അവര്‍ സൈക്കോപാത്തുകള്‍ തന്നെ: റൂബി ക്രിസ്റ്റിന്‍ എഴുതുന്നു
സമീപകാലത്തായി കേരളത്തില്‍ എങ്കിലും ഇത്തരം സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ കുറവ് വന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതേ സാഹചര്യത്തിലാണ് മറ്റ് ചില പാറ്റേണുകളില്‍ സ്ത്രീകളെ കൊലചെയ്യുന്ന സംഭവങ്ങള്‍ കൂടുന്നതും. സ്ത്രീകളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊല്ലുന്ന മനോരോഗികളുടെ നിര നീളാന്‍ തുടങ്ങി. ഇത് സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത് അവരുടെ കുഞ്ഞു മക്കളെ ആണ്. കൊന്നു തള്ളിയത് ഒരു മകളെ ആണ്, അമ്മയെ ആണ്.
undefined
'അടക്കവും ഒതുക്കവും ഉള്ള പെണ്‍കുഞ്ഞാ'-വീട്ടില്‍ സഹായത്തിനു വരുന്ന, അവരുടെ വീടിന്റെ അടുത്ത് താമസിക്കുന്ന സുനി ചേച്ചി അവളെക്കുറിച്ച് അങ്ങനെ പറയാറുണ്ടായിരുന്നു. അച്ഛന്‍ നന്നായി കുടിക്കുമായിരുന്ന ആ വീട്ടില്‍ നിന്ന് മിക്ക ദിവസവും അട്ടഹാസം ഉയരും.
അവള്‍ അന്ന് ഒമ്പതില്‍ പഠിക്കുന്നു എന്നാണ് ഓര്‍മ്മ. അച്ഛനുമമ്മയും പുറത്തു പോയ സമയം മണ്ണെണ്ണ ശരീരത്തില്‍ കമിഴ്ത്തി തീ കത്തിക്കാന്‍ അവളെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇന്നും അറിയില്ല. മറ്റാരെങ്കിലും ഒഴിച്ച് കത്തിച്ചതാകുമോ എന്നും അറിയില്ല.
ആ പരിസരത്തെല്ലാം മുടി കരിഞ്ഞ പോലത്തെ മണം പടര്‍ന്നിരുന്നു. ഞാന്‍ കണ്ടില്ല. കണ്ടിരുന്നേല്‍ എന്താകും എന്നറിയില്ല. മരിച്ചിരുന്നില്ലത്രേ, പുക ഉയരുന്നത്കണ്ടു ചുറ്റുമുള്ളവര്‍ ഓടിച്ചെന്നു, എല്ലാവരും ചേര്‍ന്നു വെള്ളം എടുത്തു ഒഴിച്ചു. തീ ആളിക്കത്തി,പിന്നെ കെട്ടു.
അടുത്തുള്ള ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ പോലും ബോധം ഉണ്ടായിരുന്നു. ആ ഓട്ടോയില്‍ കരിഞ്ഞ മാംസം പറ്റി പിടിച്ചിരുന്നു. പൂര്‍ണ ബോധത്തോടെ ആ വേദന എല്ലാം സഹിച്ചാണ് ദിവസങ്ങള്‍ കഴിഞ്ഞ് അവള്‍ മരണത്തിനു കീഴടങ്ങിയത്. അപ്പോഴും എന്തിനായിരുന്നു അതെന്ന ചോദ്യം നില നിന്നു. അന്ന് മുതല്‍ പൊള്ളല്‍ എന്ന് കേട്ടാല്‍ മനസില്‍ വരുന്നത് ആ മണം ആണ് .
അവളുടെ പാവം അമ്മ അത് കഴിഞ്ഞ ശേഷം എങ്ങനെ ജീവിച്ചു എന്നറിയില്ല. അച്ഛന്റെ പൊന്നു മകള്‍ ആയിരുന്നു അവള്‍ എന്ന് പിന്നീട് കേട്ടു. ഇന്ന് അവരുണ്ടാകുമോ ഇല്ലയോ...ഒന്നറിയാം ആ മരണം അവളുടെ ചുറ്റുമുള്ള എല്ലാവരുടെ ജീവിതവും മാറ്റി മറിച്ചു.
സ്റ്റൗ പൊട്ടിത്തെറിക്കലുകള്‍
പതിറ്റാണ്ടു മുമ്പ് വരെ സ്ഥിരം കേട്ടു കൊണ്ടിരുന്ന മറ്റൊന്നാണ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറികള്‍. അതിലെല്ലാം മരുമക്കള്‍ ആയിരുന്നു കൊല്ലപ്പെട്ടിരുന്നത്. 2012-ല്‍ മോഡി ജെ പി നടത്തിയ ഒരു പഠനത്തില്‍ എണ്‍പതുകളിലുണ്ടായ ഭൂരിഭാഗം തീകൊളുത്തി മരണങ്ങളും സ്ത്രീധന മരണങ്ങള്‍ ആണെന്ന് പറയുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടന്ന കാമ്പയിന്റെ ഫലമായി സ്ത്രീധന മരണം ഒരു കുറ്റകൃത്യം ആയി ക്രിമിനല്‍ നിയമസംഹിതയില്‍ എഴുതപ്പെട്ടു
ഒരു സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷത്തിനകം അസ്വാഭാവി സാഹചര്യങ്ങളില്‍ മരണപ്പെട്ടാല്‍ അത് മെഡിക്കലി അന്വേഷിക്കണമെന്നുംസ്ത്രീയുടെ മരണമൊഴി രേഖപ്പെടുത്തണം എന്നും നിശ്ചയിക്കപ്പെട്ടു. എന്നാല്‍, സമൂഹത്തിന്റെ മനോഭാവം സ്ത്രീ വിരുദ്ധം തന്നെയായി തുടരുന്നു. കൊല്ലപ്പെട്ട സ്ത്രീയോടുള്ള സമൂഹത്തിന്റെ മനോഭാവം 'അവള്‍ അത് അര്‍ഹിക്കുന്ന' എന്ന തരത്തിലാണെന്ന് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹ എന്ന സന്നദ്ധ സംഘടന നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പെട്രോള്‍ ഒഴിച്ചുള്ള കൊലകള്‍
സമീപകാലത്തായി കേരളത്തില്‍ എങ്കിലും ഇത്തരം സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ കുറവ് വന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതേ സാഹചര്യത്തിലാണ് മറ്റ് ചില പാറ്റേണുകളില്‍ സ്ത്രീകളെ കൊലചെയ്യുന്ന സംഭവങ്ങള്‍ കൂടുന്നതും. സ്ത്രീകളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊല്ലുന്ന മനോരോഗികളുടെ നിര നീളാന്‍ തുടങ്ങി. ഇത് സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത് അവരുടെ കുഞ്ഞു മക്കളെ ആണ്. കൊന്നു തള്ളിയത് ഒരു മകളെ ആണ്, അമ്മയെ ആണ്.
സോഷ്യല്‍ മീഡിയയിലെ ചിലരെങ്കിലും ആ കൊലയെ ന്യായീകരിക്കുകയായിരുന്നു. കൊലയാളിയ്‌ക്കൊപ്പം നിന്ന് 'അവള്‍ അവനെ തേച്ചതല്ലേ, നന്നായി' 'ചതിച്ചതു കൊണ്ടല്ലേ', 'അവന്‍ അത്ര സ്‌നേഹിച്ചത് കൊണ്ടല്ലേ' എന്നിങ്ങനെയായിരുന്നു അവരുടെ വാദങ്ങള്‍.
സത്യത്തില്‍, അത്തരം വാദങ്ങള്‍ ഈ തീവെട്ടി കൊലപാതകങ്ങള്‍ക്ക് വീരപരിവേഷം നല്‍കുകയാണ് ചെയ്യുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ സമൂഹത്തിന്റെ പരിച്ഛേദം ആണെന്ന് ചിന്തിക്കുമ്പോഴാണ് ആ മാനസികാവസ്ഥ ഭയപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ എനിക്ക് എന്തവകാശം എന്ന് ചിന്തിക്കുന്നിടത്തു നിന്ന്, എന്നെ വേദനിപ്പിച്ചാല്‍ ഞാനാരെയും ഇല്ലാതാക്കും എന്ന ഒരു ചിന്തയിലേക്കുള്ള മാറ്റം എത്ര ഭീകരം ആണ്?
ഒരാളും മരിക്കുന്നത് ഒറ്റയ്ക്കല്ല. ചുറ്റുമുള്ള ചിലരിലെങ്കിലും വേദനയുടെ, വേര്‍പാടിന്റെ വടുക്കള്‍ ശേഷിപ്പിച്ചാണ്. ആ തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്താണ് ഈ സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന നന്മയുടെ, സാഹോദര്യത്തിന്റെ മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്നത്.
സൈക്കോപാത്തുകള്‍ ഉണ്ടാവുന്ന വിധം
എങ്ങനെയാണ്, ഒരാള്‍ക്ക് താന്‍ ഒരിക്കല്‍ സ്‌നേഹിച്ച, സൗഹൃദം പങ്കു വെച്ച ഒരാളെ കത്തിച്ചു കളയാന്‍ തോന്നുന്നത്? സഹജീവിയെ കത്തിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് നിരാശയാണോ? അതോ പകയോ? അല്ലെങ്കില്‍, ചിലര്‍ പറയുന്നത് പോലെ ഭ്രാന്തമായ സ്‌നേഹമാണോ?
ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളിലേക്ക് ചില വഴി തുടക്കാന്‍ തൊണ്ണൂറുകളില്‍ നടന്ന മറ്റൊരു പഠനം നമ്മെ സഹായിക്കും. Rosenbaum M എന്ന ശാസ്ത്രജ്ഞ കൊലപാതക-ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുന്ന ഇത്തരം വ്യക്തികളെക്കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക.
1. 77% പേരും മുഴുവന്‍ സമയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു
2. കൊലപാതകം നടത്തുന്ന സമയം 21% പേരും മദ്യം ഉപയോഗിച്ചിരുന്നു
3. മിക്ക കൊലപാതകങ്ങള്‍ക്കും പ്രേരണ വിവാഹ മോചനം, അല്ലെങ്കില്‍, മാറിനില്‍ക്കല്‍, പ്രണയനിരാസം, അല്ലെങ്കില്‍ ഒരു ബന്ധത്തില്‍ നിന്നും ഒരാള്‍ അകന്നു മാറുന്നു എന്ന് തോന്നുമ്പോള്‍ ഉടലെടുക്കുന്ന മാനസിക അവസ്ഥയില്‍നിന്നുണ്ടാവുന്ന പക എന്നിവയാണ്.
4. ഇതില്‍ 75% പേരും വിഷാദരോഗത്തിലൂടെ കടന്നുപോയവരാണ്.
വില്യം മാര്‍ട്ടിന്‍സ് 2001-ല്‍ നടത്തിയ പഠനം, സൗമ്യക്ക് മേല്‍ നടന്നതുപോലെയുള്ള അതിക്രമങ്ങളെ ചേര്‍ത്ത് വെക്കുന്നത് സൈക്കോപാത്തിക് പ്രവണതയുമായാണ് (psychopathic tendency).
സൈക്കോപാത്തുകള്‍ക്ക് സഹജമായി കരുതപ്പെടുന്ന depressive disorder, ആക്രമണ സ്വഭാവം (violent behavioural tendencies), വൈകാരിക അടുപ്പമില്ലായ്മ, ആത്മഹത്യാ പ്രവണത, തിരസ്‌കരണം കൈകാര്യം ചെയാനുള്ള കഴിവില്ലായ്മ തുടങ്ങിയവയൊക്കെ ഇവരിലും കാണുന്നുണ്ട്. ('Violent psychopaths are at high risk for targeting their aggression toward themselves as much as toward others' (Martens, 2001: 2)).
കൊല എന്ന കൃത്യത്തിനപ്പുറം ഇരകള്‍ക്കു മേലുള്ള നിയന്ത്രണം ആണ് ഇവരുടെ ലക്ഷ്യം. ആ നിയന്ത്രണം നഷ്ടപ്പെടുന്നിടത്താണ് കൊലപാതകം നടക്കുന്നത്.
വേണ്ടത് കൃത്യമായ ചികില്‍സ
നമ്മുടെ നാട്ടില്‍ കൂടി വരുന്ന ഇത്തരം ആ്രകമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പഠനങ്ങള്‍ ഇവിടെയും പ്രസക്തമാകുന്നത്. നമ്മുടെ നാട്ടില്‍ ഇന്നും സാമൂഹീക ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്ന അവസ്ഥയാണ് മനോരോഗം. രോഗം ചുറ്റുമുള്ളവര്‍ അറിയാതെ സൂക്ഷിക്കാന്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരും അവര്‍ക്കു ചുറ്റുമുള്ളവരും ശ്രദ്ധാലുക്കളാണ്. ആളുകള്‍ അറിഞ്ഞാല്‍ നാണക്കേടാണ് എന്ന എന്ന ഭയമാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്.
പറഞ്ഞു വരുന്നത്, ഇനിയെങ്കിലും മനോരോഗങ്ങളോടുള്ള സഹിഷ്ണത ഈ സമൂഹത്തില്‍ അത്യാവശ്യമാണ് എന്ന കാര്യമാണ്. ചെറുപ്പത്തില്‍ തന്നെ എന്തെങ്കിലും മാനസിക പ്രേശ്‌നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികില്‍സ ആരംഭിക്കണം. കുടുംബത്തിന്റെ മാനം, ചുറ്റുമുള്ളവരുടെ പരിഹാസം ഒന്നുമല്ല അപ്പോള്‍ പ്രധാനമായി എടുക്കേണ്ടത്. മനോരോഗങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് മാറാന്‍ സാമൂഹിക ബോധവത്കരണവും അത്യാവശ്യമാണ്. ശരീരത്തിന് വരുന്ന രോഗത്തിനൊപ്പമോ അതില്‍ക്കൂടുതലോ കരുതല്‍ കൊടുക്കേണ്ട ഒന്നാണ് മനസ്സന് വരുന്ന രോഗങ്ങള്‍. കൃത്യസമയത്ത്, ഉചിതമായ ചികില്‍സ ലഭിച്ചാല്‍, ഒരു വ്യക്തി മാത്രമാവില്ല കുടുംബവും ചുറ്റുമുള്ള സമൂഹവും തന്നെ രക്ഷപ്പെടും.
സഹായക പഠനങ്ങള്‍:
Martens, W.H., 2002. The hidden suffering of the psychopath. Psychiatric Times, 19(1), pp.1-7.
Rosenbaum M: The role of depression in couples involved in murder- suicide and homicide. Am J Psychiatry 147:1036-9, 1990
46. Bhate-Deosthali P, Ravindran S, Vindhya U. Addressing Domestic Violence within Health Settings: The Dilaasa Model. Economic and Political Weekly, 2012;47:66- 75.
(ലേഖിക സ്വതന്ത്ര മാധ്യമ പ്രവർത്തകയും, ഇംഗ്ലണ്ടിലെ യോർക്ക് സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയുമാണ് )