അടര്‍ന്ന് വീണ മലയടിവാരം, കുത്തിയൊഴുകുന്ന നദി, കോരിച്ചൊരിയുന്ന മഴ; ഒരു രക്ഷാപ്രവര്‍ത്തനക്കാഴ്ച

By Vipin MuraliFirst Published Jul 23, 2024, 8:13 PM IST
Highlights

കർണാടകയില്‍ എന്‍ എച്ച് 66 ല്‍ കുന്നിടിഞ്ഞ് വീണ് അപകടം നടന്ന ഷിരൂരില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി എഴുതിയ കുറിപ്പ് വായിക്കാം. 


ക്യാമറ നനയാതെ പിടിച്ച കുട പോലും മറിക്കുന്ന കാറ്റ്. അടിച്ചു കേറി വരുന്ന മഴ. എന്‍എച്ച് 66 ന് വേണ്ടി അശാസ്ത്രീയമായി കുന്നിടിച്ചതിനാല്‍ കൊങ്കൺ മലനിരകളുടെ അടിവാരങ്ങളിൽ ഏത് നിമിഷവും അടർന്നു വീഴാവുന്ന മണ്‍തിട്ടകൾ. അങ്കോളയിൽ നിന്ന് ഷിരൂർ എത്തുമ്പോൾ ആയിരക്കണക്കിന് ലോറികൾ നിരനിരയായി നമ്മളെ സ്വാഗതം ചെയ്യും. ഉരുൾപൊട്ടൽ ഉണ്ടായത് മുതൽ കേരളത്തില്‍ നിന്നടക്കമുള്ള ദീര്‍ഘദൂര ലോറി ഡ്രൈവർമാർ ഇവിടെ പെട്ടു കിടക്കുകയാണ്. ഭക്ഷണവും വെള്ളവുമായി പ്രാദേശിക സന്നദ്ധ സംഘടനകളും ഇവിടേയ്ക്ക് എത്തുന്നുണ്ട് അതാണ് ഇവർക്ക് ആകെ ഉള്ള ആശ്വാസം.

കർണാടകയിൽ ആഴ്ചകളായി മഴക്കെടുത്തിയാണ്. ഇതിനകം നിരവധി ആളുകൾ മരണപ്പെട്ടു. നിരവധി വീടുകൾ തകർന്നു. കാണാതായവർ വേറെ. ഏഴ് ദിവസത്തെ അവധിക്ക് ശേഷം ഇന്നാണ് സ്കൂളുകൾ തുറന്നത്. അപകടം നടന്ന ഇടമാകട്ടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർ താമസിക്കുന്ന താഴ്വാരമാണ്. ദേശീയപാതാ വികസനം വന്നപ്പോൾ കൃഷിയിടം നഷ്ടപ്പെട്ടവർ,  പുതിയ പാതയുടെ അരികില്‍ കൂര കെട്ടി  താമസിക്കുന്നവർ, കിലോമീറ്ററുകൾ കാൽനടയായി സഞ്ചാരിക്കുന്ന, ഉടുക്കാൻ നല്ല വസ്ത്രം പോലുമില്ലാത്ത മനുഷ്യരുടെ ഇടം. ഇപ്പോഴും കുന്നുകളിൽ അപകടം കാത്ത് തൂങ്ങി നിൽക്കുന്ന വീടുകൾ കാണാം. 

Latest Videos

അര്‍ജുന്‍ രക്ഷാദൌത്യം; ഏഴ് പകലുകള്‍ കഴിഞ്ഞു പക്ഷേ, ഇന്നും കാണാമറയത്ത്

ചെക്പോസ്റ്റ് വരെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനമുള്ളൂ, മണിക്കൂറുകൾ മഴയത്ത് കാത്തുകെട്ടി കിടന്നാൽ ഇടക്ക് അകത്തേക്ക് നിശ്ചിത സമയത്തേക്ക് മാത്രം പ്രവേശനം ലഭിക്കും. പക്ഷേ, സ്വന്തം റിസ്കിൽ വേണം അകത്തേക്ക് കടക്കാൻ. മൂന്ന് കിലോമീറ്റർ ദൂരം വെട്ടി  മുറിച്ച കണക്കെ മലനിരകൾ കീറി മുറിച്ചാണ് ദേശിയപാതാ നിർമാണം. കിലോമീറ്ററുകളോളം ഉരുള്‍പൊട്ടി ഒഴുകിയ മലയുടെ ദൃശ്യങ്ങൾ കാണാം. ഭയപ്പാടോടുകൂടിയല്ലാതെ ആ വഴി പോകാൻ പറ്റില്ല. മറുവശത്ത് ഇത്രയും ദിവസം കഴിഞ്ഞിട്ടും കലി അടങ്ങാതെ ഒഴുകുന്ന ഗംഗാവാലി നദി. മണ്ണും, മരങ്ങളും, ചത്തു പൊന്തിയ കാലികളും മറ്റനേകം മൃഗ ശരീരങ്ങളും നദിയിലൂടെ ഒഴുകുന്നത് ഇപ്പോളും കാണാം.

ചെക് പോസ്റ്റില്‍ വാഹനങ്ങൾ നിർത്തി, ഏറെ ദൂരം കാൽനടയായി ദുരന്ത ഭൂമിയിലേക്ക് നടക്കണം. ഇടക്ക് മഴ വന്നാൽ കേറി ഇരിക്കാൻ ഒരു കൂര പോലും അവിടെ അവശേഷിച്ചിട്ടില്ല. കൊടും മഴയത്ത് പല ചാനലുകളുടെയും ക്യാമറകൾ ഇതിനകം നനഞ്ഞു കേടായി. സഹപ്രവർത്തകർ അതിന്‍റെ സങ്കടം പലയാവര്‍ത്തി പറയുന്നത് കെട്ടു. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞാണ് ലൈവ് ഉപകരണങ്ങൾ സംരക്ഷിക്കുന്നത്. യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് മലയാള ദൃശ്യമാധ്യമങ്ങളുടെ റിപ്പോർട്ടിംഗ്. മഴ കനത്താൽ ഉടനെ അപകട മുന്നറിയിപ്പ് ലഭിക്കും. അതുവരെ ചുമന്നെത്തിച്ച ക്യാമറയും മറ്റ് ഉപകരണങ്ങളുമായി സുരക്ഷിത ഇടം തേടി അവിടെ നിന്ന് വീണ്ടും പുറത്തേക്ക്. 

അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

മൊബൈൽ ഫോണുകൾക്ക് പോലും കാര്യമായ റേഞ്ച് ലഭിക്കാത്ത ഇടമാണെന്ന് ഓർക്കണം. ചെറുതും വലുതുമായ നൂറു കണക്കിന് ഹോട്ടലുകൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. ലോറി താവളം. ദീർഘ ദൂരം സഞ്ചരിച്ച ലോറികൾ നിർത്തിയിട്ട് വിശ്രമിക്കാനും പാറക്കെട്ടില്‍ നിന്ന് ഊറിവരുന്ന തെളി വെള്ളത്തിൽ കുളിക്കാനും അലക്കാനുമൊക്കെയാണ് വാഹനങ്ങൾ ഇവിടെ നിർത്തുന്നത്. ആ സ്ഥലമാണ് ഇന്ന് മലമുകളില്‍ നിന്നുള്ള ചെമ്മണ്ണ് വീണ് ചളിക്കുളമായി ചുവന്ന് കിടക്കുന്നത്. ദിവസങ്ങളായി രക്ഷാപ്രവർത്തനം നടത്തുന്നവരും മാധ്യമപ്രവർത്തകരും ഇടയ്ക്കിടെ അവിടെയുള്ള മെഡിക്കൽ സംഘങ്ങളുടെ അടുത്തുപോയി മരുന്ന് വാങ്ങുന്നത് കാണാം. മിക്കവരുടെയും കാലുകൾക്ക് ഇതിനകം അണുബാധ ഏറ്റു കഴിഞ്ഞു.  

ആകാശ ദൃശ്യങ്ങൾ പകർത്താനാണ് ഏറെ പെടാപ്പാട്. ഗംഗാവാലി പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലം കാൽനടയായി നടന്നു വേണം അക്കരെ പോകാൻ. ട്രെയിൻ കടന്ന് പോകാത്ത സമയം നോക്കി ഭയപ്പാടോടെ അപ്പുറം കടക്കണം. ഉരുൾപൊട്ടലിൽ വന്നു വീണ മണ്ണ് പുഴയിൽ വീണുണ്ടായ ഓളത്തിൽ നിരവധി വീടുകൾ അവിടങ്ങളിൽ നശിച്ചതായി കാണാം. 12 പേർക്കാണ് പരിക്കേറ്റത്. തിരച്ചിലിനിടെ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്ന്. മണ്ണിടിച്ചിലിൽ കാണാതായ സന്നി ഹനുമന്ത ഗൗഡ എന്ന സ്ത്രീയുടെ മൃതദേഹമാണതെന്ന് തിരിച്ചറിഞ്ഞു.  രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുമ്പോഴും കേരളത്തിൽ നിന്നുള്ള നിരവധി റെസ്ക്യൂ ഗ്രൂപ്പുകൾ ഇവിടെക്ക് ബസ് പിടിച്ച്  ഇപ്പോളും എത്തുന്നുണ്ട്. 

അർജുൻ ദൗത്യം; 'തെരച്ചിലിൽ തൃപ്തരാണ്, അർജുനെ കിട്ടുന്ന വരെ തെരയണം'; സന്നദ്ധ പ്രവർത്തകരോട് നന്ദിയെന്നും കുടുംബം


 

click me!