ചോദ്യകര്‍ത്താവിന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ളതല്ല ചോദ്യപ്പേപ്പര്‍

By Shiju R  |  First Published Mar 29, 2019, 6:56 PM IST

കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെ ഗൗരവത്തോടെ കാണുന്ന ഒരു പൊതു പരീക്ഷയാണ് യു എസ് എസ്. ആ ഗൗരവത്തിനനുസരിച്ച അവധാനതയോടെയാണോ ഈ വര്‍ഷത്തെ യു. എസ്. എസ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എന്ന സംശയമാണ് ഈ കുറിപ്പിനാധാരം.  


പ്രൈമറി തലത്തിലുള്ള കുട്ടിയില്‍ കവിത വായിക്കുമ്പോള്‍ ആശയസംഗ്രഹണവും പ്രാഥമിക തലത്തിലുള്ള ആസ്വാദനവുമാണ് നടക്കുക. അപ്പോള്‍ ചോദ്യങ്ങള്‍ കുട്ടിയുടെ ആശയസംഗ്രഹണ ശേഷിയിലാണ് ഊന്നേണ്ടത്. സ്വയമേവ ആശയവ്യക്തതയില്ലാത്ത ഒരു ചോദ്യത്തിന് എങ്ങനെയാണ് ആശയസംഗ്രഹണ ശേഷി അളക്കാന്‍ സാധിക്കുക ? 

Latest Videos

undefined

'എള്ളും അരിയും ചേര്‍ന്ന പോലെ രണ്ടും വേര്‍തിരിച്ചറിയാവുന്നത്' എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കാവുന്ന 'ന്യായ'മേത്'? 

ഉത്തരം: തിലതണ്ഡൂല ന്യായം 

ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നടത്തിയ യു എസ് എസ് പരീക്ഷയില്‍ മലയാളം ഒന്നാംഭാഷ ചോദ്യപേപ്പറിലെ ഒമ്പതാമത്തെ ചോദ്യമാണിത് . ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ  വി കെ എന്‍ രചിച്ച പ്രാതല്‍ എന്ന പാഠത്തിലാണ് 'ന്യായങ്ങള്‍' എന്ന ഭാഷാവ്യവഹാരത്തെക്കുറിച്ചുള്ള സൂചനയുള്ളത്. ഇതിനനുബന്ധമായി ടീച്ചര്‍ ടെക്‌സ്റ്റില്‍ മാത്രമാണ് അവ വിശദീകരിക്കുന്നത്.  

ഭാരതീയ ഭാഷകളില്‍ പഴഞ്ചൊല്ലുകളെപ്പോലെത്തന്നെ വ്യാപകമായി ഉപയോഗിക്കുന്ന ശൈലികളാണ് ന്യായങ്ങള്‍. ഭൂരിഭാഗം ന്യായങ്ങളും സംസ്‌കൃതത്തില്‍ നിന്നും അതേ പടി വന്നുചേര്‍ന്നിട്ടുള്ള പ്രയോഗങ്ങളാണ് . ഏതെങ്കിലും ഒരു കഥയോ സന്ദര്‍ഭമോ സാദ്ധ്യതയോ സൂചിപ്പിക്കുന്ന ദീര്‍ഘസമാസത്തിലുള്ള ഒരു വാക്ക്  പ്രചാരത്തിലാകുകയും അതിനു സമാനമായ മറ്റൊരു സാഹചര്യത്തെക്കുറിച്ചു പറയേണ്ടിവരുമ്പോള്‍ ആ ഒരൊറ്റ വാക്ക്  ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ്  ന്യായങ്ങളുടെ പ്രയോഗം. ആയിരക്കണക്കിന് ന്യായങ്ങള്‍ സംസ്‌കൃതത്തിലുണ്ട് . ഇത് മുഴുവന്‍ ഹൃദിസ്ഥമാക്കുകയോ അവയുടെ  മുഴുവന്‍ സാരം മനസ്സിലാക്കുകയോ  അപ്രായോഗികമാണ്.  

യു.എസ്. എസ് പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിന് അദ്ധ്യാപകര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ മോഡ്യൂള്‍ പ്രകാരവും അത് സംബസിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരവും തികച്ചും നിയമവിരുദ്ധമാണ് ഈ ചോദ്യം . കാരണം ഫെബ്രുവരി മാസത്തിന്റെ അവസാനഘട്ടത്തില്‍ മാത്രം പഠിപ്പിക്കാന്‍  നിശ്ചയിക്കപ്പെട്ട പാഠമാണ് 'പ്രാതല്‍' മേല്പറഞ്ഞ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ജനുവരി 31 വരെ പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളേ ചോദിക്കാവൂ. പിന്നെങ്ങനെ ഈ ചോദ്യം വന്നു എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. 

കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെ ഗൗരവത്തോടെ കാണുന്ന ഒരു പൊതു പരീക്ഷയാണ് യു എസ് എസ്. ആ ഗൗരവത്തിനനുസരിച്ച അവധാനതയോടെയാണോ ഈ വര്‍ഷത്തെ യു. എസ്. എസ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എന്ന സംശയമാണ് ഈ കുറിപ്പിനാധാരം.  

ഇനി ഏഴാമത്തെ ചോദ്യം നോക്കുക. 'അവന്‍ ഓടാന്‍ പോയി' എന്നൊരു വാക്യം മുഴുവനായി അടിവരയിട്ടിരിക്കുന്നു. അടിവരയിട്ട ക്രിയാപദം ഏത് വിനയെച്ചത്തിലാണ് ഉള്‍പ്പെടുന്നത്? ഇതാണ് ചോദ്യം. വാക്യം മുഴുവന്‍ അടിവരഞ്ഞിരിക്കുന്നു എന്നതുകൊണ്ട് വാക്യത്തിലെ ഏത് ക്രിയാപദം എന്നത് ഒന്നാമത്തെ പ്രശ്‌നം. യു.പി. തലത്തില്‍ മലയാളം ക്ലാസില്‍ പേരെച്ചം, വിനയെച്ചം തുടങ്ങിയ വ്യാകരണ കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ല.  പിന്നെ ഈ ചോദ്യം ചോദിക്കുന്നതില്‍ എന്തു  യുക്തിയാണ് പ്രവര്‍ത്തിക്കുന്നത്? 

പഠനത്തില്‍ കിട്ടാത്ത അറിവ്  പരീക്ഷിക്കപ്പെടുന്നത് കുട്ടികളോട് കാണിക്കുന്ന അവകാശ ലംഘനമാണ്.

പ്രാഥമിക തലത്തിലെ ഭാഷാപഠനം വ്യവഹാരരൂപങ്ങളെയും സാമൂഹ്യമൂല്യങ്ങളെയും മാത്രമല്ല,  ഭാഷാഘടകങ്ങളെയും  അവയിലെ നൈപുണികളെയും കുറച്ചു കൂടി പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അത് എത്രത്തോളമാവാം എന്നത്  നിര്‍ണ്ണയിക്കപ്പെടണം. മാത്രമല്ല,  പഠനത്തില്‍ കിട്ടാത്ത അറിവ്  പരീക്ഷിക്കപ്പെടുന്നത് കുട്ടികളോട് കാണിക്കുന്ന അവകാശ ലംഘനമാണ്. തുടര്‍പരീക്ഷകളെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസക്കുറവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുമിത്. 

എം എന്‍ പാലൂരിന്റെ' ഉഷസ്സ് 'എന്ന കവിത നല്‍കിയിട്ട് അതില്‍ നിന്നും രണ്ട് ചോദ്യങ്ങളുണ്ട്. 

''ഉഷസ്സേ മനുഷ്യന്റെ സൗന്ദര്യസങ്കല്പ-
മാകെക്കുഴച്ചാരു നിര്‍മ്മിച്ചു നിന്നെ ?'' 

എന്ന വരികളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ശ്രദ്ധിക്കുക. 

ചോ.മനുഷ്യന്റെ സൗന്ദര്യ സങ്കല്‍പമാകെക്കുഴച്ചാരു നിര്‍മ്മിച്ചു നിന്നെ എന്ന് കവി സന്ദേഹിക്കുന്നതാരെ ? 
എത്ര വായിച്ചിട്ടും ആ ചോദ്യത്തിന്റെ അര്‍ത്ഥം പിടികിട്ടുന്നില്ല. ആരെ എന്ന ചോദ്യവാചകം ഉദ്ദേശിക്കുന്നത് നിര്‍മ്മിതിയെ (ഉഷസ്സിനെ)യാണോ അതോ നിര്‍മ്മാതാവ് ആര് എന്നാണോ? 

അതിന് നാല് ഉത്തരങ്ങളില്‍ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കണം. ഉത്തരങ്ങള്‍ പ്രകൃതി, ഉഷസ്സ്, വെയില്‍, നിലാവ് എന്നിവയാണ് . ''ആരെ?'' എന്നവസാനിക്കുന്ന ചോദ്യത്തിന് പ്രകൃതിയെ, ഉഷസ്സിനെ, വെയിലിനെ, നിലാവിനെ എന്നല്ലേ ഉത്തരവും നല്‍കേണ്ടത്? മിക്കവാറും കുട്ടികള്‍ കവിതാവരിയില്‍ നിന്നും 'ഉഷസ്സ് ' എന്ന് ഉത്തരമെഴുതിയേക്കാം .

പക്ഷേ മനുഷ്യന്റെ സര്‍വ്വ സൗന്ദര്യ സങ്കല്‍പങ്ങളും കുഴച്ച് ഈ ഉഷസ്സിനെ നിര്‍മ്മിച്ചതാര്? എന്നും ഒരു കുട്ടിക്ക് ഈ ചോദ്യം വ്യാഖ്യാനിച്ചുകൂടെ? കാരണം കവി സന്ദേഹിക്കുന്നു എന്ന് ചോദ്യവാചകത്തിലുണ്ടല്ലോ? ഉഷസ്സിനെ അഭിസംബോധന ചെയ്യുന്ന കവിക്ക് ഉഷസ്സിന്റെ കാര്യത്തില്‍ സന്ദേഹമുണ്ടാവില്ലല്ലോ? അപ്പോള്‍ എന്താവും ഉത്തരം? ആരാണ് ഉഷസ്സിനെ നിര്‍മ്മിച്ചത് എന്നതിന് കവിതയ്ക്കകത്ത് ഉത്തരമില്ല താനും. 

ഒരു ചോദ്യം കുട്ടിയുടെ ആര്‍ജ്ജിത നൈപുണികളുടേയോ അറിവിന്റെയോ ഏത് മേഖലയെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് ചോദ്യകര്‍ത്താവായ അദ്ധ്യാപകന് ധാരണയുണ്ടാവണം. അതു വച്ചാണ് അദ്ധ്യാപകന്‍ ചോദ്യപേപ്പറിന്റെ ആസൂത്രണ രേഖയായ ബ്ലൂ പ്രിന്റ് തയ്യാറാക്കുന്നത്. ഒറ്റയൊറ്റയായി സ്വാംശീകരിക്കുന്ന വിവരങ്ങള്‍ താരതമ്യ പഠനത്തിലൂടെ  അറിവായും അറിവ് അനുഭൂതിയായും പിന്നീടത് സര്‍ഗ്ഗാത്മക ശേഷിയായും സമൂഹത്തിനനുഗുണമായ മനോഭാവങ്ങളായും വിമര്‍ശനാവബോധമായും വികസിക്കേണ്ടതുണ്ട്. ഭാഷാ പഠനത്തിന്റെ വികാസഘട്ടങ്ങള്‍ ഏതാണ്ട് ഇങ്ങനെ വരും. ഇവ പരസ്പരം വെള്ളം കടക്കാത്ത അറകളാണെന്നല്ല പറഞ്ഞു വരുന്നത്. 

പ്രൈമറി തലത്തിലുള്ള കുട്ടിയില്‍ കവിത വായിക്കുമ്പോള്‍ ആശയസംഗ്രഹണവും പ്രാഥമിക തലത്തിലുള്ള ആസ്വാദനവുമാണ് നടക്കുക. അപ്പോള്‍ ചോദ്യങ്ങള്‍ കുട്ടിയുടെ ആശയസംഗ്രഹണ ശേഷിയിലാണ് ഊന്നേണ്ടത്. സ്വയമേവ ആശയവ്യക്തതയില്ലാത്ത ഒരു ചോദ്യത്തിന് എങ്ങനെയാണ് ആശയസംഗ്രഹണ ശേഷി അളക്കാന്‍ സാധിക്കുക ? 

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പ്രാഥമികവും സാമാന്യവുമായ ധാരണയല്ലാതെ ഗുരുസാഹിത്യവുമായി ഏഴാം ക്ലാസിലെ കുട്ടി പരിചയപ്പെടുന്ന ഒരു സാഹചര്യവുമില്ല. അങ്ങനെയിരിക്കെ  'ജാതി നിര്‍ണ്ണയ' ത്തിലെ ശ്ലോകങ്ങള്‍ നല്‍കി 'ഇതാരെഴുതിയതാണ്?' എന്നു ചോദിക്കുന്നതിന് എന്ത് സാധൂകരണമാണുള്ളത് ? 

അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും  'എ' ഗ്രേഡ്  നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ യോഗ്യത. മലയാളം ഇംഗ്ലീഷ് സയന്‍സ്, സോഷ്യല്‍, കണക്ക് എന്നീ വിഷയങ്ങളിലായി ഒബ്ജക്ടീവ് മാതൃകയിലുള്ള 105 മാര്‍ക്കിന്റ ചോദ്യങ്ങ്ാണ് ഉണ്ടാവുക. ഇതില്‍ 90 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. 

63 മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുക .സംസ്ഥാന തലത്തില്‍ 10% ത്തില്‍ താഴെ വിദ്യാര്‍ത്ഥികളാണ് പൊതുവേ യോഗ്യത നേടാറുള്ളത്. മലയാളത്തിന് 30 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടു പാര്‍ട്ടുകളായാണ് മലയാളം പേപ്പര്‍ . അതിലൊന്ന് ഓപ്ഷനലാണ്.  ഓപ്ഷണലായ മലയാളം  AT വിഭാഗത്തില്‍ 15 മാര്‍ക്കിന്റെ ചോദ്യങ്ങളാണുള്ളത്.അതില്‍ 15 മാര്‍ക്കിനും ഉത്തരമെഴുതണം. ഈ വിഭാഗത്തില്‍ മലയാളത്തിന് പകരമായി കുട്ടിക്ക്  അറബിക്, സംസ്‌കൃതം, ഉറുദു ഇവയില്‍ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. മലയാളം  BT വിഭാഗത്തില്‍ 15 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ മതി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യു എസ് എസ് പരീക്ഷയ്ക്ക മലയാളത്തിന് പകരമായി അറബിക്, സംസ്‌കൃതം, ഉറുദു തെരഞ്ഞടുക്കാനുള്ള പ്രവണത വര്‍ദ്ധിച്ച വരുന്നുവെന്ന് പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ പറയുന്നു. കാരണം  മലയാളം പരീക്ഷ പാസ്സാവുക എന്നത് ദുഷ്‌കരമായി മാറുകയാണ്. സിലബസിലില്ലാത്ത കാഠിന്യനിലവാരമേറിയ ചോദ്യങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം. അവയില്‍ ചിലത് അബദ്ധങ്ങളും അസംബന്ധങ്ങളുമാണെന്നും മേല്‍ വിശകലനത്തില്‍ മനസ്സിലാവും . 

ഭാഷാപണ്ഡിത സമൂഹം ഇത്തരം ചോദ്യപേപ്പറുകള്‍ നിര്‍മ്മിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. 

മറ്റു വിഷയങ്ങളില്‍ അര്‍ഹമായ മാര്‍ക്കു നേടിയിട്ട് മാതൃഭാഷയായ മലയാളത്തില്‍ മാര്‍ക്ക്  കുറഞ്ഞതുകൊണ്ട് സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുന്ന കുട്ടിക്ക് തന്റെ മാതൃഭാഷയോടുള്ള സമീപനമെന്താവും? മാതൃഭാഷ അനേകം ഭാഷകളില്‍ ഒന്നല്ല. സ്വന്തം സംസ്‌കാരത്തോടും സമൂഹത്തോടുമുള്ള വൈകാരിക ബന്ധത്തെ സാദ്ധ്യമാക്കുന്ന ഭാഷയാണത്. മാതൃഭാഷയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന കുട്ടി സ്വന്തം സംസ്‌കാരത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കൂടിയാണ് അന്യവല്‍ക്കരിക്കപ്പെടുന്നത്. അത്തരം നിരവധി കുട്ടികളുണ്ടെന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍ നിന്ന് മനസ്സിലാവുന്നത്.  മറ്റു ഭാഷകള്‍ തിരഞ്ഞെടുത്താല്‍ വിജയസാദ്ധ്യതയുള്ള  സാഹചര്യത്തില്‍ ആ വഴിയില്‍ പോവുന്ന കുട്ടികളെയും അതിന് പ്രേരിപ്പിക്കുന്ന അദ്ധ്യാപകരേയും  കുറ്റം പറയാനാവില്ല . 

ചോദ്യകര്‍ത്താവിന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ളതല്ല ഒരു ചോദ്യപ്പേപ്പര്‍. അതെഴുതാന്‍ വരുന്ന കുട്ടിയുടെ പ്രായനിലവാരം, ആ പരീക്ഷ അതിന്റെ സിലബസായി തീരുമാനിച്ച വിഷയ മേഖലകള്‍, അവ എത്ര ആഴത്തിലും പരപ്പിലും തുടങ്ങിയ വസ്തുതകളാവണം ചോദ്യ നിര്‍മ്മിതിയുടെ മാനദണ്ഡം . 

മാതൃഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ പുരോഗതിക്കു വേണ്ടി സര്‍ക്കാര്‍തലത്തിലും ജനകീയമായും പലതലങ്ങളിലുള്ള ഇടപെടലുകള്‍ ഒരുഭാഗത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുവെങ്കിലും ഇംഗ്ലീഷ് മാദ്ധ്യമ വിദ്യാഭ്യാസജ്വരം പൊതുവിദ്യാലയങ്ങളെപ്പോലും കീഴ്‌പ്പെടുത്തുന്നു.  മാതൃഭാഷാമാദ്ധ്യമ വിദ്യാഭ്യാസത്തിലാണ് ഫലപ്രദമായ പഠനം നടക്കുകയെന്ന പ്രാഥമിക മന:ശാസ്ത്ര തത്വം പോലും അവഗണിക്കപ്പെടുന്നു. 

ഇംഗ്ലീഷ് പഠിക്കുക എന്നാല്‍ ഇംഗ്ലീഷില്‍ പഠിക്കുക എന്നല്ല അര്‍ത്ഥം. ഇതും വിസ്മരിക്കപ്പെടുന്നു. അങ്ങനെ മലയാളത്തിനു വേണ്ടിയുള്ള സമരം ശക്തിപ്പെടേണ്ട ഒരു സന്ദര്‍ഭത്തില്‍ അതിന്റെ ഭാഗമാവേണ്ട  ഭാഷാപണ്ഡിത സമൂഹം ഇത്തരം ചോദ്യപേപ്പറുകള്‍ നിര്‍മ്മിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. 

click me!