പ്രളയം വരുമ്പോള്‍ മാത്രം മതിയോ ഈ മനുഷ്യരെ?

By Aswan P  |  First Published Jun 26, 2019, 4:06 PM IST

കേരളത്തിന്റെ സ്വന്തം സൈന്യമാണ് അഭയാര്‍ത്ഥികളായി ഈ കിടക്കുന്നത്- ഏഷ്യാനെറ്റ് ന്യൂസ്  തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ അശ്വന്‍ പി എഴുതുന്നു.


കടലൊന്ന് ഇളകി മറിഞ്ഞാല്‍ അഭയാര്‍ത്ഥികളാവേണ്ട ദുര്‍വിധിയാണ് തീരത്തെ മനുഷ്യര്‍ക്ക്. വീടും വസ്തുക്കളും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും സ്‌കൂള്‍ ക്ലാസു മുറികളില്‍ കഴിയേണ്ട അവസ്ഥ. പലര്‍ക്കും തിരിച്ചുപോക്കുപോലും എളുപ്പമാവില്ല. തിരുവനന്തപുരം വലിയതുറയിലെ അത്തരമൊരു ക്യാമ്പിലെ അനുഭവങ്ങള്‍. മൂന്ന് വര്‍ഷമായി അവരുടെ ജീവിതം റിപ്പോര്‍ട്ട് ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ അശ്വന്‍ പി എഴുതുന്നു. ഫോട്ടോകള്‍: അശ്വന്‍

Latest Videos

undefined

തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇത് നാലാമത്തെ മഴക്കാലം. കാലം  തെറ്റാതെ വരുന്ന  മഴയ്ക്കൊപ്പം മുടങ്ങാതെ ഞങ്ങളും തീരദേശത്ത് എത്തും. വലിയ പ്രതീക്ഷയോടെ തീരവാസികള്‍ പ്രശ്‌നങ്ങളും സങ്കടങ്ങളും പറയും.  ഇത് മുറപോലെ നടക്കുന്നുണ്ടെങ്കിലും അവരുടെ ദുരിതത്തിനുമാത്രം ഒരു  ശമനവുമില്ല.

വാര്‍ത്ത എടുക്കാന്‍ വലിയതുറയിലേക്ക്  പുറപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ക്യാമ്പും അങ്ങോട്ടുള്ള വഴിയും എനിക്ക് കൃത്യമായി  അറിയാമായിരുന്നു  കാരണം എന്തോ മൂന്ന് വര്‍ഷങ്ങളായി ഞാന്‍ തന്നെയാണ് ഇവിടെ ഷൂട്ടിനായി നിയോഗിക്കപ്പെടുന്നത്. 

ഓഖി ബാക്കിവച്ച കൂരകളും ഈ മഴക്കാലം കൊണ്ടുപോവുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടിങ്ങിനു പോയപ്പോള്‍ ഒരു വീട് കണ്ടിരുന്നു അതിനുമുന്നില്‍ കരഞ്ഞുകൊണ്ടിരുന്ന ഒരു അമ്മയെയും. ഇത്തവണ  പോയപ്പോള്‍ അവിടെ ഒരു ജനാലപ്പാളിയും കുറച്ച് ഇഷ്ടിക കഷ്ണങ്ങളും മാത്രം ബാക്കി. ഏതോ കുടിപ്പക  വീട്ടിയതുപോലെ പൊളിഞ്ഞ കല്ലുകളില്‍  തിരമാല വന്ന് തല്ലുന്നുണ്ട്. ആ അമ്മയെ അവിടെങ്ങും കണ്ടില്ല. 'ഞാന്‍ ഇനി  എങ്ങോട്ട് പോകും മക്കളെ' എന്നാണ് അവര്‍ അന്ന് ചോദിച്ചത്. 

അവരെപ്പറ്റി ആരോടെങ്കിലും ചോദിക്കാന്‍ മനസ്സുവന്നില്ല. നേരെ  വലിയതുറ ഗവണ്മെന്റ് സ്‌കൂളിലെ ക്യാമ്പിലേക്ക് കയറിയപ്പോള്‍ ഒരു ദേജവു പോലെ കാഴ്ചകള്‍. മുറ്റത്തെ ചെളിവെള്ളത്തില്‍ കളിക്കുന്ന കുട്ടികള്‍.  പിഞ്ചു കുഞ്ഞുങ്ങളെ  തോളത്തിട്ടു ഉറക്കുന്ന അമ്മമാര്‍. ഇത്തവണ അവര്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ട്. കുട്ടികളുടെ കയ്യിലും കാലിലും കൊതുകുകള്‍ വട്ടമിട്ട് പറക്കുന്നു . പ്രായമായവര്‍  തണുത്ത സിമന്റ് തറയില്‍ ഇരിക്കുന്നുണ്ട്.

.........................................................................................................................................................................

അകത്തേക്ക് കയറിയതും അപസ്മാരം വന്ന് നിലത്ത് വീണ് വിറയ്ക്കുന്ന ഒരു സ്ത്രീയെ കണ്ടു.

ക്യാമറയും തൂക്കി അകത്തേക്ക് കയറിയതും അപസ്മാരം വന്ന് നിലത്ത് വീണ് വിറയ്ക്കുന്ന ഒരു സ്ത്രീയെ കണ്ടു. വേഗം പുറത്ത് നിന്നവരെയെല്ലാം വിളിച്ചുകൂട്ടി. അപ്പോഴും ക്യാമറ റോള്‍ ചെയ്ത് വച്ചിരുന്നു. 

കൂട്ടത്തില്‍ ഒരു ചേച്ചി പറഞ്ഞു 'കണ്ടോ സാറേ അവള്‍ക്ക് തണുപ്പ് അടിച്ചാല്‍ ഇങ്ങനാ, അപ്പൊ ജെന്നി വന്ന് വീഴും'. 

നാലുവശവും ഗ്രില്‍ ഇട്ട സിമെന്റ് കെട്ടിടത്തില്‍ എങ്ങനെ തണുപ്പടിക്കാതിരിക്കും ഞാന്‍ ഓര്‍ത്തു.  കൈകള്‍ ചുരുട്ടി തലയില്‍ അമര്‍ത്തിപ്പിടിച്ച് കണ്ണുകള്‍ ഇറുക്കി അടച്ച്  വിറയ്ക്കുന്ന അവരുടെ മുഖത്തേക്ക് ഞാന്‍ ക്യാമറ സൂം ചെയ്തു. വ്യവസ്ഥിതിയോടുള്ള അമര്‍ഷം പോലെ അവര്‍ പല്ലുകള്‍ ഇറുക്കി  കടിക്കുന്നുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ആ മുറിയുടെ മൂലയില്‍ റേഷന്‍ അരി വേവുന്നുണ്ട്.  കുട്ടികള്‍ നിഷ്‌ക്കളങ്കമായി ചിരിക്കുന്നുണ്ട്.

.........................................................................................................................................................................

ആ മുറിയുടെ മൂലയില്‍ റേഷന്‍ അരി വേവുന്നുണ്ട്.  കുട്ടികള്‍ നിഷ്‌ക്കളങ്കമായി ചിരിക്കുന്നുണ്ട്.

തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്നവര്‍ പരിചയക്കാരാണ്. കഴിഞ്ഞ വര്‍ഷം മുതലേ അവര്‍ അവിടെ ഉണ്ട്. അഴുക്കും മാറാലയും പിടിച്ച  ക്ലാസ്സ് മുറിയില്‍  കീറിയ അക്ഷരമാലയും  ചാര്‍ട്ടുകളും തൂങ്ങിക്കിടപ്പുണ്ട്. ഒരു മൂലയില്‍ അടുക്കള. ഇരുവശങ്ങളിലായി രണ്ടുപേര്‍ മൂടിപ്പുതച്ചു കിടക്കുന്നു. ഒരാള്‍ ആഹാരം കഴിക്കുന്നു. കുട്ടികള്‍ ക്യാമറ കണ്ട്  മുഖം പൊത്തി. ക്ലാസ്സിലെ കൂട്ടുകാര്‍ കണ്ടാല്‍ അവര്‍ക്ക് നാണക്കേടാണ്. 'നിങ്ങള്‍ ഒരേ കുടുംബത്തില്‍ പെട്ടതാണോ' -റിപ്പോര്‍ട്ടര്‍ ഏയ്ഞ്ചല്‍   ചോദിച്ചു. 'അല്ല മാഡം ഇത് നാല് കുടുംബം ആണ്'- നിസ്സഹായമായ അവരുടെ മറുപടി കേട്ടുകൊണ്ട് തുരുമ്പിച്ച അലമാരിക്കുമുകളില്‍ ഒരു ദൈവരൂപം ചെറുതായി ചിരിച്ചിരിപ്പുണ്ട്. 

ബെറ്റ് എടുക്കാനായി രണ്ടുപേര്‍ മൂടിപുതച്ചുകിടക്കുന്ന കട്ടിലിന്റെ അടുത്തായി ക്യാമറാ സ്റ്റാന്‍ഡ് വെച്ച് നിന്നു. അപ്പോഴാണ് മനസിലായത് അത് രണ്ട് കുട്ടികളാണ്. അവര്‍ പനിച്ച് വിറച്ച് കിടക്കുകയാണ്. ഞങ്ങള്‍ വന്നതോ സംസാരിക്കുന്നതോ ഒന്നും അവര്‍ അറിഞ്ഞിട്ടില്ല.  ഈ യാഥാര്‍ഥ്യത്തിലേക്ക് അവരെ ഉണര്‍ത്താന്‍  എനിക്ക് ഒട്ടും മനസ്സ് വന്നില്ല. അതുകൊണ്ട്  ശബ്ദമുണ്ടാക്കാതെ സ്റ്റാന്‍ഡ് മടക്കി  മെല്ലെ  പുറത്തിറങ്ങി.

.........................................................................................................................................................................

ഇരുവശങ്ങളിലായി രണ്ടുപേര്‍ മൂടിപ്പുതച്ചു കിടക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഈ ക്യാമ്പ് പോളിംഗ് ബൂത്ത് ആയിരുന്നു. സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുത്ത അതേ സ്ഥലത്ത് തന്നെ അവര്‍ അഭയാര്‍ത്ഥികള്‍ ആയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ കെട്ടിപ്പൊക്കിയ വാഗ്ദാനങ്ങളുടെ പുലിമുട്ട് കൊണ്ട് മാത്രം ആര്‍ത്തിരമ്പി വരുന്ന തിരമാലകളുടെ യാഥാര്‍ത്ഥ്യത്തെ തടുക്കാനാവില്ലല്ലോ!

അലക്കി വിരിച്ച നനഞ്ഞ തുണികള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ ക്ലാസ് മുറികളിലേക്ക് നടന്നു. ഡെസ്‌ക്കുകള്‍ അടുക്കിവച്ചാണ് അവര്‍ കിടക്കുന്നത്. കയ്യില്‍ കിട്ടിയതുംകൊണ്ട് ഇറങ്ങിയതാവണം, വീട്ടുസാധനങ്ങള്‍ തീരെ കുറവാണ്. ഓരോ മുറിയിലും കത്തിച്ചുവെച്ച മെഴുകുതിരികളുടെ  മങ്ങിയ  വെളിച്ചം മാത്രം. ഉള്ളിലെ തീകൊണ്ടാകാം മഴയത്തും അവര്‍ നല്ലവണ്ണം വിയര്‍ക്കുന്നുണ്ടായിരുന്നു. ഒരു കൂട്ടര്‍ പ്രാര്‍ത്ഥനയിലാണ്. കലണ്ടറില്‍ നിന്ന് കീറി എടുത്ത ഒരു ദൈവചിത്രം ഭിത്തിയില്‍ ഒട്ടിച്ചിട്ടുണ്ട്  അതിനടുത്തായി   നവാഗതര്‍ക്ക് സ്വാഗതം എന്ന് എഴുതിയ ഒരു പഴയ ചാര്‍ട്ട് കാറ്റില്‍ ആടുന്നുണ്ട്. 

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് വരെ ഇവര്‍ കേരളത്തിന്റെ സൈന്യം ആയിരുന്നു. കേരളത്തെ മുക്കാന്‍ മൂക്കോളം വെള്ളം വന്നപ്പോള്‍ ഈ മല്‍സ്യത്തൊഴിലാളികളേ ഉണ്ടായിരുന്നുള്ളു നമ്മളെ കരകയറ്റാന്‍. എന്നാല്‍ ഇന്ന് അവര്‍ അഭയാര്‍ത്ഥികളായി, ഏതോ ക്ലാസ്മുറിയില്‍ യാതനകള്‍ സഹിച്ചു കഴിയുന്നു. ഒരു നേതാക്കളും അവരെ കാണുന്നില്ല. ഒരു പാര്‍ട്ടിയും അവര്‍ക്കായി പറയുന്നില്ല. ഒരു സംഘടനയും അവര്‍ക്കായി ആഹ്വാനങ്ങള്‍ ചെയ്യുന്നില്ല. അവര്‍ക്കായി, സോഷ്യല്‍ മീഡിയ ഹാഷ്ടഗുകളില്ല. സമൂഹവും ഭരണകൂടവും സൗകര്യപൂര്‍വം അവരെ മറക്കുകയാണ്. 

.........................................................................................................................................................................

വീട്ടുസാധനങ്ങള്‍ തീരെ കുറവാണ്. ഓരോ മുറിയിലും കത്തിച്ചുവെച്ച മെഴുകുതിരികളുടെ  മങ്ങിയ  വെളിച്ചം മാത്രം.

ഷൂട്ട് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരു പ്രായമായ സ്ത്രീ ഞങ്ങളോട് ചോദിച്ചു- 'എല്ലാ കൊല്ലവും ഇങ്ങള് വന്ന് ഞങ്ങടെ പടം പിടിച്ചോണ്ട് പോകും, എന്നിട്ട് ഞങ്ങക്ക് എന്തര് ഗുണം മക്കളെ'-ഇത് തന്നെയാണ് ഞാനും ആലോചിച്ചിരുന്നത്. പക്ഷെ അവരോട് അത് പറയാന്‍ തോന്നിയില്ല. കാരണം ഞാന്‍ തോളില്‍ തൂക്കിയ ക്യാമറയും  മുന്നിലേക്ക് നീട്ടിയ മൈക്കും അവര്‍ക്ക്  ഒരു പാട് പ്രതീക്ഷ നല്‍കുന്നുണ്ട്. ഞാനായി അത് കെടുത്തുന്നില്ല. 

മഴ അല്‍പ്പമൊന്ന് കുറഞ്ഞു. കെട്ടിക്കിടന്ന ചെളിവെള്ളത്തിലൂടെ ഞങ്ങളുടെ വണ്ടി പുറത്തേക്ക് നീങ്ങി. വിരുന്നുകാരെ യാത്രയാക്കുന്നപോലെ കുറച്ചുപേര്‍ സ്‌കൂളിന്റെ പടിയില്‍  നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍  ഇനിയും വരും, ഇനിയും പടമെടുക്കും,  വാര്‍ത്ത കൊടുക്കും. കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരുടെ കണ്ണുകള്‍ അതു കാണണമെന്നില്ല. എങ്കിലും അവര്‍ കണ്ണുതുറക്കുംവരെ ഇതുതന്നെ പറയാതെ വയ്യ. 

 

ഈ മാസം 14ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട്


 

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്

click me!