെ മോനോട് വേണ്ടായിരുന്നമ്മേ'. 

ഞാനോര്‍ത്തു,അമ്മയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,നമ്മള്‍ എന്നും ശശി അണ്ണന്‍ തന്നെ..

അങ്ങനെ വീട്ടിലും ശശി. പഠിക്കുന്നിടത്തും ശശിയായി നടക്കുന്ന ആ സമയത്ത് പേരുമാറ്റി ശശി എന്നാക്കിയാലോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ഒരു അറ്റ കൈ ശ്രമം എന്നോണം ഞാന്‍ പുതിയൊരു ഡയലോഗ് കണ്ടുപിടിച്ചു. ഇപ്പോള്‍ നിറത്തെ പറ്റി ചോദിക്കുന്നവരോട് ഞാന്‍ ഇങ്ങന പറയും, കുഞ്ഞുങ്ങളെ കുളിപ്പിച്ച ശേഷം അല്‍പ സമയം വെയിലത്ത് കിടത്തുന്ന ഒരു ഏര്‍പ്പാടുണ്ട്, എന്റെ അമ്മ വളരെയധികം തിരക്ക് പിടിച്ച ഒരു വീട്ടമ്മ ആയതുകൊണ്ട് കുഞ്ഞായ എന്നെ വെയിലത്ത് കിടത്തിയിട്ട് പോകും, സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിട്ടായിരിക്കും എന്നെ അവിടെ നിന്ന് എടുത്തു മാറ്റുന്നത്.കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ കൈകള്‍ രണ്ടും മുറുകെ പിടിച്ചാണല്ലോ കിടക്കുന്നത്. അത് കൊണ്ട് മാത്രം എന്റെ ഉള്ളം കൈ കറുത്തില്ല.

പിന്നെയും സംശയം ബാക്കി നില്‍ക്കുന്നവര്‍ക്ക് ഞാന്‍ എന്റെ ഉള്ളം കൈ കാണിച്ചു കൊടുക്കും.എല്ലാപേരെയും എല്ലാകാലത്തും പറഞ്ഞു പറ്റിക്കാന്‍ പറ്റത്തില്ല എന്നെനിക്കറിയാം.

വാല്‍ കഷ്ണം:ഇനിയും അത് പോലോരുത്തന്‍ വരുവാണേല്‍ ഞാന്‍ എന്ത് പറഞ്ഞു പിടിച്ചു നില്‍ക്കും എന്റെ ഈശ്വരാ!

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!