നീ എവിടെയാണ്: ഷഹനാസ് എം എ എഴുതുന്നു
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്.
ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...
undefined
പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
പ്രക്ഷുബ്ധമായ കടലലകള്‍ പോലെ മനസ് ചാഞ്ചാടുമ്പോഴും, തീരത്തെ മണല്‍ത്തരികളിലും ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കമായ കാലഘട്ടത്തില്‍ നാം പടുത്തുയര്‍ത്തിയ സൗഹൃദം ആയതുകൊണ്ടാവാം, എന്റെ ഉള്ളില്‍ ഇന്നുമത് പൂര്‍ണ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നത്.
ഈ കറുത്ത കാലം, സൗഹൃദങ്ങളെന്നു ലേബലൊട്ടിച്ച്, ആരെയൊക്കെയോ മുന്നിലെത്തിച്ചപ്പോള്‍, അതില്‍ പകുതിയും മുഖപടം അണിഞ്ഞവരാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്, നീ ഒരു തീരാ നഷ്ടമായി ഉള്ളില്‍ കനത്ത് തുടങ്ങിയത്. എനിക്കറിയാം ഞാന്‍ ജീവിക്കുന്ന ഈ പ്രദേശത്തിന്റെ പരിധിയില്‍ തന്നെ നീ ഉണ്ടെന്ന്. ചിലപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ നിന്റെ ഗന്ധം അറിയാറുണ്ട്. ഓടിച്ചെന്ന് അവിടെമാകെ പരതാറുണ്ട് . സത്യത്തില്‍ നീ എവിടെയാണ് പതുങ്ങിയിരിക്കുന്നത് ?
അലസതയുടെ പുതപ്പും പുതച്ചിരിക്കുമ്പോള്‍ വിരല്‍ത്തുമ്പിലെ മഹാപ്രപഞ്ചത്തില്‍ നിന്ന് നമ്മുടെ സഹപാഠികളെ ഏറെക്കുറെ ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു.. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്റെ ഷര്‍ണയെ അറിയില്ലായിരുന്നു. എന്റെ കീബോര്‍ഡില്‍ നിന്റെ പേര് കൊത്തിവെച്ചതു പോലെയാണ്. പലവിധത്തില്‍ ഞാനതില്‍ നിന്റെ പേര് ടൈപ്പ് ചെയ്ത്കൊണ്ടേ ഇരുന്നു. ഈ പുതുയുഗത്തിനു നീ പിടി കൊടുത്തിട്ടില്ല എന്ന ബോധ്യം എന്നെ നിരാശയാക്കുന്നെങ്കിലും നിന്നെയെനിക്ക് കണ്ടുപിടിച്ചല്ലേ പറ്റൂ ഷര്‍ണ..
ചില ഓര്‍മ്മകള്‍ നമ്മുടെ ഉള്ളില്‍ ഒരു ഒളിസങ്കേതം ഉണ്ടാക്കിയെടുക്കും.
പിന്നെ ഇടയ്ക്കിടയ്ക്ക് ആ കനത്ത തോടില്‍ നിന്ന് ആമ തലയിടും പോലെ പുറത്തേക്ക് എത്തിനോക്കും. കൈ നീട്ടി സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഒരു വഴുവഴുപ്പോടെ തെന്നി മാറുകയും ചെയ്യും. നിനക്ക് എത്ര നാള്‍ എന്നില്‍നിന്ന് ഓടിയൊളിക്കാന്‍ കഴിയും ഷര്‍ണ?
നിനക്ക് എത്ര നാള്‍ എന്നില്‍നിന്ന് ഓടിയൊളിക്കാന്‍ കഴിയും ഷര്‍ണ?
നീണ്ടു ചുരുണ്ട മുടിയും, നെറ്റിയില്‍ ഒരു കുഞ്ഞു പൊട്ടും തൊട്ട്, ചന്ദനത്തിന്റെ സുഗന്ധവുമായി, എന്റെ വിശ്വാസമായി എനിക്ക് ചുറ്റും നീയെപ്പോഴുമുണ്ട്. നിന്റെ വിദൂര ഓര്‍മ്മയില്‍ പോലും ഞാനില്ലേ എന്ന് ഞാന്‍ എന്നോട് തന്നെ ഇടയ്ക്കിടെ ചോദിക്കാറുണ്ട്. കാരമുള്ള് ഹൃദയത്തില്‍ തറയ്ക്കും പോലെ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
ഏറെ ചങ്കിടിപ്പോടു കൂടിയാണ് ഞാന്‍ നിന്നെ കാത്തിരിക്കുന്നത്. ഏറ്റുപറയാന്‍ ഒരുപാടുണ്ട് നിന്നോട്. ഒരാളെ നമുക്ക് എത്രമാത്രം വേദനിപ്പിക്കാന്‍ ആവുമെന്ന്, നിന്നെ വേദനിപ്പിച്ചായിരുന്നല്ലോ ഞാന്‍ പഠിച്ചത്. അതും എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്ന നിന്നെ. പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളിലെ ചട്ടമ്പികള്‍ ആയിരുന്നു നമ്മളെങ്കിലും, നിന്റെ മുന്നിലാണ് എന്റെ എല്ലാ ചട്ടമ്പിത്തരവും അരങ്ങേറിയത്. നീയെന്നോട് പിണങ്ങി ഇരുന്നാല്‍, മറ്റുള്ളവരെ കൂട്ടുപിടിച്ച് ഞാന്‍ നിന്നെ പരിഹസിച്ചു , പുച്ഛിച്ചു. ഞാനിന്നും ഓര്‍ക്കുന്നുണ്ട്, നീ എനിക്ക് എഴുതിയ സംഭവബഹുലമായ ആ കത്ത്. ഒരു നീണ്ട കാലത്തെ പിണക്കം പരിഹരിക്കാന്‍ ആ കത്തിന് കഴിഞ്ഞു. ആ കത്തില്‍ നിറയെ നിന്റെ പിണക്കവും പരിഭവവും അതിലേറെ എന്നോടുള്ള സ്‌നേഹവും ആയിരുന്നു. ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് വരെ എഴുതിയിരുന്നല്ലോ അതില്‍. നിനക്ക് ഓര്‍മ്മയുണ്ടോ, അന്ന് അതെന്റെ വീട്ടില്‍ ആരോ എടുത്തു വായിച്ചത്? അതെനിക്ക് കിട്ടിയ പ്രണയലേഖനം ആണെന്ന് പറഞ്ഞു എന്നെ ചോദ്യം ചെയ്തത്? പിന്നെ നീ തന്നെ നേരിട്ട് വീട്ടില്‍ വന്നു പറയേണ്ടി വന്നു, അത് നീയെഴുതിയതാണെന്ന്!
അന്ന് നീ എഴുതിത്തന്ന അക്ഷരങ്ങള്‍ക്ക് ഉണ്ടായിരുന്ന ജീവന്‍ ഇന്ന് എന്റെ ഈ അക്ഷരങ്ങള്‍ക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല. എന്റെ ഈ എഴുത്തു പോലും ഞാന്‍ ടൈപ്പ് ചെയ്യുകയാണ്. പക്ഷേ, ഒന്നെനിക്ക് പറയാന്‍ കഴിയും, ഈ അക്ഷരങ്ങളില്‍ എന്റെ മനസുണ്ട്, എന്റെ സ്‌നേഹമുണ്ട്. എഴുതി എടുക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ജീവനുള്ളത് പോലെയാണ്, നമുക്ക് ചുറ്റിനും നിന്ന് ആ അക്ഷരങ്ങള്‍ സംസാരിക്കുന്നത് പോലെ തോന്നും. അതൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മളൊക്കെ ഇന്നുള്ളത്.
നേരില്‍ കാണുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റാതെ വരുമോ?
കാലത്തിന്റെ കുത്തൊഴുക്കില്‍ വേദനകള്‍ മാത്രം തിരിച്ചു തന്ന ഈ കൂട്ടുകാരിയെ നീ മറന്നുകാണുമെന്ന് സ്വയം വേദനിക്കുമ്പോഴും, സ്‌നേഹം നിറച്ച നിന്റെ ഒരെഴുത്ത് എന്നെങ്കിലും എന്നെത്തേടി വരുമെന്നു ഞാന്‍ ഏറെ പ്രതീക്ഷയോടെ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.
കാലങ്ങള്‍ക്ക് ശേഷം, സൗഹൃദങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നു പറയാന്‍ എനിക്ക് കഴിയില്ല. ഉണ്ടായിട്ടുണ്ട്. എന്നാല്‍ നീ തന്ന സൗഹൃദത്തിന്റെ സ്‌നേഹവും നൈര്‍മല്യവും ഒന്നും എവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് ഈ കാലത്തും എനിക്ക് നിന്റെ സൗഹൃദത്തോട് ഇത്രയേറെ പ്രിയം തോന്നുന്നത്. ഇന്നും 'ആരാണ് നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്ത്' എന്ന് ചോദിച്ചാല്‍ എനിക്കൊരു പേരേ ഈ ലോകത്തോട് വിളിച്ചു പറയാനുള്ളു: അത് 'എന്റെ ഷര്‍ണ' എന്ന് മാത്രമാണ്. എല്ലാവരും ചിലപ്പോള്‍ കളിയാക്കുമായിരിക്കും, കൂടെയില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഇന്നും ആത്മാര്‍ത്ഥ സുഹൃത്ത് ആയി കൂടെയുള്ളത് എന്ന്. പക്ഷേ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും, ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്‌നേഹിച്ച്, നിന്റെ സുഹൃത്താക്കിയ, നിന്നോളം വരില്ല എന്റെ ഒരു സൗഹൃദങ്ങളും. അനുഭവങ്ങളാണ് അതെന്നെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ഞാന്‍ നിന്നെ കാത്തിരിപ്പാണ്, അതുകൊണ്ടു മാത്രം നിനക്ക് വന്നേ പറ്റൂ ഷര്‍ണ..
നിന്നെ കാണുമ്പോള്‍ എനിക്ക് കുറെയേറെ പറയാനുണ്ട്. നിന്റെ മുന്നില്‍ നുണകളുടെ ഒരു കൊട്ടാരം ഞാന്‍ പണിതുയര്‍ത്തിയിട്ടുണ്ടായിരുന്നു. അച്ഛനും അമ്മയും അനിയനുമൊപ്പം എന്റെ മുന്നില്‍ സുഖമായി നീ ജീവിക്കുമ്പോള്‍, തോറ്റു പോവാതിരിക്കാന്‍ ഒരുപാട് കള്ളങ്ങള്‍ ഞാന്‍ പറഞ്ഞു. ഗള്‍ഫ് ദമ്പതികളുടെ ഏറ്റവും സൗഭാഗ്യവതി ആയ മകളായി ഞാന്‍ നിന്റെ മുന്നില്‍ ആനന്ദിച്ചു. വിശപ്പിന്റെ ആഴം നന്നായി അറിയുമ്പോഴും, വീട്ടിലെ പലതരം ബിരിയാണികളെ പറ്റി നിന്നോട് വാതോരാതെ സംസാരിച്ചു. ഗള്‍ഫില്‍ നിന്നും എനിക്കായി കൊണ്ടുവരുന്ന വാച്ചും വളയും പാവകളും ഒക്കെ എന്ത് ഭാഗ്യമാണെന്ന്,
നീ പറയുമ്പോള്‍ ആ ഒരു ലോകത്തില്‍ ഞാന്‍ ജീവിക്കുകയായിരുന്നു. എനിക്ക് കിട്ടാത്ത ഭാഗ്യങ്ങള്‍ ഒക്കെ ചുറ്റിനും ഉണ്ട് എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു കൊണ്ട് ഒരു മൂഢ സ്വര്‍ഗത്തില്‍ ജീവിക്കുകയായിരുന്നു. ഒരു തുറന്നുപറച്ചിലിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ലെങ്കിലും എന്റെ മനസ് അതിനായി ആഗ്രഹിക്കുന്നു ..
കാലം ഒരുപാട് കടന്നു പോയി. നിന്നിലും എന്നിലും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ നേരില്‍ കാണുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റാതെ വരുമോ? നമ്മുടെ. ശരീരത്തിനൊപ്പം മനസും മാറിയിട്ടുണ്ടാവും. എന്നാലും നമ്മുടെ കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്തെന്ന് നീ അന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്റെ കള്ളങ്ങളുടെ കൂടെ നീയും ജീവിക്കുകയായിരുന്നല്ലോ കൂട്ടുകാരീ. ഒരു കുടുംബമായി ജീവിക്കേണ്ടവര്‍ വേര്‍പിരിഞ്ഞു വഴിമാറി പോയപ്പോള്‍ അതൊന്നും എന്റെ കുഞ്ഞു മനസ്സ് അംഗീകരിക്കാത്തത് കൊണ്ട്, അതുമല്ലങ്കില്‍ അനുവദിക്കാത്തത് കൊണ്ടാകാം ഞാന്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിച്ചത്.
ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ നീയുണ്ട്, നിന്റെ ഉള്ളില്‍ ഞാനുമുണ്ട്
മുതിര്‍ന്നപ്പോള്‍, എല്ലാം തിരിച്ചറിഞ്ഞ് മനസ് എന്നെത്തന്നെ പരിഹസിച്ചപ്പോള്‍, ഞാന്‍ നമ്മുടെകുട്ടിക്കാലത്തിലേക്ക് ഓടിപ്പോവാന്‍ കൊതിച്ചു. അന്ന് നിനക്കെന്നോട് ഉണ്ടായിരുന്ന സ്‌നേഹവും, സൗഹൃദവും അതിന്റെ ആഴവും എത്രത്തോളമായിരുന്നെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയോ?. ഇന്നത്തെ ലോകത്തിന് മനുഷ്യന്റെ വേദനയും നിസ്സഹായാവസ്ഥയും ഒന്നും മനസ്സിലാവില്ല . നേട്ടങ്ങള്‍ കീഴടക്കാന്‍ പരക്കം പായുന്ന ഈ ലോകത്ത്, ഒരു നേട്ടവും പ്രതീക്ഷിക്കാതെ എവിടെയെങ്കിലും നീ ഉണ്ടാവും എന്ന വിശ്വാസമാണ്, ഈ ലോകത്തില്‍ നന്മയുണ്ട് എന്ന് എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഇന്നിപ്പോള്‍ 'നീ എവിടെ' എന്ന പംക്തിയിലേക്ക് എഴുതാന്‍ തീരുമാനിച്ചപ്പോള്‍, ജന്മം തന്നവരുടെ വിലയേറിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടു പോലും അവരെയൊന്നും എന്റെ മനസ് തേടിപ്പോയതേ ഇല്ല . ഇന്ന് ഞാന്‍ നിന്നെ തേടിയെത്തുന്നത് അത്രയ്ക്ക് നീ എന്റെ ജീവിതത്തില്‍ പ്രാധാന്യമുള്ള ആളായതുകൊണ്ട് കൊണ്ടുതന്നെയാണ്..
എനിക്കറിയാം, ഉള്ളില്‍ ഉള്ള നിഷ്‌കളങ്കത ഒരിക്കലും നിനക്ക് നഷ്ടപ്പെടുത്താനാവില്ല എന്ന്. ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ നീയുണ്ട്, നിന്റെ ഉള്ളില്‍ ഞാനുമുണ്ട്-കാരണം ഞാനില്ലാതെ നീയുണ്ടായിരുന്നില്ലല്ലോ ഷര്‍ണ.. അതുകൊണ്ടുതന്നെയാണ് ഈ വല്ലാത്തൊരു കാലത്തെ ഞാന്‍ ഇഷ്ടപ്പെടുന്നത്. ജീവിതത്തില്‍ എനിക്കുണ്ടായ ഓരോ നേട്ടങ്ങളിലും നിന്റെ കൈയൊപ്പുണ്ട് സഖീ-നിന്റെ സൗഹൃദം എന്നെ പഠിപ്പിച്ച പാഠങ്ങളുണ്ട്.
അത് കൊണ്ടുതന്നെ, ഞാനിങ്ങനെ കാത്തിരിക്കുമ്പോള്‍, നിനക്കെന്റെ കണ്മുന്നില്‍ തെളിയാതിരിക്കാനാവില്ലല്ലോ!
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം