ആദാമിന്റെ വാരിയെല്ല് വീണ്ടും കാണുമ്പോള്‍. കെ. പി ജയകുമാര്‍ എഴുതുന്നു
സാമൂഹികവിമര്‍ശനത്തിനായി താന്‍ തെരഞ്ഞെടുക്കുന്ന ആവിഷ്‌കാര മാധ്യമം ആത്മവിമര്‍ശനത്തിന്റേതുകൂടിയാകുന്നതിലെ സര്‍ഗാത്മക സത്യസന്ധതയാണ് കെ ജി ജോര്‍ജിന്റെ ചലച്ചിത്രങ്ങള്‍. 1976-ല്‍ ഇറങ്ങിയ സ്വപ്‌നാടനം മുതല്‍ 1998ല്‍ പുറത്തിറങ്ങിയ 'ഇലവുകോട് ദേശം' വരെ 19 സിനിമകള്‍. നാല്പത്തിയെട്ട് വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷങ്ങളായി കെ ജി ജോര്‍ജ്ജ് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. ഈ നിശ്ശബ്ദത, ഈ പിന്‍വാങ്ങല്‍ മലയാള ചലച്ചിത്ര വ്യവസായത്തിനെതിരെ ജോര്‍ജ്ജ് ഉന്നയിക്കുന്ന വിമര്‍ശനംകൂടിയാണ്.
undefined
വാരിയെല്ല് ഉല്‍പത്തിയുടെ രൂപകമാണ്. സ്ത്രീ ജന്‍മത്തെക്കുറിച്ചുള്ള ഒരാദി സങ്കല്‍പം. പുരുഷ പൗരോഹിത്യ സദാചാരങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട ആരോപണം. ആദമും അവന്റെ പെണ്ണും അവളുടെ പാപവും പറുദീസാ നഷ്ടവും ഉപമകളും രൂപകങ്ങളുമായി ആവിഷ്‌കാരങ്ങളിലും വിശ്വാസങ്ങളിലും ആവര്‍ത്തിച്ചു. ആദി പറുദീസയുടെ മിനിയേച്ചര്‍ രൂപങ്ങളായി കുടുംബങ്ങളുണ്ടായി. ആദിപാപത്തിന്റെ ഓര്‍മ്മകളെ പൂമുഖത്ത് പ്രതിഷ്ഠിച്ച് നിര്‍മ്മിച്ച ഓരോരോ സ്വര്‍ഗങ്ങള്‍. തോല്‍ക്കുമ്പോഴൊക്കെ 'വാരിയെല്ല് മാത്രമാണ് നീ' എന്ന് ആണത്തം ആഞ്ഞുകൊത്തി. തക്ഷകനായും രക്ഷകനായും പകര്‍ന്നാടിയ ആദ പരമ്പരകളെ, അവന്റെ പറുദീസകളെ പിന്തുടര്‍ന്ന ചലച്ചിത്രമാണ് ആദാമിന്റെ വാരിയെല്ല്. 1984ലാണ് കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് പുറത്തിറങ്ങുന്നത്.
മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കുശേഷം ആ ചലച്ചിത്രം വീണ്ടും കാണുന്നു.
...........................................................
Read more: തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍
വരേണ്യവും പുരുഷാധികാരപരവുമായ മധ്യവര്‍ഗ അണുകുടുംബത്തിലെ സ്ത്രീകള്‍ കടന്നുപോകുന്ന ആത്മസംഘര്‍ഷങ്ങളുടെ വിച്ഛിന്നമായ ആഖ്യാനങ്ങളാണ് ആദാമിന്റെ വാരിയെല്ല്. വ്യത്യസ്ത ജാതിയിലും വര്‍ഗത്തിലും പെട്ട മൂന്നു സ്ത്രീകളാണ് സിനിമയുടെ പ്രമേയം. സിനിമയുടെ വ്യവഹാരം തന്നെ പുരുഷാധിപത്യനിഷ്ഠമാകയാല്‍ ആണ്‍കോയ്മയെ നിഷേധിക്കുക എന്നത് പലപ്പോഴും ചലച്ചിത്രാഖ്യാനത്തിന്റെ പാരമ്പര്യത്തെ നിഷേധിക്കുന്നതിന് തുല്യമായിരിക്കും. ആണ്‍കോയ്മാ വ്യവസ്ഥയുടെ പ്രധാന ഉപകരണമായ കുടുംബത്തെ വ്യത്യസ്ത ദൃശ്യകോണുകളിലൂടെ ആവിഷ്‌കരിക്കുന്ന ചലച്ചിത്രം ചലച്ചിത്രാഖ്യാനത്തിന്റെ ഘടനയെത്തന്നെ വിമര്‍ശനവിധേയമാക്കുന്നു. തെരുവിലെ നിരവധി സ്ത്രീകളുടെ അസാധാരണവും വൈവിധ്യവുമായ ബഹുവചനത്തിലൂടെയാണ് ക്യാമറ നായികമാരിലേക്കെത്തുന്നത്. കുടുംബത്തിനുള്ളിലേയ്ക്ക് യാത്ര ചെയ്‌തെത്തുന്ന സ്ത്രീ, അടുക്കളയില്‍ കഴിയുന്ന ജോലിക്കാരി, വീട്, കുടുംബം, വിവാഹ, വിവാഹേതര ലൈംഗികത തുടങ്ങിയ നുറുങ്ങിയ കാഴ്ചകളിലൂടെയാണ് നായികാ ജീവിതങ്ങള്‍ ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, തൊഴിലിടങ്ങളിലെ പൊതുജീവിതം എന്നിങ്ങനെയുള്ള തുറസ്സുകളിലേയ്ക്ക് ആധുനിക സ്ത്രീ സഞ്ചരിക്കുമ്പോഴും പാരമ്പര്യത്തിന്റെയും സമുദായ, ജാതി സദാചാരത്തിന്റെയും വാഹകരും സംരക്ഷകരുമായിരിക്കേണ്ട 'കടമ'കൂടി നിര്‍വഹിക്കേണ്ടി വരുന്നതിന്റെ ദൃശ്യരേഖ.
സാമ്പത്തികമായി ഭദ്രവും സുരക്ഷിതവുമെന്നു തോന്നാവുന്ന ക്രിസ്ത്രീയ കുടുംബമാണ് ആലീസിന്റെത്. എന്നിട്ടും ചലച്ചിത്രാരംഭം മുതല്‍ അവര്‍ ഉറങ്ങാന്‍ മരുന്ന് കഴിക്കുന്നു. കോണ്‍ട്രാക്ടര്‍ മാമച്ചന്റെ വളര്‍ച്ചയ്ക്ക് ആലീസിന്റെ ശരീരം പലവിധം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സമ്പത്തും കാമവും പരസ്പര പൂരകമായ വ്യവസ്ഥക്കുള്ളില്‍ പുരുഷന്‍ മാത്രമാണ് അഭിസംബോധന ചെയ്യപ്പെട്ടത്. വിവാഹത്തിലൂടെയും വിവാഹേതര ലൈംഗികതയിലൂടെയും പുരുഷകാമനകള്‍ മാത്രമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. അടുക്കളക്കാരി അമ്മിണിയെ തന്റെ ലൈംഗിക ഉപകരണമായാണ് മാമച്ചന്‍ കണക്കാക്കുന്നത്. രണ്ട് മക്കളില്‍ മകനെ പട്ടണത്തിലെ ഉയര്‍ന്ന സ്‌കൂളില്‍ പഠിക്കാന്‍ അയക്കുന്ന മാമച്ചന്‍ മകളെ നാട്ടിലെ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. മകനാണ് പഠിച്ച് വലിയ നിലയിലെത്തേണ്ടതെന്ന് അയാള്‍ കരുതുന്നു. ഏതോ ഒരാണിന്റെ ലൈംഗിക ഉപകരണമായിത്തീരേണ്ടവള്‍ എന്നതിലപ്പുറം മകളെക്കുറിച്ച് അയാള്‍ക്ക് സങ്കല്‍പങ്ങളില്ല. സമ്പത്‌കേന്ദ്രിത ആനന്ദമെന്ന നിലയില്‍ മാത്രമാണ് ജീവിതത്തെ മാമച്ചന്‍ സമീപിക്കുന്നത്. അവിടെ വൈകാരികമായ ബന്ധസംഘര്‍ഷങ്ങളില്ല. ഇതിന്റെയെല്ലാം ഹിംസാത്മകമായ തുടര്‍ച്ചയാണ് മാമച്ചന്റെ രാത്രി ഗമനങ്ങള്‍.
............................................................
Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...!
ദാമ്പത്യത്തിന്റെ ശൂന്യതയില്‍ നിന്നുള്ള പുറത്തുചാടലാണ് ആലീസ് കണ്ടെത്തുന്ന പ്രണയം. എന്നാല്‍ മധ്യവര്‍ഗ പുരുഷന്റെ പാപബോധം കാമുകനെ ചൂഴുന്നു. ദാമ്പത്യത്തിനകത്തും പുറത്തും വൈകാരികമായി അനാഥമാക്കപ്പെടുകയാണ് ആലീസ്. ഏറെക്കുറെ നിശ്ശബ്ദയായി ജീവിച്ചുപോകുന്ന ആലീസ് അവളുടെ പരപുരുഷ ബന്ധം വിചാരണ ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്. ''കുട്ടികളൊക്കെ നിങ്ങളുടെ തന്നെയാണെന്നുറപ്പുണ്ടോ?'' എന്നായിരുന്നു ആലീസിന്റെ ചോദ്യം. ഒന്നു പതറിപ്പോകുന്നുണ്ടെങ്കിലും മാമച്ചന്‍ ആലീസിനെ ഭാര്യാപദവിയില്‍ നിലനിര്‍ത്താനാണ് യത്‌നിക്കുന്നത്.
ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിപ്പോകുന്ന ആലീസ് ദാമ്പത്യ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മാതാപിതാക്കളും സഹോദരനും സഭയും ചേര്‍ന്ന് അവളെ അതില്‍ നിന്നു തടയുന്നു. ജീവിതം സ്വയം നിര്‍ണ്ണയിക്കാനുള്ള അവസാന ശ്രമവും അസ്തമിക്കുന്ന സന്ദര്‍ഭമാണത്. ഭര്‍തൃഗൃഹത്തിലേയ്ക്ക് മങ്ങേണ്ടിവരുന്ന ആലീസ് പരിണയത്തിലെ ഉണ്ണിമായയ്ക്ക് എതിര്‍ ദിശയില്‍ സങ്കല്‍പിക്കാം. സാമുദായിക സദാചാര ലംഘനം ആരോപിക്കപ്പെടുന്ന ഉണ്ണിമായ ഭ്രഷ്ടയാക്കപ്പെടുന്നു. ഭ്രഷ്ടിനേക്കാള്‍ സംഘടിതമായി സമുദായ സദാചാര നിയമാവലികളിലൂടെ ആലീസ് എന്ന ആധുനിക സ്ത്രീ കുടുംബത്തിലേയ്ക്ക് തിരിച്ചെടുക്കുന്നു. അഥവാ തിരികെ പ്രവേശിക്കേണ്ടിവരുന്നു. ദാമ്പത്യത്തിന്റെ അത്യാപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ ശ്രമം വീട്ടുകാരും സഭയും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞു. ഉറങ്ങാന്‍ നിത്യവും കഴിച്ചിരുന്ന മരുന്നുകളുടെ സഹായത്തോടെ ഒടുവില്‍ ആലീസ് മരണംവരിക്കുന്നു. പിതൃപ്രധാന വ്യവസ്ഥയില്‍, ആ പറുദീസകള്‍ക്കുള്ളില്‍ ആവിഷ്‌കാരം അസാധ്യമായ സ്ത്രീ ദാരുണമായ ദാമ്പത്യ ജീവിതത്തെ ആത്മഹത്യകൊണ്ട് ആവിഷ്‌കരിക്കുന്നു.
ആലീസ് ഏകവചനമല്ല, അവള്‍ അനുഭവിച്ച അഴലിന്റെ ആഴം ഹിംസാത്മകമായി വെളിപ്പെടുത്താന്‍ ചലച്ചിത്രകാരന്‍ സ്വീകരിക്കുന്നത് സമാന്തര ആഖ്യാനമാണ്. ആലീസിന് സമാന്തരമായി വാസന്തിയുടെ ജീവിതം ദൃശ്യമാകുന്നു. മധ്യവര്‍ഗ സവര്‍ണ്ണ കുടുംബിനിയാണ് വാസന്തി. മദ്യത്തില്‍ അഭയം തേടുന്ന, പത്രപ്രവര്‍ത്തകനായ, തൊഴില്‍ സ്ഥിരതയില്ലാത്ത ഗോപിയാണ് ഭര്‍ത്താവ്. ആധുനിക മലയാളി മധ്യവര്‍ഗ വരേണ്യപുരുഷന്റെ വിചാര-വികാരലോകങ്ങളെ മഹത്വവല്‍ക്കരിച്ച ശൂന്യതാവാദ, അസ്തിത്വവാദങ്ങള്‍ ഉടല്‍പൂണ്ടതുപോലെയാണ് ഗോപി. അയാള്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് സ്വന്തം സ്വാതന്ത്ര്യത്തിനും ഇച്ഛയ്ക്കും അവിടെ സ്ഥാനമില്ലെന്ന കാരണത്താലാണ്. വാസന്തിയ്ക്ക് ജോലിയുണ്ട്. കുടുംബത്തിന്റെ ഏക സാമ്പത്തിക സ്രോതസ് അവളുടെ തൊഴില്‍ വരുമാനമാണ്.
...........................................................
Read more: പളനിക്കെന്താണ് സംഭവിച്ചത്; ചെമ്മീന്‍: ഒരു അപസര്‍പ്പക വായന
പാരമ്പര്യത്തിന്റെ വാഹകരും സംരക്ഷകരുമായി സ്ത്രീകളെ സങ്കല്‍പ്പിക്കുന്നതാണ് കൊളോണിയല്‍ ആധുനികതയെങ്കില്‍, മലയാളി മധ്യവര്‍ഗ ആധുനികതയിലെ സ്ത്രീയ്ക്ക് പണിയെടുത്ത് കുടുംബം എന്ന സ്ഥാപനം നിലനിര്‍ത്തേണ്ട സാമ്പത്തിക ബാധ്യതകൂടി വന്നുചേരുന്നു. എന്നാല്‍, ഈ സ്വയാര്‍ജിത സമ്പത്തിനും ശരീരത്തിനും മേല്‍ വാസന്തിക്ക് അധികാരമുണ്ടായിരുന്നില്ല. പണം ആവശ്യമുള്ളപ്പോള്‍ അവളില്‍ നിന്നു പിടിച്ചുവാങ്ങുന്ന ഗോപി ലൈംഗികതയും തന്നിഷ്ടപ്രകാരം പിടിച്ചുവാങ്ങുകയാണ്. പുരുഷന്റെ ഇച്ഛക്കും ആനന്ദത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുന്നതായിരുന്നു വാസന്തിയുടെ ജീവിതം. സാമ്പത്തികവും ശാരീരികവും മാനസികവുമായ പെണ്‍ ജീവിതാനന്ദങ്ങള്‍ കുടുംബവ്യവസ്ഥക്കുള്ളില്‍ എത്രത്തോളം അസാധ്യമാണെന്ന് ചലച്ചിത്രം പരിശോധിക്കുന്നു.
ചലച്ചിത്രത്തിലെ കുടുംബം ഹിംസാത്മകമായൊരു ശൂന്യസ്ഥലമാണ്. വാസന്തി ഈ ശൂന്യതയെ മറികടക്കുന്നത് ഉന്‍മാദത്തിന്റെ പ്രതിലോകം നിര്‍മ്മിച്ചാണ്. സിനിമയില്‍ ഉടനീളം വിഷാദവതിയായി കാണപ്പെടുന്ന വാസന്തി നിറഞ്ഞു ചിരിക്കുന്നതും സംസാരിക്കുന്നതും മനോവിഭ്രാന്തിയിലാണ്. ആ ലോകം പുരുഷനെ സംബന്ധിച്ചും സമുദായത്തെ സംബന്ധിച്ചും സദാചാരപരമല്ല. അതിനാല്‍ വാസന്തിയെ സമൂഹത്തിനും സമുദായത്തിനും സദാചാരത്തിനും പാകമായ പെണ്ണാക്കി പുനരുല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. മനോരോഗ ചികില്‍സാലയം-അസൈലം- ആ പുനഃനിര്‍മ്മാണത്തിന്റെ സ്ഥലമാണ്. ഈ പുനഃനിര്‍മ്മാണ പ്രക്രിയ മണിച്ചിത്രത്താഴിലും ( ഫാസില്‍, 1993) കാണാം. (മണിച്ചിത്രത്താഴ് എന്ന പഠനത്തില്‍ എസ് സഞ്ജീവ് ഇത് വിശദമായി പരിശോദിക്കുന്നുണ്ട്, പുറം: 65.)
സവര്‍ണ്ണവും നാഗരികവുമാണ് നകുലന്റെയും ഗംഗയുടെയും ദാമ്പത്യലോകം. ഗംഗയുടെ ഭാവനാലോകത്തെ നേരിടാന്‍ നാഗരിക ഉപരിമധ്യവര്‍ഗ സാമൂഹ്യാന്തരീക്ഷം മതിയാകാതെ വരുന്നു. ഗംഗയിലെ ഉന്മാദിനിയെ നാട്ടിന്‍പുറത്തേയ്ക്കും കോവിലകത്തേയ്ക്കും മാറ്റിസ്ഥാപിക്കുന്നത് അതുകൊണ്ടാണ്. പാരമ്പര്യവും ആധുനിക ശാസ്ത്രവും ഒന്നിച്ചുചേര്‍ന്നാണ് ഗംഗയുടെ മനോലോകത്തെ വരുധിയിലാക്കുന്നത്. ''ഇനി ഞാനെന്നും നകുലേട്ടന്റെ മാത്രം ഗംഗയായിരിക്കും'' എന്ന ഉറപ്പോടുകൂടി കുടുംബത്തിലേയ്ക്ക് പുനഃപ്രവേശിക്കുന്ന ഗംഗയെ അനിവാര്യവും സ്വീകാര്യമാക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന അധികാര കേന്ദ്രങ്ങളാണ്. തൃഷ്ണകളെയും ഇന്ദ്രിയ സുഖങ്ങളെയും തള്ളിപ്പറയാത്ത സ്ത്രീകളില്‍ വേശ്യാത്വം ആരോപിച്ച് പുറത്താക്കുകയായിരുന്നു കൊളോണിയല്‍ ആധുനികതയിലെ വരേണ്യ ഗാര്‍ഹിക സദാചാരമെങ്കില്‍, ആധുനിക അണുകുടുംബത്തിലെ സ്ത്രീകളില്‍ മനോരോഗം ആരോപിക്കപ്പെടുന്നു.
..........................................................
അമ്മിണിയുടെ വിമോചന സ്വപ്നത്തിന്റെ ഭ്രമാത്മക ദൃശ്യാവിഷ്‌കാരത്തിലൂടെ ചലച്ചിത്രാഖ്യാനത്തിന്റെ പരിമിതിയെക്കൂടിയാണ് ചലച്ചിത്രകാരന്‍ അഭിസംബോധന ചെയ്യുന്നത്.
വരേണ്യ സമുദായ നിര്‍മ്മിതമായ കുടുംബ വ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന കഥാപാത്രമാണ് 'ആദാമിന്റെ വാരിയെല്ലി'ലെ അമ്മിണി എന്ന ദളിത് യുവതി. അവളെ മാമച്ചന്റെ വീട്ടിലാക്കിയിട്ട് അച്ഛനമ്മമാര്‍ ജീവിതം തേടി മലബാറിലേയ്‌ക്കോ മറ്റോ പോയതാണ്. ഉറ്റവരില്ലാത്ത അമ്മിണി മാമച്ചന്‍ ഇരതേടിയെത്തുന്ന രാത്രികളില്‍ നിസ്സഹായമായി കീഴടങ്ങുകയാണ്. ഗര്‍ഭിണിയായ അമ്മിണിയെ മാമച്ചന്‍ വീട്ടില്‍ നിന്ന് നാടുകടത്തുന്നു. അവളുടെ ജീവിത കാമനകളും ഗര്‍ഭവും ദാരുണമാംവിധം ഉപേക്ഷിക്കപ്പെടുന്നു. (നീലക്കുയിലിലും ഇത് കാണാം.) സര്‍ക്കാര്‍ ആശുപത്രിയില്‍ ഏറെക്കുറെ അനാഥയെപ്പോലെ കുട്ടിക്ക് ജന്‍മം നല്‍കുന്ന അമ്മിണി നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിക്കുന്നു. പിതൃത്വം എന്നത് അഭിമാനവും മാതൃത്വം ദിവ്യവുമായി സങ്കല്‍പിക്കുന്ന സമൂഹ-ധാര്‍മികതയില്‍ അമ്മിണിയുടെ അനാഥത്വം മുഴച്ചുനില്‍ക്കുന്നു. മാതൃത്വത്തിന് സമൂഹം കല്‍പ്പിച്ച് നല്‍കിയ പവിത്രതയുടെ ഭാരം അമ്മിണി വഴിയില്‍ ഉപേക്ഷിക്കുന്നു. മാതൃത്വത്തിന്റെ പാവനതയെ അനുഭവത്തിന്റെ തീഷ്ണതകൊണ്ട് തിരുത്തുകയാണ് അമ്മിണി. ഉദാത്ത മാതൃത്വത്തിന് പുറത്തെ സ്ത്രീയുടെ വൈകാരിക ലോകത്തെയാണ് അമ്മിണി അന്വേഷിക്കുന്നത്.
റസ്‌ക്യു ഹോമില്‍ അടയ്ക്കപ്പെടുന്ന അമ്മിണിയില്‍ മുളപൊട്ടുന്നത് ഒരുതരം ഉന്‍മാദമാണ്. ആലീസിലും വാസന്തിയിലും ദൃശ്യമാകുന്ന നിസ്സഹായതയും ഏകാന്തതയും അമ്മിണിയിലില്ല. പെണ്‍കൂട്ടത്തിന്റെ ഊര്‍ജ്ജത്തെ കൂടുതുറന്നുവിടുന്ന വിമോചന സന്ദര്‍ഭമാണ് അവളുടെ ഉന്‍മാദം. റസ്‌ക്യു ഹോമില്‍ നിന്ന് അവള്‍ പുറത്തേക്ക് പായുന്നു. ആ സമയം അവള്‍ ഒറ്റയ്ക്കല്ല. അവളുടെ ഭ്രമകല്‍പന തനിയ്ക്ക് ചുറ്റുമുള്ള അശരണരും ഭ്രഷ്ടകളുമായ മുഴുവന്‍ സ്ത്രീകളെയും കൂടെക്കൂട്ടുന്നു. ജാതി നിയമാവലികളും ശാസനങ്ങളും അത്രയേറെ സമുദായവല്‍ക്കരിക്കാത്ത ദമിത സ്വത്വമാണ് അമ്മിണിയുടേത്. അവളിലെ ഉര്‍ജ്ജം വിമോചനത്തിന്റെ ജയില്‍ ചാട്ടമാണ് സ്വപ്നം കാണുന്നത്. സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സംഘത്തെ (അതൊരു പുരുഷ സംഘമാണ്) പിന്തള്ളി സിനിമയ്ക്ക് പുറത്തേയ്ക്ക്, ആഖ്യാനത്തിന് വെളിയിലെ തുറന്ന സ്ഥലരാശിയിലേയ്ക്ക് അമ്മിണി സ്ത്രീകളെ തുറന്നുവിടുകയാണ്. സമുദായ, ജാതി സദാചാരങ്ങളുടെ അടഞ്ഞ ഘടയക്ക് ബദലായി സ്ത്രീ സമൂഹത്തിന്റെ തുറന്ന പ്രതിരോധമാണ് ചലച്ചിത്രം സങ്കല്‍പ്പിക്കുന്നത്. അമ്മിണിയുടെ വിമോചന സ്വപ്നത്തിന്റെ ഭ്രമാത്മക ദൃശ്യാവിഷ്‌കാരത്തിലൂടെ ചലച്ചിത്രാഖ്യാനത്തിന്റെ പരിമിതിയെക്കൂടിയാണ് ചലച്ചിത്രകാരന്‍ അഭിസംബോധന ചെയ്യുന്നത്.
............................................................
Read more: പത്മരാജന്റെ പ്രണയം ശരീരത്തെ മറികടക്കുമ്പോള്‍ ഭരതന്റെ പ്രണയം ശരീരത്തെ വീണ്ടെടുക്കുന്നു
കെ ജി ജോര്‍ജ്ജ് Photo: RK Sreejith
സാമൂഹികവിമര്‍ശനത്തിനായി താന്‍ തെരഞ്ഞെടുക്കുന്ന ആവിഷ്‌കാര മാധ്യമം ആത്മവിമര്‍ശനത്തിന്റേതുകൂടിയാകുന്നതിലെ സര്‍ഗാത്മക സത്യസന്ധതയാണ് കെ ജി ജോര്‍ജിന്റെ ചലച്ചിത്രങ്ങള്‍. 1976-ല്‍ ഇറങ്ങിയ സ്വപ്‌നാടനം മുതല്‍ 1998ല്‍ പുറത്തിറങ്ങിയ 'ഇലവുകോട് ദേശം' വരെ 19 സിനിമകള്‍. നാല്പത്തിയെട്ട് വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷങ്ങളായി കെ ജി ജോര്‍ജ്ജ് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. ഈ നിശ്ശബ്ദത, ഈ പിന്‍വാങ്ങല്‍ മലയാള ചലച്ചിത്ര വ്യവസായത്തിനെതിരെ ജോര്‍ജ്ജ് ഉന്നയിക്കുന്ന വിമര്‍ശനംകൂടിയാണ്.