ഭരണഘടനാ പരിഷ്‌കാരം: റഷ്യയില്‍ സംഭവിക്കുന്നതെന്ത്?

By Alaka Nanda  |  First Published Jan 21, 2020, 1:45 PM IST

റഷ്യയിലെ ഭരണഘടനാ പരിഷ്‌കാരം: പുചിന്റെ മനസ്സിലിരിപ്പ് എന്ത്? അളകനന്ദ എഴുതുന്നു


ഈ നയങ്ങളുടെ തുടര്‍ച്ചയും അതുവഴി കൂടുതല്‍ ആധിപത്യവും നേടണമെങ്കില്‍ താന്‍ തന്നെ അധികാരത്തില്‍ തുടരണം എന്നാവാം പുചിന്റെ തീരുമാനം. പക്ഷേ അതേസമയം എതിര്‍വാദവുമുണ്ട്. 1993ല്‍ ബോറിസ് യെല്‍സിന്റെ കാലത്തുണ്ടായ ഭിന്നതകള്‍ കാരണമാണ് പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ ഭരണഘടന രൂപമെടുത്തത്. പുചിന്റെ ഏകാധിപത്യത്തിലേക്ക് വഴിതെളിച്ചത് ആ ഭരണഘടനയാണ്. വീണ്ടും പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതോടെ റഷ്യ ഒരുപക്ഷേ ജനാധിപത്യത്തിന്റെ വഴിയിലേക്ക് എത്തിയേക്കും എന്നാണ് എതിര്‍വാദക്കാരുടെ ശുഭപ്രതീക്ഷ.

 

Latest Videos

undefined

 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നലോചിച്ച് തലപുകയ്ക്കുകയായിരുന്നു കുറച്ചുനാളായി പടിഞ്ഞാറന്‍ നിരീക്ഷകര്‍. 2024ല്‍ പ്രസിഡന്റ് പദവിയൊഴിയുമ്പോള്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വിരമിക്കും എന്നൊരു തെറ്റിദ്ധാരണയൊന്നും ആര്‍ക്കും പുചിനെപ്പറ്റി ഉണ്ടായിരുന്നില്ല. പക്ഷേ പല സാധ്യതകള്‍ ആലോചിച്ചുകൂട്ടിയവര്‍ക്കുപോലും ഇപ്പോഴത്തെ നടപടി കുറച്ച് അത്ഭുതമാണ്, സര്‍ക്കാര്‍ തന്നെ രാജിവച്ചിരിക്കുന്നു. മന്ത്രിമാര്‍ക്കുപോലും ഒരൂഹം പോലും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോഴെ അപകടസൂചന കിട്ടിയെന്നാണിപ്പോള്‍ ചിലരെങ്കിലും പറയുന്നത്. പക്ഷേ ഒറ്റയടിക്ക് സര്‍ക്കാരിന്റെ രാജി എന്ന സാധ്യത ആരും ആലോചിച്ചിരുന്നില്ല. പുചിന്‍ നിര്‍ദ്ദേശിച്ചത് ഭരണഘടനാഭേദഗതികളാണ്. പ്രസിഡന്റില്‍ നിന്ന് പാര്‍ലമെന്റിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്ന ഭരണഘടനാഭേദഗതി. അധോസഭയായ ഡ്യൂമക്കാവും ഇനിമുതല്‍ പ്രധാനമന്ത്രിയേയും മന്ത്രിസഭാംഗങ്ങളേയും നിര്‍ദ്ദേശിക്കാനുള്ള അധികാരം. ഇത്രയും നാള്‍ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നത് പ്രസിഡന്റാണ്. അത് അംഗീകരിക്കുക മാത്രമായിരുന്നു ഡ്യൂമയുടെ ചുമതല. സ്‌റ്റേറ്റ് കൗണ്‍സില്‍ എന്ന ഉപദേശകസമിതിക്കും കൂടുതല്‍ അധികാരങ്ങള്‍ നിര്‍ദ്ദേശിച്ചു, പുചിന്‍.

പുചന്റെ അഭിസംബോധനയ്ക്കുപിന്നാലെ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദെവ് സര്‍ക്കാരിന്റെ രാജി പ്രഖ്യാപനം നടത്തി. തീരെ പ്രതീക്ഷിക്കാത്ത നീക്കം. പ്രഖ്യാപനം കേട്ടപ്പോഴാണ് മന്ത്രിമാരും കാര്യമറിയുന്നത്.

തുടര്‍ച്ചയായി പ്രസിഡന്റാകാന്‍ രണ്ടുവട്ടമേ പറ്റു എന്നുള്ളതുകൊണ്ട് മൂന്നാംവട്ടം പ്രധാനമന്ത്രിയായി, ഭരണഘടനാഭേദഗതികള്‍ വരുത്തി നാലാംവട്ടം പിന്നെയും പ്രസിഡന്റായ ആളാണ് വ്‌ലാദിമീര്‍ പുചിന്‍. അതുകൊണ്ട് വിരമിക്കല്‍ ആരും സ്വപ്നം കണ്ടതുപോലുമില്ല. ഇത് എന്തു കൊണ്ട് എന്നറിയാനുള്ള കാത്തിരിപ്പിന് ഒരുത്തരം കിട്ടിയിരിക്കയാണിപ്പോള്‍.

കുടുതല്‍ അധികാരങ്ങള്‍ കിട്ടിയ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ഇപ്പോഴത്തെ മേധാവി പുചിന്‍തന്നെയാണ്. അവിടെയാണ് സംശയങ്ങള്‍ തുടങ്ങുന്നത്. സ്‌റ്റേറ്റ് കൗണ്‍സിലിന് അധികാരം കൂട്ടി, അവിടെ മേധാവിയായി തുടര്‍ന്ന് രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വന്തം കൈയില്‍ തന്നെ സൂക്ഷിക്കാനാണോ ഒരുക്കം എന്ന സംശയം. സ്‌റ്റേറ്റ് കൗണ്‍സില്‍ ഇപ്പോള്‍ വലിയൊരു കൂട്ടമാണ്. 85 പ്രാദേശിക ഗവര്‍ണര്‍മാരും ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ഒക്കെ ഉള്‍പ്പെടുന്ന വലിയൊരു കൂട്ടം.

പക്ഷേ ഇതൊന്നും ഉടനെ നടപ്പാവില്ല. കാരണം പുതിയ പ്രധാനമന്ത്രിയേയും നിശ്ചയിച്ചു പുചിന്‍. നികുതി സംവിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന മിഖായേല്‍ മിഷുസ്തിന്‍ ആയിരിക്കും പുതിയ പ്രധാനമന്ത്രി. പുചിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രധാനമന്ത്രിയും പ്രസിഡന്റും ഒക്കെയായി മാറിമാറി വേഷമിട്ട ദിമിത്രി മെദ്‌വദെവ്  ഇനി സുരക്ഷാ സമിതിയുടെ ഉപമേധാവിയായി രൂപം മാറുകയാണ്. സുരക്ഷാസമിതി പുചിനോട് വളരെയടുത്ത കേന്ദ്രങ്ങളിലൊന്നാണ് എന്നതും ശ്രദ്ധേയം. സുരക്ഷാസമിതിക്ക് കരുത്ത് കൂട്ടി അതിന്റെ മേധാവിയായി തുടരാനുമാവാം പുചിന്റെ തീരുമാനം.

പ്രസിഡന്റ് പുചിന്‍ വേറെയും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന് അത്രകണ്ട് പ്രാധാന്യം വേണ്ട, പ്രസിഡന്റിന്റെ ഭരണകാലാവധി വീണ്ടും രണ്ടുവട്ടമാക്കുക, പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിദേശപൗരത്വം പാടില്ല എന്നതടക്കം ചില നിയന്ത്രണങ്ങള്‍ ആ നിര്‍ദേശങ്ങളില്‍ പെടുന്നു. 

മാറ്റങ്ങള്‍ക്കെല്ലാം അഭിപ്രായ വോട്ടെടുപ്പും പുചിന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിയുടെ അഭിപ്രായം. ഭരണഘടനയിലെ അഭിപ്രായ വോട്ടെടുപ്പൊക്കെ വെറും തട്ടിപ്പ് എന്ന് പറയുന്നു, പുചിന്റെ ഏറ്റവും വലിയ വിമര്‍ശകനും എതിരാളിയും ഭീഷണിയുമായ നവാല്‍നി. ജീവിതകാലം മുഴുവന്‍ റഷ്യയുടെ നേതാവായി തുടരുകയാണ് പുചിന്റെ ലക്ഷ്യമെന്നും നവാല്‍നി പറയുന്നു.

1993 നുശേഷം ആദ്യമായാണ് അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നത് രാജ്യത്ത്. 1993ല്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന്റെ കീഴില്‍ ഭരണഘടനയുടെ അംഗീകാരത്തിനായാണ് ആദ്യം അഭിപ്രായ വോട്ടെടുപ്പ് നടന്നത്. 1999 ല്‍ രാജിവച്ച യെല്‍സിനാണ് പുചിനെ ആക്ടിംഗ് പ്രസിഡന്റായി നിര്‍ദ്ദേശിച്ചത്. ഒരു വര്‍ഷത്തിനുശേഷം പുചിന്‍ പ്രസിഡന്റായി അധികാരമേറ്റു. അന്നുതൊട്ട് അധികാരം പുചിന്റെ കൈകളിലായിരുന്നു. ഇനിയുമത് മാറാന്‍ പോകുന്നില്ലെന്നാണ് നിഗമനം.

വ്‌ലാദിമിര്‍ പുചിന്‍

 

പുചിന്റെ കീഴില്‍ റഷ്യ ലോകത്തെ എണ്ണപ്പെട്ട ശക്തികളൊന്നായി വീണ്ടും വളര്‍ന്നു എന്നത് സത്യം. അമേരിക്ക ആദ്യം എന്ന ട്രംപിയന്‍ നയം നടപ്പാക്കി പലയിടത്തുനിന്നും പിന്‍മാറുന്ന അമേരിക്കയുടെ വിടവ് പിടിച്ചെടുത്തിരിക്കുന്നു, റഷ്യ. പ്രത്യേകിച്ചും പശ്ചിമേഷ്യയില്‍, സിറിയ തന്നെ ഉദാഹരണം. ഇറാനെ പിന്തുണക്കുന്ന റഷ്യയ്ക്ക് അതിന് ചൈനയുടെ സഹായവുമുണ്ട്. 

2014ലെ ക്രൈമിയ അധിനിവേശത്തെ അമേരിക്കയും യൂറോപും എതിര്‍ത്തപ്പോള്‍ ചൈന പിന്തുണച്ചു. ചൈനീസ് പ്രസിജന്റ് ഷീ ജിങ്പിങ്ങിന്റെ വണ്‍ ബെല്‍റ്റ വണ്‍ റോഡ് പദ്ധതിയെ പുചിന്‍ പിന്തുണച്ചു . ഹുവാവെയെ തള്ളിപ്പറഞ്ഞില്ല പുചിന്‍. റഷ്യയുടെ 5ജി നെറ്റ് വര്‍ക്കിന്റെ ചുമതലയും ഏല്‍പ്പിച്ചു. വെറുതേയല്ല, തന്റെ ആത്മസുഹൃത്തായി പുചിനെ ഷീ വിശേഷിപ്പിച്ചത്.

ഈ നയങ്ങളുടെ തുടര്‍ച്ചയും അതുവഴി കൂടുതല്‍ ആധിപത്യവും നേടണമെങ്കില്‍ താന്‍ തന്നെ അധികാരത്തില്‍ തുടരണം എന്നാവാം പുചിന്റെ തീരുമാനം. പക്ഷേ അതേസമയം എതിര്‍വാദവുമുണ്ട്. 1993ല്‍ ബോറിസ് യെല്‍സിന്റെ കാലത്തുണ്ടായ ഭിന്നതകള്‍ കാരണമാണ് പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ ഭരണഘടന രൂപമെടുത്തത്. പുചിന്റെ ഏകാധിപത്യത്തിലേക്ക് വഴിതെളിച്ചത് ആ ഭരണഘടനയാണ്. വീണ്ടും പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതോടെ റഷ്യ ഒരുപക്ഷേ ജനാധിപത്യത്തിന്റെ വഴിയിലേക്ക് എത്തിയേക്കും എന്നാണ് എതിര്‍വാദക്കാരുടെ ശുഭപ്രതീക്ഷ.

 

ലോകജാലകം: അളകനന്ദയുടെ കോളം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!