വിദ്യാഭ്യാസം: നിങ്ങള്‍ ശരിയെന്നുകരുതുന്ന ആറ് അന്ധവിശ്വാസങ്ങള്‍: ഹരിത തമ്പി എഴുതുന്നു
ശാസ്ത്രീയമായി പരിശോധിക്കുമ്പോള്‍, ഹോം വര്‍ക്ക് നല്‍കുന്നത് കുട്ടിയുടെ പഠനത്തില്‍ തീരെ ചെറിയ സ്വാധീനം മാത്രം ചെലുത്തുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണം നടത്തുന്ന ജോണ്‍ ഹാറ്റി 240 മില്ല്യന്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
undefined
കുട്ടികള്‍ക്ക് ഏറ്റവും നല്ല പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ നമ്മുടെ സമൂഹം വളരെ ജാഗരൂകരാണ്. സ്‌കൂളിലെ പഠനത്തിന് പുറമെ അധികസമയ ടൂഷന്‍ ക്ലാസുകളും അബാക്കസും പ്രത്യേകം ക്രമീകരിച്ച ഭക്ഷണ രീതികളും മോട്ടിവേഷന്‍ ക്ലാസുകളും എല്ലാം നല്‍കുവാന്‍ മാതാപിതാക്കളും സ്‌കൂളുകളും ശ്രമിക്കാറുണ്ട്.
എന്നാലും വേണ്ടത്ര ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെ, കുട്ടിയുടെ പഠനത്തിന് ഫലപ്രദമായിരിക്കും എന്ന തെറ്റിദ്ധാരണയില്‍ പലതും നമ്മള്‍ ചെയ്യുന്നുണ്ട്. പലപ്പോഴും കാശ് നഷ്ടം മാത്രമാവില്ല ഫലം. കുട്ടിക്ക് ഇതൊരു അമിതഭാരമായി മാറുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ സമീപനം പ്രാധാന്യമര്‍ഹിക്കുന്നത്. വിദ്യാഭ്യാസത്തെ, പഠനങ്ങള്‍ നടത്തി, തെളിവുകളോടെ, ശാസ്ത്രീയമായി സമീപിക്കുന്നതിനെയാണ് 'വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ സമീപനം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
വിദ്യാഭ്യാസം കാതലായ വിഷയമെന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന മലയാളി സമൂഹം ശസ്ത്രീയ പിന്‍ബലത്തോടു കൂടിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ അത്ര പ്രധാനമാണെന്ന് കരുതുന്നില്ല എന്നതാണ് വാസ്തവം. അതാത് വിഷയങ്ങളില്‍ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുന്ന അധ്യാപക സമൂഹം വിദ്യാഭ്യാസ മേഖലയില്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്ന ബോധനപരമായ മാറ്റങ്ങളെ മനസ്സിലാക്കാനോ ആ പരിണാമങ്ങളെ അധ്യായനത്തില്‍ ഉള്‍ക്കൊള്ളിക്കുവാനോ താല്‍പര്യം കാണിക്കാറില്ല. രക്ഷിതാക്കളാവട്ടെ, ലാഭാധിഷ്ഠിതമായ ഒന്നായി വിദ്യാഭ്യാസത്തെ കണക്കാക്കുകയും കുട്ടികളെ ഇതിലേക്കുള്ള നിക്ഷേപമായി കരുതുകയും ചെയ്തു പോരുന്നു. പുതിയ കാലത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഈ പഠനങ്ങളും പ്രഗത്ഭരുടെ പുസ്തകങ്ങളും സാധാരണക്കാരായ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കോ, മാതാപിതാക്കള്‍ക്കോ ദുര്‍ഗ്രഹമായി തുടരുകയാണ് ചെയ്യുന്നത്.
അതിനാലാവണം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ തരം അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും തുടര്‍ന്നുപോരുന്നത്. വിപണിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട സാഹചര്യത്തില്‍, പല തട്ടിപ്പ് വിദ്വാന്മാരും വിദ്യാഭ്യാസ മേഖലയിലെ ഈ അന്ധവിശ്വാസങ്ങള്‍ വിറ്റാണ് കഴിയുന്നത്. നമ്മുടെ പഠനരീതികളുമായി ബന്ധപ്പെട്ട അത്തരം ചില അന്ധവിശ്വാസങ്ങളുടെ ശാസ്ത്രീയ വശം എന്താണെന്ന പരിശോധന ആണിത്:
1. ഹോംവര്‍ക്ക് ഇല്ലെങ്കില്‍ കുട്ടിയുടെ പഠിത്തം നടക്കില്ലേ?
ഒരു പാഠഭാഗം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത ശേഷം ഹോം വര്‍ക്ക് നല്‍കി വീട്ടിലേക്ക് പറഞ്ഞുവിടുക എന്നത് കാലങ്ങളായി അധ്യാപകര്‍ തുടരുന്ന രീതിയാണ്. ഹോംവര്‍ക്ക് കൂടുതല്‍ കൊടുക്കുന്ന ടീച്ചര്‍ നന്നായി പഠിപ്പിക്കുന്നു എന്നാണ് പൊതുധാരണ. കുട്ടിയുടെ ക്ലാസ് പെര്‍ഫോമന്‍സ് അല്‍പ്പം കൂടട്ടെ എന്ന വിചാരത്തില്‍, മാതാപിതാക്കള്‍ തന്നെ ഹോം വര്‍ക്ക് ചെയ്തുകൊടുക്കുന്ന 'ആചാരവും' നിലവിലുണ്ട്.
എന്നാല്‍, ശാസ്ത്രീയമായി പരിശോധിക്കുമ്പോള്‍, ഹോം വര്‍ക്ക് നല്‍കുന്നത് കുട്ടിയുടെ പഠനത്തില്‍ തീരെ ചെറിയ സ്വാധീനം മാത്രം ചെലുത്തുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണം നടത്തുന്ന ജോണ്‍ ഹാറ്റി 240 മില്ല്യന്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഹോം വര്‍ക്കുകള്‍ കൊടുക്കുമ്പോള്‍ എന്താണ് കുട്ടിക്ക് സംഭവിക്കുന്നത് എന്നു നോക്കാം. കുട്ടി എങ്ങനെയെങ്കിലും ഹോം വര്‍ക്കില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടും. കൂടുതല്‍ കുട്ടികളും കോപ്പി അടിക്കുകയോ, ആത്മാര്‍ഥമായി ചെയ്യാതെ എങ്ങനെയെങ്കിലും ഒപ്പിച്ചു വെക്കുകയോ ചെയ്യുന്നു എന്നാണ് ഹാറ്റിയുടെ പഠനം വ്യക്തമാക്കുന്നത്. നേരിട്ട് അറിയാവുന്ന കുട്ടികളുടെ കാര്യവും സ്വന്തം ചെറുപ്പകാലവും ചേര്‍ത്തു വായിച്ചാലും ഈ നിരീക്ഷണം ശരിയാണെന്ന് കരുതാം.
അങ്ങനെയെങ്കില്‍ എന്താണിതിന് പോംവഴി? ഹോംവര്‍ക്ക് നല്‍കാതെ പിന്നെങ്ങനെ കുട്ടിയെ വീട്ടില്‍ ഇരുന്ന് പഠിപ്പിക്കാനാവും? അതിനുത്തരമാണ് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് മുന്‍പുള്ള വായന അഥവാ പ്രീ റീഡിങ്. ഇത് കുട്ടിയുടെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
എന്താണ് പ്രീ റീഡിങ്? ഹോം വര്‍ക്ക് നല്‍കുന്നതിന് പകരം പഠിപ്പിക്കാന്‍ പോകുന്ന ഭാഗങ്ങള്‍ക്കായി കുട്ടികളെ കാലേക്കൂട്ടി ഒരുക്കുന്ന സമ്പ്രദായമാണിത്. കാള്‍ വീമാന്‍ എന്ന മറ്റൊരു ഗവേഷകന്‍ നടത്തിയ പഠനം ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പഠനം ഇങ്ങനെയായിരുന്നു. പാഠഭാഗം പഠിപ്പിക്കുന്നതിന് മുമ്പ് ഈ പാഠഭാഗം മുന്‍നിര്‍ത്തി ഒരു ക്വിസ് മത്സരം നടത്തും എന്ന് നേരത്തെ കുട്ടികളെ അറിയിച്ചു. ഈ മാര്‍ക്ക് അവസാന പരീക്ഷയില്‍ പരിഗണിക്കും എന്നും പറഞ്ഞു. കുട്ടികള്‍ ആ പാഠഭാഗം നന്നായി വായിച്ചു. അതുബായി ബന്ധപ്പെട്ട പ്രാഥമിക ധാരണകള്‍ ഉണ്ടാക്കി. അതിനുശേഷം ക്ലാസില്‍ നടന്ന ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. ക്വിസ് മല്‍സരത്തിനുശേഷം അധ്യാപകന്‍ ആ പാഠഭാഗം കുട്ടികള്‍ക്ക് പഠിപ്പിച്ചു. ഹോംവര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദമായിരുന്നു കുട്ടികളുടെ പ്രതികരണം. കുട്ടികള്‍ പതിവിലും നന്നായി ക്ലാസില്‍ സജീവമായി. അവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ മനസ്സിലാക്കാനായി.
ക്ലാസ് എടുക്കുന്നതിന് മുന്‍കൂട്ടി കുട്ടി പാഠഭാഗങ്ങള്‍ ശ്രദ്ധിച്ച് വരുന്നത് കുട്ടിയുടെ പഠനത്തെ ഗുണപരമായി സ്വാധീനിക്കുന്ന സാഹചര്യത്തില്‍, ഈ സമ്പ്രദായം ഇവിടെയും ആേലാചിക്കാവുന്നതാണ്. മുന്‍കൂട്ടി ഗ്രാഹ്യമുള്ള വിഷയം പഠിപ്പിക്കുമ്പോള്‍, കുട്ടികളുടെ ഭാഗത്തുനിന്ന് കൂടുതല്‍ സംശയങ്ങള്‍ ഉയരാനും ക്ലാസ് മുറികളിലെ കുട്ടികളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാവുകയും ചെയ്യും എന്നാണ് അനുഭവം. .
2. തലച്ചോറില്‍ ചില പഠനരീതികള്‍ നേരത്തെ സെറ്റ് ചെയ്തിട്ടുണ്ടോ?
'ഓരോരുത്തരുടെയും തലച്ചോര്‍ മുന്‍കൂട്ടി ചില പഠനരീതികള്‍ സെറ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടുപിടിച്ചാല്‍ പഠനം മെച്ചപ്പെടുത്താം'. ഇങ്ങനെ ഒരു തെറ്റിദ്ധാരണ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ തെറ്റിദ്ധാരണ മുതലെടുത്തു തട്ടിപ്പ് നടത്തുന്ന വ്യാജ സൈക്കോളജിസ്റ്റുകളും രംഗത്തുണ്ട്. 'നിങ്ങളുടെ കുട്ടിയുടെ ലേണിങ് സ്റ്റൈല്‍ ഞങ്ങള്‍ കണ്ടെത്തി തരാം' എന്ന വാഗ്ദാനത്തോടെ ആരെങ്കിലും നിങ്ങളെ സമീപിക്കുന്നുവെങ്കില്‍ ഓര്‍ക്കുക, അതൊരു തട്ടിപ്പ് മാത്രമാണ്.
ഒരുപാട് കാലം ടീച്ചര്‍ ക്ളാസെടുക്കുന്നത് കണ്ട കുട്ടിക്ക് പെട്ടെന്ന് ഒരു ദിവസം വീഡിയോ കാണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരുപക്ഷേ കുട്ടി കൂടുതല്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്‌തേക്കും. ഇതേ കുട്ടിയെ നിരന്തരമായി വീഡിയോ കാണിച്ചു പഠിപ്പിച്ചാല്‍ കുട്ടിക്ക് ടീച്ചര്‍ പുസ്തകം നോക്കി പഠിപ്പിക്കുന്ന രീതിയും ഇഷ്ടപ്പെട്ടേക്കാം. അല്ലാതെ കുട്ടികളുടെ തലച്ചോറില്‍ പൂര്‍വ്വാര്‍ജിതമായ യാതൊരു പഠന രീതിയും ഇല്ല.
വ്യത്യസ്ത പാഠ്യഭാഗങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ പഠിക്കുവാനാണ് ഓരോ കുട്ടിയും ഇഷ്ടപ്പെടുന്നത്. അതിന് തലച്ചോറില്‍ കോഡ് ചെയ്തിരിക്കുന്ന ഒരു പഠന രീതി ഉണ്ടെന്ന് കരുതി പണം ചിലവാക്കി ഇത് കണ്ടെത്തുവാന്‍ സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. കുട്ടിക്ക് പരമാവധി വിവര സ്രോതുകള്‍ കണ്ടെത്തി കൊടുക്കുക എന്നതാണ് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ചെയ്യാവുന്ന ഒരു കാര്യം. വിദ്യാഭ്യാസ വകുപ്പിന്റെ 'സമഗ്ര' പോലുള്ള സൈറ്റുകളില്‍ ആനിമേഷന്‍ ആയും വീഡിയോ ആയും പ്രെസെന്റഷന്‍ ആയുമൊക്ക വിവിധ പാഠഭാഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
3. തലച്ചോറിന്റെ ഇടത് വലത് അര്‍ദ്ധഗോളങ്ങളും കുട്ടിയുടെ പഠനവും തമ്മില്‍ ബന്ധമുണ്ടോ?
വളരെയേറെ കൊല്ലങ്ങളായി വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും നിലനില്‍ക്കുന്ന ഒരു മിഥ്യാധാരണയാണ് ഇത്. തലച്ചോറിന്റെ ഇടത് വലത് അര്‍ദ്ധഗോളങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ളത്. ഈ മിത്ത് ഇതാണ്
'ചിലര്‍ക്ക് തലച്ചോറിന്റെ ഇടത്തേ ഭാഗം മുന്നിട്ട് നില്‍ക്കും, ചിലര്‍ക്ക് വലതു ഭാഗം മുന്നിട്ട് നില്‍ക്കും. ഇടത് ഭാഗം കൂടുതല്‍ പ്രവര്‍ത്തിക്കുന്നവര്‍ ലോജിക്ക് , സയന്‍സ് , ഗണിതം എന്നിവ കൂടുതല്‍ വഴങ്ങുന്നവരും; വലത് ഭാഗം മുന്നിട്ട് നില്‍ക്കുന്നവര്‍ കല, സാഹിത്യം എന്നിവ കൂടുതല്‍ വഴങ്ങുന്നവരും ആയിരിക്കും'. ഇതാണ് പ്രചാരണം. ഇത് നൂറ് ശതമാനവും തെറ്റായ പ്രചാരണമാണ്. ഈ അന്ധവിശ്വാസം വിറ്റ് ജീവിക്കുന്നവര്‍ ഒരുപാടുണ്ട്. നിങ്ങളുടെ തലച്ചോറിന്റെ ടൈപ് എന്താണെന്ന് കണ്ടെത്തി തിരഞ്ഞെടുക്കേണ്ട പ്രൊഫഷന്‍ വരെ ഉപദേശിച്ചു തരുന്ന തട്ടിപ്പുകാര്‍ നമുക്ക് ചുറ്റും ഉണ്ട്.
ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ ഇതിനുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് പോലും ലഭിക്കും.
തലച്ചോറിന് രണ്ടു അര്‍ദ്ധഗോളങ്ങള്‍ ഉണ്ട് എന്നത് മാത്രമേ ഇതില്‍ ശരിയുള്ളൂ. അതില്‍ കവിഞ്ഞ് ഇതില്‍ യാതൊരു ശരിയുമില്ല. ഈ രണ്ട് ഹെമിസ്പിയറും ഒരുമിച്ചാണ് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.
4. അദ്ധ്യാപികയുടെ ഡിഗ്രി കൂടുംതോറും ക്ലാസിന്റെ ഗുണവും കൂടുമോ?
ടീച്ചര്‍ക്ക് ഡിഗ്രികളുടെ കനം കൂടുന്നതിന് അനുസരിച്ചു അധ്യാപനം മെച്ചപ്പെടും എന്നു കരുതുന്നവരാണ് കൂടുതല്‍. നഴ്സറി ക്ലാസുകളില്‍ പഠിപ്പിക്കുന്നത് ഒരു ബിരുദാനന്തര ബിരുദധാരി ആണെങ്കില്‍ ചിലര്‍ മനസ്സില്‍ ഒരുപാട് സന്തോഷിക്കും. കുട്ടി ചെറുപ്പത്തിലേ ഗുണനിലവാരം കൂടിയ ക്ലാസ് കേള്‍ക്കുമല്ലോ എന്ന സന്തോഷം. .
എന്നാല്‍ ജോണ്‍ ഹാറ്റിയുടെ പഠനം പറയുന്നത് മറ്റൊന്നാണ്. ടീച്ചറുടെ വിഷയ ഗ്രാഹ്യം കൂടുന്നതിന് അനുസരിച്ചു കുട്ടിയുടെ പഠനനിലവാരം കുറയും എന്നാണ് അദ്ദേഹം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് പ്രൈമറി വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീച്ചര്‍ക്ക് പഠിപ്പിക്കുന്ന വിഷയത്തിലെ അറിവിന്റെ ആഴവും പരപ്പും കൂടും തോറും, കുട്ടിക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുവാനുള്ള കഴിവ് പലപ്പോഴും കുറയുകയാണ് ചെയ്യുന്നത്. കുട്ടികളെ പഠിപ്പിക്കുവാനുള്ള കഴിവാണ് ടീച്ചറുടെ ഡിഗ്രികളെക്കാള്‍ പ്രധാനം.
5. കുട്ടികളുടെ പഠനത്തിന് ടീച്ചര്‍ ആവശ്യമുണ്ടോ?
കുട്ടികളുടെ സ്വതന്ത്രമായ പഠനരീതികള്‍ക്ക് പ്രാമുഖ്യം കൊടുക്കണം എന്ന വാദം വളരെ കാലമായി നിലനില്‍ക്കുന്നുണ്ട്. ടീച്ചറുടെ ഇടപെടല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് നല്ലതാണെന്നും ഇത് കുട്ടിയുടെ വ്യക്തിത്വത്തെയും അന്വേഷണ ത്വരയേയും പ്രോത്സാഹിപ്പിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. കുട്ടിയെ സ്‌കൂളില്‍ വിടാതെ വീട്ടില്‍ ഇരുത്തി തന്നെ പഠിപ്പിക്കുന്നത് (ഹോം സ്‌കൂളിംഗ്) നന്നായിരിക്കും എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്.
കുട്ടിയുടെ സ്വാതന്ത്രമായ പഠനങ്ങള്‍ക്ക് ഏറെ ഗുണങ്ങള്‍ ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍, വിദ്യാഭ്യാസത്തില്‍ ടീച്ചര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഈ അന്വേഷണങ്ങള്‍ തുടങ്ങാനുള്ള അടിത്തറ കുട്ടിയില്‍ ആദ്യം സൃഷ്ടിക്കുകയാണ് അതില്‍ പ്രധാനം.
ഉദാഹരണത്തിന് ഒരു വെള്ളച്ചാട്ടം നോക്കി കുട്ടിക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കുവാന്‍ കഴിയും. വെള്ളം നിലത്തു വീഴുന്നത് എന്തുകൊണ്ടാണ് എന്ന് കുട്ടിക്ക് പറയാന്‍ കഴിയണം എങ്കില്‍ ഗുരുത്വാകര്‍ഷണം എന്ന സങ്കല്‍പം ആദ്യം കുട്ടി മനസ്സിലാക്കിയിരിക്കണം. പ്രോജക്റ്റുകള്‍ അടിസ്ഥാനമാക്കിയുള്ള പഠനം മുഖ്യ പാഠ്യരീതി ആക്കിയിരിക്കുന്ന ഫിന്നിഷ് സമ്പ്രദായത്തത്തിലും ടീച്ചറിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്നില്ല. ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രോജെക്റ്റുകളാണ് അതില്‍, കുട്ടി ചെയ്യുന്നത്.
ഹോം സ്‌കൂളിങ്ങില്‍ കുട്ടിക്ക് നഷ്ടപ്പെടുന്നത് സമപ്രായക്കാരുമായുള്ള സമ്പര്‍ക്കം കൂടിയാണ്. കുട്ടികളുടെ വ്യക്തിത്വത്തിന് ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒന്നാണ് സമപ്രായക്കാരുമായുള്ള ഇടപെഴകലുകള്‍. സമൂഹത്തിന്റെ ചെറിയ മാതൃകകള്‍ ആണ് ഓരോ ക്ളാസ്മുറികളും. ഇവ നഷ്ടമാകുന്നത് ഒരു നല്ല പൗരന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കും.
6. ഈ ഗണിത സമവാക്യങ്ങള്‍ പഠിച്ചിട്ടെന്താണ് കാര്യം?
കൂട്ടുന്നതിനും കുറയ്ക്കുന്നതിനും അപ്പുറം ഗണിതത്തിലെ ദ്വിമാന സമവാക്യങ്ങളും മറ്റും കുട്ടികളെ പഠിപ്പിക്കേണ്ട ആവശ്യം എന്താണ്? ഇത്തരം ചോദ്യം ഉന്നയിക്കുന്നവരെ ധാരാളം കാണാം.
കുട്ടിക്ക് ഒരു കടയില്‍ ചെന്നാല്‍ ഈ പഠിച്ച ദ്വിമാന സമവാക്യത്തിന്റെ ആവശ്യം വരില്ല എന്നത് ശരിയാണ്. പക്ഷെ കുട്ടിയെ പ്രോബ്ലം സോള്‍വിങ് പഠിപ്പിക്കുക എന്നൊരു ഉദ്ദേശം കൂടി ഗണിതത്തിന് ഉണ്ട്. പ്രശ്നങ്ങളെ സമീപിച്ച് യുക്തിയോടെ ഉത്തരങ്ങളില്‍ എത്തിച്ചേരുവാന്‍ വേണ്ടിയുള്ള പരിശീലനം കൂടിയാണ് ഗണിതം കുട്ടിക്ക് കൊടുക്കുന്നത്. അറിയാത്ത 'x' എന്ന ഘടകത്തെ കണ്ടെത്താന്‍ വിവിധങ്ങളായ ഗണിത പ്രക്രിയകള്‍ പ്രയോഗിക്കുന്നു. ഈ പ്രശ്‌നപരിഹാര ശേഷി കുട്ടിയുടെ നിത്യജീവിതത്തിന് അത്യാവശ്യമാണ്. തലച്ചോറിന് ഒരു പ്രശ്ന പരിഹാരത്തിനായി പ്രവര്‍ത്തിക്കുവാനുള്ള പരിശീലനം കൂടിയാണ് ഗണിതത്തിലൂടെ കുട്ടിക്ക് കിട്ടുന്നത്.
അവലംബം: വിഷ്വല്‍ ലേര്‍ണിങ് -ജോണ്‍ ഹാറ്റി.
7 myths about education-ഡെയ്‌സി ക്രിസ്റ്റിഡ്ലോ