ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ഒരുമ്മയുടെ ഓര്‍മ്മ
ഞാന്‍ മൂന്ന് മക്കളെയും മാറിമാറി നോക്കി. ഒരാള്‍ വെളുത്ത തൊലിയും സ്വര്‍ണ്ണ മുടിയുമുള്ള അസ്സല്‍ 'മദാമ്മ'. മറ്റ് രണ്ട് പേര്‍ കറുത്ത നിറമുള്ളവര്‍. ഒതുക്കി വെക്കാന്‍ എത്ര ശ്രമിച്ചിട്ടും പിടിതരാതെ ആകാംക്ഷ എന്റെ കണ്ണുകളില്‍ തെളിഞ്ഞു.
undefined
ഒരുമ്മയുടെ ഓര്‍മ്മ എത്ര നാള്‍ മനസ്സിലുണ്ടാവും? ദിവസങ്ങള്‍, മാസങ്ങള്‍, അതോ കാലങ്ങളോ! കവിളില്‍ പതിഞ്ഞൊരുമ്മ പതിനാറ് വര്‍ഷമായി എന്നെ നടത്തുന്നുണ്ട്. മറന്നു പോയ പലതും ഓര്‍മ്മിപ്പിച്ച് ഇനിയും നിനക്ക് നടക്കാനാവും എന്ന് എന്റെ ചെവിയില്‍ മെല്ലെ പതിയുന്നൊരു ശബ്ദം.
അമേരിക്കന്‍ ജീവിതം തുടങ്ങിയ ആദ്യ കാല ദിനങ്ങളിലൊന്നിലാണ് ബാര്‍ബറയെ ഞാന്‍ കാണുന്നത്. ഒരു വൈകുന്നേരം പഞ്ഞി പോലെ നരച്ച തലമുടിയുള്ള ബാര്‍ബറ സ്ട്രച്ചറില്‍ കിടന്ന് 307 എന്ന അവരുടെ മുറിയിലേക്കും പിന്നെ എന്റെ ഹൃദയത്തിലേക്കും കടന്നു വന്നു. മെല്ലിച്ച ദേഹം, കാന്‍സര്‍ നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. ഇനി ചികിത്സ കൊണ്ട് കാര്യമില്ല. വേദനസംഹാരികള്‍ കൊണ്ട് ആശ്വാസം കിട്ടുമെങ്കില്‍ അത് മാത്രം ചെയ്യാം എന്ന് കരുതി അവരെ അഡ്മിറ്റ് ചെയ്തതാണ്. കൂടെ ഒരു മകള്‍ ഉണ്ടായിരുന്നു. അച്ഛനും സഹോദരങ്ങളും അധികം താമസിയാതെ എത്തുമെന്ന് അവര്‍ പറഞ്ഞു.
നഴ്‌സിന്റെ കുപ്പായമണിഞ്ഞ ഞാന്‍ അവരുടെ മുറിയില്‍ പല പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തു. തിരക്കു പിടിച്ച ജോലിക്കിടയില്‍ അവരുടെ അടുത്ത് അല്‍പ്പ സമയം ചിലവഴിക്കണമെന്ന് കരുതിയിട്ട് അതും നടക്കുന്നില്ല. കണ്ണുകളുടെ ചലനത്തിലൂടെ ആരെയോ തിരയുന്നുണ്ട് പാവം. മക്കളെയും ഭര്‍ത്താവിനെയും ആവും. കണ്‍പോളകള്‍ ഇടയ്ക്കിടെ അടഞ്ഞു പോവുന്നു.
അധികം താമസിയാതെ അവരുടെ ഭര്‍ത്താവ് സ്‌കോട്ടും ബാക്കി രണ്ട് മക്കളും എത്തി. ഇനി ഒരു മകന്‍ കൂടിയുണ്ട് അവന്‍ അല്‍പ്പം ദൂരെയാണ് താമസിക്കുന്നത്. വരാന്‍ വൈകിയേക്കും എന്ന് സ്‌കോട്ട് പറഞ്ഞു. ഞാന്‍ മൂന്ന് മക്കളെയും മാറിമാറി നോക്കി. ഒരാള്‍ വെളുത്ത തൊലിയും സ്വര്‍ണ്ണ മുടിയുമുള്ള അസ്സല്‍ 'മദാമ്മ'. മറ്റ് രണ്ട് പേര്‍ കറുത്ത നിറമുള്ളവര്‍. ഒതുക്കി വെക്കാന്‍ എത്ര ശ്രമിച്ചിട്ടും പിടിതരാതെ ആകാംക്ഷ എന്റെ കണ്ണുകളില്‍ തെളിഞ്ഞു. ബാര്‍ബറയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടയില്‍ എന്റെ നോട്ടം തുറിച്ചു നോട്ടമായി രൂപപ്പെടുന്നത് സ്‌കോട്ടിന് മനസ്സിലായി. ഒരു ചിരിയോടെ അയാള്‍ പറഞ്ഞു. ചോദിക്കാന്‍ മടിക്കേണ്ട. നിന്റെ സംശയം എനിക്ക് മനസ്സിലായി. ഇവര്‍ എല്ലാവരും ഞങ്ങളുടെ മക്കളാണ്. ബാര്‍ബറ അവരെ പ്രസവിച്ചില്ല എന്നേയുള്ളു. അവള്‍ ആറ് പ്രാവശ്യം പ്രെഗ്‌നന്റ് ആയതാണ്. പക്ഷേ എല്ലാത്തവണയും അബോര്‍ഷന്‍ ആയി. സ്വന്തമായി കുഞ്ഞുങ്ങളുണ്ടാവില്ല എന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ ദത്തെടുത്തതാണ് ഇവരെയെല്ലാം.
എനിക്ക് അത്ഭുതവും അതോടൊപ്പം അവരോട് ആദരവും തോന്നി. ഒരു നേഴ്‌സ് ആയിരുന്ന ബാര്‍ബറയും പോലീസ് ഓഫീസര്‍ ആയിരുന്ന സ്‌കോട്ടും യാത്ര ഏറെ ഇഷ്ട്ടപ്പെടുന്നവരാണ്. അവര്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. കല്‍ക്കട്ടയില്‍ കുറച്ചു നാള്‍ താമസിച്ചിരുന്നു. ദത്തെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കുഞ്ഞുങ്ങളുടെ നിറമോ ദേശമോ ഒന്നും അവര്‍ നോക്കിയില്ല. അവരില്‍ ഒരാളെ ബാര്‍ബറ ജോലി ചെയ്ത് കൊണ്ടിരുന്ന ആശുപത്രിയില്‍ നിന്നും കിട്ടിയതാണ്. കുഞ്ഞുങ്ങളുടെ ഐസിയുവില്‍ അമ്മ ഉപേക്ഷിച്ച് പോയൊരു കുഞ്ഞ്. പലയിടത്ത് നിന്ന് പല ചുറ്റുപാടുകളില്‍ നിന്ന് വന്ന പല നിറങ്ങളുള്ള അവരൊക്കെയും ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു. വര്‍ണ്ണവ്യത്യാസങ്ങളില്ലാതെ ഒരുമയോടെ അവര്‍ വളര്‍ന്നു. ലോകത്തെ മനോഹരമായ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും അവരെ പഠിപ്പിച്ചു. വര്‍ണ്ണവെറിയുടെയും വംശീയതയുടെയും ചരിത്രം പേറുന്ന ഒരു രാജ്യത്ത് തന്നെ ഇങ്ങനെയൊരു ദത്തെടുപ്പ് നടത്തിയത് എത്രയോ ധീരമായ ഒരു ചുവടു വെയ്പ്പായിരുന്നെന്ന് എന്റെ മനസ്സ് പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളില്‍ പല കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചു. പുതിയൊരു രാജ്യത്ത് ജീവിതം ആദ്യം മുതല്‍ തുടങ്ങുന്നതിന്റെ ആശങ്കകള്‍ ഞാനവരോട് പറഞ്ഞു. 'എല്ലാം ശരിയാകും' ക്ഷീണിച്ച ശബ്ദത്തില്‍ ബാര്‍ബറ പറഞ്ഞു. അവര്‍ കൂടുതല്‍ ക്ഷീണിതയായിക്കൊണ്ടിരുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ സൂപ്പില്‍ അവരുടെ ഭക്ഷണം ഒതുങ്ങി.
കൈ വിടാതെ, ബെഡിനടുത്ത് ഒരു കസേരയിട്ട് എപ്പോഴും അവരുടെ കൈ പിടിച്ച് സ്‌കോട്ട് ഇരുന്നു. ചിലപ്പോഴൊക്കെ വെറുതെ കണ്ണുകളില്‍ നോക്കി, ഒന്ന് ചിരിച്ച് ഞാന്‍ നിന്നെ എത്ര സ്‌നേഹിക്കുന്നു എന്ന് അവരെ ഓര്‍മ്മിപ്പിച്ച് അയാള്‍ ഇരുന്നു. ബാര്‍ബറ തീരെ തളര്‍ന്നിരുന്നു. സംസാരം വളരെ നേര്‍ത്ത സ്വരത്തില്‍. അവരുടെ വാക്കുകള്‍ വറ്റിപ്പോയിരുന്നു.
അധികം താമസിയാതെ അവര്‍ മരിച്ചേക്കുമെന്ന് എനിക്ക് തോന്നി. ഒരുപാട് തിരക്കുണ്ടായിരുന്നിട്ടും പറ്റുന്ന പണികളൊക്കെ മാറ്റി വെച്ച് ഞാനവരുടെ ദേഹം തുടച്ചു വൃത്തിയാക്കി. നല്ല ഒരു ഗൗണ്‍ ഇടുവിച്ചു. മുടി ചീകിയൊതുക്കി. പിന്നെ അലങ്കോലമായിരുന്ന സാധനങ്ങള്‍ അടുക്കി വെച്ചു. ഈ സമയമൊക്കെയും ഞാനവരോട് സംസാരിച്ചു കൊണ്ടിരുന്നു. അവര്‍ ജീവിച്ച ജീവിതത്തെക്കുറിച്ചും അത് എത്ര അര്‍ത്ഥവത്താണെന്നും പറഞ്ഞപ്പോള്‍ അവര്‍ പതിയെ തല കുലുക്കി. പഞ്ഞി പോലെ വെളുത്ത തലമുടിയില്‍ തലോടിക്കൊണ്ട് അവര്‍ എത്ര സുന്ദരിയാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ ഒന്ന് തിളങ്ങി.
ഞാന്‍ ആ വൃദ്ധയുടെ കൈകളില്‍ പിടിച്ചു കൊണ്ട് അടുത്തിരുന്നു. മകന്‍ ഇപ്പോള്‍ വരും എന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ പ്രകാശിച്ചു. അവര്‍ മരിക്കുന്നത് വരെ ഞാനവരോട് സംസാരിച്ചു കൊണ്ടിരുന്നു. ചിലതൊക്കെ അവര്‍ കേട്ടിട്ടുണ്ടാവാം, ചിലതൊക്കെ ഒരിടത്തും സ്പര്‍ശിക്കാതെ പോയിട്ടുണ്ടാവാം. എകദേശം രണ്ടു മണിയോടെ അവര്‍ മരിച്ചു. ഒരു പൂവിതള്‍ പൊഴിഞ്ഞ് വീഴും പോലെ..ഒരു മഴത്തുള്ളി അടര്‍ന്നലിയും പോലെ...നിശബ്ദമായി. അത്രയും ശാന്തമായ ഒരു മരണം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. മരിക്കുമ്പോള്‍ അവര്‍ എന്റെ വിരലുകളില്‍ മുറുകെ പിടിച്ചിരുന്നു.
അവരുടെ ശ്വാസം നിലച്ചതിന് ശേഷമാണ് അകലെയായിരുന്ന മകന് എത്താന്‍ കഴിഞ്ഞത്. ഞാന്‍ അയാളോട് അമ്മയുടെ അവസാന നിമിഷങ്ങളെപ്പറ്റി പറഞ്ഞു. അയാള്‍ പറഞ്ഞു 'തീര്‍ച്ചയായും അമ്മ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മരിക്കുമ്പോള്‍ മക്കളെല്ലാം കൈ പിടിച്ച് അരികില്‍ വേണമെന്നായിരുന്നു. നന്ദി എനിക്ക് വേണ്ടി നിങ്ങള്‍ അത് ചെയ്തതിന്.ദ
അവരെല്ലാവരും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ശാന്തമായി മരിച്ചു കിടക്കുന്ന ആ വൃദ്ധയുടെ കട്ടിലിന് ചുറ്റും ഭര്‍ത്താവും അവര്‍ ജീവിതം കൊടുത്ത മക്കളും നിന്നു. അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ കടന്നു കയറേണ്ട എന്ന് കരുതി പുറത്തേക്ക് നടക്കാനാഞ്ഞ എന്നെ സ്‌കോട്ടിന്റെ കൈകള്‍ പിടിച്ചു നിര്‍ത്തി. നീ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിക്കഴിഞ്ഞു എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ചേര്‍ത്ത് നിര്‍ത്തി. പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ച് നിറകണ്ണുകളുമായി അവര്‍ പ്രാര്‍ത്ഥിച്ചു. ഒപ്പം എന്നെയും അവര്‍ കൂട്ടി. 'ബാര്‍ബറാ we all love you' എന്ന് സ്‌കോട്ട് പറഞ്ഞപ്പോള്‍ എല്ലാവരും കരഞ്ഞു, ഒപ്പം ഞാനും. ആ നിമിഷം ഞാനും അവരുടെ കൂട്ടത്തിലൊരാളായി.
ബാര്‍ബറയുടെ ശരീരം ഫ്യൂണറല്‍ ഹോമിലേക്ക് അയച്ചതിന് ശേഷം അവരൊക്കെയും വീട്ടിലേക്ക് മടങ്ങി. പോകുന്നതിന് മുന്‍പ് സ്‌കോട്ട് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളില്‍ ഉമ്മ വെച്ചു. ആജാനബാഹുവായ അയാള്‍ എന്നെ ചേര്‍ത്ത് പിടിച്ചപ്പോള്‍ എന്റെ കണ്ണുകളില്‍ നനവൂറി. സ്‌കോട്ട് പറഞ്ഞു. 'പുതിയൊരു സ്ഥലത്ത് വേര് പിടിക്കല്‍ എളുപ്പമാവില്ല. എങ്കിലും ശ്രമിക്കുക. നിനക്ക് അത് പറ്റും. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ വളരെ നല്ലവരാണ്'-എന്റെ കൈ പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
'എനിക്ക് ഈ നഴ്സിനെ വേണ്ട' എന്ന് പറഞ്ഞ് എന്റെ തവിട്ട് നിറമുള്ള തൊലിയെ അവജ്ഞയോടെ നോക്കിയ പല മുഖങ്ങളെയും അപ്പോള്‍ ഞാനോര്‍ത്തു. ജീവിതത്തിലെ ഒരു വലിയ നഷ്ടത്തെ നേരിടുന്ന നിമിഷങ്ങളിലും ഈ മനുഷ്യന്‍ വാത്സല്യത്തിന്റെ ഒരു വെള്ളി നൂല്‍ കൊണ്ട് എന്നെ അവരുടെ കുടുംബവുമായി കൊരുത്തു വെച്ചിരിക്കുന്നു. അന്യഥാബോധത്തോടെ പതുങ്ങി നിന്നിരുന്ന എന്റെ ആശങ്കകളെ അയാള്‍ അറിഞ്ഞിരുന്നു. എന്റെ കവിളില്‍ ഉമ്മവെച്ച് കൈകളില്‍ ഒന്ന് കൂടി അമര്‍ത്തിപ്പിടിച്ച് അയാള്‍ നടന്ന് പോയി.
ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ അല്ലെങ്കില്‍ കുറച്ചു ദിവസങ്ങള്‍. ഇത്രയും നേരം കൊണ്ട് ചില മനുഷ്യരും അവരുടെ കുടുംബവും മനസ്സില്‍ കയറിപ്പറ്റും. ഇനി ഞങ്ങളും കൂടി ഇവിടെയുണ്ട് എന്ന് പറയാതെ പറഞ്ഞ് ഒരു കുഞ്ഞു നോവോ ഒരു ചിരിതൂവലോ ഒക്കെയായി ഓര്‍മ്മകളില്‍ സ്ഥിരതാമസമാക്കും. ഇനിയും മുന്നോട്ട് നടക്കാനുള്ള ഊര്‍ജ്ജമായി അവയോരോന്നും ഓര്‍മ്മച്ചെപ്പില്‍ വന്ന് നിറയുന്നു. കണ്ണീരായും കിനാവായും, പ്രതീക്ഷയായും നഷ്ടബോധമായും അവയോരോന്നും ഹൃദയത്തെ തൊടുമ്പോള്‍ ഉള്ളില്‍ ഒരുറവ കിനിയുകയാണ്. ഉറവകള്‍ ചേര്‍ന്ന് ഒരു പുഴയാകുന്നു. പുഴനീരൊഴുക്കില്‍ വ്യഥകളും അശാന്തിയും ഒഴിഞ്ഞു പോകുന്നു.
നിറവും മതവും ജാതിയുമൊക്കെ ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുന്ന നിമിഷങ്ങളില്‍ ഞാനോര്‍ക്കും. ഇല്ല, ഇനിയും നന്മ പൂര്‍ണ്ണമായും വറ്റിപ്പോയിട്ടില്ല. എവിടെയെങ്കിലുമുണ്ടാവും ഇനിയും സ്‌കോട്ടിനെയും ബാര്‍ബറയെയും പോലുള്ള ആളുകള്‍. മതിലുകള്‍ തകര്‍ത്തു കളയാന്‍ കെല്‍പ്പുള്ളവര്‍, മനുഷ്യനെ ചേര്‍ത്ത് പിടിക്കുന്ന നന്മ നിറഞ്ഞവര്‍.
വര്‍ഷങ്ങള്‍ ഇത്രയും കടന്നു പോയി. എന്നിട്ടും അവരുടെ ഓര്‍മ്മകള്‍ക്ക് ജരാനരകളില്ല. ചിലപ്പോള്‍ ഞാനോര്‍ക്കും, നരച്ച മുടിയും ആഴമുള്ള കണ്ണുകളുമുള്ള ആ വൃദ്ധ എന്നെയും കാത്ത് മേഘങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടാവുമെന്ന്. ഞാനെത്തുന്നതും കാത്ത്. പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും വീണ്ടും തുടങ്ങാന്‍. മനസ്സ് ചേര്‍ത്ത് വെച്ച് പറഞ്ഞ കുറേ വാക്കുകളിലൂടെ അവര്‍ എന്റെ ഓര്‍മ്മകളെ അവരുടേതുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ വലക്കണ്ണിയിലെ ഒരു നൂലിഴ. കൈവിരല്‍സ്പര്‍ശത്തില്‍ കൊരുക്കുന്നൊരു പൊന്‍നൂല്. ഓര്‍മ്മയുടെ നിറവില്‍ ഞാനവരുടെ മകളാകുന്നു, സഖിയാകുന്നു.
നടക്കുകയാണ്, ഇനിയും മുന്നോട്ട്. യാത്രയില്‍ ഇനിയും ആരൊക്കെയോ കടന്നു വരും. നക്ഷത്രം പോലെ തിളങ്ങുന്നവര്‍. എന്നെ ഓര്‍മ്മയില്ലേ എന്നൊന്ന് ചിരിച്ച്, ഒരിക്കല്‍ കൂടി കണ്ടിരുന്നെങ്കില്‍ എന്നൊന്ന് നൊന്ത്..നിനക്ക് പറ്റും എന്നോര്‍മ്മിപ്പിച്ച്..
ചുവടുകളില്‍ വെളിച്ചമാകുന്നവര്‍ അരികെയുണ്ടാകും, എന്നും.