ഇന്ത്യാ -ചൈന സംഘര്‍ഷത്തിന്റെ കാണാപ്പുറങ്ങള്‍

By Biju S  |  First Published Dec 19, 2022, 6:42 PM IST

ഫലത്തില്‍ ചൈനയുമായുള്ള നമ്മുടെ വ്യാപാരത്തില്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു


അമേരിക്ക കഴിഞ്ഞാല്‍ ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ വര്‍ഷം നടന്ന നമ്മുടെ വ്യാപാരത്തിന്റെ 11.19 ശതമാനവും  ചൈനയുമായിട്ടായിരുന്നു . ഇതിലെ ശ്രദ്ധിക്കേണ്ട വസ്തുത അമേരിക്കയിലേക്ക് നാം കൂടുതലും കയറ്റുമതിയാണ് ചെയ്യുന്നത് എന്നതാണ്. എന്നാല്‍ ചൈനയുമായുള്ള ഇടപാടില്‍ കൂടുതലും ഇറക്കുമതിയാണ്.

 

Latest Videos

undefined

 

കഴിഞ്ഞ ദിവസം 15 രൂപ കൊടുത്ത് ഒരു കൂട്ട് ചന്ദന തിരി വാങ്ങി. ഉത്പന്നം നമ്മുടെ ഗാന്ധിജിയുടെയും പട്ടേലിന്റയും മോദിയുടെയും ഗുജറാത്തില്‍  നിന്നാണ്. പക്ഷേ പേര് ചൈനാ ടൗണ്‍. കാഴ്ചയിലും ആളൊരു ചൈനക്കാരന്‍. രണ്ട് സാധ്യതകളാണ്. ഒന്ന് അത് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഗുജറാത്തില്‍ റീപാക്ക് ചെയ്തതാവാം. അല്ലെങ്കില്‍ വിപണി പ്രീതിക്കായി, ഒരു ഗുമ്മിന് ചൈനീസ് മേലങ്കി അതിന്  ചാര്‍ത്തി നല്‍കിയതാവാം. ഗാല്‍വാനിലും, തവാങ്ങിലും നമ്മുടെ സൈനികര്‍ വീരമൃത്യു വരിക്കുന്നതും മുള്ളുകമ്പ് കൊണ്ട് അടി കൊള്ളുന്നതുമെല്ലാം മിച്ചം. അതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍  ആളെ മക്കാറാക്കാന്‍  വെറുതേ പോര്‍ വിളി നടത്തും. ഈ വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞ് ഒച്ച വച്ചില്ലെങ്കില്‍ മോശക്കാരും രാജ്യ സ്‌നേഹമില്ലാത്തവരുമാണെന്ന് പേരുദോഷം കേള്‍ക്കുമോയെന്ന ഭയത്തിലാണ് കോണ്‍ഗ്രസും പ്രതിപക്ഷവും പാര്‍ലമെന്റില്‍ ഒച്ച വച്ചത്. എന്നാല്‍ ജനപ്രതിനിധിസഭകളില്‍ ചര്‍ച്ചക്ക് തയ്യാറാവാതെ   ഓടിയൊളിച്ചു ബി.ജെ.പിയും ഭരണകക്ഷിയും. 

ഇന്ത്യന്‍ സൈനികര്‍ക്ക് അടി കൊണ്ടെന്നും പരിക്കു പറ്റിയെന്നും പറഞ്ഞതിന് രാഹുല്‍ ഗാന്ധിയെ അക്രമിക്കുകയാണ് അവര്‍ ചെയ്തത്. ഇതിന്റെ പേരില്‍ ബി.ജെ.പിക്കാരനായ അസം മുഖ്യമന്ത്രി ഹിമന്ദ് ബിസ്വ ശര്‍മ്മ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു. 2016-ല്‍ പാകിസ്ഥാനെതിരെ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന് രാഹുല്‍ ഗാന്ധി തെളിവു ചോദിച്ചപ്പോള്‍ ഹിമന്ദ്  ശര്‍മ്മ പ്രതികരിച്ചത് രാഹുലിന്റെ പിതൃത്വത്തിന് തെളിവെന്താണെന്ന് ചോദിച്ചാണ്. ഇപ്പോള്‍ പാകിസ്ഥാനിലെ ബിലാവല്‍ ഭൂട്ടോയും രാഹുല്‍ ഗാന്ധിയെയും വരെ കൂട്ടികെട്ടി ബി.ജെ.പി രാജ്യ വ്യാപക പ്രക്ഷോഭത്തില്‍ എത്തിയിരിക്കുന്നു. ഗൗരവ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ തെരുവിലിട്ട് അലക്കി പരിഹാസ്യരാകുന്നു നാം.    

ഡിസംബര്‍ 9-ന്, ചൈനയുടെ പീപ്പിള്‍സ് ലിബേറഷന്‍ ആര്‍മി തവാങ്ങ് മേഖലയിലെ അതിര്‍ത്തിയിലേക്ക് വന്നുവെന്നും നമ്മുടെ സൈനികര്‍ ദൃഢമായി അതിനെ നേരിട്ടുവെന്നുമാണ് നമ്മുടെ  പ്രതിരോധ വക്താവ്  പറഞ്ഞത്. ഈ ഏറ്റുമുട്ടല്‍ ഇരുകൂട്ടര്‍ക്കും ചെറിയ പരിക്കേല്‍പ്പിച്ചുവെന്നുമാണ് നമ്മുടെ സൈനിക വക്താവ് പ്രസ്താവിച്ചത്. 3379 കിലോമീറ്ററാണ് ഇന്ത്യയുടെയും ചൈനയുടെയും അതിര്. ദുര്‍ഘടമായ ഈ അതിരുകളിലെ കാവല്‍ ദുഷ്‌കരമാണ്. ശൈത്യകാലത്ത് മഞ്ഞുമൂടുമ്പോള്‍ മുള്ളു വേലികള്‍ മാഞ്ഞ്  അതിരുകള്‍ എവിടെയാണെന്ന് തിരിച്ചറിയുക തന്നെ ദുഷ്‌കരമാണ്. ചൈനീസ് അതിര്‍ത്തിയില്‍ മാത്രമല്ല കശമീരിലെ പാകിസ്ഥാന്‍ അതിര്‍ത്തിയിലും തീവ്രവാദികള്‍ കടന്നു കയറുന്നത് ശൈത്യകാലത്താണ്.  ഇപ്പോഴത്തെ തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ച് നമ്മുടെ സൈന്യം പറഞ്ഞത് അതിരുകളെക്കുറിച്ചുള്ള ഈ വ്യത്യസ്ഥ വീക്ഷണമാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ്. തികച്ചും മാന്യമായ പ്രതികരണം. ഡിസംബര്‍ 9-ലെ  തവാങ്ങ്  സംഘര്‍ഷത്തിന്റെതാണെന്ന് പറഞ്ഞുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. അതില്‍ ഇന്ത്യന്‍ സൈനികര്‍ മുള്ളുകമ്പും കല്ലും കട്ടയുമൊക്കെ ഉപയോഗിച്ച് അതിരു കടന്നു വന്ന ചൈനീസ് സൈനികരെന്ന് തോന്നുന്നവരെ ആക്രമിച്ച് ഓടിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇതിന്റെ ആധികാരികത വ്യക്തമല്ല. ചുറ്റുമുള്ള ദൃശ്യങ്ങളില്‍ മഞ്ഞ് കാലത്തിന്റെ ലക്ഷണം കാണുന്നില്ല. പ്രശ്‌നം പരിഹരിക്കേണ്ട രാഷ്ടീയ ഭരണ നേതൃത്വങ്ങളുടെ പിടിപ്പ് കേടിനും കുതന്ത്രങ്ങള്‍ക്കും പലപ്പോഴും വില കൊടുക്കുന്നത് നമ്മുടെ ധീര സൈനികരാണ്. 2020-ല്‍ ഗാല്‍വാനിലുണ്ടായ ചൈനീസ് അക്രമണത്തില്‍ നമ്മുടെ 20 ധീരസൈനികരാണ് രക്തസാക്ഷികളായത്. തങ്ങളുടെ നാല് സൈനികര്‍ മരിച്ചെന്ന് ചൈന പറയുമ്പോള്‍ അതിലും കൂടുതലാണെന്നാണ് നമ്മുടെ നിലപാട്. യുദ്ധത്തില്‍ സത്യമാണല്ലോ ആദ്യ രക്തസാക്ഷി. 

അന്ന് രാജ്യവ്യാപകമായി ചൈനീസ് വിരുദ്ധ വികാരം അലയടിച്ചു. ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണത്തിന് വലിയ ആഹ്വാനമുണ്ടായി. ജനപ്രിയ ആപ്പായ ടിക്‌ടോക്ക് അടക്കം 58 ചൈനീസ് സാമൂഹ്യ മാധ്യമങ്ങളെ നാം സുരക്ഷാ ദേശീയ താത്പര്യ കാരണങ്ങളാല്‍ നിരോധിച്ചു. ലോകത്ത് ഏറ്റവും വലിയ ഡൗണ്‍ലോഡുമായി ടിക്‌ടോക്  82 കോടി ഡോളറിന്റെ വാര്‍ഷിക ലാഭത്തില്‍ ഇപ്പോഴും തുടരുന്നു എന്നത് മറ്റൊരു കാര്യം. മറ്റ് രാജ്യങ്ങളിലെ ഇന്ത്യാക്കാര്‍ ഇത്  ഉപയോഗിക്കുകയും നമുക്കിടയില്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.  കാര്യമായ വ്യാപാര നിയന്ത്രണം ചൈനയുമായി ഉണ്ടാകുമെന്ന പ്രതീതിയാണ് ഉണ്ടായത്. സ്വദേശിവത്കരണത്തിന് ഉതകുന്ന പല നയപരമായ നടപടികളും പ്രഖ്യാപിക്കപ്പെട്ടു. 

എന്നാല്‍ ഫലത്തില്‍ ചൈനയുമായുള്ള നമ്മുടെ വ്യാപാരത്തില്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. നമ്മുടെ വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യാ -ചൈന വ്യാപാരം ആദ്യമായി 100 ദശകോടി ഡോളര്‍ കടന്നു.  അതിനു മുന്‍പത്തെ വര്‍ഷം 86.39 ദശകോടി ഡോളറിന്റെ കച്ചവടമായിരുന്നതാണ് 115. 83 ദശകോടി ഡോളറായി ഉയര്‍ന്നത്. 34.06 ശതമാനം വര്‍ദ്ധന.  സമീപ കാലത്തൊന്നും ഇത്തരം വ്യാപാര വര്‍ദ്ധന ഉണ്ടായിട്ടില്ല. 2010-11 വര്‍ഷം രേഖപ്പെടുത്തിയ 35.82 ശതമാനം കഴിഞ്ഞാല്‍ കഴിഞ്ഞ വര്‍ഷമാണ്  വലിയ കച്ചവടം. 

അമേരിക്ക കഴിഞ്ഞാല്‍ ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ വര്‍ഷം നടന്ന നമ്മുടെ വ്യാപാരത്തിന്റെ 11.19 ശതമാനവും  ചൈനയുമായിട്ടായിരുന്നു . ഇതിലെ ശ്രദ്ധിക്കേണ്ട വസ്തുത അമേരിക്കയിലേക്ക് നാം കൂടുതലും കയറ്റുമതിയാണ് ചെയ്യുന്നത് എന്നതാണ്. എന്നാല്‍ ചൈനയുമായുള്ള ഇടപാടില്‍ കൂടുതലും ഇറക്കുമതിയാണ്. വാങ്ങുന്നതിനെക്കാള്‍ 32.85 ദശകോടി ഡോളറിന് നാം    കൂടുതലായി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. എന്നാല്‍ ചൈനയുമായുള്ള ഇടപാടില്‍ നാം കയറ്റി അയക്കുന്നതിനെക്കാള്‍ 73.31 ദശകോടി ഡോളര്‍  കൂടുതലാണ് അവരുടെ ഇങ്ങോട്ടുള്ള ഇറക്കുമതി. ഗാല്‍വാന്‍ സംഭവത്തിനുശേഷം  ചൈനയില്‍ നിന്ന്  ഇന്ത്യയിലേക്കുള്ള ഇറക്കുമതി മുന്‍ വര്‍ഷത്തേക്കാള്‍ കാര്യമായി കൂടി. കച്ചവട കമ്മി മുന്‍ വര്‍ഷേത്തക്കാള്‍ ഇരട്ടിച്ചു.  ചരിത്രത്തിലെ  ഏറ്റവും വലിയ വ്യാപാര അന്തരമാണിത്. നടപ്പു സാമ്പത്തിക  വര്‍ഷം ഒക്ടോബര്‍ വരെയുള്ള 7 മാസത്തെ കണക്കെടുത്താല്‍ 69.114 ദശകോടി ഡോളറിന്റെ വ്യാപാരവുമായി കുതിക്കുകയാണ്. 


ഇതില്‍ അതിശയിക്കേണ്ട കാര്യമില്ല. അടിസ്ഥാനമായി ഉപഭോക്താവിന് വേണ്ടത് മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയക്ക് കിട്ടുക എന്നതാണ്. ഇപ്പോള്‍ ക്രിസ്മസ് പുതുവര്‍ഷ കാലത്തെ നമ്മുടെ അലങ്കാര കൗതുകങ്ങള്‍ തൊട്ട് ക്ഷേത്രങ്ങളിലെ ഉത്സവ പടക്കങ്ങളിലെ വൈവിധ്യം വരെ നല്ലൊരു പങ്ക് ചൈനീസാണ്.   ലോകത്തെ വലിയ ജനസംഖ്യയുള്ള  രാഷ്ട്രങ്ങളാണ്  ചൈനയും നമ്മളും. എന്നാല്‍ ശാസ്ത്രത്തിലും  സാങ്കേതിക വിദ്യയിലും മുന്നില്‍ നില്‍ക്കുന്ന ഏകാധിപത്യ രാജ്യമാണവര്‍. പറയുന്നത് കമ്യൂണസമെന്നാണ് എങ്കിലും ആധുനിക മുതലാളിത്തമാണവിടെ. നമ്മളാകട്ടെ പല കാര്യത്തിലും  കരുത്തരാണെങ്കിലും ശാസ്ത്ര ഗവേഷണ മേഖലകളില്‍ അവരെക്കാള്‍ പിന്നോക്കമാണ്. ഓരോ വര്‍ഷവും ഗവേഷണത്തിനുള്ള പണം നാം വെട്ടി കുറയ്ക്കുന്നു.  അതിനാല്‍ നമ്മുടെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമായി ചേക്കേറുകയാണ്. രാജ്യത്തെങ്ങും എന്‍ജീനീയറിങ്ങിനും  ശാസ്ത്ര വിഷയങ്ങള്‍ക്കുമുള്ള   സീറ്റുകളിലേക്ക് ആളെ കിട്ടാനില്ല. ദില്ലിയില്‍ പോലും മാനവിക, വാണിജ്യ വിഷങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ ശാസ്ത്ര വിഷയങ്ങള്‍ക്കില്ല. 15000-ലേറെ ശാസ്ത്ര സീറ്റുകളാണ് ബിരുദ തലത്തില്‍ ഈ വര്‍ഷം അവിടെ ഒഴിവുള്ളത്.       

ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തില്‍ ഇക്കാര്യം വ്യക്തമാണ്. നാം ചൈനയിലേക്ക് ഇരുമ്പയിരും, പരുത്തിയും മറ്റ് അസംസ്‌കൃത വസ്തുക്കളും കയറ്റി അയക്കുമ്പോള്‍ ചൈനയില്‍ നിന്ന് ഇങ്ങോട്ട് വരുന്നത് മുല്യ വര്‍ദ്ധിത ഉത്പന്നങ്ങളാണ്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങക്ക് നാം ഇപ്പോഴും വലിയ തോതില്‍ ചൈനയെ ആശ്രയിക്കുന്നു. മരുന്ന് നിര്‍മ്മാണത്തില്‍ നാം കേമന്‍മാരാണ്.  എന്നാല്‍ ഇതിനാവശ്യമായ ഘടകങ്ങള്‍ക്ക് നാം ചൈനയെ വലിയ തോതില്‍  ആശ്രയിക്കുന്നു   മരുന്നുണ്ടാക്കാനുള്ള ആക്ടീവ് ഫാര്‍മസ്യുട്ടിക്കല്‍ ഇന്‍ഗ്രീഡീയന്റസിന്റെ 70 ശതമാനവും  നാം ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വേദന സംഹാരിയിലെ പാരസെറ്റമോള്‍, പെന്‍സിലിന്‍ പോലുള്ള  ഘടകങ്ങളില്‍ ഇത് ഏതാണ്ട് മുഴുവനായും ചൈനയെ ആശ്രയിച്ചാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളിലാണ് ഈ ആശ്രിതത്വം കൂടിയത്. ഇനി അമേരിക്കയടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളില്‍ പോലും  നല്ലൊരു പങ്ക്  ചൈനീസ് നിര്‍മ്മിതമാണ്. നാം ഒരു ഐ-ഫോണ്‍ അമേരിക്കയില്‍  നിന്നോ ഇന്ത്യയില്‍  നിന്നോ വാങ്ങുകയാണെങ്കില്‍  പോലും പലപ്പോഴും അതിന്റെ നേട്ടം ചൈനക്കായിരിക്കും . കാരണം മിക്കവാറും അതുണ്ടാക്കുന്നത് അവിടെയായിരിക്കും.  ആഗോളവത്കൃതമായ ഈ ലോകത്ത് ഇരു കൂട്ടര്‍ക്കും ഈ കച്ചവടം അനിവാര്യമാണ് എന്നതാണ് വസ്തുത. പാകിസ്ഥാനുമായുള്ള അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍  നിന്ന് വ്യത്യസ്തമാണിത്.  അതിര്‍ത്തി തര്‍ക്കം  സ്ഥായിയായി പരിഹരിക്കാന്‍ തങ്ങള്‍ക്ക്  ആവില്ലെന്നാണ് അതിര്‍ത്തിയിലെ സൈനിക ഉദ്യോഗസ്ഥര്‍ പറയാറുള്ളത്. ചൈനീസ് അതിര്‍ത്തി പ്രശ്‌നം ആവര്‍ത്തിക്കുന്നത്  നയതന്ത്ര തലത്തിലെ  വീഴ്ചയാണ്.   അത് ഒരിക്കലും നമ്മുടെ തെരുവുകളില്‍ പരിഹരിക്കാനുമാവില്ല.    

click me!