കരുതലോടെ ഇടപെടണം, ലക്ഷക്കണക്കിന് മലയാളികളുടെ അഭയസ്ഥാനമാണ് ഗള്‍ഫ്!

By Biju S  |  First Published Jun 15, 2022, 2:57 PM IST

ആഗോളവല്‍കരണ കാലത്ത് ലോകമൊട്ടാകെയുള്ള രാജ്യങ്ങള്‍ പരസ്പരം ബന്ധിതമാണിന്ന്. പ്രവാസം ശീലമാക്കി കഴിഞ്ഞ നമ്മള്‍ മലയാളികള്‍ക്ക് ലോകത്തെ ഏതു കോണിലെ ചെറു ചലനങ്ങള്‍ പോലും കടുത്ത പ്രത്യാഘാതമുണ്ടാക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് ഇന്ത്യയില്‍നിന്നാണ്. വിദേശ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏതാണ്ട് മൂന്ന് കോടി 20 ലക്ഷം പ്രവാസികളുണ്ട്. 


സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും നേരേ ആരോപണം ഉയര്‍ന്നത് കേരളത്തെ ഇളക്കി മറിക്കുകയാണ്. കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികള്‍ വരെ പങ്കാളികളെന്നാണ് അവിടത്തെ മുന്‍ ജീവനക്കാരി  സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചത്. എന്നാല്‍ പരല്‍ മീനുകള്‍ പിടിയില്‍ വീഴുമെങ്കിലും വമ്പന്‍ സ്രാവുകള്‍ ഇത്തരം കേസുകളില്‍ രക്ഷപ്പെടാറാണ് പതിവ്. 

നമ്മുടെ നാടും അറബ് രാജ്യങ്ങളും തമ്മില്‍ ഒരു കടലകലമേയുള്ളു. അതിനാലാണ് പത്തേമാരി കേറി അറബികള്‍ വ്യാപാരത്തിനായി നമ്മുടെ നാട്ടിലേക്കും നമ്മള്‍ തൊഴിലിനായി അങ്ങോട്ടും സഞ്ചരിച്ചിരുന്നത്. ആ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്ലാം മതം അറേബ്യയില്‍ വരുന്നതിനും മുമ്പ് തന്നെയുള്ള ബന്ധമാണത്. 

Latest Videos

undefined

 

വിവാദങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍

സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും ഒരിടവേളക്ക് ശേഷം സജീവമാകുകയാണ്.  പുതിയ ചേരുവകളായി ബിരിയാണി ചെമ്പും വിമാന പ്രതിഷേധവും ജയരാജന്റെ പേശീബലവുമൊക്കെ വന്നു എന്നേയുള്ളു. അതു പേലെ തന്നെ ശ്രദ്ധേയമായ സംഭവമാണ് പ്രവാചക നിന്ദ നടത്തിയെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കളായ നൂപൂര്‍ ശര്‍മ്മയടക്കമുള്ളവര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളും. കാശിയിലും മധുരയിലും തുടങ്ങി പലയിടത്തും മസ്ജിദുകള്‍ ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്ന ആരോപണവുമായി മുന്നേറി വരുകയാണ് സംഘപരിവാര്‍ നേതാക്കള്‍. എന്നാല്‍ ഈ രണ്ട് സംഭവങ്ങളിലും ബന്ധപ്പെട്ടവര്‍ക്ക്  കാര്യങ്ങള്‍ തണുപ്പിക്കേണ്ടി വന്നു. എല്ലാ പള്ളികളുടെ അടിയിലും ശിവലിംഗമുണ്ടോ എന്ന് പരതേണ്ടെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു തന്നെ പ്രസ്താവനയിറക്കേണ്ടി വന്നു. ലോകമൊട്ടാകെ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നത് കേന്ദ്ര സര്‍ക്കാറിനും ഭരണകക്ഷിക്കും  ഭീഷണിയായി എന്നത് നേരാണ്.  സ്വര്‍ണ്ണക്കടത്ത് കേസിലായാലും, മതവിദ്വേഷ കേസിലായാലും കാര്യങ്ങളെ നിയന്ത്രിക്കുന്ന മറ്റു ചില ഘടകങ്ങളുണ്ട്. 


പരസ്പര സഹകരണത്തിന്റെ നൂറ്റാണ്ടുകള്‍

ഇന്ത്യയും അറബ് നാടുകളും പല കാര്യങ്ങളിലും പരസ്പരം ആശ്രയിച്ചു കഴിയുന്നത് തന്നെ കാര്യം. നമ്മുടെ നല്ലൊരു ശതമാനം ആള്‍ക്കാര്‍ ഗള്‍ഫ് നാടുകളിലാണ് പണിയെടുക്കുന്നത്. അറബികളെ സംബന്ധിച്ചടത്തോളം അവരുടെ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ നമ്മളാണ്. ആഗോളവല്‍കരണ കാലത്ത് ലോകമൊട്ടാകെയുള്ള രാജ്യങ്ങള്‍ പരസ്പരം ബന്ധിതമാണിന്ന്. പ്രവാസം ശീലമാക്കി കഴിഞ്ഞ നമ്മള്‍ മലയാളികള്‍ക്ക് ലോകത്തെ ഏതു കോണിലെ ചെറു ചലനങ്ങള്‍ പോലും കടുത്ത പ്രത്യാഘാതമുണ്ടാക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് ഇന്ത്യയില്‍നിന്നാണ്. വിദേശ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏതാണ്ട് മൂന്ന് കോടി 20 ലക്ഷം പ്രവാസികളുണ്ട്. 

നമ്മള്‍ മലയാളികളില്‍ ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന ബന്ധുക്കളോ പരിചയക്കാരോ  ഇല്ലാത്തവര്‍ ആരുമുണ്ടാവില്ല. ഇതില്‍ ഏറ്റവും അധികം പേര്‍ പണിയെടുക്കുന്നത് ദുബൈയും അബുദാബിയും ഷാര്‍ജയും ഒക്കെ അടങ്ങുന്ന യു.എ.ഇയിലായിരിക്കും. 34 ലക്ഷത്തിലേറെ പ്രവാസികളാണ് അവിടെയുള്ളത്.  ഇത് ഇന്ത്യയില്‍ നിന്നുള്ള   ആകെ പ്രവാസികളികളുടെ 10 ശതമാനത്തിലേറെ വരും. അതിനാല്‍ തന്നെ അവിടം നമ്മള്‍ക്ക് രണ്ടാം വീടാണ്. പണിയും കച്ചവടത്തിനുമപ്പുറം മലയാളിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ സ്വന്തം വീട് പോലെ തന്നെയാണ്. 

അറേബ്യയിലെ  വലിയ രാജ്യമായ  സൗദി അറേബ്യയിലാണ് ഗള്‍ഫിലെ രണ്ടാമത്തെ വലിയ ഇന്ത്യന്‍ സമൂഹമുള്ളത്. 25 ലക്ഷത്തിലേറെ വരും സൗദിയിലെ ഇന്ത്യന്‍ സമൂഹം. ആകെ പ്രവാസികളിലെ എട്ട്  ശതമാനത്തിലേറെയാണിത്. സ്വദേശിവത്കരണവും  നിയന്ത്രണങ്ങളുമുണ്ടെങ്കിലും മലയാളികളുടെ ഇഷ്ട പറുദീസയായി സൗദിയും തുടരുന്നു.  സൗദി കഴിഞ്ഞാല്‍ പിന്നെ കുവൈത്തിലാണ് ഇന്ത്യന്‍ സമൂഹം  കൂടുതലുള്ളത്. വലിയ രാജ്യമൊന്നുമല്ല കുവൈത്ത്. 10 ലക്ഷത്തിലേറെ വരും അവിടത്തെ പ്രവാസ സമൂഹം.  ഇറാഖ് അധിനിവേശമുണ്ടായപ്പോള്‍ ഇന്ത്യക്കാരെ  കൂട്ടമായി ഒഴിപ്പിച്ചെങ്കിലും നമ്മള്‍ വീണ്ടും അങ്ങോട്ട് ചേക്കേറി.  

ഒമാനില്‍ 7 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്. മുന്‍പേ നമ്മുടെ പ്രവാസ പട്ടികയിലുള്ള ഈ രാജ്യത്തും ധാരാളം മലയാളികളുണ്ട്. മണലാരണ്യത്തിലെ പച്ച തുരുത്തായ സലാല പോലുള്ള പ്രദേശങ്ങള്‍  മലയാളികളുടെ ഇഷ്ട ദേശങ്ങളാണ്. അടുത്തകാലത്തായി കരുത്തരായ  ഖത്തറിലും 7 ലക്ഷത്തിലേറെ മലയാളികളുണ്ട്. മൂന്ന് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പണിയെടുക്കുന്ന ബഹറൈനും നമുക്ക് വിലപ്പെട്ടതാണ്. പ്രവാസി ഇന്ത്യക്കാര്‍ കുറവാണെങ്കിലും ശ്രദ്ധേയമായ ഇന്ത്യന്‍ താത്പര്യങ്ങളുള്ള രാജ്യമാണ് ഇറാന്‍. സുന്നി ഭൂരിപക്ഷമുള്ള ഗള്‍ഫിലെ ഷിയാ തുരുത്താണ് ഇറാന്‍. രാഷ്ട്രീയ കാരണങ്ങളാല്‍  മറ്റ് അറബി നാടുകളുമായും  പാശ്ചാത്യ രാജ്യങ്ങളുമായും എന്നും കലഹത്തിലാണവര്‍. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം  ഈ മേഖലയിലെ  നിര്‍ണ്ണായക ശക്തിയാണ് ഇറാന്‍. അവരുടെ തുറമുഖങ്ങള്‍ നമുക്ക് പശ്ചിമേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള കവാടമാണ്. 


സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ഘടകം

നമ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നത് ഈ പ്രവാസ സമൂഹത്തിന്റെ കരുത്താലാണ്. വലിയ വ്യവസായങ്ങളൊന്നുമില്ലാത്ത കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചാണ്  നിലനില്‍ക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ പോകുന്നത് അവിടെ ചേക്കേറാന്‍ ആഗ്രഹിച്ചാണ്. കിട്ടുന്നത് അവിടെ തന്നെ അവര്‍ ചെലവഴിക്കുന്നു.  എന്നാല്‍ ഗള്‍ഫില്‍ സ്ഥിരം കുടിയേറ്റം  സാധ്യമല്ലാത്തതിനാല്‍ അവിടത്തെ നമ്മുടെ ലക്ഷ്യം സമ്പാദ്യമാണ്. ഇന്ത്യയിലേക്ക്  വിദേശനാണ്യം എത്തുന്നത് സ്വാഭാവികമായും ഈ മണലാരണ്യങ്ങളില്‍ നിന്നാണ്. 

എണ്ണയില്ലാത്ത ദുബൈയ്ക്ക് കച്ചവടമാണ് വഴി.  നമുക്ക് ഏറ്റവും അധികം പണം വരുന്നത്  അബുദാബിയും ദൂബായും അടങ്ങുന്ന യു.എ. ഇ-യില്‍ നിന്നാണ്. 2017-ലെ കണക്ക് പ്രകാരം 13.8 ശതകോടി ഡോളര്‍ വരും ഇത്. അതായത് നമ്മുടെ വിദേശനാണ്യത്തിന്റെ  20 ശതമാനം അഥവാ അഞ്ചിലൊന്ന് വരുന്നത് യു.എ.ഇയില്‍    നിന്നാണ്. തൊട്ടു പിന്നില്‍ സൗദി അറേബ്യ. 11.2 ശതകോടി ഡോളര്‍ അഥവാ 16.3 ശതമാനം. അടുത്ത കാലം വരെ അവിടെ പണം ചെലവഴിക്കാനുള്ള അവസ്ഥ കുറവായതിനാല്‍ അവിടത്തെ മണലാരണ്യങ്ങളിലെ വിഴര്‍പ്പൊഴുക്കല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കും വിധം ഇങ്ങോട്ട് തന്നെ വന്നിരുന്നു. അടുത്തതായി കുവെത്താണ് . 4.6 ശതകോടി ഡോളര്‍. അനുപാത കണക്കില്‍ 6.6 ശതമാനം വരും. പിന്നാലെ ഖത്തര്‍. 4.1 കോടി ഡോളര്‍. കണക്ക്  നോക്കിയാല്‍  6.2 ശതമാനം വരും. ഒമാനില്‍ നിന്നും  മോശമില്ലാത്ത പണം ഇങ്ങോട്ട് വരുന്നുണ്ട്.  3.3 ശതകോടി ഡോളര്‍. ബഹറിനും തങ്ങള്‍ക്കാവും വിധം പണം പങ്കിടുന്നു, 1.3 ശതകോടി ഡോളര്‍ വരുമിത്.  


ഊര്‍ജസ്രോതസ്സ് 

ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍  ചലിപ്പിക്കുന്നതില്‍ ഊര്‍ജം പകരുന്നതും ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ. നമ്മുടെ ഇന്ധന ആവശ്യത്തിന്റെ ഏതാണ്ട്  40 ശതമാനവും നിറവേറ്റുന്നത് ഇവരാണ്. ധാരാളം എണ്ണയും അത് ചൂഷണം ചെയ്യാനുള്ള സംവിധാനങ്ങളുമുള്ള സൗദി തന്നെയാണ് ഇതില്‍ മുമ്പില്‍. നമുക്ക്  ഏറ്റവും അധികം ഇന്ധനം തരുന്ന  ലോകത്തെ രണ്ടാമത്തെ രാജ്യമാണ് സൗദി. ഏതാണ്ട് 14 ശതമാനം. അതു കഴിഞ്ഞാല്‍ യു.എ. ഇയാണ്. നമ്മുടെ ഊര്‍ജാവശ്യത്തിന്റെ ഒമ്പതര ശതമാനം അവരാണ് നല്‍കുന്നത്. ദുബൈക്ക് എണ്ണയില്ലെങ്കിലും അബുദാബിയടക്കം മറ്റുള്ളവര്‍ കാര്യമായി നമുക്ക് എണ്ണ തരുന്നുണ്ട്.  ഖത്തറിനും കുവൈറ്റിനും എണ്ണ വിതരണത്തില്‍ കാര്യമായ പങ്കുണ്ട്. ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ 5.7 ശതമാനം ഖത്തറിന്റതാണ്. കുവൈത്താകട്ടെ 4.3 ശതമാനവും പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇറാന്റെതാണ്.. കഴിഞ്ഞ 4 വര്‍ഷത്തിലെ ശരാശരി നോക്കിയാല്‍ 3.6 ശതമാനം സംഭാവന അവരുടെതാണ്. അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടും നാം ഇറാനില്‍ നിന്ന് ധാരാളം എണ്ണ വാങ്ങി.  നമ്മുടെ പത്താമത്തെ വലിയ ഇന്ധന ദാതാവാണ് ഇറാന്‍.

പെട്രോളിയം വ്യാപാരം സങ്കീര്‍ണ്ണമാണ്. ലോകത്തെ പല കാര്യങ്ങളെയും ആശ്രയിച്ചാണ് അതിരിക്കുന്നത്. രാഷ്ട്രീയവും മതവുമൊക്കെ അതില്‍ നിര്‍ണ്ണായക ഘടകങ്ങളാണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക് മുതല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് നേഷന്‍സ് വരെ ഇതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. ഇതിനുപരി സാധാരണ സമവാക്യങ്ങള്‍ക്കപ്പുറമുള്ള വാണിജ്യ ഇടപാടുകളുമുണ്ട്. കപ്പലുകളില്‍ ഓട്ടോമാറ്റിക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എന്നൊരു സമ്പ്രദായമുണ്ട്. കപ്പലുകളുടെ ഓരോ ചലനവും അതിലെ ട്രാന്‍സ്‌പോണ്ടര്‍ രേഖപ്പെടുത്തി കൊണ്ടേയിരിക്കും. എന്നാല്‍ ഉപരോധവും മറ്റും വരുമ്പോള്‍  എണ്ണക്കടത്തിനായി കപ്പലുകള്‍ ഡാര്‍ക്ക് മോഡില്‍ സഞ്ചരിക്കാറുണ്ട്. അതായത് കടലില്‍ ഗതി നിര്‍ണ്ണയം നടത്തുന്ന ഉപഗ്രഹത്തെിലെ ട്രാന്‍സ്‌പോണ്ടറുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഈ കപ്പലുകള്‍ സഞ്ചരിക്കുക. ഇങ്ങനെ ചെയ്യുന്നത്  ഡാറ്റാ ബേസില്‍  ആ വിവരം  മറച്ച വയ്ക്കുകയും മറ്റ് രാജ്യങ്ങള്‍ അറിയാതിരിക്കാനുമാണ്.  

ഇതിനെല്ലാമുപരി നമ്മളും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ പരസ്പര ബന്ധിതമായ വ്യാപാര ഇടപാടുകളുണ്ട്. അവയുടെ എണ്ണയും നമ്മുടെ ഭക്ഷവസ്തുക്കളും മറ്റ് ദൈനംദിന വസ്തുക്കളും  ഒക്കെ പരസ്പരം കച്ചവടം ചെയ്യുന്നു. യു.എ.ഇ തന്നെയാണ് പ്രധാന പങ്കാളി. 2017-നും 2021-നുമിടയില്‍ 200 രാജ്യങ്ങളിലെ കണക്കെടുത്താല്‍ യു.എ. ഇയാണ് ഇന്ത്യയുടെ  മൂന്നാമത്തെ വലിയ വ്യപാര പങ്കാളി. ഇറക്കുമതിയും കയറ്റുമതിയും ഇതില്‍ പരിഗണനാ ഘടകങ്ങളാണ്. ആകെ കച്ചവടത്തിന്റെ 7 ശതമാനം വരുമിത്. വ്യാപാരത്തില്‍ തൊട്ടടുത്താണ് സൗദി. അതായത് നാലാം സ്ഥാനത്ത്. ഇന്ത്യയുടെ ആകെ വ്യാപാര ഇടപാടില്‍ 3.8 ശതമാനവും സൗദിയുമായാണ്. ഖത്തറിനും കുവൈത്തിനും ഇറാനും ഒമാനും നല്ല പങ്കാളിത്തമുണ്ട്. .

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും അങ്ങനെയങ്ങ് പിണങ്ങാന്‍ സാധിക്കാത്ത പല ഘടകങ്ങളുമുണ്ട്. പിണക്കം രണ്ട് കൂട്ടര്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കുക. ഇടയില്‍ ഒരറബി കടലുണ്ടെങ്കിലും നമ്മള്‍ അയല്‍ രാജ്യങ്ങളാണ്.
 

click me!