അഭിനയവും ജീവിതവും ഒന്നിച്ചൊഴുകിയ നദി

By K P Jayakumar  |  First Published Sep 23, 2020, 3:48 PM IST

തിലകന്റെ അഭിനയം എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നത്? കെ. പി ജയകുമാര്‍ എഴുതുന്നു


ഒരു ദുരന്തഛായ എല്ലായിപ്പോഴും തിലകന്‍ കഥാപാത്രങ്ങളെ ചൂഴ്ന്ന് നിന്നിരുന്നു. നമുക്ക് പരിചയമുള്ള കര്‍ക്കശക്കാരനായ അച്ഛനായി, അമ്മാവനായി, മുത്തച്ഛനായി വാര്‍ദ്ധക്യത്തിന്റെ വിവിധ ഘട്ടങ്ങളെയാണ് തിലകന്‍ പ്രതിനിധാനം ചെയ്തത്. ധാര്‍ഷ്ട്യത്തിന്റെയും ദൈന്യതയുടെയും വൈകാരിക ദൂരങ്ങളിലാണ് തിലകന്‍ പേര്‍ത്തുംപേര്‍ത്തും സഞ്ചരിച്ചത്. വൈകിയെത്തിയ തിരിച്ചറിവുകള്‍ അവരെ എപ്പോഴും വേട്ടയാടി. തിരുത്താനാവാത്ത ഭൂതകാലം ആ വാര്‍ദ്ധക്യങ്ങളെ വേട്ടയാടി. കിലുക്കം, സ്ഫടികം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ അച്ഛന്‍ വേഷങ്ങള്‍ സ്വന്തം പിഴകളില്‍ പശ്ചാത്തപിക്കുന്നവരായിരുന്നു. വാര്‍ദ്ധക്യം അഥവാ അച്ഛന്‍ എന്ന അധികാരഭാവം ചെന്നുപെടുന്ന ചില അവസ്ഥകളെയോ സാധ്യതകളെയോ ആണ് തിലകന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആടിയത്.

 

Latest Videos

undefined

'

അഭിനയമെന്നത് ഏറ്റവും നിഗൂഢത നിറഞ്ഞ പ്രതിഭാസമാണ്. നിത്യമായ രണ്ട് പ്രതിഭാസങ്ങള്‍  ഒരുമിച്ച് വിളക്കിച്ചേര്‍ത്തിരിക്കുന്ന ഒരു കല. ഒന്ന്, പൂര്‍ണതയുടെ സ്വപ്നം. രണ്ട്, നിത്യതയുടെ സ്വപ്നം. അത്തരമൊരു കലയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അത് വിലയുള്ളതാവുകയുള്ളു.'

-റിച്ചാര്‍ഡ് ബൊലസ്ലാവ്സ്‌കി, അഭിനയപാഠങ്ങള്‍

'സിനിമാ അഭിനയവും നാടകാഭിനയവും തമ്മിലെന്താണ് വ്യത്യാസം? സിനിമയുടെ സാങ്കേതിക സാധ്യതകള്‍ക്കും സ്വഭാവത്തിനും നാടകത്തിന്റെ സാങ്കേതിക സാധ്യതകളും സ്വഭാവവുമായുള്ള വ്യത്യാസത്തില്‍ നിന്ന് എന്തൊക്കെ തള്ളണം എന്തൊക്കെ കൊള്ളണം എന്തൊക്കെ തിരുത്തിയെടുക്കണം' എന്ന ഒരു തെരഞ്ഞെടുപ്പ് സിനിമയില്‍, സിനിമാ അഭിനയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് എന്നാണ് ലോകപ്രശസ്ത ചലച്ചിത്രകാരനായ പുഡോവ്കിന്‍ അഭിപ്രായപ്പെടുന്നത്. 
സിനിമാ അഭിനയം നാടകാഭിനയത്തില്‍നിന്ന് ഒരുപടികൂടി പുരോഗതി പ്രാപിച്ചതാണെന്നു കൂടി പറയുന്നുണ്ട്, തിരക്കഥാകൃത്തും ഛായാഗ്രാഹകനും അഭിനേതാവുമായിരുന്ന പുഡോവ്കിന്‍. 

നാടകീയത നാടകത്തിലും സിനിമയിലും വ്യത്യസ്തമായിരിക്കുന്നത് അതുകൊണ്ടാണ്. സിനിമയിലെ ഒരഭിനയസന്ദര്‍ഭം കണ്ട് 'നാടകം പോലിരിക്കുന്നു' എന്ന് പറഞ്ഞാല്‍  ചലച്ചിത്ര നടനെ-നടിയെ സംബന്ധിച്ച് ഒരു വിമര്‍ശനമാണ്. അരങ്ങിലെ ഉടല്‍ നിലയില്‍ നിന്നും തികച്ചും ഭിന്നമാണ് സിനിമയിലെ ശരീരവിനിമയം. എന്നാല്‍ അഭിനയം എന്ന അനുഭവത്തിലേക്കുള്ള എത്തിച്ചേരലാണ് പ്രധാനമെന്ന് റിച്ചാര്‍ഡ് ബൊസ്ലാവ്സ്‌കിയെപ്പോലുള്ളവര്‍ നിരീക്ഷിക്കുന്നു. ഒരു അഭിനേതാവിന്റെ വിദ്യാഭ്യാസത്തില്‍ മൂന്ന് ഭാഗങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒന്ന് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ്. ഒപ്പം ശരീരത്തെ മെരുക്കിയെടുക്കുന്നതിനുള്ള പരിശീലനം. രണ്ടാമത്തേത് ബൗദ്ധികവും സാംസ്‌കാരികവുമായ വികാസം. കലയും സാഹിത്യവും രാഷ്ട്രീയവും അടുത്തറിയുന്ന വിശാലമായ ലോകബോധം. മൂന്നാമത്തേത് മനസ്സാണ്. സ്വന്തം ഇച്ഛാശക്തിയുടെ ആദ്യത്തെ ആജ്ഞയനുസരിച്ച് ഭാവമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെയ്ക്കാന്‍ നടനെ/നടിയെ സജ്ജമാക്കുന്നത് മനസ്സാണ്. ആത്യന്തികമായി തുറന്നതും വിശാലവുമായ സാമൂഹ്യ ജീവിതമാണ് അഭിനയത്തിന്റെ കളരി. അത് നാടകത്തിലൂടെ, സിനിമയിലൂടെ അതിന്റെ സ്ഥൂലവും സൂക്ഷ്മവുമായ വ്യതിയാനങ്ങളോടെ അഭിനയത്തെ പകര്‍ത്തുന്നു.

 

 

സമൂഹമാണ് നടന്റെ കളരി

1954ല്‍ മുണ്ടക്കയം കലാസമിതിയുടെ രൂപീകരണത്തോടെയാണ് തിലകന്റെ നാടക ജീവിതം ആരംഭിക്കുന്നത്. നാടകാഭിനയത്തിന്റെ സുശിക്ഷിതമായ വഴികളിലൂടെ രൂപപ്പെട്ടതല്ല തിലകന്റെ നാട്യ ശരീരം. നടനായും സംവിധായകനായും ജീവിച്ച മൂന്ന് പതിറ്റാണ്ടുകളുടെ അനുഭവ പാഠങ്ങളാണ് തിലകനെ സാധ്യമാക്കിയത്. മലയാള നാടകത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയായിരുന്നു തിലകന്റെ അഭിനയസഞ്ചാരങ്ങള്‍.

ഉപജീവനം എന്നതിലപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ ജീവകാരണമായി അക്കാലത്തെ നാടകപ്രവര്‍ത്തകരില്‍ നാടകം ആവേശിച്ചിരുന്നു. ആ അര്‍ത്ഥത്തില്‍ കലയും ജീവിതവും വേര്‍തിരിക്കാനാവാത്തവിധം കലര്‍ന്നുപോയ ഒരു കാലത്തിലൂടെയാണ് തിലകന്‍ രൂപപ്പെട്ടത്. റിച്ചാര്‍ഡ് ബൊസ്ലാവ്സ്‌കി സൂചിപ്പിക്കുന്ന ബൗദ്ധികവും സാംസ്‌കാരികവുമായ വികാസം. ഈ വികാസത്തെ ചൂഴ്ന്നു നില്‍ക്കുന്നത് സാമൂഹിക രാഷ്ട്രീയ സംഭവങ്ങളാണ്. അഥവാ കാലമാണ് നടനെ-നടിയെ, കലാകാരനെ-കാരിയെ, എഴുത്തുകാരെ രൂപപ്പെടുത്തുന്നത്. 

ആ അര്‍ത്ഥത്തില്‍ അഭിനയം തിലകന് ഒരേ സമയം ജീവിതവും സമരവുമായിരുന്നു. തൊള്ളായിരത്തി അറുപതുകളും സാമൂഹ്യ രാഷ്ട്രീയത്തോടും മധ്യകേരളത്തില്‍ വികസിച്ചുവന്ന നാടകവേദിയുടെ ചരിത്രത്തോടും ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ സമരജീവിതത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കം. ചലച്ചിത്രാഭിനയത്തിലേക്ക് തിലകന്‍ എത്തിച്ചേരുമ്പോഴേക്കും നാടകാവതരണങ്ങള്‍ അതിന്റെ  രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. 1973-ല്‍ പി.ജെ ആന്റണി സംവിധാനം ചെയ്ത 'പെരിയാര്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയെങ്കിലും എണ്‍പതുകളിലാണ് തിലകന്‍ സിനിമയില്‍ സജീവമാകുന്നത്. 1982-ല്‍ പുറത്തുവന്ന 'യവനിക' എന്ന ചലച്ചിത്രത്തില്‍ നാടക കമ്പനി മാനേജരായി വേഷമിട്ട തിലകന്റെ അഭിനയ ശരീരം രണ്ട് മാധ്യമകാലത്തെയാണ് അടയാളപ്പെടുത്തുന്നത്. സ്വന്തം അഭിനയ ജീവിതത്തിലെ നാടകത്തിന്റെ താഴ്ന്ന യവനികയെയും സിനിമയുടെ ഉയര്‍ന്ന യവനികയെയും വക്കച്ചന്‍ എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്നു.

 

 

അര്‍ദ്ധ നഗ്‌നനായ പിതാവ്

സാമൂഹികവും സാംസ്‌കാരികവുമായ ജീവിതാനുഭവവും നാടകവേദിയുടെ രാഷ്ട്രീയ കാലം നല്‍കിയ സമരസന്നദ്ധമായ മനോനിലയും സിനിമാഭിനയത്തിന്റെ മൂന്ന് പതിറ്റാണ്ടിന് ശേഷം തിലകനില്‍ പുനരാനയിക്കപ്പെടുന്നുണ്ട്. 2010 സിനിമാ സംഘടനകള്‍ പലമാതിരി പിളര്‍പ്പുകളിലൂടെ കടന്നുപോയ കാലമായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ തിലകന് വിലക്ക് ഏര്‍പ്പെടുത്തി. അഭിനയത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോഴൊക്കെ തിലകന്‍ സമരസന്നദ്ധനായി. അഭിനയം നടന്റെ ആത്മാവിഷ്‌കാരമാണെന്നിരിക്കെ, തിലകന്റെ പ്രതിഷേധങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ തന്നെയായിരുന്നു. സിനിമയില്‍ വിലക്കിയപ്പോള്‍ നാടകാഭിനയത്തിലേക്ക് തിരിച്ചുപോയ തിലകനില്‍ അഭിനയം ജീവിത കാരണമായി സ്വാംശീകരിച്ച ഒരു കാലഘട്ടത്തിന്റെ ബോധമാണ് പ്രതിഫലിപ്പിച്ചത്.

ചുറ്റുപാടുകളിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഊര്‍ജം വലിച്ചെടുത്ത്, അവരുടെ കാഴ്ചയ്ക്കുമേല്‍ ഉടല്‍ വിന്യസിച്ച്, പിന്‍നിരയിലെ കാണിയേയും തന്റെ ശബ്ദവൃത്തത്തിലേക്ക് വലിച്ചടുപ്പിച്ച്, ചിരിച്ചും ക്ഷോഭിച്ചും കരഞ്ഞും കരയിച്ചും ജനമധ്യത്തില്‍ നിന്ന ഒരാളുടെ ആത്മവിശ്വാസമായിരുന്നു തിലകന്‍. സിനിമാ സംഘടനകള്‍ അഭിനയം വിലക്കിയപ്പോള്‍ ജനമധ്യത്തിലേക്കിറങ്ങാന്‍ ആ നടനെ പ്രേരിപ്പിച്ചത് ഈ ആത്മവിശ്വാസമാണ്. പ്രതികരിക്കാനും തന്റെ ആശയങ്ങള്‍ വിളിച്ചുപറയാനും ലഭിച്ച വേദികളെല്ലാം തിലകന്‍ ഉപയോഗിച്ചു. ജനം എന്ന സാധ്യതയെ വൈകാരികമായി കൂടെനിര്‍ത്തുകയായിരുന്നു തിലകന്‍. നാട്യത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍, വെള്ളിത്തിരയ്ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ താരപരിവേഷങ്ങളഴിഞ്ഞ് നടന്‍ നിന്നു. ഈ അഴിഞ്ഞുനില്‍ക്കലിന് തിലകന്റെ അഭിനയ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ആടയാഭരണങ്ങളുടെ താരപരിവേഷങ്ങളുടെ അഴിഞ്ഞുനില്‍ക്കലാണത്. തിലകന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ വേഷങ്ങളുടെ അഭാവവും ശ്രദ്ധേയമാണ്. ഒറ്റമുണ്ടും തോര്‍ത്തുമായിരുന്നു കാട്ടുകുതിരയിലെ കൊച്ചുവാവയും മൂന്നാം പക്കത്തിലെ മുത്തച്ഛനും, പെരുന്തച്ചനും, കുലം, പരിണയം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അണിഞ്ഞത്. അതൊക്കെ അര്‍ദ്ധനഗ്നരായ തിലക വേഷങ്ങളായിരുന്നു. മിക്കതും പിതൃരൂപങ്ങളുമായിരുന്നു. അര്‍ദ്ധ നഗ്‌നനായ പിതാവ്.

 

 

പുരാവൃത്തം കടഞ്ഞ ഉടല്‍

അരങ്ങിന്റെ ആടയാഭരണങ്ങള്‍ അഴിച്ചുവെച്ചും അണിഞ്ഞും തരംപോലെ നടിച്ച നടനായിരുന്നു തിലകന്‍. പെരുന്തച്ചന്‍ ഇതിനുദാഹരണമാണ്. പുഡോവ്കിന്‍ അഭിപ്രായപ്പെടുംപോലെ തള്ളേണ്ടതു തള്ളിയും കൊള്ളേണ്ടത് കൊണ്ടും പലതും തിരുത്തിയെടുത്തും അരങ്ങിന്റെയും സിനിമയുടെയും അഭിനയത്തിന്റെ വല്ലാത്തൊരു കലര്‍പ്പ് പെരുന്തച്ചനില്‍ കാണാം. പെരുന്തച്ചനെ അവതരിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ ആരാഞ്ഞ തിലകനോട് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞത് ''അത് സ്വന്തം നിലയ്ക്കാവാം'' എന്നായിരുന്നു. പെരുന്തച്ചന്‍ എന്ന പുരാവൃത്തം നടന് അനുവര്‍ത്തിക്കാവുന്ന പൂര്‍വമാതൃകകള്‍ അവശേഷിപ്പിക്കുന്നില്ല. അമര്‍ ചിത്രകഥകളെ ഒഴിച്ചുനിര്‍ത്തിയാല്‍ പെരുന്തച്ചന്‍ രൂപരഹിതനാണ്. ശരീര രഹിതമായ പിതൃബിംബം. അമര്‍ഷവുമാവേഗവും മദമാല്‍സര്യങ്ങളും ഗര്‍വും ചപലതയും ചിന്തയും ശാന്തതയും ഭക്തിയും രതിയുമായി അനവധി ഭാവസഞ്ചാരങ്ങളിലൂടെ പുരാവൃത്തം കടഞ്ഞ് ഉടലില്‍ കൊത്തിയെടുത്ത അസാധാരണമായ വേഷപ്പകര്‍ച്ചയായിരുന്നു തിലകന്റെ പെരുന്തച്ചന്‍. അത് നാടകസിനിമാ അഭിനയത്തിന്റെ ജ്യാമിതീയ കല്‍പ്പനകളെ പലപാട് തെറ്റിച്ചു. അതി സൂക്ഷ്മമായ ഈ തെറ്റലായിരുന്നു അഭിനയത്തിന് തിലകന്‍ നല്‍കിയ സംഭാവന.

പെരുന്തച്ചനായി വളര്‍ന്നു നില്‍ക്കുന്ന ഈ പിതൃബിംബം ധാര്‍ഷ്ട്യവും ദൈന്യവും നിറഞ്ഞ നിരവധി സന്ദര്‍ഭങ്ങളിലൂടെ മലയാള സിനിമയില്‍ ആവര്‍ത്തിച്ചു. ഭൂലോകത്തിന്റെ സ്പന്ദനം കണക്കില്‍ ദര്‍ശിക്കാന്‍ കഴിയാതെ പോയ മകനെ മുടിയനായ പുത്രനാക്കുന്ന സ്ഫടികത്തിലെ ചാക്കോമാഷിലും മോഹങ്ങളെല്ലാം തകര്‍ന്നടിഞ്ഞ് ഒടുവില്‍ മകന്റെ പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ അയോഗ്യനാണെന്ന് എഴുതുന്ന കിരീടത്തിലെ അച്യുതന്‍ നായര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിലുമൊക്കെ ഏതൊക്കെയോ തരത്തില്‍ പെരുന്തച്ചന്‍ഭാവം കലര്‍ന്നിരിക്കുന്നു.

 

 


പിതൃ ഛായകള്‍

മലയാളി പൊതുബോധത്തെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍ തിലകന്റെ കഥാപാത്ര-താര വ്യക്തിത്വത്തിലുണ്ട്. മൂന്നാം പക്കത്തിലെ മുത്തച്ഛന്‍, പെരുന്തച്ചന്‍, സ്ഫടികത്തിലെ ചാക്കോ മാഷ്, കിരീടത്തിലെ അച്യുതന്‍ നായര്‍ എന്നിങ്ങനെ കുടുംബപുരാണം, ജാതകം, സന്ദേശം, സന്താന ഗോപാലം, സരോവരം, സംഘം, കണ്ണെഴുതി പൊട്ടുംതൊട്ട്, കാറ്റത്തൊരുപെണ്‍പൂവ്, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ്, മാലയോഗം, മുഖമുദ്ര, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, ചിന്താവിഷ്ടയായ ശ്യാമള, കുടുംബ വിശേഷം, നക്ഷത്രതാരാട്ട്, കര്‍മ്മ, കാലാള്‍പട, സിദ്ധാര്‍ത്ഥ, തച്ചിലേടത്തു ചുണ്ടന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഈ പിതൃപുരുഷന്‍ ആവര്‍ത്തിക്കുന്നു. നമുക്ക് ജീവിതവുമായുള്ള ബന്ധത്തെ ഏതൊക്കെയൊ തലത്തില്‍ മൂര്‍ത്തവല്‍ക്കരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന ചില ഘടകങ്ങള്‍. വാര്‍ദ്ധക്യത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും എന്നാല്‍ പിടിമുറ്റാത്ത പൗരുഷത്തിന്റെ ചിലപ്പോഴൊക്കെ ദുരൂഹവും ചിലപ്പോള്‍ സങ്കീര്‍ണവുമായ പിതൃസാന്നിധ്യമാണ് തിലകന്‍.

സ്വന്തം ശരികളാല്‍ ഒറ്റയാകുന്ന സന്ദര്‍ഭങ്ങള്‍ തിലകന്റെ താതവേഷങ്ങള്‍ക്കുണ്ട്. അപ്പോഴൊക്കെ നേരത്തെ സൂചിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ അതിവേഷധാരികളാകുന്നുണ്ട് തിലക കഥാപാത്രങ്ങള്‍. മുണ്ടും കുപ്പായവും കഴുത്തില്‍ ഒരു രണ്ടാം മുണ്ടും മാത്രമല്ല സ്ഫടികത്തിലെ ചാക്കോ മാഷുടെ വേഷം. പല അടുക്കുകളുള്ള മുറിക്കയ്യന്‍ കുപ്പായം ആ അണിയലിന്റെ സവിശേഷതയാണ്. മകന്‍ മുറിച്ചുമാറ്റുന്നതും പിന്നീട് തുന്നിച്ചേര്‍ക്കുന്നതും അച്ഛന്റെ ഈ അധിക അടുക്കാണ്. ഈ അടുക്കുകയ്യുളള്ള കുപ്പായം സ്ഫടികത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. പിതൃഹത്യയുടെയും പിതൃപുത്ര വാത്സല്യത്തിന്റെയും കുറ്റബോധത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും രൂപകമാണ് സ്ഫടികത്തിലെ കുപ്പായം. കിലുക്കത്തിലെ ജസ്റ്റിസ് പിള്ളയും നരസിംഹത്തിലെ മാറഞ്ചേരി കരുണാകര മേനോനും സ്ഫടികത്തിലെ ചാക്കോമാഷും അതിവസ്ത്രധാരികളാണ്. കോട്ടും സ്യൂട്ടുമണിയുന്ന പൈപ്പ് വലിക്കുന്ന കര്‍ക്കശക്കാരായ ഈ കഥാപാത്രങ്ങള്‍ക്കുള്ളില്‍ ആര്‍ദ്ര മനസ്‌കരായ പിതൃരൂപങ്ങള്‍ തെളിഞ്ഞുകിട്ടുന്നു. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ ഒരേസമയം പിതാവും, മകന്റെ വിടനായ പ്രതിയോഗിയുമായി മാറുന്ന നടേശന്‍ മുതലാളിയും പുത്ര വാല്‍സല്യത്തിന്റെ ആര്‍ദ്രത നിറയുന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമയും ഈ പിതൃഭാവത്തിന്റെ രണ്ടറ്റങ്ങളാണ്.

 

 

വാര്‍ദ്ധക്യത്തിന്റെ ഉടല്‍

ഒരു ദുരന്തഛായ എല്ലായിപ്പോഴും തിലകന്‍ കഥാപാത്രങ്ങളെ ചൂഴ്ന്ന് നിന്നിരുന്നു. നമുക്ക് പരിചയമുള്ള കര്‍ക്കശക്കാരനായ അച്ഛനായി, അമ്മാവനായി, മുത്തച്ഛനായി വാര്‍ദ്ധക്യത്തിന്റെ വിവിധ ഘട്ടങ്ങളെയാണ് തിലകന്‍ പ്രതിനിധാനം ചെയ്തത്. ധാര്‍ഷ്ട്യത്തിന്റെയും ദൈന്യതയുടെയും വൈകാരിക ദൂരങ്ങളിലാണ് തിലകന്‍ പേര്‍ത്തുംപേര്‍ത്തും സഞ്ചരിച്ചത്. വൈകിയെത്തിയ തിരിച്ചറിവുകള്‍ അവരെ എപ്പോഴും വേട്ടയാടി. തിരുത്താനാവാത്ത ഭൂതകാലം ആ വാര്‍ദ്ധക്യങ്ങളെ വേട്ടയാടി. കിലുക്കം, സ്ഫടികം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ അച്ഛന്‍ വേഷങ്ങള്‍ സ്വന്തം പിഴകളില്‍ പശ്ചാത്തപിക്കുന്നവരായിരുന്നു. വാര്‍ദ്ധക്യം അഥവാ അച്ഛന്‍ എന്ന അധികാരഭാവം ചെന്നുപെടുന്ന ചില അവസ്ഥകളെയോ സാധ്യതകളെയോ ആണ് തിലകന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആടിയത്.

അമ്മാവനായി വേഷമിട്ട (മായാമയൂരം, തനിയാവര്‍ത്തനം), മുത്തച്ഛനായി വേഷമിട്ട (മൂന്നാംപക്കം, അഭയം തേടി, തച്ചിലേടത്തുചുണ്ടന്‍, മൈ ഡിയര്‍ മുത്തച്ഛന്‍) പൊലീസുകാരനായി വേഷമിട്ട (മീനമാസത്തിലെ സൂര്യന്‍, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, മുഖമുദ്ര), ജഡ്ജായി അഭിനയിച്ച (കിലുക്കം, നരസിംഹം, യെസ് യുവര്‍ ഓണര്‍) തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഈ പിതൃഭാവത്തിന്റെ രൂപഭേദങ്ങള്‍ ആവര്‍ത്തിച്ചുവന്നു.

നിരാലംബ വാര്‍ദ്ധക്യം

ആണ്‍ അധികാര-താര-സാമ്പത്തിക- സാംസ്‌കാരിക യുക്തിയാല്‍ നിയന്ത്രിക്കുന്ന ചലച്ചിത്രലോകത്തെ ഈ പൃതൃസ്വരൂപം പലതരത്തില്‍ അസ്വസ്ഥമാക്കുന്നുണ്ട്. താരസംഘടനയായ 'അമ്മയും', സിനിമ തൊഴിലാളി സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനകളും സംഘടിതമായി ഒരു ഘട്ടത്തില്‍ ഈ പിതൃബിംബത്തെ പുറത്താക്കിയതിന്റെ യുക്തി അതാണ്. താന്‍ ഒഴിപ്പിക്കപ്പെട്ടിട്ടും അവിടെനിന്നും വിട്ടുപോകാനാവാതെ, ഇരിപ്പുറക്കാതെ അസഹിഷ്ണുവായി ഉലാത്തുന്ന കാരണവരായി തിലകന്‍ അപ്പോഴും ബാക്കിനിന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ രോഗം തളര്‍ത്തുമ്പോഴും സിനിമയില്‍ അര്‍ഹമായ സ്ഥാനം നഷ്ടപ്പെടുമ്പോഴും അവിടം വിട്ടുപോകാതിരിക്കലും ധാര്‍ഷ്ട്യവും വേദനയും തിലകനെ പിന്തുടര്‍ന്നു.

തിരിച്ചുവരവില്‍ നിരാലംബ പിതൃരൂപങ്ങളായാണ് തിലകന്‍ വേഷമണിഞ്ഞത്. അഭിനയവും ജീവിതവും വല്ലാത്തൊരു ഭാവത്തോടെ ഇടകലരുകയായിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ തിരസ്‌കൃതനായ പിതാവ് അച്യുതമേനോനായി, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനായി ഏതോ വൃദ്ധസദനത്തില്‍ ഒടുങ്ങുന്ന ജീവിതം. സ്പിരിറ്റില്‍ ഈ അനാഥത്വം കൂടുതല്‍ രൂക്ഷമായാണ് പ്രത്യക്ഷപ്പെടുന്നത്. പേരില്ലാത്ത കഥാപാത്രം. ഒരുപക്ഷേ, മലയാള സിനിമയില്‍ ആദ്യമായി തിലകന്‍ പേരില്ലാത്ത കഥാപാത്രമായെത്തുന്നതും ഈ ചിത്രത്തിലാണ്. നടന്റെ വ്യക്തിത്വവും താരവ്യക്തിത്വവും തമ്മില്‍ക്കലരുന്ന ഒരു സാന്നിധ്യം മാത്രമാണ് സ്പിരിറ്റിലെ തിലക കഥാപാത്രം. മദ്യത്തിനടിപ്പെട്ട് ഒരു ചായക്കടയില്‍ അടിഞ്ഞു കൂടിയ, കുടുംബവും പേരുമില്ലാത്ത വൃദ്ധന്‍ ഒരു തിരസ്‌കൃത പിതൃബിംബമായി മാറുന്നു. ഉസ്താദ് ഹോട്ടലിലെ വെപ്പുകാരന്‍ കരീമിക്കയായി ഒരേസമയം പിതാവും മുത്തച്ഛനുമായി സ്വന്തം ശരികളില്‍ ഉറച്ചു ജീവിക്കുന്ന കഥാപാത്രമായി തിലകന്‍ തന്റെ നയം വ്യക്തമാക്കുന്നു. ഒരു സൂഫിവര്യന്റെ നിസ്സംഗതയോടെ എല്ലാം ഉപേക്ഷിച്ചിറങ്ങിപ്പോകുന്ന ആ കഥാപാത്രത്തിലൂടെ ഒരു തിരസ്‌കൃതന്റെ നിരാലംബ വാര്‍ദ്ധക്യം തിലകന്‍ അഭിനയിച്ചു തീര്‍ക്കുകയായിരുന്നു.

അഭിനയം ജീവിതത്തിലേക്കും ജീവിതം അഭിനയത്തിലേക്കും കലര്‍ന്നുപോകുന്ന നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് തിലകന്റെ കലാവ്യക്തിത്വം ഒരു സാംസ്‌കാരിക പാഠമായിമാറുന്നത്.

click me!