ഈ നിമിഷവും മനോഹരമാണ്, ലോകത്തെ മുഴുവന്‍ പ്രണയിക്കാന്‍ തോന്നുംവിധം മനോഹരം!

By Theresa Joseph  |  First Published Sep 20, 2022, 4:14 PM IST

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് സ്പര്‍ശം


പതിയെ ഞാനവളുടെ കൈവിരലുകളില്‍ തൊട്ടു. പിന്നെ വിരലുകള്‍ അമര്‍ത്തിപ്പിടിച്ച് അരികിലിരുന്നു. സ്വതന്ത്രമായ ഒരു കൈ കൊണ്ട് അവള്‍ എന്റെ മുഖത്തും കൈകളിലുമൊക്കെ പരതി. കഴുത്തില്‍ കിടന്ന സ്റ്റെതസ്‌കോപ്പില്‍ സ്പര്‍ശിച്ചപ്പോള്‍ ഹോസ്പിറ്റല്‍ റൂമില്‍ ആണെന്നൊരു തിരിച്ചറിവ് വന്നാവണം അവള്‍ മെല്ലെ ചിരിച്ചു. ഒടുവില്‍ കൈകള്‍ പരസ്പരം കൊരുത്ത് അങ്ങനെയിരിക്കുമ്പോള്‍ അവള്‍ ശാന്തയായി.

 

Latest Videos

undefined

 

ഈ അക്ഷരങ്ങള്‍ കുറിച്ചു തുടങ്ങുമ്പോള്‍ എന്റെ മുന്നില്‍ മുഖമില്ലാത്ത ഏതോ ഒരാളാണ്.  ആരെങ്കിലും ഒരാള്‍ ഈ വരികളിലൂടെ ഒരു യാത്ര പോവുമെന്നും അയാളുടെ മനസ്സില്‍ വെളിച്ചത്തിന്റെ ഒരു പൊട്ട് തെളിയുമെന്നും ഞാനാശിക്കുന്നു. 

കുറേ നാളുകളായി കറുത്തൊരു കാടിനെ ഓര്‍മ്മിപ്പിക്കും പോലെ അസാധാരണത്വവും അനിശ്ചിതത്വവും നിറഞ്ഞൊരു ലോകമായിരുന്നു ചുറ്റിലും. രാവിലെ ഉണരുന്നതു തന്നെ കൊവിഡ് വാര്‍ത്തകളിലൂടെയുള്ള തിരച്ചിലിലേക്കായിരുന്നു. മരണവും കണ്ണീരുമല്ലാതെ ഒന്നും കാണില്ലെന്ന് അത്രമേല്‍ ഉറപ്പായിട്ടും, ആധിപൂണ്ടൊരു മനസ്സിന്റെ വേവലാതിയില്‍ മുന്നിലെ സ്‌ക്രീനില്‍ കാണുന്ന അക്ഷരങ്ങളില്‍ കണ്ണുറപ്പിച്ച്, എവിടെയൊക്കെയോ കരയുന്നവരുടെ നോവില്‍ മനസ്സ് പുളഞ്ഞ് കടന്നു പോയ ദിവസങ്ങള്‍. പ്രശസ്തരും അപ്രശസ്തരും, വൃദ്ധരും യുവജനങ്ങളും അങ്ങനെ എല്ലാ മേഖലകളിലും നിന്നുള്ളവര്‍ മരണത്തിന് കീഴ്‌പ്പെട്ട്‌പോകുന്നു. മരണനൂലില്‍ കോര്‍ത്ത മുത്തുകളായി എത്രയോ പ്രിയ മുഖങ്ങള്‍! 'ഇനിയെന്ത്' എന്നൊരുആകുലതയിലേക്ക് കനപ്പെട്ട ജീവിതം. 

മുറുകി നില്‍ക്കുന്ന മനസ്സുമായാണ് അന്ന് ജോലിക്ക് ചെന്നത്. ന്യൂഡല്‍ഹിയില്‍ ഒരു ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് ദഹിപ്പിക്കുന്ന വാര്‍ത്ത ടിവിയില്‍ തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നു. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇന്ത്യയിലേക്കാണെന്ന് തോന്നിക്കും വിധമായിരുന്നു വാര്‍ത്തകള്‍. പല രാജ്യങ്ങളില്‍ വേരുകളുള്ള കൂട്ടുകാരൊക്കെയും ഇന്ത്യയിലെ വാര്‍ത്തകള്‍ കണ്ട് എന്നെ ആശ്വസിപ്പിച്ചു. ഒരു വെക്കേഷന്‍ ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നെന്ന് അവര്‍ക്കറിയാം. ഇറുകെ ഒന്ന് ചേര്‍ത്ത് പിടിച്ച് ''സാരമില്ല, ഇത് കഴിയട്ടെ. ഇപ്പോള്‍ പോയാല്‍ സേഫ് ആവില്ല'' എന്നൊരാള്‍ പറഞ്ഞതും എനിക്കൊരു കരച്ചില്‍ ഇരച്ചു വന്നു. അതിനെ മറയ്ക്കാന്‍ മുന്നിലെ ചോക്ലേറ്റ് ബോക്‌സില്‍ നിന്ന് ഒരു കിറ്റ്കാറ്റ് എടുത്ത് ഞാന്‍ തിരിഞ്ഞു നടന്നു. 

ഒരു മാറ്റം സാധ്യമായിരുന്നെങ്കില്‍! അകംപുറം വെന്തു നീറുന്നൊരു പൊള്ളലില്‍ ഉരുകി നില്‍ക്കുന്ന മനുഷ്യര്‍ക്ക് ചെന്നു പറ്റാന്‍ ഒരു തുരുത്തുണ്ടായിരുന്നെങ്കില്‍ എന്ന് അത്രമേല്‍ തീവ്രമായി ആഗ്രഹിച്ചു പോകുന്നസമയമായിരുന്നു അത്. 

ഞാന്‍ മാത്രമല്ല കൂടെയുള്ള പലരും അത് തന്നെ പറഞ്ഞു. ഒടുവില്‍ സങ്കടങ്ങള്‍ പങ്കു വെക്കുന്നതിന്റെ ഇടയിലെങ്ങോ ആരോ പറഞ്ഞ തീരെ വില കുറഞ്ഞ ഒരു തമാശയില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.  ആ ഒരു പൊട്ടിച്ചിരിയിലൂടെ ഉടലും മനസ്സും ഒന്നാകെ ഉണര്‍ന്നു പോയി. എന്തിനെന്നറിയാതെ ഞങ്ങള്‍ ഒരുമിച്ച് ചിരിച്ചു. വേദനയ്ക്കുള്ള മരുന്നിനായി വിളിക്കുന്ന ഒരു രോഗിയോട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രാത്രിയില്‍ ജോലിയുണ്ടായിരുന്നവരും ചിരിക്കൂട്ടത്തില്‍ ഹാജരായി. 

ആരെയൊക്കെയൊ ഞങ്ങള്‍ കളിയാക്കി. ഒപ്പമുണ്ടായിരുന്ന പാകിസ്താനി ഡോക്ടറോട് 'കണ്ടോ, ക്രിക്കറ്റില്‍ ഞങ്ങള്‍ നിങ്ങളെ തോല്‍പ്പിച്ചു. ഇപ്പോള്‍ കൊറോണയുടെ കാര്യത്തിലും ഇന്ത്യക്കാരാണ് മുമ്പി'ലെന്നു വെറുതെവാശി പിടിപ്പിച്ചു. താടി നരച്ച ആ പാവം വൃദ്ധനിലേയ്ക്കും ഞങ്ങളുടെ ചിരിയുടെ അലകള്‍ ഒഴുകിയെത്തി. ആ ഒരു ചിരി അത്രമേല്‍ ആവശ്യമായിരുന്ന ഒരു നേരമായിരുന്നു അത്. 

ചിരിയുടെ ഒന്നാം ഭാഗത്തിന് തിരശ്ശീലയിട്ട് കൊണ്ട്, പൊടുന്നനെ ചാര്‍ജ് നഴ്‌സിന്റെ പേജര്‍ ശബ്ദമുണ്ടാക്കി. രോഗികളുടെ വരവ് ആരംഭിച്ചിരിക്കുന്നു. ഇനിയും പൊട്ടിത്തീരാത്ത ചിരിക്കുമിളകള്‍ പലരിലേക്ക് പറത്തിവിട്ട്, കീകൊടുത്ത പാവകള്‍ ചലിക്കും പോലെ എല്ലാവരും അവരവരുടെ പണികളിലേക്ക് തിരിഞ്ഞു. 

പിന്നെ ഒന്നും ആലോചിക്കാന്‍ സമയമില്ലായിരുന്നു. ഒന്നിന് പുറകേ ഒന്നായി തിരക്കുകള്‍ വന്ന് കൊണ്ടേയിരുന്നു. വേദനയ്ക്ക് മരുന്ന് കിട്ടാന്‍ രണ്ടു മിനിട്ട് താമസിച്ചു എന്ന പരാതി, ഓര്‍ഡര്‍ ചെയ്ത ബ്രേക്ഫാസ്റ്റ് അല്ലക ിട്ടിയതെന്ന് മറ്റൊരു പരാതി. പരാതിക്കിടയിലൂടെ മാസ്‌ക് മറച്ചൊരു പുഞ്ചിരിയുമായി നഴ്‌സുമാര്‍ ഓടി നടന്നു. 

ഉച്ചകഴിഞ്ഞ നേരത്താണ് എനിക്കൊരു രോഗിയെ പുതിയതായി കിട്ടുന്നത്. തിരക്കുകള്‍ മിക്കവാറും ഒതുങ്ങിയിരുന്നു. മനസ്സ് മടുത്തിരുന്ന എന്റെ മുന്നിലേക്ക് വന്നത്, കാന്‍സര്‍ ബാധിച്ച് രണ്ടു മാറിടങ്ങളും മുറിച്ചുനീക്കപ്പെട്ട ഒരു നാല്‍പതുകാരിയായിരുന്നു. 

ഇരുള്‍ നിറഞ്ഞ കണ്ണുകള്‍കൊണ്ട് അവര്‍ മുന്നിലെ ശൂന്യതയിലേക്ക് നോക്കിയിരുന്നു. അവര്‍ അന്ധയും മൂകയും ബധിരയുമായിരുന്നു. പതിനെട്ട് വയസ്സ് വരെ ഭാഗികമായി ഉണ്ടായിരുന്ന കാഴ്ച്ച പിന്നീട് പൂര്‍ണ്ണമായി നഷ്ട്ടപ്പെട്ടു. അമ്മയ്ക്ക് ഗര്‍ഭിണി ആയിരുന്നപ്പോള്‍ റുബെല്ല വന്നതിന്റെ പാര്‍ശ്വഫലമായാണ് അവളുടെ കാഴ്ച്ച നഷ്ടപ്പെട്ടത്.

കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയാത്തൊരു രോഗിയെ, അതും സര്‍ജറി കഴിഞ്ഞ ഒരാളെ എങ്ങനെ മാനേജ് ചെയ്യുമെന്നൊരു ചിന്തയില്‍ ഞാനുഴറി. അല്‍പ്പം മുന്‍പ് വരെ അവളുടെ സഹോദരി കൂടെയുണ്ടായിരുന്നു. രാത്രി മുഴുവന്‍ ഉറക്കമിളച്ച അവര്‍ വിശ്രമത്തിനായി വീട്ടിലേക്ക് പോയിരിക്കുകയാണ്. അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ രോഗിയോട് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടത്. പക്ഷേ ഇവര്‍ക്ക് കണ്ണ് കാണാന്‍ കഴിയാത്തത് കൊണ്ട് കയ്യില്‍ എഴുതണം. കയ്യില്‍ വരയ്ക്കുന്ന വരകളില്‍ കൂടിയാണ് എല്ലാ ആശയവിനിമയങ്ങളും. വീട്ടില്‍ പോയ സഹോദരിയെ തിരിച്ചു വിളിച്ച് ഞാന്‍ കാത്തിരുന്നു. 

അനസ്‌തേഷ്യയുടെ പാതിമയക്കത്തിലായിരുന്നു അവള്‍. ശാന്തമായി കിടന്നിരുന്നത് കൊണ്ട് വേദന കാണില്ല എന്നൊരാശ്വാസത്തില്‍ ആ ബെഡിനരികില്‍ ഞാന്‍ നിന്നു. പതിയെ അവള്‍ ഉണര്‍ന്ന് ഞരക്കം പോലെ എന്തൊക്കെയോ സ്വരങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. ആരെയോ സ്പര്‍ശിച്ചറിയാന്‍ എന്നവണ്ണം വായുവില്‍ കൈകള്‍ പരതി. എന്ത് ചെയ്യണം എന്നൊരു നിസ്സഹായത എന്നെ വന്ന് മൂടുംപോലെ. അവള്‍ വേദന ഉണ്ടെങ്കില്‍ മാത്രമേ കരയൂ എന്ന് സഹോദരി പറഞ്ഞത് ഞാനോര്‍മ്മിച്ചു. ഇല്ല, ഇത് കരച്ചിലല്ല. ആരെയോ തിരയുന്നൊരു നേര്‍ത്ത വിളിയാണ്. എന്ത് ചെയ്യണമെന്നറിയാതെ ബെഡില്‍ അവളുടെ അരികില്‍ ഞാനിരുന്നു. ഇനിയെനിക്ക് ഒരേയൊരു ഭാഷയേ അറിയൂ, സ്പര്‍ശനത്തിന്റെ മന്ത്രം. വായുവില്‍ തുഴഞ്ഞുകൊണ്ടിരുന്ന അവളുടെ കൈകളില്‍ ഞാന്‍ തൊട്ടു.

 

 

പതിയെ ഞാനവളുടെ കൈവിരലുകളില്‍ തൊട്ടു. പിന്നെ വിരലുകള്‍ അമര്‍ത്തിപ്പിടിച്ച് അരികിലിരുന്നു. സ്വതന്ത്രമായ ഒരു കൈ കൊണ്ട് അവള്‍ എന്റെ മുഖത്തും കൈകളിലുമൊക്കെ പരതി. കഴുത്തില്‍ കിടന്ന സ്റ്റെതസ്‌കോപ്പില്‍ സ്പര്‍ശിച്ചപ്പോള്‍ ഹോസ്പിറ്റല്‍ റൂമില്‍ ആണെന്നൊരു തിരിച്ചറിവ് വന്നാവണം അവള്‍ മെല്ലെ ചിരിച്ചു. ഒടുവില്‍ കൈകള്‍ പരസ്പരം കൊരുത്ത് അങ്ങനെയിരിക്കുമ്പോള്‍ അവള്‍ ശാന്തയായി. ഞാനവളോട്  സംസാരിച്ചുകൊണ്ടിരുന്നു. ഒരക്ഷരം പോലും കേള്‍ക്കുന്നില്ലെങ്കിലും വെറുതെ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. 'നിന്റെ കഥ ഞാനെഴുതട്ടേ? ചിലപ്പോള്‍ അത് വായിക്കുന്ന ആരെങ്കിലും തങ്ങള്‍ അല്‍പ്പം കൂടി ഭാഗ്യംചെയ്തവരാണെന്ന് തിരിച്ചറിഞ്ഞാലോ!' അവരുടെ വിരലുകള്‍ അമര്‍ത്തി ഞാന്‍ തിരക്കി. 

ആ വിരല്‍ത്തുമ്പുകളിലൂടെ  അവളുടെ മനസ്സിലേക്ക് ഞാനൊരു കുഞ്ഞു പാലം പണിതു. കാണാന്‍ കഴിയാത്ത അവളുടെ മുന്‍പില്‍ നിറഞ്ഞ കണ്ണുകളുമായി ഞാനിരുന്നു. വേറേ രോഗികള്‍ ആരെങ്കിലും വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ വേണ്ടി അവളുടെ വിരലുകളില്‍ പിടിച്ചിരുന്ന കൈകള്‍ വിടുവിക്കുമ്പോള്‍ അശാന്തമായ ഒരൊഴുക്കില്‍ പെട്ടെന്നവണ്ണം കട്ടിലിലിലാകെ അവള്‍ പരതി. വീണ്ടും കൈ കൊരുക്കുമ്പോള്‍ സുരക്ഷിതത്വ ംതിരിച്ചറിഞ്ഞ് ഒരു ചിരി അവള്‍ എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ചു.

സ്പര്‍ശനത്തിന്റെ മാന്ത്രികതയാണത്. വിരല്‍ത്തുമ്പിലൂടെ ഹൃദയത്തിലേക്ക് നടന്ന് കയറുന്ന മാജിക്. ഒരു സ്പര്‍ശത്തിലൂടെ അലിഞ്ഞ് ഇല്ലാതാകുന്ന ദൂരങ്ങള്‍! തൊടുക എന്നത് അത്രമേല്‍ മനോഹരമായ ഒരുറപ്പാണ്. ഞാനിവിടെയുണ്ട് എന്നൊരുറപ്പ്. ചില കൈവിരലുകള്‍ തലോടുമ്പോള്‍ പൂക്കാതിരിക്കുന്ന ചെടികള്‍ പോലും പൂത്തുലയുന്നത് കണ്ടിട്ടില്ലേ? ഹൃദയത്തിന്റെ ഭാഷയാണ് സ്പര്‍ശം.

ഒരു ഭാഷയുടെയും സഹായമില്ലാതെ അന്ന് വൈകുന്നേരം വരെ ഞങ്ങള്‍ സംസാരിച്ചു. അവള്‍ എന്റെ കയ്യില്‍വരച്ച കുറിയതും നെടിയതും ആയ ഏതോ വരകളെ കോഫി എന്ന് എന്റെ മനസ്സ് വിവര്‍ത്തനം ചെയ്തു. കയ്യില്‍പിടിപ്പിച്ച ചൂട് കാപ്പി തൊട്ടും, മണത്തും, രുചിച്ചും അറിഞ്ഞപ്പോള്‍ പകരമായി അവള്‍ എന്നിലേക്കെറിഞ്ഞ ഒരു ചിരിയില്‍ മനസ്സിലെ ഭാരങ്ങളൊക്കെ അലിഞ്ഞില്ലാതാവുകയായിരുന്നു.

ഈ ലോകം, അതിന്റെ എല്ലാവിധ ശൂന്യതയോടും ഭീകരതയോടും കൂടെ മുന്നില്‍ നില്‍ക്കുമ്പോഴും ഇവിടം ഇനിയും മനോഹരമാണെന്നൊരു തിരിച്ചറിവില്‍ എന്റെ കണ്ണുകള്‍ നനയുന്നുണ്ട്. പരാതി പറയാനുള്ള പഴുതുകളടച്ച്, എന്റെ മുന്‍പില്‍ ജീവനറ്റ കണ്ണുകളും തെളിമയാര്‍ന്നൊരു ചിരിയുമായി ഒരു സ്ത്രീ ഇരിക്കുന്നു. ആഘോഷങ്ങളുടെയും ആര്‍പ്പ് വിളികളുടെയും അലയൊലികള്‍ ഒരിക്കലും കേള്‍ക്കാനിടയില്ലാത്ത ഒരാള്‍ മുന്നിലിരിക്കുമ്പോള്‍, തല്‍ക്കാലത്തേക്ക് എനിക്ക് നഷ്ടമായ കൂടിച്ചേരലുകളെപ്പറ്റി പരിഭവപ്പെടുന്നതെങ്ങനെ! 

അത്രയും നേരം അടുത്തിരുന്ന് ഞാന്‍ തിരിച്ചു പോരുമ്പോള്‍, ഒരു നന്ദിവാക്ക് പറയാന്‍ പോലും സ്വരമില്ലാത്തവളെ ഓര്‍ക്കുമ്പോള്‍ എന്റെ പരാതികള്‍ക്ക് ജീര്‍ണ്ണിച്ചു പോകുകയേ തരമുള്ളു. അതേ ഈ നിമിഷവും മനോഹരമാണ്. ലോകത്തെ മുഴുവൻ പ്രണയിക്കാൻ തോന്നുംവിധം അത്രമേൽ മനോഹരം!

 

 

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഹൃദയം തൊടുന്ന അനുഭവങ്ങള്‍ വായിക്കാം
 

click me!